Sorry, you need to enable JavaScript to visit this website.

മത്സരത്തിന്റെ മർമ ഗ്രന്ഥികൾ

വാക്കുകളുടെ വെള്ളപ്പൊക്കത്തിനിടയിൽ രണ്ടു പേരുടെ ഉപദർശനങ്ങൾ ഞാൻ കഴിഞ്ഞയാഴ്ച പ്രത്യേകം ശ്രദ്ധിച്ചു.  ടെലിവിഷനിൽ യശ്വന്ത് സിൻഹയുടെയും പത്രത്തിൽ കെ.എൻ പണിക്കരുടെയും. ദൈനംദിന രാഷ്ട്രീയത്തിൽ മുങ്ങിയിട്ടില്ലാത്തവരാണ് ഇപ്പോൾ രണ്ടു പേരും.  സിൻഹ വാജ്‌പേയിയുടെ ധനകാര്യ മന്ത്രിയും വിദേശ മന്ത്രിയുമായിരുന്നു. ഐ എ എസ് ഉദ്യോഗസ്ഥനായിരുന്നപ്പോൾ തന്നെ ജയപ്രകാശ് നാരായണുമായി അടുത്തിരുന്നയാൾ. ഉദ്യോഗം രാജിവെച്ച് ജനതാ പാർട്ടിയിൽ ചേരുക സ്വാഭാവികമായിരുന്നു. പിന്നെ ബി. ജെ. പിയായി തട്ടകം. പ്രധാനമന്ത്രി മോഡിയുമായി ഇടഞ്ഞ് കളം മാറി ചവിട്ടി. പ്രതിപക്ഷത്തിന്റെ ശബ്ദമാവാൻ നോക്കി, കെ. എൻ പണിക്കർ ആധുനിക ചരിത്രത്തിൽ ഗവേഷണം നടത്തിയ പ്രൊഫസർ ആണ്. ജവാഹർ ലാൽ നെഹ്‌റു സർവകലാശാലയിൽനിന്ന് സംസ്‌കൃത സർവകലാശാലയുടെ വൈസ് ചാൻസലർ ആയി കാലടിയിൽ വന്നു. ഉന്നത വിദ്യാഭ്യാസ മിതിയുടെ ഉപാധ്യക്ഷനായി. മാർക്‌സിസ്റ്റ് ആണെങ്കിലും രാഷ്ട്രീയമായ ഏകപക്ഷീയതകളിൽ കുടുങ്ങിയില്ല.
സിൻഹയോട് ചാനൽ അവതാരകൻ പ്രതിപക്ഷത്തിന്റെ നിലപാട് ആരായുകയായിരുന്നു. തീർത്തും നിരാശനായി കാണപ്പെട്ടു സിൻഹ. കൊൽക്കത്തയിൽ മമതാ ബാനർജി വിളിച്ചു ചേർത്ത വിശാല പ്രതിപക്ഷ സംഗമത്തിൽ പങ്കെടുക്കുമ്പോൾ അദ്ദേഹത്തിന് ഉത്സാഹവും പ്രതീക്ഷയുമായിരുന്നു. അതു മതിയാകുമായിരുന്നു മോഡിയെ ഇറക്കി
വിടാൻ. മോഡിയെ ഇറക്കുന്നതിലേ അവർക്കൊക്കെ യോജിപ്പ് ഉണ്ടായുള്ളൂ എന്നു മാത്രം.
ബംഗാളിൽ തന്നെ ആ യോജിപ്പ് ഫലവത്തായില്ല.  മോഡിയെ തോൽപിക്കാൻ കോൺഗ്രസുമായി കൂടാമെന്നു മാർക്‌സിസ്റ്റ് പാർട്ടി സമ്മതിച്ചെങ്കിലും ചെങ്കൊടിയും ത്രിവർണ പതാകയും കൂട്ടിക്കെട്ടും മുമ്പേ കിടലടി തുടങ്ങി. മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് പുല്ലുവില പോലും കൽപിക്കില്ലെന്നും വല്യേട്ടൻ ശഠിച്ചു.
ബംഗാളിലും കേരളത്തിലും മാത്രം വിലാസമുള്ള മാർക്‌സിസ്റ്റ് പാർട്ടിയുടെ സാമ്രാജ്യം അങ്ങനെ രണ്ടായി പിളർന്ന പോലെയായി.
ഉത്തർപ്രദേശിൽ മായാവതിയും അഖിലേഷ് യാദവും ആരുടെ ഒപ്പവും പോകാം എന്ന നില വരുത്തി. പക്ഷേ കോൺഗ്രസുമായി കൂട്ടുകൂടിയില്ല. എന്നാൽ കോൺഗ്രസ് സൂപ്പർ താരങ്ങളെ എതിർക്കുകയില്ലതാനും. പ്രധാനമന്തിയാവാൻ താനും തയാറാണെന്ന് മായാവതി പറയാതെ പറഞ്ഞുവെച്ചു. മോഡിയെ ഇറക്കുമ്പോഴത്തെ കോൺഗ്രസിന്റെ ലക്ഷ്യം മായാവതിയുടെ സ്ഥാനാരോഹണമല്ലല്ലോ.
പ്രതിപക്ഷത്തിന്റെ ഭിന്നതയെച്ചൊല്ലി ഖേദിക്കുന്ന യശ്വന്ത് സിൻഹ മോഡിയുടെ സാധ്യതയിലും ഒട്ടൊക്കെ ഖിന്നനാണ്.  സാധ്യതയും സ്വീകാര്യതയും ഒന്നാവണമെന്നിലല്ലോ. എന്തായാലും സത്യം കാണതെ പോകുന്നില്ല അദ്ദേഹം. ദൽഹിയിലെ അധികാര വൃത്തങ്ങളിൽ പ്രചരിക്കുന്ന ഒരു കഥയുണ്ട്: ബി ജെ പിക്ക് 220 ൽ താഴെ സീറ്റേ കിട്ടുന്നുള്ളൂവെങ്കിൽ മോഡിയല്ലാതെ ഒരാളുടെ നേതൃത്വത്തിലാവും മന്ത്രിസഭ രൂപികരിക്കാൻ ശ്രമിക്കുക.
കളികളും ഒത്തുകളികളും കുതികാൽ വെട്ടുകളും അറിയാത്ത ആളല്ല യശ്വന്ത് സിൻഹ.  അദ്ദേഹം ആ സാധ്യതയെപ്പറ്റി എന്തു പറയുന്നു? ഒരു നിമിഷം ശങ്കിക്കാതെ അദ്ദേഹം പറഞ്ഞു: ബി ജെ പിയുടെ അംഗസംഖ്യ അതായാലും അതിൽ കൂടുതലോ കുറവോ ആയാലും നേതാവ് മോഡി തന്നെയായിരിക്കും. ബി ജെ പിയുടെ ശക്തി 150 ൽ താഴ്‌ന്നെന്നിരിക്കട്ടെ, എന്നാലും അധികാരവും നേതൃത്വവും മോഡിയുടെയും അമിത് ഷായുടെയും കൈകളിൽ ഉറച്ചിരിക്കും. അധികാരക്കളിക്കാരുടെ സ്വഭാവവും ശൈലിയും യാഥാർഥ്യ ബോധത്തോടെ സിൻഹ അപഗ്രഥിക്കുന്നതു പോലെ തോന്നുന്നു. 
കാൽ നൂറ്റാണ്ടു മുമ്പ് മോഡിയെ ദൽഹിയിൽ കൈ പിടിച്ചുയർത്താൻ ശ്രമിച്ചവരിൽ ആദ്യാവസാനക്കാരനായിരുന്നു ലാൽ കൃഷ്ണ അഡ്വാനി. പാർട്ടി ആസ്ഥാനത്ത് മൂന്നു സ്വയം സേവകരെ പ്രതിഷ്ഠിച്ചു. അവരിൽ വാചാലതയും സരസതയും അധികാരക്കമ്പവും തികഞ്ഞ പ്രമോദ് മഹാജൻ അനുജന്റെ വെടിയേറ്റു മരിച്ചു. പണ്ഡിതനും വിനയാന്വിതനും ആകർഷകത്വം തീരെ ഇല്ലാത്തയാളുമായ ഗോവിന്ദാചാര്യ വഴി തെറ്റിപ്പോയി. അവശേഷിച്ച നരേന്ദ്ര മോഡിക്ക് പിടിച്ചു കയറാൻ കമ്പും കൊമ്പും ഒരുക്കിയ അഡ്വാനിയെത്തന്നെ മോഡി വിരുതോടെ ഒതുക്കി, നേരം വന്നപ്പോൾ. വേണമെങ്കിൽ ഗുരുവിനെ വിദ്യ ശീലിപ്പിക്കാൻ കൂസുന്ന ആളല്ല മോഡി. വിനയവും മര്യാദയും അധികാരത്തിന്റെ വഴിയിൽ തടസ്സമാകാൻ അദ്ദേഹം കൂട്ടാക്കാറില്ല. യശ്വന്ത് സിൻഹയുടെ അപഗ്രഥനത്തെ സ്വാധീനിച്ച ഒരു വസ്തുത അതായിരിക്കണം.
ചരിത്ര പണ്ഡിതനായ കെ എൻ പണിക്കർ, ഉപനിഷത്ത് പറയും പോലെ, സത്യത്തിന്റെ മുഖം സ്വർണപ്പാത്രം കൊണ്ട് മൂടുന്ന പ്രകൃതക്കാരനല്ല. മാർക്‌സിസ്റ്റ് പാർട്ടിയുടെ സൗകര്യത്തിനു വേണ്ടിയും അങ്ങനെ ചെയ്യുന്ന ഉപകരണമല്ല പണിക്കർ. പണിക്കരുടെ പ്രസ്താവം മാർക്‌സിസ്റ്റ് പാർട്ടിക്കെന്നല്ല, പ്രതിപക്ഷത്തിനൊന്നാകെത്തന്നെ രുചിക്കുന്നതല്ല. തെരഞ്ഞെടുപ്പ് വരുമ്പോഴേ പ്രതിപക്ഷത്തിന് ഉശിരുണ്ടാവുകയുള്ളൂ എന്നാണ് അപ്രസ്തുത പ്രശംസ. മാന്യമായ പണിക്കരുടെ വചനം മോഡിയുടെ സാധ്യത തെളിയിക്കുന്നതാണല്ലോ.
മോഡിയെ ഇറക്കിവിടണമെന്നുണ്ടെങ്കിലും അതിനു വേണ്ടി സ്വന്തം സാധ്യത തല്ലിക്കെടുത്താൻ തയാറായവരല്ല പ്രതിപക്ഷ നേതാക്കൾ. ബംഗാളിൽ അപ്രമാദിത്തം തെളിയിച്ചിട്ടുള്ള മമത. ദളിതർക്ക് ദാക്ഷിണ്യം വേണമെന്നു ശഠിക്കുന്ന മായാവതി.  
കളിയിൽ മകൻ വെട്ടിയ മുലായം സിംഗ് യാദവ്. സ്വപ്‌നം വിളയിക്കാൻ ഇനിയും സമയമുണ്ടെന്നറിയുന്ന മകൻ യാദവ്. പ്രാചീന ശിലായുഗം മുതലേ സ്വപ്‌നം കൃഷി ചെയ്തിരുന്ന ശരത് പവാർ. രാഹുൽ ഗാന്ധിയെ അനിഷേധ്യ നേതാവായി വാഴിക്കണമെന്നുള്ളവരല്ല അവരാരും. മോഡിയിറങ്ങിയാൽ പിന്നെ ആർ? എന്ന ചോദ്യം ഉത്തരമില്ലാതെ വിട്ടിരിക്കുകയാണ് അവരെല്ലാം.
ചാനൽ ചർച്ചയിൽ എടുത്തെടുത്തു പറയുന്ന ഒരു കാര്യം കേൾക്കാം. ആയിരം ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ട കാവൽക്കാരനോ കുറ്റവാളിയോ ആയി മാറ്റിയിരിക്കുന്നു മോഡിയെ അവരും രാഹുലും കൂടി. പ്രധാനമന്ത്രി പ്രതിക്കൂട്ടിൽ! കോൺഗ്രസിന്റെ പ്രഖ്യാതമായ ദുർബലതയിൽനിന്ന് അത്രയുമായത് നേട്ടം തന്നെ. പക്ഷേ അവിടന്ന് മോഡിയുടെ പതനത്തിലേക്കും രാഹുലിന്റെ സ്താനാരോഹണത്തിലേക്കും കുറെ രാഷ്ട്രീയ ദൂരം താണ്ടേണ്ടിയിരിക്കുന്നു. ഇന്ത്യ മുഴുവൻ ഒരു സൂപ്പർ തരംഗം ആഞ്ഞടിക്കുന്നു എന്നു വിശ്വസിക്കുന്നത് അതു യാഥാർഥ്യമാക്കാനുള്ള ശ്രമത്തിനു സഹായകമാവും.
മുപ്പതു കൊല്ലം മുമ്പത്തെ തെരഞ്ഞെടുപ്പ് ഓർത്തുപോകുന്നു.  റഫാൽ പോലെ, ബൊഫോഴ്‌സ് പൊട്ടിത്തെറിക്കുന്ന പശ്ചാത്തലം. എന്തിന്റെ പേരിലൊക്കെയോ രാജീവ് ഗാന്ധിയെ അപലപിക്കാൻ മുന്നിട്ടിറങ്ങിയ മാധ്യമ വരേണ്യത. രാജീവിനെ ഇറക്കിയാൽ കയറേണ്ട ആൾ വിശ്വനാഥ് പ്രതാപ് സിംഗ് ആണെന്ന് മിക്കവരും ഉറപ്പിച്ച കാലഘട്ടം. 
'അങ്ങനെ ചുളുവിൽ കാര്യം സാധിക്കേണ്ട, താൻ പ്രധാനമന്ത്രി പദത്തിനു മൽസരിക്കു'മെന്ന് പ്രഖ്യാപിച്ച ചന്ദ്രശേഖർ, ആ നീക്കത്തിനെതിരെ ശേഖറിന്റെ വീട്ടിൽ കുടിൽ കെട്ടി സമരം ചെയ്യാൻ പോയ രാം ജത്മലാനിക്ക് തല്ലു കൊണ്ട സംഭവം...തെരഞ്ഞെടുപ്പിനു മുമ്പും പിൻപുമായി അരങ്ങേറിയതാണ്  ഈ നാടകം. നാടാകാന്തം കവിത്വമായിരുന്നില്ല. തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ കക്ഷിയായി രാജീവിന്റെ കോൺഗ്രസ് കയറിപ്പറ്റി. രാജീവ് വയ്യെന്നു പറഞ്ഞാലേ വേറെ ഒരാളെ വിളിക്കാനാവൂ, അധികാരം കയ്യാളാൻ. രാജീവ് അതിനു നിന്നില്ല, ചട്ടവും വ്യവസ്ഥയും ഉദ്ധരിച്ച് ജനാംഗീകാരം പടച്ചുണ്ടാക്കാൻ മുതിർന്നില്ല. ആ മര്യാദയും ആത്മശുദ്ധിയും എല്ലാവരും എല്ലായ്‌പോഴും കാണിക്കണമെന്നില്ല. 

Latest News