Sorry, you need to enable JavaScript to visit this website.

എയര്‍ ഇന്ത്യാ ബോര്‍ഡിങ് പാസുകളില്‍ മോഡിയുടെ ചിത്രം; വിവാദമായതോടെ പിന്‍വലിച്ചു

ന്യൂദല്‍ഹി- പൊതു തെരഞ്ഞെടുപ്പു പ്രചാരണം ചൂടുപിടിക്കുന്നതിനിടെ  എയര്‍ ഇന്ത്യ ബോര്‍ഡിങ് പാസുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം നല്‍കിയത് വിവാദമായി. തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് വ്യാപക പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് മോഡിയുടെ ചിത്രം പതിച്ച ബോഡിങ് പാസുകള്‍ പിന്‍വലിച്ച് തടിതപ്പിയിരിക്കുകയാണ് എയര്‍ ഇന്ത്യ. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഇന്ത്യന്‍ റെയില്‍വേയ്‌സും സമാന വിവാദത്തില്‍ കുരുങ്ങിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരാതിയെ തുടര്‍ന്നാണ് റെയില്‍വേയ്‌സ് മോഡിയുടെ ചിത്രം പതിച്ച ടിക്കറ്റുകള്‍ പിന്‍വലിച്ചത്.

ഗുജറാത്ത് സര്‍ക്കാരിന്റെ വൈബ്രന്റ് ഗുജറാത്ത് 2019-ന്റെ പരസ്യമാണ് എയര്‍ ഇന്ത്യ ബോഡിങ് പാസുകളില്‍ ടിക്കറ്റ് വിശദാംശങ്ങള്‍ക്കു മുകളിലായി നല്‍കിയത്. മോഡിയുടെ ചിത്രത്തിനു പുറമെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ചിത്രവും ഇതിലുണ്ട്. ഇതു പിന്‍വലിച്ചതായി എയര്‍ ഇന്ത്യ വക്താവ് ദനഞ്ജയ് കുമാറാണ് അറിയിച്ചത്. ജനുവരിയില്‍ നടന്ന വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റിന്റെ സമയത്ത് പരസ്യ കമ്പനി അച്ചടിച്ച ബോഡിങ് പാസാണിതെന്ന് എയര്‍ ഇന്ത്യ വിശദീകരിച്ചു.

പഞ്ചാബ് പോലീസിലെ മുന്‍ ഐപിഎസ് ഓഫീസര്‍ ശശി കാന്ത് ആണ് ഈ ബോഡിങ് പാസിന്റെ ചിത്രം തിങ്കളാഴ്ച ട്വിറ്ററില്‍ പങ്കുവച്ചത്. ന്യുദല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്ന് ലഭിച്ച, മോഡിയുടേയും വിജയ് രുപാണിയുടേയും ചിത്രങ്ങളുള്ള എയര്‍ ഇന്ത്യയുടെ ബോഡിങ്പാസാണ് ഇതെന്നും ഇതൊന്നും കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത തെരഞ്ഞെടുപ്പു കമ്മീഷനു വേണ്ടി എന്തിനാണു പൊതു പണം പാഴാക്കുന്നതെന്നും ട്വീറ്റിലൂടെ ശശികാന്ത് ചോദിച്ചു.

Latest News