Sorry, you need to enable JavaScript to visit this website.

ഡെപ്യൂട്ടി കോൺസൽ ജനറൽ  മുഹമ്മദ് ഷാഹിദ് ആലത്തിന് യാത്രയയപ്പ്

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ഡി.സി.ജി മുഹമ്മദ് ഷാഹിദ് ആലത്തിന് കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് ഉപഹാരം സമ്മാനിക്കുന്നു. 

ജിദ്ദ- ഇന്ത്യൻ കോൺസുലേറ്റിലെ സർവീസ് കാലാവധി പൂർത്തിയാക്കി ദൽഹി വിദേശ മന്ത്രാലയത്തിലേക്ക് മടങ്ങുന്ന ഡെപ്യൂട്ടി കോൺസൽ ജനറലും ഹജ് കോൺസലുമായ മുഹമ്മദ് ഷാഹിദ് ആലത്തിന് ഇന്ത്യൻ പിൽഗ്രിംസ് വെൽഫെയർ ഫോറവും ഇന്ത്യാ ഫോറവും സൗദി ഇന്ത്യൻ ബിസിനസ് നെറ്റ്‌വർക്കും സംയുക്തമായി യാത്രയയപ്പ് നൽകി. കോൺസുലേറ്റ് അങ്കണത്തിൽ നടന്ന ചടങ്ങിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നിരവധിപേർ പങ്കെടുത്തു. 
ഇന്ത്യൻ ഹജ് മിഷന്റെ ഹജ് സർവീസ് കിടയറ്റതാക്കി മാറ്റുന്നതിന് ഒട്ടേറെ ക്രിയാത്മക സംഭാവനകൾ നൽകാൻ ഷാഹിദ് ആലത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ സേവനം എന്നും സ്മരിക്കപ്പെടുമെന്നും മുഖ്യാതിഥി കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് പറഞ്ഞു. ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കുന്നതിനു മുമ്പുതന്നെ 2015 ൽ നൂറുകണക്കിനുപേരുടെ മരണത്തിനിടയാക്കിയ മിനാ ദുരന്തവേളയിൽ ജിദ്ദയിലെത്തി സേവന നിരതനായ ഷാഹിദ് ആലം തുടർന്നുള്ള വർഷങ്ങളിൽ ഹജ് കോൺസലെന്ന നിലയിൽ ഇന്ത്യൻ ഹാജിമാർക്ക് സുഗമമായി ഹജ് നിർവഹിക്കുന്നതിനാവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിൽ അസൂയാർഹമായ പ്രവർത്തനമാണ് കാഴ്ചവെച്ചത്. ഹാജിമാർക്ക് താമസിക്കുന്നതിനുള്ള കെട്ടിടങ്ങളുടെ ഏറ്റെടുക്കലിലും, യാത്രാ സൗകര്യമൊരുക്കുന്നതിലും മിനാ, അറഫ ദൗത്യ നിർവഹണത്തിലുമെല്ലാം അദ്ദേഹം കാണിച്ച ശുഷ്‌കാന്തിയും കഠിനാധ്വാനവും ഹാജിമാർക്ക് ഏറെ സഹായകമായിരുന്നു. ഇന്ത്യൻ ഹജ് മിഷന്റെ സേവനങ്ങൾ ആധുനികവൽക്കരിക്കുന്നതിലും ഷാഹിദ് ആലം വലിയ സംഭാവനയാണ് നൽകിയത്. സ്‌കൂൾ നിരീക്ഷകൻ എന്ന നിലയിലും ഷാഹിദിന്റെ സേവനങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹത്തിന് എല്ലാവിധ ആശംസകൾ നേരുന്നതായും കോൺസൽ ജനറൽ പറഞ്ഞു. 
ജിദ്ദയിലെ സേവന കാലയലളവിൽ മുഹമ്മദ് ഷാഹിദ് ആലം നൽകിയ സേവനങ്ങളെ പ്രകർത്തിച്ച് ഐ.പി.ഡബ്ലിയു.എഫ് പ്രസിഡന്റ് മുഹമ്മദ് അസീസ് കിദ്വായ്, ഇന്ത്യാ ഫോറം പ്രസിഡന്റ് ഫിറോസുദ്ദീൻ, ഇന്ത്യൻ സ്‌കൂൾ ഹയർ ബോർഡ് അംഗം ഡാനിഷ് ഗഫൂർ എന്നിവരും സംസാരിച്ചു.
മൂന്നു വർഷക്കാലത്തെ സേവനത്തനിടെ ഹാജിമാർക്ക് നൽകാൻ കഴിഞ്ഞ സേവനങ്ങൾ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി കാണുന്നതായി യാത്രയയപ്പിന് നന്ദി പറഞ്ഞുകൊണ്ട് മുഹമ്മദ് ഷാഹിദ് ആലം പറഞ്ഞു. ഹജ് സേവന രംഗം ഒട്ടേറെ അനുഭവങ്ങളാണ് സമ്മാനിച്ചത്. ഇന്ത്യൻ ഹജ് മിഷന്റെ ഭാഗമായി നടത്താൻ കഴിഞ്ഞിട്ടുള്ള സേവനങ്ങൾ മറ്റെന്തിനേക്കാളും വിലമതിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സ്‌കൂളുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ സങ്കീർണമായിരുന്നുവെങ്കിലും ജിദ്ദ, തായിഫ്, തബൂക്ക് ഇന്ത്യൻ സ്‌കൂളുകളുടെ നിരീക്ഷകൻ എന്ന നിലയിൽ കുട്ടികളുടേയും ജീവനക്കാരുടേയും രക്ഷിതാക്കളുടേയുമെല്ലാം പ്രശ്‌നങ്ങളിൽ ഇടപെടുന്നതിലും അവക്കു പരിഹാരം കാണുന്നതിലും കഴിയുന്നത്ര നീതി പുലർത്താൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദയിലെ ഇന്ത്യൻ സമൂഹം ഒരു വലിയ കുടുംബത്തെപ്പോലെയാണെന്നും അവർ നൽകിയിട്ടുള്ള സ്‌നേഹവായ്പിന് ഏറെ കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 
ജിദ്ദ ഇന്ത്യൻ സ്‌കൂൾ ഭരണ സമിതി അംഗങ്ങൾ, വിവിധ സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. അയ്യൂബ് ഹക്കീം അവതാരകനായിരുന്നു. തുടർന്നു നടന്ന ഗാന സന്ധ്യയിൽ വസീം മുക്കദ്ദം, സിക്കന്ദർ, അൽതാഫ്, ആശ ഷിജു തുടങ്ങിയവർ ഗാനങ്ങളാലപിച്ചു.  


 

Tags

Latest News