Sorry, you need to enable JavaScript to visit this website.

വിദേശ എൻജിനീയർമാരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു 

റിയാദ്- ഈ വർഷാദ്യം മുതൽ 4600 വിദേശി എൻജിനീയർമാർ വിവിധ കാരണത്താൽ സൗദി അറേബ്യ വിടാൻ നിർബന്ധിതരായെന്ന് റിപ്പോർട്ട്. അതേസമയം രജിസ്റ്റർ ചെയ്ത സ്വദേശി എൻജിനീയർമാരുടെ എണ്ണത്തിൽ 2019ൽ അഞ്ച് ശതമാനം വർധനയുണ്ടെന്ന് സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് സാക്ഷ്യപ്പെടുത്തി. എങ്കിലും അംഗീകാരമുള്ള എൻജിനീയർമാരിൽ 80 ശതമാനവും ഇപ്പോഴും വിദേശികളാണ്. സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം നിലവിൽ രാജ്യത്ത് 1,86,556 എൻജിനീയർമാർ ജോലി ചെയ്യുന്നുണ്ട്. ഇതിൽ 1,49,300 പേർ വിദേശികളും 37,256 സ്വദേശികളുമാണ്. പ്രധാന ഓഫീസുകളും ശാഖ ഓഫീസുകളുമായി 2858 എൻജിനീയറിംഗ് സ്ഥാപനങ്ങളാണ് രാജ്യത്ത് അംഗീകൃത രൂപത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും കൗൺസിൽ റിപ്പോർട്ടിൽ പറയുന്നു. 
കൂടുതൽ സ്വദേശി എൻജിനീയർമാർക്ക് ജോലി ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഈ രംഗത്തെ കമ്പനികളിലും ഓഫീസുകളിലും കൂടുതൽ തൊഴിൽ അവസരം ലഭ്യമാക്കുന്നതിനായി എൻജിനീയറിംഗ് കൗൺസിൽ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. ഈ മേഖലയിൽ സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നതിനുള്ള പ്രതിബന്ധങ്ങൾ സംബന്ധിച്ച് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സും തമ്മിൽ ചർച്ച നടത്തിയിരുന്നു. ട്രെയിനിയായി സൗദി എൻജിനീയറിംഗ് വിദ്യാർഥികളെ നിയോഗിക്കുന്നുവെങ്കിൽ അത്തരം സ്ഥാപനങ്ങൾക്ക് സ്വദേശിവത്കരണ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുമെന്ന് തൊഴിൽമന്ത്രാലയം വ്യക്തമാക്കിയിരുന്നു. പക്ഷേ, പഠനം പൂർത്തിയായാൽ സൗദി വിദ്യാർഥികൾക്ക് ജോലി നൽകുമെന്ന നിബന്ധന ഈ സ്ഥാപനങ്ങൾ മുന്നോട്ടുവെക്കണമെന്ന് മാത്രം. കൂടാതെ, ഈ ട്രെയിനികളെ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) പദ്ധതിയിലും വരിചേർക്കാവുന്നതാണ്. 

Tags

Latest News