Sorry, you need to enable JavaScript to visit this website.

മലയാളി താരം പ്രണോയ്  ഇന്ത്യന്‍ ടീമിനെ നയിക്കും

ന്യൂദല്‍ഹി - ഏഷ്യന്‍ മിക്‌സഡ് ടീം ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീമിനെ മലയാളി താരം എച്ച്.എസ് പ്രണോയ് നയിക്കും. സയ്‌ന നേവാളിനും പി.വി സിന്ധുവിനും കിഡംബി ശ്രീകാന്തിനും വിശ്രമം നല്‍കി. ലോക ഇരുപത്തിനാലാം റാങ്കാണ് പ്രണോയ്. 
ഹോങ്കോംഗില്‍ ഇന്നാരംഭിക്കുന്ന ഏഷ്യന്‍ മിക്‌സഡ് ടീം ചാമ്പ്യന്‍ഷിപ്പില്‍ പതിമൂന്നംഗ ഇന്ത്യന്‍ ടീമാണ്  പങ്കെടുക്കുക. ടീമില്‍ ഏഴ് യുവ കളിക്കാരുണ്ട്. അസമിന്റെ പത്തൊമ്പതുകാരി അഷ്മിത ചാലിഹയുള്‍പ്പെടെയാണ് ഇത്. ഈ വര്‍ഷം ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ സെമിയിലെത്തിയിരുന്നു അഷ്മിത. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ നാഗ്പൂര്‍കാരി വൈഷ്ണവി ഭാലെയാണ് ടീമില്‍ ഇടം നേടിയ മറ്റൊരു കളിക്കാരി.  
ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ഡബ്ള്‍സ് ചാമ്പ്യന്മാരായ അശ്വിനി കെ. ഭട്ട്, ശിഖ ഗൗതം, റിതുപര്‍ണ പാണ്ഡ, മലയാളി താരങ്ങളായ ആരതി സാറാ സുനില്‍, യു.കെ. മൃഥുല എന്നിവരാണ് ടീമില്‍ സ്ഥാനം കിട്ടിയ മറ്റു യുവ താരങ്ങള്‍. ആറംഗ പുരുഷ ടീമില്‍ പ്രണോയ്ക്കു പുറമെ മൂന്നു തവണ ദേശീയ ചാമ്പ്യനായ സൗരഭ് വര്‍മയുമുണ്ട്. ഡബ്ള്‍സ് ജോഡി എം.ആര്‍. അര്‍ജുന്‍, ശ്ലോക് രാമചന്ദ്രന്‍, അരുണ്‍ ജോര്‍ജ, സന്യം ശുക്ല എന്നിവരും ടീമിലെത്തി. 11 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. ഗ്രൂപ്പ് ബി-യില്‍ ചൈനീസ് തായ്‌പെയും സിംഗപ്പൂരുമാണ് ഇന്ത്യക്കൊപ്പം. രണ്ട് ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറും. കഴിഞ്ഞ വര്‍ഷം തായ്‌ലന്റിനോട് ഇന്ത്യ ക്വാര്‍ട്ടറില്‍ തോല്‍ക്കുകയായിരുന്നു. 

Latest News