Sorry, you need to enable JavaScript to visit this website.

തദ്ദേശീയ ഉത്പന്നങ്ങൾക്ക് കസ്റ്റംസ്  തീരുവ ഒഴിവാക്കും - അൽഹഖ്ബാനി

അറാറിൽ ലോകോത്തര നിലവാരത്തിൽ പുതിയ ചെക്ക് പോസ്റ്റ്

റിയാദ്-സൗദി വ്യാവസായികോത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കുന്നതടക്കം നിരവധി ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്ന് സൗദി കസ്റ്റംസ് അതോറിറ്റി മേധാവി അഹ്മദ് അൽഹഖബാനി. സൗദി ദേശീയ വ്യവസായിക മേഖലക്ക് പിന്തുണ നൽകുന്നതിന്റെയും വിപണിയിലെ കടുത്ത മത്സരങ്ങളിൽനിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ഈ നീക്കം. സൗദി വ്യവസായികളെ പങ്കെടുപ്പിച്ച് റിയാദ് ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
സൗദി വ്യവസായിക മേഖലക്ക് പിന്തുണ നൽകുന്നതിന് അതോറിറ്റി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. വ്യവസായിക സ്ഥാപനങ്ങളിലേക്ക് ഇറക്കുമതി ചെയ്യുന്ന അസംസ്തൃക വസ്തുക്കൾ, നിർമാണം പൂർത്തിയാകാത്ത യന്ത്രങ്ങൾ, ഉപകരണങ്ങൾ, സ്പെയർപാർട്സുകൾ എന്നിവക്കെല്ലാം പൂർണമായും തീരുവ ഒഴിവാക്കുന്നതാണ് ഇതിൽ പ്രധാനം. 
നേരത്തെ 14 ദിവസമെടുത്തിരുന്ന പരിശോധന സമയം ഇപ്പോൾ പരമാവധി 24 മണിക്കൂർ ആക്കി ചുരുക്കിയിട്ടുണ്ടെന്ന് അഹ്മദ് അൽഹഖ്ബാനി പറഞ്ഞു. ആവശ്യമായ രേഖകളുടെ എണ്ണം ഒമ്പതാക്കിയും മാറ്റി. ഗോഡൗണുകളിൽനിന്ന് ചരക്ക് നീക്കം ചെയ്യുന്നതിന് മുമ്പായി ഈ രേഖകൾ ഓൺലൈൻ വഴി മുൻകൂട്ടി സമർപ്പിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. സൂക്ഷിപ്പ് കേന്ദ്രങ്ങൾ സ്ഥാപിച്ചും എക്സ്പോർട്ട് ഡിപ്പാർട്ട്മെന്റുകളുടെ പ്രവർത്തന സമയം ദീർഘിപ്പിച്ചതും സൗദി വ്യവസായ മേഖലക്ക് കരുത്താകും. കസ്റ്റംസ് പരിശോധനക്ക് ഏകജാലക സംവിധാനം ഏർപ്പെടുത്തിയതിലൂടെ കയറ്റുമതി, ഇറക്കുമതി നടപടികൾക്ക് സുഗമമായി പൂർത്തിയാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതുതായി സ്ഥാപിച്ച ഓൺലൈൻ പ്ലാറ്റ് ഫോം വഴി നൂറോളം സേവനങ്ങളും ലഭ്യമാക്കിയെന്നും സൗദി കസ്റ്റംസ് മേധാവി വ്യക്തമാക്കി. കസ്റ്റംസ് നടപടിക്രമങ്ങളിലെ പ്രതിബന്ധങ്ങളെ കുറിച്ച് വ്യവസായികളിൽ നിന്നുള്ള പരാതികളും നിർദേശങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞു. അറാറിൽ പുതുതായി സ്ഥാപിക്കുന്ന ചെക്ക് പോസ്റ്റ് സാങ്കേതികവിദ്യയിലും ഗുണനിലവാരത്തിലും ആഗോള തലത്തിൽ തന്നെ ഏറ്റവും മികച്ചതായിരിക്കുമെന്ന് അൽഹഖബാനി പറഞ്ഞു. ഇറാഖ് സൗദി വാണിജ്യബന്ധം ശക്തമാക്കുന്നതിനും അതിർത്തി വ്യാപാരം പരിപോഷിക്കുന്നതിനും പുതിയ ചെക്ക് പോസ്റ്റ് വലിയ പങ്കുവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞവർഷം രാജ്യത്തിലെ വിവിധ ചെക്ക് പോസ്റ്റുകളിലായി 140 ദശലക്ഷം ക്യാപ്റ്റജൻ ലഹരിഗുളികകളാണ് അതോറിറ്റി ഉദ്യോഗസ്ഥർ പിടിച്ചെടുത്തതെന്ന് ചടങ്ങിൽ സംബന്ധിച്ച കസ്റ്റംസ് അണ്ടർസെക്രട്ടറി എൻജി. അബ്ദുറഹ്മാൻ അൽദകീർ അറിയിച്ചു.

Tags

Latest News