Sorry, you need to enable JavaScript to visit this website.

ടോയ്‌ലെറ്റില്‍ കുഞ്ഞിനെ പ്രസവിച്ച് അമ്മ മുങ്ങി 

ലണ്ടന്‍: ആശുപത്രിയിലെ ടോയ്‌ലെറ്റില്‍ കുഞ്ഞിനെ പ്രസവിച്ച് ശേഷം അമ്മ മുങ്ങി. ഓക്‌സ്‌ഫോര്‍ഡിലെ ജോണ്‍ റാഡ്ക്ലിഫ് ഹോസ്പിറ്റലില്‍ തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെയാണ് ആണ്‍കുഞ്ഞിനെ ആശുപത്രി ജീവനക്കാര്‍ ടോയ്‌ലറ്റില്‍ കണ്ടെത്തിയത്. പത്ത് മണിക്കൂറോളം നീണ്ട അന്വേഷണത്തിനൊടുവില്‍ അമ്മയെ കണ്ടെത്തി. അമ്മയെ കണ്ടെത്താന്‍ സഹായിച്ച പൊതുജനങ്ങള്‍ക്ക് നന്ദി അറിയിച്ച് തെയിംസ് വാലി പോലീസ് വാര്‍ത്താക്കുറിപ്പ് ഇറക്കി. കുഞ്ഞും അമ്മയും സുരക്ഷിതമായി ഇരിക്കുന്നു. അമ്മയ്ക്ക് വൈദ്യസഹായവും നല്‍കുന്നുണ്ട്, പോലീസ് അറിയിച്ചു. മെഡിക്കല്‍ ജീവനക്കാര്‍ പരിപാലിച്ച നവജാതശിശുവിനെ അമ്മയ്ക്ക് കൈമാറിയതായി പോലീസ് വ്യക്തമാക്കി. കാണാതായ അമ്മയെ എവിടെ വെച്ചാണ് കണ്ടെത്തിയതെന്ന വിവരം പുറത്തുവന്നിട്ടില്ല. ഇവര്‍ കുഞ്ഞിനെ ഉപേക്ഷിക്കാനുണ്ടായ കാരണം വ്യക്തമല്ല.
പ്രസവത്തിന് ശേഷം അമ്മയെ കാണാതെ വന്നതോടെ സ്ഥിതി ആശങ്കാജനകമാണെന്നായിരുന്നു ആശുപത്രി ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. എത്രയും പെട്ടെന്ന് തിരിച്ചുവന്ന് വൈദ്യസഹായം തേടാന്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ചീഫ് നഴ്‌സ് സാം ഫോസ്റ്റര്‍ കുഞ്ഞിന്റെ അമ്മയോട് അഭ്യര്‍ത്ഥിച്ചിരുന്നു. പ്രസവത്തിലൂടെ നിങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് ഉറപ്പുവരുത്തണം എന്നും സാം ഫോസ്റ്റര്‍ ഓര്‍മ്മിപ്പിച്ചു.

Latest News