Sorry, you need to enable JavaScript to visit this website.

കിംഗ് ഫൈസൽ അവാർഡുകൾ സമ്മാനിച്ചു

റിയാദ്- ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിശിഷ്ടാതിഥികളെ സാക്ഷിയാക്കി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ലോകോത്തര ബഹുമതികളിലൊന്നായ കിംഗ് ഫൈസൽ അവാർഡുകൾ സമ്മാനിച്ചു. വൈജ്ഞാനിക മേഖലക്ക് അമൂല്യ സംഭാവനകൾ അർപ്പിച്ച ആറു വ്യക്തികളും ഒരു യൂണിവേഴ്‌സിറ്റിയുമാണ് ഇന്നലെ ഫൈസലിയ ഹോട്ടലിലെ അമീർ സുൽത്താൻ ഓഡിറ്റോറിയത്തിൽ നടന്ന ചങ്ങിൽ അവാർഡുകൾ ഏറ്റുവാങ്ങിയത്. 
തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും കിംഗ് ഫൈസൽ ഫൗണ്ടേഷൻ സി.ഇ.ഒയുമായ മക്ക ഗവർണർ ഖാലിദ് അൽഫൈസൽ രാജകുമാരൻ ആമുഖ പ്രഭാഷണം നടത്തി. സെക്രട്ടറി ജനറൽ ഡോ. അബ്ദുൽ അസീസ് അൽസബൈലാണ് ചടങ്ങ് നിയന്ത്രിച്ചത്.
ഇസ്‌ലാമിക സേവനം, സയൻസ്, മെഡിസിൻ, അറബി ഭാഷ  സാഹിത്യം എന്നീ അഞ്ചു മേഖലകളിൽ മികച്ച സംഭാവനകളർപ്പിച്ച ആറു പേരെയാണ് 41 ാമത് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തിരുന്നത്. മൊറോക്കോ തലസ്ഥാനമായ റബാത്തിലെ മുഹമ്മദ് അഞ്ചാമൻ യൂണിവേഴ്‌സിറ്റിയിലെ ഡോ. അബ്ദുൽ അലി മുഹമ്മദ് വദ്ഗീരി, കയ്‌റോ യൂണിവേഴ്‌സിറ്റിയിലെ ഡോ. മഹ്മൂദ് ഫഹ്മി ഹിജാസി (അറബി ഭാഷ സാഹിത്യം), അമേരിക്കയിലെ ഹാർവാർഡ് മെഡിക്കൽ സ്‌കൂളിലെ പ്രൊഫസർ ബിയോറൻ റീനോ ഓൾസൻ, വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റിയിലെ സ്റ്റീവൻ ടീറ്റെൽബൗം ( മെഡിസിൻ അസ്ഥി ശാസ്ത്രം), അമേരിക്കയിലെ ടെക്‌സസ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. അലൻ ജോസഫ് ബാർഡ്,  കിംഗ് അബ്ദുല്ല സയൻസ് ആന്റ് ടെക്‌നോളജി യൂണിവേഴ്‌സിറ്റി ഗവേഷണ വിഭാഗം മേധാവിയായിരുന്ന പ്രൊഫ. ജോൺ എം.ജെ ഫ്രേഷറ്റ് (രസതന്ത്രം)  എന്നീ അവാർഡ് ജേതാക്കൾക്ക് സർട്ടിഫിക്കറ്റും 200 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വർണമെഡലും ഏഴ് ലക്ഷത്തി അമ്പതിനായിരം റിയാലുമടങ്ങുന്ന പുരസ്‌കാരം രാജാവ് സമ്മാനിച്ചു. കഴിഞ്ഞ ജനുവരി ഒമ്പതിന് ഇവിടെ നടന്ന ചടങ്ങിലായിരുന്നു അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. ഇസ്‌ലാമിക സേവനത്തിന് സുഡാനിലെ ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് ആഫ്രിക്കക്ക് വേണ്ടി സ്ഥാപന മേധാവികൾ  പുരസ്‌കാരം ഏറ്റുവാങ്ങി. ഇസ്‌ലാമിക പഠനത്തിനുള്ള അവാർഡിന് ഈ വർഷം അർഹരുണ്ടായിരുന്നില്ല. 
1979 ൽ അവാർഡ് പ്രഖ്യാപനം മുതൽ ഇതുവരെ 43 രാജ്യങ്ങളിൽ നിന്നായി 253 പേർക്കാണ് അവാർഡ് വിതരണം ചെയ്തത്. 1979ൽ അബുൽ അഅ്‌ല മൗദൂദി, 1981 ൽ ഖാലിദ് രാജാവ്, 1984ൽ ഫഹദ് രാജാവ്, 1986ൽ അഹമ്മദ് ദീദാത്ത്, 2002 ൽ ഷാർജ ഭരണാധികാരി ഡോ. സുൽത്താൻ അൽഖാസിമി, 2010ൽ തുർക്കി പ്രസിഡന്റ് ഉർദുഗാൻ, 2015ൽ സാക്കിർ നായിക്ക്, 2017 ൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് എന്നിവരാണ് അവാർഡ് നേടിയ പ്രമുഖർ.

Latest News