Sorry, you need to enable JavaScript to visit this website.

കഥ മാറി; ജര്‍മനി  ജയിച്ചു, ക്രൊയേഷ്യ തോറ്റു

ലണ്ടന്‍ - ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് വ്യത്യസ്തമായി യൂറോ കപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരങ്ങളില്‍ ജര്‍മനിക്ക് ജയവും ക്രൊയേഷ്യക്ക് തോല്‍വിയും. നെതര്‍ലാന്റ്‌സിനെ 3-2 ന് തോല്‍പിച്ചാണ് ജര്‍മനി പോരാട്ടമാരംഭിച്ചത്. തൊണ്ണൂറാം മിനിറ്റില്‍ നിക്കൊ ഷൂള്‍സ് നേടിയ ഗോളാണ് ജര്‍മനിക്ക് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ സഹായിക്കുന്ന വിജയം നല്‍കിയത്. ആറു മാസത്തിനിടെ മൂന്നാം തവണയാണ് ജര്‍മനിയും ഡച്ചും ഏറ്റുമുട്ടുന്നത്. നാഷന്‍സ് ലീഗില്‍ ഒക്ടോബറില്‍ ജര്‍മനിയെ 3-0 ന് നെതര്‍ലാന്റ്‌സ് തോല്‍പിച്ചു. റിട്ടേണ്‍ ലെഗില്‍ അവസാന വേളയില്‍ സമനില നേടി. ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായതിനു പിന്നാലെ നാഷന്‍സ് കപ്പിലും ജര്‍മനി നാണം കെട്ടു. അതിനുള്ള പകരം ചോദിക്കലായി ഈ വിജയം
ലോകകപ്പ് ഫൈനലിലെത്തിയ ക്രൊയേഷ്യയെ ആ ഫോമിന്റെ നിഴല്‍ മാത്രമായിരുന്നു. ഹംഗറിയോട് ബുഡാപെസ്റ്റില്‍ അവര്‍ 1-2 ന് തോറ്റു. ക്രൊയേഷ്യന്‍ പ്രതിരോധ നിരയിലെ ആശയക്കുഴപ്പം കോച്ച് സ്ലാറ്റ്‌കൊ ദാലിച്ചിന് ആശങ്കയുണ്ടാക്കുന്നതാണ്. ഗ്രൂപ്പിലെ നാലു ടീമുകളു ഒന്നിനൊന്ന് ശക്തമാണ്.
വെയ്ല്‍സ് 1-0 ന് സ്ലൊവാക്യയെ കീഴടക്കി. ബെല്‍ജിയവും പോളണ്ടും ജയിച്ചു. എഡന്‍ ഹസാഡിന്റെ നൂറാം മത്സരത്തില്‍ ബെല്‍ജിയം 2-0 ന് സൈപ്രസിനെ തോല്‍പിച്ചു. നൂറാം മത്സരത്തില്‍ ഹസാഡ് സ്‌കോര്‍ ചെയ്തു. ലാത്വിയയെ 2-0 ന് പോളണ്ട് തോല്‍പിച്ചു. പോളണ്ടിന്റെ രണ്ടാം ജയമാണ് ഇത്. 
 

Latest News