Wednesday , July   24, 2019
Wednesday , July   24, 2019

'കല്ലം പറഞ്ഞാൽ ഞാൻ കേറിപ്പറയും'  

രാഹുൽ ഗാന്ധി ചെന്നൈയിലെ സ്റ്റെല്ലാ മേരി വനിതാ  കോളേജിൽ നടത്തിയ പ്രസംഗം ഒന്നാന്തരമായിരുന്നു. വളരെ മാന്യമായി പുതിയ തലമുറയെ സ്വാധീനിക്കാൻ പറ്റിയ പ്രഭാഷണം. രാഷ്ട്രീയ പ്രതിയോഗിയെ ലക്ഷ്യം വെച്ച് സംസാരിച്ചപ്പോഴും ഇന്ത്യയെ ഗ്രസിച്ച മഹാരോഗത്തെ കുറിച്ച് അദ്ദേഹം വ്യക്തമായ സൂചന നൽകി. മോഡിജിയുടെ പ്രശ്‌നമെന്തെന്നും വിവരിച്ചു. ഒരിടത്തു നിന്നും സ്‌നേഹം ലഭിക്കാത്തതിനാൽ മനസ്സ് നിറയെ വൈരാഗ്യമാണ്. എന്റെ മുതുമുത്തച്ഛനേയും അമ്മുമ്മയേയും അമ്മയേയും അച്ഛനെയും പറ്റി വളരെ നീചമായി സംസാരിക്കുന്നത് ഇത് കൊണ്ടാണ്. തലേ ദിവസം അഹമ്മദാബാദിൽ പെങ്ങൾ പ്രിയങ്ക ഗാന്ധി സംസാരിച്ചതും സമാന വിഷയമാണ്. മുമ്പൊരിക്കലുമില്ലാത്ത വിധം രാജ്യത്ത് അസഹിഷ്ണുതയും വിദ്വേഷവും പെരുകുന്നതിൽ പ്രിയങ്ക ആശങ്ക പ്രകടിപ്പിച്ചു. ഇതെല്ലാം നല്ലത് തന്നെ. ചെന്നൈ കോളേജിലെ ചടങ്ങിന്റെ വാർത്ത പത്രങ്ങളിൽ അച്ചടിച്ചു വന്ന ദിവസം രാഹുൽ ഗാന്ധി കേരളത്തിലായിരുന്നു. 
അതേ ദിവസമാണ് കോൺഗ്രസിന്റെ വക്താവ് ടോം വടക്കൻ മറുകണ്ടം ചാടിയത്. ബാലാകോട്ട്, പുൽവാമ വിഷയങ്ങളിൽ ബി.ജെ.പിയുടെ നിലപാടാണ് ശരിയെന്ന് തോന്നിയതുകൊണ്ടാണ് മാറ്റമെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. അല്ലാതെ തൃശൂർ സീറ്റിൽ പരിഗണക്കാത്തത് കൊണ്ടൊന്നുമല്ല. പുൽവാമ കഴിഞ്ഞ് കുറച്ചായല്ലോ സാർ എന്ന് ചോദിക്കുന്നവർ പാർട്ടി ക്ലാസിൽ തീരെ വരാത്തവരാണ്. കുറച്ചു കാലമായി കോൺഗ്രസിന്റെ ദേശീയ മുഖമായി നമ്മളെല്ലാം ചാനലുകളിൽ കാണാറുള്ളത് ടോം വടക്കനെയാണ്. വേനൂ...എന്നൊക്കെ അവതാരകനെ വിളിച്ച് സംസാരിച്ചു തുടങ്ങുന്ന അദ്ദേഹം തൃശൂരിൽ മത്സരിക്കാൻ കുറേ കാലമായി ആഗ്രഹിച്ച് നടപ്പാണ്. 2009ൽ രണ്ടാം യു.പി.എ കാലത്ത് ഇത്തരമൊരു മോഹമുണ്ടെന്ന് അറിഞ്ഞപ്പോൾ ആദ്യം സ്ഥലപ്പേര് ശരിക്ക് ഉച്ചരിക്കാൻ പഠിക്കൂ എന്ന് വിമർശിച്ചത്  സുകുമാർ അഴീക്കോടായിരുന്നു. 
കേരളത്തിൽ രാഷ്ട്രീയ പാർട്ടികളുടെ പൊതുയോഗങ്ങൾ നടക്കുന്ന പ്രധാന വേദികളാണ് മുതലക്കുളവും തേക്കിൻകാടും മറൈൻ ഡ്രൈവും പുത്തരിക്കണ്ടവും മറ്റും. ഈ പറഞ്ഞ ഒരിടത്തും ടോം ചേട്ടൻ പ്രസംഗിക്കുന്നത് ഒരു മാധ്യമ പ്രവർത്തകനും കണ്ടിരിക്കാനിടയില്ല. എന്നിട്ടും ഇയാളെങ്ങനെ ഇത്രയും ഉന്നത സ്ഥാനത്തെത്തി? ഭയങ്കരം തന്നെ. റിപ്പോർട്ടർ ചാനലിൽ നികേഷ് നയിച്ച ഒരു ചർച്ചയിൽ ബി.ജെ.പി പ്രതിനിധിയെ വെള്ളം കുടിപ്പിച്ചത് ടോം വടക്കനാണ്. മോഡിയുടെ പതിനഞ്ച് ലക്ഷത്തിന്റെ കാര്യം പറയുന്ന ഈ സംവാദം യുട്യൂബ് വഴി ലക്ഷക്കണക്കിനാളുകളാണ് ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത്. ടോം പറന്നകന്ന ദിവസം മിക്ക ചാനലുകളിലേയും സായാഹ്ന ചർച്ച കോൺഗ്രസിൽ നിന്ന് കൂടൊഴിഞ്ഞു പോകുന്നവരെ കുറിച്ചായിരുന്നു. സി.പി.എമ്മിന്റെ എം. സ്വരാജ്, ബി.ജെ.പിയുടെ ഗോപാലകൃഷ്ണൻ, കോൺഗ്രസിന്റെ സേനാപതി, ഡോ: ഷമാ മുഹമ്മദ് എന്നിവരായിരുന്നു പാനലിൽ. ചാനൽ ചർച്ചയ്ക്ക് പോകുന്നവർ സമൂഹ മാധ്യമങ്ങളെ നല്ലവണ്ണം നിരീക്ഷിക്കാതെ വന്നാലുണ്ടാവുന്ന കുഴപ്പം കോൺഗ്രസ് മഹിളാ പ്രതിനിധിയുടെ പ്രസന്റേഷനിൽ പ്രകടമായി. 
അന്നത്തെ ദിവസം മന്ത്രി എം.എം മണി  കോൺഗ്രസ് ഓഫീസിൽ നിന്ന് എല്ലാവരും ഒഴിഞ്ഞു പോകുന്നതിനെ കുറിച്ച് ട്രോളിയിരുന്നു. നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണെന്ന് ഓർത്ത് ഏറ്റവും ഒടുവിൽ പോകുന്ന ആൾ എല്ലാ ലൈറ്റ് ഓഫാക്കണമെന്ന മന്ത്രിയുടെ തമാശ സ്വരാജ് ആവർത്തിച്ചപ്പോഴേക്ക് ഷമയുടെ ക്ഷമ നശിച്ചു. കല്ലം പറഞ്ഞാൽ ഞാൻ കേറി പറയും എന്നായി പ്രതികരണം. മുറി മലയാളം പറയുന്ന വക്താവ് പാർട്ടി മാറിയ ദിവസത്തെ ചർച്ച കണ്ടവർക്ക് ബഹുരസം. എന്തായിട്ടും കോൺഗ്രസിന്റെ മഹിള അടങ്ങുന്നില്ലെന്നായപ്പോൾ പേര് തന്നെ ക്ഷമ എന്നല്ലേ, ഒന്ന് ക്ഷമിക്കൂ എന്ന് ഗോപാലകൃഷ്ണൻ പറയുന്നത് കേൾക്കാമായിരുന്നു. ഈ ചർച്ചയിൽ കോൺഗ്രസിനെന്തിന് രണ്ടു പേർ എന്നതും അന്വേഷിച്ചവരുണ്ട്. ചർച്ചയ്ക്കിടെ ഒരാളെങ്ങാനും പാർട്ടി മാറിയാൽ ചാനലുകാരൻ മുൻ കരുതലായി കൊണ്ടിരുത്തിയതാണെന്നായിരുന്നു ട്രോൾ. 
*** *** ***
മോഡിയുടെ മാർക്കറ്റിംഗിന്റെ ഭാഗമായി കുതിച്ചുയർന്ന ടി.വി താരമാണ് റിപ്പബ്ലിക്കിലെ അർണബ് ഗോസ്വാമി. ചർച്ചകളിലെല്ലാം തന്നെ കേന്ദ്ര സർക്കാറിനും ബിജെപിക്കും എതിരായി ഉയർന്നു വരുന്ന ആരോപണങ്ങളെ പ്രതിരോധിക്കുന്നതിൽ മിടുക്കൻ. ഇപ്പോഴിതാ 
ബിജെപിയേയും വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് അർണബ് ഗോസ്വാമി. ഏറെക്കാലത്തിന് ശേഷമാണ് ഒരു ചർച്ചയിൽ ബിജെപിക്കെതിരെ അർണബ് ഗോസ്വാമി വിമർശനം ഉന്നയിക്കുന്നത്. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ  നേതാവ് മസൂദ് അസ്ഹറിനെ 'ജി' ചേർത്ത് അഭിസംബോധന ചെയ്ത രാഹുൽ ഗാന്ധിക്കെതിരെ വലിയ വിമർശനമായിരുന്നു അർണബിന്റെ ചർച്ചയിൽ ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ നടത്തിയത്. കോൺഗ്രസ് അധ്യക്ഷനെ വിമർശിക്കാൻ ബിജെപിക്ക് അർഹതയില്ലെന്ന നിലപടായിരുന്നു അർണബ് ഗോസ്വാമിയ്ക്ക്. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രവി ശങ്കർ പ്രസാദ് മുംബൈ ഭീകരാക്രമണ സൂത്രധാരനായ ഹാഫിസ് സയീദിനെയും ഇത്തരത്തിൽ അഭിസംബോധന ചെയ്തിട്ടുണ്ടെന്ന് അർണബ് എടുത്തു പറഞ്ഞു. ചർച്ചയിൽ പങ്കെടുക്കാനെത്തിയ ഗൗരവ് ഭാട്ടിയ, അഭിഭാഷക മോണിക്ക അറോറ എന്നിവരെ ഈ മാറ്റം ആശ്ചര്യപ്പെടുത്തി. 
*** *** ***
കഴിഞ്ഞ നാല് വർഷത്തിനിടെ രാജ്യത്ത് എത്രമാത്രം വൈരാഗ്യം വളർന്നിട്ടുണ്ടെന്ന് തെളിയിക്കുന്ന സംഭവങ്ങളുണ്ടായത് പിന്നിട്ട വാരത്തിലാണ്. രാജ്യത്തെ പ്രബല ന്യൂനപക്ഷ സമുദായ അംഗങ്ങളെ അയൽരാജ്യത്തേക്ക് പറഞ്ഞയക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതു താൽപര്യ ഹരജി ഫയൽ ചെയ്യാൻ ആളുണ്ടായി. അതിലും ഭീകരമാണ് സർഫ് എക്‌സൽ വാഷിംഗ് പൗഡർ ഹോളി പശ്ചാത്തലത്തിൽ ചെയ്ത പരസ്യത്തിന് നേരെ ഉയർന്ന എതിർപ്പ്. ഉത്തരേന്ത്യയിലെ പ്രധാന ഉത്സവമായ ഹോളി ആഘോഷത്തെ അടിസ്ഥാനമാക്കി ഡിറ്റർജൻറ് പൗഡറായ സർഫ് എക്‌സൽ പുറത്തുവിട്ട പരസ്യം സംഘപരിവാർ സൈബർ ആക്രമണത്തെത്തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. 
ഹോളി ആഘോഷിക്കുന്നതിൻെറ ഭാഗമായി വഴി യാത്രക്കാരുടെ നേർക്ക് നിറങ്ങൾ വലിച്ചെറിയുന്ന കുട്ടികളിൽ നിന്നും വെള്ള വസ്ത്രം ധരിച്ച് മുസ്ലിം പള്ളിയിലേക്ക് പോകുന്ന തന്റെ സുഹൃത്തിനെ സംരക്ഷിക്കുന്ന പെൺകുട്ടി, ഇതാണ് പരസ്യത്തിൻെറ തീം. 
സൈക്കിളിൽ ആൺകുട്ടിയെ പെൺകുട്ടി പള്ളിയിൽ കൊണ്ടുചെന്നാക്കുന്നതും പ്രാർഥനയ്ക്ക് ശേഷം നിറങ്ങൾ കൊണ്ട് കളിക്കാം എന്ന് പറഞ്ഞ് ആൺകുട്ടി പള്ളിയിലേക്ക് കയറിപ്പോകുന്നതുമാണ് അവസാന ഭാഗത്തുള്ളത്. പത്ത് വയസ്സിന് താഴെ പ്രായമുള്ള രണ്ട് കുഞ്ഞുങ്ങൾ. യഥാർത്ഥത്തിൽ മത സൗഹാർദം ആഹ്വാനം ചെയ്യുന്ന പരസ്യത്തിനെതിരെ, ലൗ ജിഹാദിനെ പോത്സാഹിപ്പിക്കുന്നു എന്നുമുള്ള ആരോപണങ്ങളാണ് സംഘപരിവാർ ഉയർത്തിയത്. പരസ്യത്തിൻെറ ഉള്ളടക്കം ഇഷ്ടപ്പെടാത്തവർ സർഫ് എക്‌സൽ ബഹിഷ്‌കരിക്കുക എന്ന മുദ്രാവാക്യത്തിൽ സോഷ്യൽ മീഡിയാ പ്രചാരണങ്ങൾ നടത്തിയിരുന്നു. ബോയ്‌ക്കോട്ട് സർഫ് എക്‌സൽ കാമ്പയിൻ ട്വിറ്ററിലും വ്യാപകമായിരുന്നു.  പ്രചാരണത്തിന്റെ ഗുണം ഹിന്ദുസ്ഥാൻ ലിവർ ലിമിറ്റഡിന് ലഭിച്ചിരിക്കുമെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ
*** *** ***
തമിഴ് ചാനലായ കളേഴ്‌സിൽ വധുവിനെ കണ്ടെത്താൻ ടെലിവിഷനിൽ റിയാലിറ്റി ഷോ നടത്തി  ഫൈനലിസ്റ്റുകളെ ഒഴിവാക്കി പ്രേക്ഷകരെ പറ്റിച്ച ആര്യ സിനിമയിലെ നായികയെ ജീവിത സഖിയാക്കി. നടി സയേഷ സൈഗളിനെ ആണ് ആര്യ തന്റെ ജീവിത സഖിയാക്കിയത് . പ്രശസ്ത നടൻ ദിലീപ് കുമാറിന്റെ അനന്തരവളാണ് സയേഷ. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് വിവാഹ ചടങ്ങ് നടന്നത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും സിനിമയിലെ പ്രമുഖരും മാത്രമാണ് പങ്കെടുത്തത്. പരമ്പരാഗത മുസ്‌ലിം  ആചാരപ്രകാരമാണ് വിവാഹം നടന്നത്. ഫെബ്രുവരി 14 വാലന്റൈൻസ് ദിനത്തിലാണ് വിവാഹം കഴിക്കാൻ പോവുകയാണെന്ന വിവരം താരങ്ങൾ വെളിപ്പെടുത്തിയത്. മാർച്ചിൽ ഇരുവീട്ടുകാരുടെയും സാന്നിധ്യത്തിലാവും വിവാഹമെന്നും ആര്യ പറഞ്ഞിരുന്നു. അതേസമയം സയേഷ ആര്യ ജോഡികളുടേത് പ്രണയ വിവാഹമല്ലെന്നും അറേഞ്ച്ഡ് മാര്യേജ് ആണെന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ സയേഷയുടെ അമ്മ ഷഹീൻ ബാനു വെളിപ്പെടുത്തിയിരുന്നു. 
*** *** ***
കോൺഗ്രസിന് ഇത് കഷ്ടകാലമാണെന്ന് എഴുതി തള്ളാൻ വരട്ടെ. എഎപി നേതാവായ അൽക്ക ലംബ കോൺഗ്രസിലേക്ക് ചേരാനുള്ള താൽപര്യം പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. തന്നെ സ്വീകരിക്കാൻ കോൺഗ്രസ് തയാറാണെങ്കിൽ പോകുമെന്നാണ് അൽക്ക ലംബ വ്യക്തമാക്കിയത്. മന്ത്രി മണി പറഞ്ഞത് പോലെയല്ലാത്ത നട്ടെല്ലുള്ള കോൺഗ്രസ് നേതാക്കളും ദേശീയ രാഷ്ട്രീയത്തിലുണ്ട്. കോൺഗ്രസ് വക്താവ് ദിവ്യ സ്പന്ദന പറഞ്ഞത് കേട്ടില്ലേ. 
മോഡി അനുകൂലികൾ മന്ദബുദ്ധികളാണ്. നിങ്ങൾക്കറിയുമോ, മോഡിയെ പിന്തുണക്കുന്ന മൂന്നിലൊരാൾ മറ്റു രണ്ടു പേരെപ്പോലെ മന്ദബുദ്ധികളാണ്. 
പാർട്ടി ചാനലായ കൈരളിയേക്കാൾ ഭംഗിയായി സി.പി.എം വിഷയങ്ങൾ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് അവതരിപ്പിച്ചിരുന്നത് റിപ്പോർട്ടർ ചാനലായിരുന്നു. ഇപ്പോൾ അതേ സ്ഥാനത്തേക്ക് ഉയർന്നു വന്നത് ന്യൂസ് 18 ആണ്. വടകര സ്ഥാനാർഥി പി. ജയരാജനുമായി സനീഷ് നടത്തിയ അഭിമുഖം ശ്രദ്ധേയമായി. ടി.പി ചന്ദ്രശേഖരനും പി. ജയരാജനും ഒരുമിച്ച് ജയിൽവാസം അനുഭവിച്ചതെല്ലാം ഓർമപ്പെടുത്തുന്നതായി ഈ സംവാദം.  
 

Latest News