Sorry, you need to enable JavaScript to visit this website.

രാഹുലിന്റെ വയനാട് സ്ഥാനാർത്ഥിത്വം; ഇന്നും തീരുമാനമില്ല 

ന്യൂദൽഹി- കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് സംബന്ധിച്ച് ഇന്നും തീരുമാനമില്ല. കോൺഗ്രസ് പ്രവർത്തകസമിതിക്ക് ശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും ഇത് സംബന്ധിച്ച് രാഹുൽ ഒന്നും പറഞ്ഞില്ല. രാജ്യത്തെ ജനങ്ങൾക്ക് മിനിമം വേതനം ഉറപ്പാക്കുന്ന പദ്ധതി പ്രഖ്യാപിച്ച രാഹുൽ മറ്റൊരു ചോദ്യത്തിനും ഉത്തരം നൽകില്ലെന്ന് തുടക്കത്തിൽ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ, രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്നത് സംബന്ധിച്ച കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. നേരത്തെ സംസ്ഥാന കോൺഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതിന്റെ ആവേശം ഇന്നലെ തന്നെ ഒടുങ്ങിയിരുന്നു. മത്സരിക്കുന്നത് സംബന്ധിച്ച് രാഹുൽ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നില്ല. തുടർന്നാണ് ഇക്കാര്യത്തിൽ അനിശ്ചിതത്വമുണ്ടായിരുന്നത്. രാഹുൽ കേരളത്തിൽ മത്സരിക്കരുതെന്ന സമ്മർദവുമായി ഇടതുനേതാക്കളും രംഗത്തുവന്നിരുന്നു. രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർഥിയാകുമെന്ന് അപ്രതീക്ഷ പ്രഖ്യാപനം വന്നതിന് പിന്നാലെ കേരള ഘടകം ഇക്കാര്യത്തിലുളള അസംതൃപ്തി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ഇതേ തുടർന്നാണ്് സി.പി.എം-സി.പി.ഐ നേതാക്കൾ തീരുമാനം പുനഃപരിശോധിക്കണമെന്ന്് ആവശ്യപ്പെട്ടത്. രാഹുൽ ഗാന്ധിയുമായി അടുപ്പമുളള ഒരു പ്രമുഖ നേതാവ് നേരിൽ കണ്ടു തന്നെ ഇക്കാര്യത്തിലുളള ആശങ്ക അറിയിക്കുകയും ചെയ്തു. 
ബി.ജെ.പിയുമായി കോൺഗ്രസ് മുന്നണി ഏറ്റുമുട്ടുന്ന തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ എവിടെയെങ്കിലും രാഹുൽ മത്സരിക്കണമെന്ന് ഇടതു നേതാക്കളും കോൺഗ്രസിലെ ഒരു വിഭാഗവും ആവശ്യപ്പെട്ടിരുന്നു. തെക്കേയിന്ത്യയിൽ വേണമെങ്കിൽ അത്്് തമിഴ്‌നാട്ടിലെ ശിവഗംഗയാണ് നല്ലതെന്നും ഇവർ വാദിച്ചിരുന്നു.  
അതിനിടെ, രാഹുൽ വയനാട്ടിൽ മത്സരിക്കണമെന്ന ആവശ്യം ഉയരാൻ കാരണം കേരളത്തിലെ കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള വഴക്കാണെന്ന സൂചനയും പുറത്തുവന്നു. രാഹുൽ ഗാന്ധി ഇതുവരെ ഇക്കാര്യം ആലോചിക്കുകയോ ചർച്ച ചെയ്യുകയോ പോലും ചെയ്തിട്ടില്ലെന്ന് ദേശീയ മാധ്യമമായ എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. വയനാട്ടിൽ ആരെ നിർത്തണമെന്നതു സംബന്ധിച്ച് കേരളത്തിലെ മുതിർന്ന നേതാക്കളായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും തമ്മിൽ അഭിപ്രായ ഐക്യത്തിലെത്താത്തതുകാരണമാണ് രാഹുലിന്റെ പേര് ഉയർന്നുവന്നത്. ബി.ജെ.പിയെ തോൽപ്പിക്കാൻ ശ്രമിക്കുന്നതിനു പകരം കോൺഗ്രസ് ഇടതുപക്ഷത്തോടു പോരാടുന്നു എന്ന തെറ്റായ സന്ദേശം രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം നൽകുമെന്നും പാർട്ടി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. അതിനിടെ, ഞായറാഴ്ച പുറത്തുവന്ന കോൺഗ്രസിന്റെ ഒമ്പതാം സ്ഥാനാർത്ഥി പട്ടികയിലും കേരളത്തിലെ വയനാട്, വടകര മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്തത് ശ്രദ്ധിക്കപ്പെട്ടു.
രാഹുൽ വയനാട്ടിൽ സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണത്തിന് ആക്കം കൂട്ടിയത് കേരളത്തിലെ നേതാക്കളുടെ പ്രസ്താവനകളാണ്. കേരളത്തിൽ നിന്നുള്ള അഭ്യർത്ഥന പോസിറ്റീവായി പരിഗണിക്കുമെന്ന് കഴിഞ്ഞ ദിവസം പാർട്ടി വക്താവ് രൺദീപ് സുർജെവാല പറഞ്ഞിരുന്നു. എന്നാൽ രാഹുൽ ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട് എന്ന രീതിയിലാണ് പ്രചാരണമുണ്ടായത്. 

  

Latest News