Wednesday , July   24, 2019
Wednesday , July   24, 2019

ലണ്ടൻ വിനോദ സഞ്ചാരികളുടെ പറുദീസ

വിനോദ സഞ്ചാരികൾക്ക് ലണ്ടൻ എന്നും പറുദീസയാണ്. ഒരിക്കൽ സന്ദർശിച്ചവർ തന്നെ വീണ്ടും വീണ്ടും ഈ നഗരത്തെ കാണാൻ എത്തുന്നു. ഓരോ കാഴ്ചയിലും നഗരം അവർക്ക് സമ്മാനിക്കുന്നത് പുതുമയുള്ള കാഴ്ചകളാണ്. അതുകൊണ്ടാണ് ലോകത്തിന്റെ നാനാഭാഗത്തുനിന്നും ഓരോ വർഷവും മൂന്ന് കോടിയോളം വിനോദ സഞ്ചാരികൾ ഇവിടെയെത്തുന്നത്. സമ്പന്നതയാർന്ന സാംസ്‌കാരിക പൈതൃകവും ചരിത്ര സ്മാരകങ്ങളും നയന മനോഹര കാഴ്ചകളുമാണ് നഗരം സമ്മാനിക്കുന്നത്. ആകർഷകമായ പൊതു ഗതാഗത സൗകര്യവും വേനലിൽ പോലും കുളിര് കോരിയിടുന്ന കാലാവസ്ഥയും പ്രകൃതി രമണീയതയും സഞ്ചാരികളെ മാടി വിളിക്കുന്ന ഘടകങ്ങളാണ്. ഏതു തരത്തിൽപെട്ട ജനങ്ങളായാലും അവരുടെ ഇഷ്ടാനിഷ്ടങ്ങൾ നിറവേറ്റാൻ പാകത്തിലാണ് നഗരത്തെ ഭരണകർത്താക്കൾ അണിയിച്ചൊരുക്കിയിട്ടുള്ളത്.


വിനോദ സഞ്ചാര മേഖലയ്ക്ക് ഇത്രയേറെ പ്രാധാന്യം നൽകുന്ന മറ്റൊരു നഗരം ഇല്ലെന്നു വേണം പറയാൻ. അതിനു തക്ക സംവിധാനങ്ങളെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. ലണ്ടൻ നഗരത്തിലെ ലക്ഷക്കണക്കിനു വരുന്ന ജോലിക്കാരിൽ 13 ശതമാനം പേരും ടൂറിസം മേഖലയിലാണ് ജോലി ചെയ്യുന്നന്നത്. ഇതിൽനിന്നു തന്നെ വിനോദ സഞ്ചാരത്തിന് എന്തുമാത്രം പ്രാധാന്യം ജനങ്ങളും ഭരണകർത്താക്കളും നൽകുന്നുവെന്ന് മനസ്സിലാക്കാനാവും.
എങ്ങനെ ലണ്ടനിൽ എത്താം എന്നതായിരിക്കും പലരുടെയും മനസ്സിൽ ഉദിക്കുന്ന ചോദ്യം. വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമെന്ന നിലക്ക് യുകെയിലേക്ക് ടൂറിസ്റ്റ് വിസയിലോ, സന്ദർശക വിസയിലോ പോകാനാകും. യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്ക് മതിയായ ബാങ്ക് നിക്ഷേപം, ഹോട്ടൽ താമസം അതല്ലെങ്കിൽ ബന്ധുക്കളുടെ ഗൃഹങ്ങളിൽ താമസിക്കുന്നതിനുള്ള അനുമതി തുടങ്ങി കൃത്യമായ വിവരങ്ങളും കുറ്റമറ്റ രേഖകളും സമർപ്പിച്ചാൽ 15 ദിവസത്തിനകം വിസ ലഭിക്കും. ഓൺലൈൻ ആയോ ഏജൻസികൾ വഴിയോ അപേക്ഷിക്കാം. ആറു മാസത്തെ മൾട്ടിപ്പിൾ റീ എൻട്രി വിസക്ക് സൗദിയിൽനിന്ന് 550 റിയാലാണ് നിരക്ക്.  രേഖകളുടെ കൃത്യതയും മതിയായ സാമ്പത്തിക ശേഷിയും മറ്റും ഉണ്ടെങ്കിൽ ആവശ്യമായ ഫീസ് അടച്ചാൽ പത്തു വർഷ കാലാവധിയുള്ള വിസിറ്റിംഗ് വിസ വരെ ലഭിക്കും. ബ്രിട്ടീഷ് എംബസിയുടെ സൂക്ഷ്മ നിരീക്ഷണത്തിൽ എല്ലാ അർത്ഥത്തിലും കുറ്റമറ്റതെന്ന്  അവർക്ക് ബോധ്യമായാൽ മാത്രമാണ് വിസ പാസാവുക. 


ലണ്ടനിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കാണുന്നതിന് സഹായകമായ ഒട്ടേറെ ടൂർ പാക്കേജുകളും ലഭ്യമാണ്. ഇത് മുൻകൂട്ടിയോ ലണ്ടനിൽ എത്തിയ ശേഷമോ ബുക്ക് ചെയ്യാം. ടൂർ ഗൈഡുകളുടെ സഹായമില്ലാതെ  സഞ്ചരിക്കാൻ കഴിയുന്നവരാണങ്കിൽ കുറഞ്ഞ ചെലവിൽ നഗരത്തിലെവിടെയും സഞ്ചരിക്കാനുള്ള പൊതു ഗതാഗത സൗകര്യമുണ്ട്. അതുപോലെ താമസ സൗകര്യങ്ങളും. ലണ്ടൻ നഗരത്തിന്റെ എടുത്തുപറയേണ്ട പ്രത്യേകത പൊതു ഗതാഗത സൗകര്യമാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ദീർഘവീക്ഷണത്തോടെ ഏർപ്പെടുത്തിയ ഈ സൗകര്യം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ട്രെയിൻ ഗതാഗതം ഒന്നു മാത്രം മതി, നഗരത്തിന്റെ ഏതിടത്തുമെത്താൻ. ഭൂമിക്കടിയിലൂടെ തലങ്ങും വിലങ്ങും ചീറിപ്പായുന്ന അത്യാധുനിക സൗകര്യങ്ങളുള്ള ട്രെയിനുകൾ ഓരോ മിനിറ്റിലും ആയിരങ്ങളെ വഹിച്ചുകൊണ്ടാണ് പായുന്നത്. ഭൂമിക്കടിയിൽ പല തട്ടുകളായുള്ള ട്രാക്കുകളിലൂടെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകൾ നഗരത്തിലെ മറ്റു സംവിധാനങ്ങൾക്കൊന്നും തടസ്സമാകുന്നില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇതിനു പുറമെ ഉപരിതലത്തിലൂടെ ശരവേഗത്തിൽ പായുന്ന ട്രെയിനുകളും നഗരത്തിലുണ്ട്. കൂടാതെ ഇരു നിലകളിലുള്ള നൂറുകണക്കിന് ബസുകളും ട്രാമുകളും നഗരത്തിന്റെ ഓരോ കോണുകളെയും തമ്മിൽ ബന്ധിപ്പിക്കുന്നു. പേരുകേട്ട ലണ്ടൻ ടാക്‌സികൾ മുതൽ സൈക്കിൾ റിക്ഷ വരെയുള്ള മറ്റു യാത്രാ സൗകര്യങ്ങളും ലഭ്യം. രാപ്പകലില്ലാതെ നടത്തിക്കൊണ്ടിരിക്കുന്ന ഈ സർവീസുകൾ ആർക്കും ഏതു സമയത്തും എങ്ങോട്ട് പോകുന്നതിനും സൗകര്യപ്രദമാണ്. സൈ്വപ് ചെയ്യാവുന്ന ഓയിസ്റ്റർ കാർഡ് സമ്പാദിച്ചാൽ പൊതു ഗതാഗത സൗകര്യം ആർക്കും ഉപയോഗപ്പെടുത്താൻ കഴിയും. കാർഡ് ആവശ്യാനുസരണം ടോപ്പ് അപ് ചെയ്താൽ നഗരത്തിൽ എങ്ങോട്ട് പോകുന്നതിനു കയ്യിൽ പൈസ കരുതേണ്ടതുമില്ല. തെയിംസ് നദിയിലൂടെയുള്ള ബോട്ടു സർവീസുകൾക്കും ഈ കാർഡ് ഉപയോഗിക്കാം.


വിശാലമായ നഗരത്തിൽ എന്തൊക്കെ കാഴ്ചകളാണ് കാണാനുള്ളത്? എണ്ണിയാലൊടുങ്ങാത്ത, കണ്ടാൽ മതിവരാത്ത എന്നും മനസ്സിൽ സൂക്ഷിക്കാവുന്ന ഓർമകൾ സമ്മാനിക്കുന്ന ഒട്ടേറെ കാഴ്ചകൾ നഗരം ഒരുക്കിവെച്ചിട്ടുണ്ട്. ഒരു അരഞ്ഞാണിനു സമാനമായി നഗരത്തെ ചുറ്റി ഒഴുകുന്ന തെയിംസ് നദിയുടെ ഇരുകരകളിലെയും കാഴ്ചകൾ മാത്രം മതിയാകും സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ പ്രതാപവും സംസ്‌കാരവും മനസ്സിലാക്കാൻ. തെയിംസിനു കുറുകെ പണിതിട്ടുള്ള ഓരോ പാലങ്ങൾക്കും തീരങ്ങളിൽ പണിതിട്ടുള്ള ചരിത്ര സ്മാരകങ്ങൾക്കും നൂറ്റാണ്ടുകളുടെ കഥകൾ പറയാനുണ്ട്. അതു കൺകുളിർക്കെ കാണുന്നതിനും ആസ്വദിക്കുന്നതിനും അവിസ്മരണീയ മുഹൂർത്തങ്ങൾ ഓർമയുടെ പേടകങ്ങളിൽ സൂക്ഷിക്കുന്നതിനുമായാണ് ഇന്നും ദിനേന ആയിരങ്ങളാണ് ഈ നഗരത്തിലേക്കൊഴുകുന്നത്. 
തെയിംസിന്റെ തീരത്താണ് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന കേന്ദ്രങ്ങളുള്ളത്. വിശ്വവിഖ്യാതമായ വെസ്റ്റ് മിനിസ്റ്ററിലെ ഹൗസ് ഓഫ് പാർലമെന്റും തെയിംസ് നദിക്കു കുറുകെയുള്ള ലണ്ടൻ ബ്രിഡ്ജും ടവർ ബ്രിഡ്ജും നദിക്കരയിലെ ലണ്ടൻ ഐയും മാത്രം മതിയാകും സഞ്ചാര പ്രിയർക്ക് നഗരത്തോട് ഇഷ്ടം തോന്നാൻ.  നയന മനോഹരമായ ഇവിടം എന്നും ജനനിബിഢമാണ്. ഇംഗ്ലണ്ടിന്റെ രത്‌ന കിരീടം എന്നറിയപ്പെടുന്ന ലണ്ടൻ ടവർ, ബിഗ് ബെൻ, സെന്റ് പോൾസ് കത്തീഡ്രൽ, ട്രഫാൽഗർ സ്‌ക്വയർ, ഹൈഡ് പാർക്, ബ്രിട്ടീഷ് മ്യൂസിയം, ബക്കിങ്ഹാം പാലസ്, പിക്കാഡ്‌ലി സർക്കസ്, നാഷണൽ ഗാലറി, മൃഗശാല അങ്ങനെ  ചരിത്രങ്ങളുടെ കൂമ്പാരം എന്നു വിശേഷിപ്പിക്കാവുന്ന ഒട്ടേറെ കേന്ദ്രങ്ങൾ ഈ നദിക്കരയിലും പരിസരങ്ങളിലുമായുണ്ട്. 
ടവർ ഓഫ് ലണ്ടൻ കരവിരുതിന്റെ സ്മാരകം കൂടിയാണ്. ലണ്ടൻ നഗരത്തെക്കുറിച്ച് ഓർക്കുമ്പോഴെല്ലാം എല്ലാവരുടേയും മനസ്സിലേക്ക് ഓടിയെത്തുന്ന ചിഹ്നമാണ് 1886 ൽ നിർമിച്ച ടവർ ബ്രിഡ്ജ്. ഇതിനു മുകളിൽ കയറിനിന്നുള്ള നഗര കാഴ്ച അതിമനോഹരമാണ്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ നിരീക്ഷണ വളയം എന്നാണ് 'ലണ്ടൻ ഐ'യെ വിശേഷിപ്പിക്കുന്നത്. 443 അടി ഉയരം വരുന്ന ഈ വളയം ഒരു റൗണ്ട് കറങ്ങിവരാൻ 30 മിനിറ്റെടുക്കും. വളരെ പതുക്കെ സഞ്ചരിക്കുന്ന ഈ കൂറ്റൻ ചക്രത്തിൽ കയറി ഒരുവട്ടം കറങ്ങി വന്നാൽ നഗരത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളും കാണാൻ കഴിയും. ശതാബ്ദി ആഘോഷ വേളയിൽ നഗരത്തിന്റെ മുഖഛായക്ക് മാറ്റു കൂട്ടുന്ന ഒരു ലാന്റ് മാർക് നിർമിക്കാനായി 1993 ൽ ലണ്ടൻ വാസികളിൽ ഏർപ്പെടുത്തിയ മത്സരത്തിന്റെ ഫലമായി ഡേവിഡ് മാർക്‌സ്, ജൂലിയ വാർഫീൽഡ് ദമ്പതികളുടെ ആശയത്തിൽ ഉദിച്ചതാണ് 2000 മാർച്ച് 9 ന് ഉദ്ഘാടനം ചെയ്ത ലണ്ടൻ ഐ. ഓരോ വർഷവും 35 ലക്ഷത്തോളം പേർ ഈ ചക്രത്തിൽ കയറി ലണ്ടൻ നഗരം കാണാനെത്തുന്നുണ്ട്. 
ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊരു കേന്ദ്രമാണ് ബക്കിങ്ഹാം പാലസ്. രാജകുടുംബാംഗങ്ങളുടെ ഔദ്യോഗിക വസതിയാണെങ്കിലും വേനൽക്കാലത്ത് ഇതിന്റെ അലങ്കരിച്ച അകത്തളങ്ങൾ സന്ദർശകർക്കായി തുറന്നുകൊടുക്കാറുണ്ട്.  രാവിലെ 11.30 ന് നടക്കുന്ന സുരക്ഷാ ഭടൻമാരുടെ പ്രകടനം കാണാൻ ദിനേന നൂറുകണക്കിനു പേരാണ് എത്തുന്നത്. 15 ദശലക്ഷം പേരെങ്കിലും ഓരോ വർഷവും പാലസ് കാണാനായി എത്തുന്നുണ്ടെന്നാണ് കണക്ക്. ഇതിനു സമീപത്തെ ഗ്രീൻ പാർക്കും സെന്റ് ജെയിംസ് പാർക്കും ജനങ്ങളുടെ പ്രധാന വിശ്രമ കേന്ദ്രങ്ങളാണ്. 


ചരിത്ര ശേഷിപ്പുകളുടെ നിധികുഭം എന്നു വിശേഷിപ്പിക്കാവുന്ന ടോട്ടൻ ഹാം കോർട്ട് റോഡിലെ ബ്രിട്ടീഷ് മ്യൂസിയമാണ് വിനോദ സഞ്ചാരികളുടെ മറ്റൊരു കേന്ദ്രം. 1753 ൽ സ്ഥാപിതമായ മ്യൂസിയം 2000 ൽ വിപുലീകരിച്ചതോടെ ചരിത്ര വസ്തുക്കളുടെ എണ്ണം 70 ലക്ഷമായി. രണ്ട് ദശലക്ഷം വർഷങ്ങളുടെ ചരിത്രവും സംസ്‌കാരവുമാണ് മ്യൂസിയം നമ്മെ പഠിപ്പിക്കുന്നത്. 
താഴത്തെ നിലയിലെ ഏഷ്യ സെക്ഷനിൽ റൂം 33 എ യിലാണ് 'ഇന്ത്യ അമരാവതി' എന്ന പേരിൽ ഇന്ത്യയുടെ ചരിത്ര രേഖകളുള്ളത്. നടരാജ വിഗ്രഹമാണ് സ്വാഗതമോതുന്നത്. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യങ്ങളുടെ ശേഷിപ്പുകൾ മനോഹരമാണെങ്കിലും രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ഇവിടെ പ്രദർശിപ്പിച്ചിട്ടുള്ള ചിത്രം നീതി പുലർത്തുന്നതായില്ല. വർഷം തോറും 60 ലക്ഷത്തോളം സദർശകരെത്തുന്ന ഇവിടെ ലോകത്തെ ഏറ്റവും പഴക്കം ചെന്ന മമ്മിയായ ലിൻഡോ മാൻ ഉൾപ്പെടെ ഓരോ രാജ്യത്തിന്റെയും സാംസ്‌കാരികത്തനിമ വിളിച്ചോതുന്ന കൊച്ചുകൊച്ചു ശേഷിപ്പുകൾ വരെയുണ്ട്. മനുഷ്യ കുലത്തിന്റെ 20 നൂറ്റാണ്ടുകൾക്കപ്പുറം മുതൽ ഇന്നു വരെയുള്ള ചരിത്ര സ്മാരകങ്ങൾ നൂറ്റാണ്ടുകളുടെ കഥകൾ നമ്മെ ഓർമിപ്പിക്കുന്നു. കെൻസിംഗ്ടണിലെ വിക്ടോറിയ ആൽബർട് മ്യൂസിയമാണ് മറ്റൊരു സുപ്രധാന സന്ദർശന കേന്ദ്രം. 1852 ൽ സ്ഥാപിതമായ ഇവിടെ 4.5 മില്യൺ ചരിത്ര പുരാവസ്തുക്കളുണ്ട്. 
അക്ഷര സ്‌നേഹികൾക്ക് വിരുന്നൂട്ടുന്നിടമാണ് കിംഗ് ക്രോസിലെ ബ്രിട്ടീഷ് ലൈബ്രറി. ലോകപ്രശസ്ത ക്ലാസിക്കുകളുടെ കൈയെഴുത്ത് പ്രതികൾ ഇന്നും പതിനായിരങ്ങളെയാണ് ആകർഷിക്കുന്നത്. ലെവിസ് കരോളിൻസിന്റെ ആലിസ് ഇൻ വണ്ടർലാന്റ്, വില്യം ഷേക്‌സ്പിയറിന്റെ ഓട്ടോഗ്രാഫ്, മാഗ്‌ന കാർട്ട എന്നിവയിവയിലുൾപ്പെടും. 


സുവോളജിക്കൽ സൊസൈറ്റി ഓഫ് ലണ്ടൻ നടത്തുന്ന ലണ്ടൻ മൃഗശാല നഗരമധ്യത്തിലെ ഒരു പരിസ്ഥിതി സംരക്ഷണ മേഖല കൂടിയാണ്. ഓരോ ജീവജാലങ്ങൾക്കും ഇണങ്ങിയ വിധം പരിസ്ഥിതിയെ പുനഃസൃഷ്ടിച്ചിരിക്കുകയാണിവിടെ. ഇന്ത്യൻ ഗിർ വനങ്ങളിൽ നിന്നുള്ളവരാണ് ഇവിടത്തെ സിംഹ രാജൻമാർ. ഗിർ റെയിൽവേ സ്റ്റേഷനും ഉന്തുവണ്ടിയും ഓട്ടോ റിക്ഷയും കച്ചവട സ്ഥാപനങ്ങളും ഉൾപ്പെടെ ഇന്ത്യൻ നഗരത്തിന്റെ ചെറിയൊരു പതിപ്പ് സൃഷ്ടിച്ചുകൊണ്ടാണ് സിംഹങ്ങളെ പാർപ്പിച്ചിരിക്കുന്നിടത്തേക്കുള്ള പ്രവേശനം ഒരുക്കിയിരിക്കുന്നത്. ഇങ്ങനെ പറഞ്ഞു തീരാത്ത കണ്ടാൽ മതിവരാത്ത കാഴ്ചകളേറെയാണ് നഗരത്തിനുള്ളത്. 
ലണ്ടൻ നഗര പിതാവ് സാദിഖ് ഖാൻ നഗരത്തെ ഏതൊക്കെ രീതിയിൽ മോടിപിടിപ്പിക്കാനാവുമോ അതെല്ലാം ചെയ്തും ശുചീകരണത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാതെ വൃത്തിയായി സൂക്ഷിച്ചും ഉല്ലാസത്തിനാവശ്യമായ എല്ലാ കലകളെയും സംസ്‌കാരങ്ങളെയും പ്രോത്സാഹിപ്പിച്ചുമാണ് നഗരത്തിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നത്. വികോട്‌റിയ, വാട്ടർലൂ, കിംഗ്‌സ്‌ക്രോസ്, ലണ്ടൻ ബ്രിഡ്ജ് തുടങ്ങിയ പ്രധാന റെയിൽവേ സ്റ്റേഷനുകളിലെ സൗകര്യങ്ങളും നഗര വീഥികളിലെ ഷോപ്പിംഗ് മാളുകളിലേയും കാഴ്ചകൾ കണ്ണഞ്ചിപ്പിക്കുന്നതാണ്. നഗരത്തിലെ വാഹനത്തിരക്ക് കുറക്കാൻ സ്വകാര്യ വാഹനങ്ങളെ നിരുത്സാഹപ്പെടുത്തുന്ന നഗരം സൈക്കിൽ സവാരിയെ പ്രോത്സാഹിപ്പിക്കുന്നു. 


നഗരവാസികളുടെ പ്രതിഷേധ പ്രകടനങ്ങൾക്കും കലാ പ്രകടനങ്ങൾക്കുമെല്ലാം വേദിയാകുന്നിടമാണ് ചരിത്ര സ്മാരകങ്ങളുടെ കലവറകൂടിയായ ട്രഫാൽഗർ സ്‌ക്വയർ. ഇവിടെ എത്തും നേരം സുഡാൻ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പാട്ടുപാടിയും താളം പിടിച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയുമുള്ള സുഡാൻകാരുടെ പ്രതിഷേധ പ്രകടനം അരങ്ങു തകർക്കുകയായിരുന്നു. ഈ ബഹളത്തിലും അതൊന്നും വകവക്കാതെ ആയിരങ്ങൾ ഈ സ്‌ക്വയറിൽ മനോഹര സായാഹ്നത്തിന്റെ ശീതളിമയിൽ ലയിച്ചിരിക്കുന്നതും കാണാമായിരുന്നു. സ്‌ക്വയറിന്റെ വിശാലമായ മുറ്റത്ത് പാട്ടു പാടിയും ചിത്രങ്ങൾ വരച്ചും വഴിപോക്കരുടെ ശ്രദ്ധയാകർഷിച്ച് ഉപജീവനം കണ്ടെത്തുന്നവരുമുണ്ടായിരുന്നു. ഉപജീവനത്തിനായി തെരുവിൽ സംഗീതോപകരണങ്ങളുടെ സഹായത്തോടെ പാടുന്നവരും തങ്ങളുടെ കലാപരിപോഷണത്തിനായി നഗരത്തിലെത്തി സംഗീത വിരുന്നു നടത്തുന്നവരും നഗത്തിന്റെ പ്രത്യേകതയാണ്. 
ആർഭാട സുന്ദരമായ നഗരത്തിൽ യാചകരില്ലെന്ന് വിചാരിക്കരുത്. റെയിൽവേ സ്റ്റേഷനുകളിലും പ്രധാന വീഥികളുടെ ഓരങ്ങളിലുമെല്ലാം ഭവന രഹിതരായവരെ (ഹോംലസ്) കാണാം. തണുപ്പിൽനിന്നു രക്ഷപ്പെടാൻ ചാക്കുപോലുള്ള ബ്ലാങ്കറ്റുകളിൽ കയറിയിരുന്നാണ് കൈനീട്ടുന്നത്. കോമാളി വേഷം കെട്ടിയും തെരുവ് സർക്കസ് നടത്തിയുമെല്ലാം ജീവനോപാധി കണ്ടെത്തുന്നവരും കുറവല്ല. ഊർജ്വസ്വലതയുടെ ചലിക്കുന്ന ചക്രം കണക്കെയാണ് നഗര ജീവിതം മുന്നോട്ടു നീങ്ങുന്നത്. എങ്ങും തിരക്കോട് തിരക്കാണ്. പരസ്പരം സംസാരിക്കാൻ പോലും സമയമില്ലാത്ത പോലെ ശരവേഗത്തിലാണ് ആണും പെണ്ണും നടന്നു നീങ്ങുന്നത്. 
ആരും ആരുടേയും കാര്യങ്ങൾ ശ്രദ്ധിക്കുന്നില്ല. ട്രെയിനിലും ബസിലും സഞ്ചരിക്കുന്നവരേറെയും മൊബൈലിൽ നോക്കിയാണ് സമയം പോക്കുന്നത്. പരസ്പരം സംസാരിക്കുന്നവർ വളരെ വിരളം. എല്ലാവരും അവരവരുടെ കാര്യങ്ങളിൽ വ്യാപൃതരായിരിക്കുന്നതിനാൽ ചുറ്റുപാടും നടക്കുന്നതെന്തെന്ന് പലരും അറിയാറില്ല. അറിഞ്ഞാൽ തന്നെ അതു ശ്രദ്ധിക്കാറുമില്ല. അതുകൊണ്ടു തന്നെ ഗൾഫ് നഗരങ്ങളിലേതുപോലെ പരസ്പസര സഹകരണമോ, സഹായമോ, സഹവർത്തിത്വമോ പ്രത്യക്ഷത്തിൽ കാണാനാവില്ല. മലയാളികളുടെ കൂട്ടായ്മകളൊക്കെ ഉണ്ടെങ്കിലും അവരുടെ ഒത്തുകൂടലിനും സൊറ പറച്ചിലിനുമൊന്നും ഗൾഫിന്റേതായ സൗന്ദര്യമില്ലെന്നു വേണം പറയാൻ. 

Latest News