Sorry, you need to enable JavaScript to visit this website.

സ്ത്രീവിവേചനത്തിൽ കേരളവും 'മുന്നോട്ട്'

കോളേജ് ഹോസ്റ്റലുകളിൽ മാത്രമല്ല, സംസ്ഥാനത്തെ മിക്കവാറും എല്ലാ വനിതാ ഹോസ്റ്റലുകളിലേയും അവസ്ഥ മറ്റൊന്നല്ല. സ്വന്തമായി ജോലി ചെയ്തു ജീവിക്കുന്നവർ പോലും വനിതാ ഹോസ്റ്റലുകളിൽ അടിമകളായി ജീവിക്കുന്ന അവസ്ഥയാണ്. പച്ചയായ മനുഷ്യാവകാശ ലംഘനമാണിത്. അതുപോലെ തന്നെ പ്രധാനമാണ് ലോഡ്ജുകളിലും ഹോട്ടലുകൡലും മുറിയെടുക്കാനുള്ള അവകാശവും. അത്തരത്തിൽ മുറിയെടുക്കുന്നവരെയെല്ലാം വളരെ മോശമായാണ് ലിംഗനീതിയെ കുറിച്ചൊക്കെ ഘോരഘോരം സംസാരിക്കുന്ന കേരളീയ സമൂഹം നോക്കിക്കാണുന്നത്. 

ലിംഗനീതിയെ കുറിച്ച് ഏറെ ചർച്ചകൾ നടക്കുന്ന കേരളത്തിൽ അടിമ സമാനമായ അവസ്ഥയിൽ ജീവിക്കുന്നവരാണ് ഹോസ്റ്റലുകളിൽ താമസിക്കുന്ന പെൺകുട്ടികൾ. വിദ്യാർത്ഥിനികളായാലും പതിനായിരങ്ങൾ വേതനം വാങ്ങുന്ന ഉദ്യോഗസ്ഥകളായാലും അവസ്ഥ വ്യത്യസ്തമല്ല. 
വൈകിട്ട് 7 മണിക്കു മുമ്പെ ഹോസ്റ്റലിൽ എത്തുക എന്ന കർക്കശമായ വ്യവസ്ഥ മക്കവാറും എല്ലാ ഹോസ്റ്റലുകളിലും നിലനിൽക്കുന്നു. അതിലൂടെ അവർക്ക് നഷ്ടപ്പെടുന്നത് എത്രയോ ജീവിതാനുഭവങ്ങളാണ്. കൂട്ടുകാരികളുടെ അടുത്തു പോകാൻ മുതൽ സിനിമക്കോ മറ്റേതെങ്കിലും കലാപരിപാടികൾക്കോ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കോ ഒന്നും പോകാനാവാത്ത അവസ്ഥ. കോളേജുകളിലാണെങ്കിൽ ലൈബ്രറികൾ പോലും ഉപയോഗിക്കാനുള്ള അവസരം നിഷധിക്കപ്പെടുന്നു.  എം.ടെക് റിസർച്ച് വിദ്യാർഥിനികൾക്കു പോലും ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ അവകാശമില്ല. മെഡിക്കൽ വിദ്യാര്ഥിനികൾക്കാണെങ്കിൽ ലേബർ റൂമിലും അത്യാഹിത വിഭാഗത്തിലും ഒക്കെ സേവനം കഴിഞ്ഞു വരുമ്പോൾ 7 മണിയാകും.  ഹോസ്റ്റലിലെത്തുമ്പോൾ  അധികൃതരുടെ അധിക്ഷേപവും ശാസനയുമാണ് ലഭിക്കുക. കൂടാതെ, ഓരോ ചെറിയ ചെറിയ ആവശ്യങ്ങൾക്കും പുറത്തു പോകേണ്ടി വരുമ്പോൾ അനുമതിക്കായി രക്ഷിതാക്കളെക്കൊണ്ട് പറയിച്ചു  കാത്തു നിൽക്കേണ്ടി വരുന്നു. പ്രായപൂർത്തിയായ  വ്യക്തികളെയാണ് ഇത്തരത്തിൽ അടിമകളായി കാണുന്നത്. ആൺകുട്ടികൾക്കാകട്ടെ, ഇതിനൊന്നും വിലക്കില്ല. തികച്ചും ക്രൂരമായ ലിംഗവിവേചനമല്ലാതെ മറ്റെന്താണിത്? ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഇത്രയും സ്ത്രീവിരുദ്ധമായ സമീപനമില്ല. സുരക്ഷയുടെ വിഷയമാണല്ലോ സ്വാഭാവികമായും ഉന്നയിക്കപ്പെടുക. എങ്കിൽ സുരക്ഷക്ക് ഭീഷണിയുയർത്തുന്നവരെയാണ് ജയിലിലിടേണ്ടത്. ഇവരെയല്ല. കോളേജ് മാനേജ്‌മെന്റുകൾ മാത്രമല്ല പ്രബുദ്ധ അധ്യാപക - വിദ്യാർത്ഥി സംഘടനകൾ പോലും ഇക്കാര്യത്തിൽ നിശ്ശബ്ദരാണ്.
എന്തായാലും സമീപകാലത്ത് ഇതിനെതിരെ പെൺകുട്ടികളുടെ ഭാഗത്തുനിന്ന് ചില പോരാട്ടങ്ങൾ നടക്കുന്നു എന്നതാണ് പ്രതീക്ഷ നൽകുന്നത്. അതിൽ അവസാനത്തേതാണ് ഇപ്പോൾ തൃശൂർ കേരളവർമ്മ കോളേജിൽ നടക്കുന്നത്. ഹോസ്റ്റൽ വിദ്യാർത്ഥിനികൾ രാത്രി പുറത്തേക്കോ സിനിമക്കോ രാഷ്ട്രീയ പ്രവർത്തനത്തിനോ പോകരുതെന്നത് ''പ്രബുദ്ധ'' കേരള വർമ്മയിലെ അലിഖിത നിയമമാണ്. നിരവധി പോരാട്ടങ്ങളുടെ കലാലയം എന്നൊക്കെ വിശേഷിക്കപ്പെടുന്ന, കയ്യൂക്കിന്റെ ബലത്തിൽ ആരേയും വിറപ്പിക്കുന്ന ഇവിടത്തെ ഒരു വിദ്യാർത്ഥി സംഘടനയും ഈ വിഷയം ഉന്നയിച്ചില്ല. എന്നാൽ അടുത്തയിടെ പുതുതായി രൂപീകരിച്ച അംബേദ്കർ സ്റ്റുഡന്റ്‌സ് അസോസിയേഷനിലെ രണ്ട് വിദ്യാർത്ഥിനികൾ ഈ വിഷയം ഉന്നയിച്ച് കോടതിയിൽ പോകുകയായിരുന്നു. കോളേജിൽ ഒരു തരത്തിലുള്ള ലിംഗവിവേചനവും പാടില്ലെന്നായിരുന്നു കോടതി വിധി. എന്നാൽ അതംഗീകരിക്കാൻ മാനേജ്‌മെന്റ് തയാറാകാത്തിനെ തുടർന്ന് വിദ്യാർത്ഥിനികൾ സമര രംഗത്താണ്. അടുത്ത വാരം പി ടി എ യോഗം ചേർന്ന് തീരുമാനമെടുക്കുമത്രേ. കോടിതി വിധിയെ മറികടക്കാനുള്ള അധികാരം പി ടി എക്കുണ്ടോ?
തിരുവനന്തപുരത്തെ കോളേജ് ഓഫ് എഞ്ചിനീയറിങിലാണ് ബ്രേക്ക് ദി കർഫ്യൂ എന്ന പേരിൽ ഇത്തരത്തിൽ ഒരു സമരം ആദ്യം രൂപപ്പെട്ടത്. 
കോളേജിൽ വർഷാവർഷം നടന്നിരുന്ന ധ്വനി എന്ന പരിപാടിയുടെ 2015 ാം വർഷത്തിലെ സ്ത്രീകളുടേതു മാത്രമായ പ്രാരംഭ ചർച്ചകളിലാണ് ഈ വസ്തുത വിദ്യാർത്ഥിനികൾ മനസ്സിലാക്കുന്നത്.  ഈ വിവേചനം ഒരു വലിയ സാമൂഹിക പ്രശ്‌നമാണ് എന്ന് ബോധ്യപ്പെട്ടിട്ടാണ് അവർ പ്രതികരിക്കാൻ തയാറായത്.  54 കുട്ടികളുമായി ആദ്യം നടത്തിയ രാത്രി സൈക്കിൾ റാലി കഴിഞ്ഞപ്പോൾ വിദ്യാർത്ഥിനികൾ രാത്രിയുടെ സൗന്ദര്യവും സ്വാതന്ത്ര്യത്തിന്റെ അനുഭൂതിയും തിരിച്ചറിയുകയായിരുന്നു. പിന്നീട് നടന്ന രാത്രി പിടിച്ചടക്കൽ സമരത്തിൽ 260 ഓളം വരുന്ന വിദ്യാർത്ഥിനികൾ പങ്കാളികളായി. അതേ സമയത്തു തന്നെ കേരളത്തിലെ മറ്റു കാമ്പസുകളിലേക്കും സമരം പടർന്നു പിടിക്കുകയും അവിടങ്ങളിലൊക്കെ വിദ്യാർത്ഥിനികൾ സംഘടിക്കുകയും ചെയ്തു.  കോട്ടയം മെഡിക്കൽ കോളേജ്, കോഴിക്കോട് എൻ ഐ ടി, തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ്, എം ജി യൂണിവേഴ്‌സിറ്റി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി  എന്നിവിടങ്ങളിൽ ആണ് സമരം പൊട്ടിപ്പുറപ്പെട്ടത്. 2015 ജൂൺ 12 ന് എം ജി യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥിനികൾ സമരം ചെയ്യുകയും 6 മണി വരെയുള്ള പെൺകുട്ടികൾക്കായുള്ള കർഫ്യൂ കാമ്പസിൽ നിന്ന്  എടുത്തു മാറ്റുകയും ചെയ്തു. ജൂലൈ 29 നാണു തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ രണ്ട് ആഴ്ച നീണ്ടു നിന്ന സമരം നടന്നത്. തുടർന്ന് ലൈബ്രറി സമയം വർധിപ്പിക്കുകയും വിഷയം നിയമസഭയിൽ ചർച്ചയാവുകയും ചെയ്തു. ഓഗസറ്റ് 2 നു ഹയർ എഡ്യൂക്കേഷൻ സെക്രട്ടറിയുമായി ചർച്ച നടന്നു. എന്നാൽ ഓഗസ്റ്റ് 17 ആയപ്പോൾ കൂടുതൽ നിയന്ത്രണങ്ങളുമായി കോളേജിൽ നോട്ടീസ് പതിപ്പിച്ചുകൊണ്ട് അധികാരികൾ മുന്നോട്ട് നീങ്ങി. തുടർന്ന് സംഭവം ദേശീയ ശ്രദ്ധ ആകർഷിക്കുകയും ദൽഹിയിൽ ഹിദായത്തുള്ള നാഷണൽ ലോ യൂണിവേഴ്‌സിറ്റിയിൽ ''പിഞ്ഞറ ടോഡ്'' എന്നുള്ള സമരം ആരംഭിക്കുകയും ചെയ്തു. 
ഈ സമരങ്ങളുടെ ഭാഗമായി കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിൽ കേരളത്തിലെ കാമ്പസുകളിലെ ലിംഗ വിവേചനത്തിനെപ്പറ്റി പഠനം തയാറാക്കുന്നതിനായി കമ്മിറ്റിയെ നിയോഗിച്ചു. ഡോ. മീനാക്ഷി ഗോപിനാഥ്, വുമൺ ഇൻ സെക്യൂരിറ്റി കോൺഫ്‌ലിക്റ്റ് മാനേജ്‌േെമാന്റ് ആൻഡ് പീസ് ചെയർപേഴ്‌സൺ ആയും എം ജി യൂണിവേഴ്‌സിറ്റ ി  പ്രൊ വി സി ഡോ. ഷീന ഷുക്കൂർ കൺവീനർ ആയ കമ്മിറ്റി ആണ് നിലവിൽ വന്നത്. ഇവർ പുറത്തിറക്കിയ സമാഗതി റിപ്പോർട്ട് 2015 ഒക്ടോബറിലാണ്  പുറത്തിറങ്ങിയത്.
അനന്തര ഫലമായി വിദ്യാർത്ഥിനികൾ കാമ്പസുകളിൽ അനുഭവിക്കുന്ന ലിംഗ വിവേചനത്തെ കുറിച്ചുള്ള 'സമാഗതി' പഠന റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കണമെന്ന് ആവശ്യം ഉയരുകയും ചെയ്തു. സാമൂഹിക നീതി വകുപ്പ് ഇടപെടുകയും അവ അംഗീകരിക്കുകയും ചെയ്തു. ലിംഗവിവേചനത്തിനെതിരായ പെൺകുട്ടികളുടെ ഈ പോരാട്ടത്തിന്റെ വിജയം കാമ്പസുകളിൽ ജനാധിപത്യത്തിന്റെ വായു വീശാൻ കാരണമായി.
അതേസമയം ഈ വായു ശ്വസിക്കാൻ അനുവദിക്കാത്തവരാണ് ഇപ്പോഴും കൂടുതലെന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ടാണ് 2009 ലും കാര്യവട്ടം എൻജിനീയറിങ് കോളേജ് ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടികൾക്ക്  ഹോസ്റ്റലിൽ കയറാനുള്ള സമയം 6.30 ൽ നിന്ന് 9 മണി ആക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം ചെയ്യേണ്ടിവന്നത്.  
കോളേജ് ഹോസ്റ്റലുകളിൽ മാത്രമല്ല, സംസ്ഥാനത്തെ മിക്കവാറും എല്ലാ വനിതാ ഹോസ്റ്റലുകളിലേയും അവസ്ഥ മറ്റൊന്നല്ല. സ്വന്തമായി ജോലി ചെയ്തു ജീവിക്കുന്നവർ പോലും വനിതാ ഹോസ്റ്റലുകളിൽ അടിമകളായി ജീവിക്കുന്ന അവസ്ഥയാണ്. പച്ചയായ മനുഷ്യാവകാശ ലംഘനമാണിത്. അതുപോലെ തന്നെ പ്രധാനമാണ് ലോഡ്ജുകളിലും ഹോട്ടലുകൡലും മുറിയെടുക്കാനുള്ള അവകാശവും. അത്തരത്തിൽ മുറിയെടുക്കുന്നവരെയെല്ലാം വളരെ മോശമായാണ് ലിംഗനീതിയെ കുറിച്ചൊക്കെ ഘോരഘോരം സംസാരിക്കുന്ന കേരളീയ സമൂഹം നോക്കിക്കാണുന്നത്. സർക്കാരിന്റെ മുൻകൈയിൽ പല നഗരങ്ങൡലും യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് താമസിക്കാനുള്ള സംവിധാനം ഒരുക്കുന്നുണ്ട്. എന്നാലതിനേക്കാൾ പ്രധാനമാണ് ഏതു ഹോട്ടലിലും മുറിയെടുക്കാനും താമസിക്കാനുമുള്ള അവകാശം. യാത്രാ സ്വാതന്ത്ര്യത്തിനായുള്ള അത്തരം സമരങ്ങളാണ് സ്ത്രീകളിൽ നിന്ന് ഇനി ഉയർന്നു വരേണ്ടത്. 

Latest News