Friday , June   21, 2019
Friday , June   21, 2019

യുദ്ധവിമാനങ്ങളുടെ നിയന്ത്രണം ഈ മുന്നാറുകാരിയുടെ വിരൽത്തുമ്പിൽ

അസമിലെ ചിറാപുഞ്ചിയിലെ എയർഫോഴ്‌സ് ക്യാമ്പിലെ റഡാർ കണ്ണുകളിലൂടെ അതിർത്തി രാജ്യങ്ങളുമായി ഇന്ത്യ പങ്കിടുന്ന വ്യോമാതിരുകളെ സസൂക്ഷ്മം മോണിട്ടർ ചെയ്യുക, ആക്ഷൻ നടക്കുമ്പോൾ യുദ്ധ വിമാനങ്ങളുടെ പൈലറ്റുമാർക്ക് നിർദേശം നൽകുക, ആകാശാതിർത്തിയിലെ ശത്രുവ്യൂഹങ്ങളെ സദാ നിരീക്ഷിക്കുക എന്നിവയാണ് ഇന്ത്യൻ എയർഫോഴ്‌സ് ഗ്രൗണ്ട് കൺട്രോളിംഗ് കേഡറ്റ് ഓഫീസർ ഇടുക്കി മൂന്നാർ സ്വദേശി സൈദാനിയയുടെ ഡ്യൂട്ടി. വ്യോമസേനയിലെ ഏറ്റവും പ്രായം കുറഞ്ഞ ഈ വനിതാ ഓഫീസറുടെ ജീവിതത്തിലൂടെ.. 

ഇത് ഇന്ത്യൻ നാവികസേനയിലെ സൈദാനിയ എം. അൻസാരി. 
മൂന്നാറിൽ ജനിച്ച് ഇടപ്പള്ളിയിൽ ബാല്യം ചെലവിട്ട് തൃശൂരിലും എറണാകുളത്തും ഹൈദരബാദിലും പഠിച്ച് ഇന്ത്യൻ വ്യോമസേനയിൽ യുദ്ധവിമാനങ്ങൾ  പറപ്പിക്കുന്ന പൈലറ്റുമാർക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുന്ന ഗ്രൗണ്ട് കൺട്രോളിംഗ് കേഡറ്റ് ഓഫീസർ.
ഒരു വേള, യുദ്ധരംഗം മുഴുവൻ പ്രത്യുൽപന്നമതിത്വത്തോടെ, ധിഷണാശക്തിയോടെ നിയന്ത്രിക്കുന്ന, എയർഫോഴ്‌സിലെ ഉന്നത പദവി വഹിക്കുന്ന സൈദാനിയയെ കുലീനമായ കുടുംബപശ്ചാത്തലവും മൂന്നാറിലെ ഹൈറേഞ്ച് സ്‌കൂൾ നൽകിയ അടിസ്ഥാന സ്വഭാവ രൂപീകരണവുമാണ് ഈ സ്ഥാനം  വഹിക്കാൻ സൈദാനിയയെ പ്രാപ്തയാക്കിയത്.
ഇന്ത്യൻ എയർഫോഴ്‌സിലെ കഠിന പരിശീലന കാലഘട്ടത്തിൽ വിശ്രമമില്ലാത്ത ജോലിയും അച്ചടക്കപൂർണമായ അനുശീലനങ്ങളും തന്നെയാണ് ഒരു സാധാരണക്കാരനായ 'സിവിലിയനെ' ഉത്തരവാദപൂർണമായ രാജ്യ സുരക്ഷ ചുമലിൽ വഹിക്കാൻ പ്രാപ്തരാക്കിത്തീർക്കുന്നതെന്ന് നിസ്സംശയം പറയാം. 
മൂന്നാറിലെ കണ്ണൻ ദേവൻ പ്ലാന്റേഷൻ ജീവിതം നൽകിയ ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം  സൈദാനിയയിലെ വ്യക്തിത്വത്തെ രൂപപ്പെടുത്തി. ഏറ്റവും  നല്ല ഗുണം എന്ന് പറയാവുന്ന, എല്ലാ വിഭാഗത്തിലും പെടുന്ന വിദ്യാർത്ഥികളോടും സുഹൃത്തുക്കളോടുമൊക്കെ തുല്യതയോടെയുള്ള പെരുമാറ്റം, മാനുഷികത' എന്നീ ഗുണങ്ങളെ പരിപോഷിപ്പിച്ചു. 
വളരെ നല്ല മാർക്കോട്കൂടിത്തന്നെ പത്താം ക്ലാസ്സ് മുഴുമിച്ച,  ഡോക്ടർ അസ്മയയുടെയും, പബ്ലിക് പ്രോസിക്യൂട്ടർ എം. അൻസാരിയുടെയും ഈ മകൾ രക്ഷിതാക്കളുടെയും, ബന്ധുക്കളുടെയും താൽപര്യ പ്രകാരം സയൻസ് ഗ്രൂപ്പ് തെരഞ്ഞെടുക്കുമ്പോഴും മനോഹരിയായ മൂന്നാർ അവളിൽ ഒരു പ്രകൃതി സ്‌നേഹിയേയും പരുവപ്പെടുത്തി. അക്കാദമിക് വിഷങ്ങൾക്കൊപ്പം സാഹിത്യത്തിലും സൈദാനിയക്ക് താൽപര്യം വളർന്നു. ഭാഷയിൽ അഗാധമായ അറിവും പരന്ന വായനയുമുള്ള  ഒരു സാഹിത്യകാരിയെക്കൂടി അങ്ങനെ സൃഷ്ടിക്കപ്പെട്ടു. 
എന്നാൽ തൃശൂരിലെ ഐ. ഇ. എസ്. പബ്ലിക്  സ്‌കൂൾ സൈദാനിയക്കു  സമ്മാനിച്ചത് ഒരു പുത്തൻ അനുഭവം തന്നെയായിരുന്നു.
പി.സി. തോമസിന്റെ കീഴിലുള്ള മെഡിക്കൽ  പ്രവേശന പരിശീലന കാലഘട്ടത്തിലാണ് 'സർവീസ്' എന്ന വാക്കിന്റെ അർഥം സൈദാനിയ ആ മഹാനായ വ്യക്തിയിൽ നിന്നും കേട്ടത്. 'നിങ്ങൾ ഏത് ഉന്നത പദവിയിൽ ഇരുന്നാലും ഒരു തൂപ്പുകാരനോ, വീട്ടുവേലക്കാരിയോ
ആയിരുന്നാലും ചെയ്യുന്ന ജോലിക്ക് മാന്യതയുണ്ടെന്നറിയുക. അതു ആത്മാർത്ഥതയോടെ ചെയ്യുക. ആസ്വദിച്ചു ചെയ്യുക. ഏത് പരീക്ഷണ ഘട്ടത്തെയും ശുഭ പ്രതീക്ഷ എന്ന ഒരു ഗുണം കൊണ്ട് നേരിടുക- അദ്ദേഹത്തിന്റെ ഈ വാക്കുകളാണ്, സൈദാനിയയുട ജീവിതത്തിൽ ഒരു വഴിത്തിരിവായതെന്നു പറയാം.
പിന്നീടങ്ങോട്ട് കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ മെഡിസിന് അഡ്മിഷൻ കിട്ടിയിട്ടും സെന്റ് ആൽബർട്‌സിലെ ബി.എ ഇംഗ്ലീഷ് സാഹിത്യം മുഖ്യ വിഷയമായി  എടുത്തു പഠിക്കുകയാണ് സൈദാനിയ ചെയ്തത്. ഒന്നാം വർഷം എം.ജി. യൂണിവേഴ്‌സിറ്റിയിലെ ഒന്നാംറാങ്കും. അവസാനവർഷം നാലാം റാങ്കും കരസ്ഥമാക്കി.                                                          പിന്നീട് എം.എ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിൽ ചെയ്തപ്പോൾ തികച്ചും വ്യത്യസ്തമായ ഒരു പഠന രീതി ആ വ്യക്തിത്വത്തെ കുറേക്കൂടി വ്യത്യസ്തയും സ്വതന്ത്ര ചിന്താഗതിക്കാരിയുമാക്കി മാറ്റിയെടുത്തു.തീരുമാനങ്ങൾ സ്വയം എടുക്കാനും അവ നടപ്പിലാക്കാനും കഴിവുള്ള ഒരു സ്വതന്ത്ര വ്യക്തിത്വത്തിനുടമയായി അവളെ വളർത്തിയെടുത്തത് അവിടെയുള്ള മിടുക്കരായ പ്രൊഫസർമാരായിരുന്നു.
അവിടെ ഇംഗ്ലീഷ് ഡിപ്പാർട്‌മെന്റിൽ    ഗേ ലിറ്ററേച്ചർ മുഖ്യ വിഷയങ്ങളിലൊന്നായി തെരഞ്ഞെടുത്തപ്പോഴാണ് പ്രശസ്ത ഗേ കവിയും, വിമർശകനും, അധ്യാപകനുമായ ഹൊഷാങ് മർച്ചന്റ് സൈദാനിയ്ക്കു സാഹിത്യത്തിലെ പുതിയൊരു ശാഖ പരിചയപ്പെടുത്തിയത്. മുംബൈ സെയിന്റ് സേവ്യർ കോളേജിൽ നിന്നു ബിരുദവും, ലോസ് ആഞ്ചലസ് ഓക്‌സിഡന്റൽ കോളേജിൽ നിന്നു ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ഹൊഷാങ്, ഒരു സ്വതന്ത്ര ചിന്തകനും നിരവധി പുസ്തകങ്ങളുടെ രചയിതാവുമാണ്. അദ്ദേഹം ഇന്ത്യയിൽ നിന്നു ബുദ്ധിസവും,  ഇറാനിൽ നിന്നു ഇസ്‌ലാമിക തത്ത്വങ്ങളും പഠിച്ചറിഞ്ഞു. ഫഌവർ ടു ഫഌയിം, യാരാന, ദ സീക്രട് റൈറ്റിംഗ് ഓഫ് ഹൊഷാങ്  മർച്ചന്റ്  ഇവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ. 'ലോകരും, ലോകവും നമ്മെ കുറിച്ച് എന്ത് പറയുന്നു, ചിന്തിക്കുന്നു എന്ന് കാര്യമാക്കാതെ, സ്വയം താൻ ആരെന്നു ബോധ്യപ്പെടാനും, അതു 'അപ്രഖ്യാപിതമായി പ്രഖ്യാപിക്കാനുള്ള ധൈര്യവും തീർച്ചയായും ഹൊഷാങ്, സൈദാനിയ്ക്കു പകർന്നു നൽകിയിട്ടുണ്ടാവാം. ഹൈദരാബാദ് ക്യാമ്പസിലെ എല്ലാ അധ്യാപകരും സൈദാനിയായിലെ വ്യക്തിത്വ രൂപീകരണത്തെ സ്വാധീനിച്ചു. 
ഡി.സി ബുക്‌സിന്റെ മാഗോ എന്ന പുസ്തക വിഭാഗത്തിൽ അസിസ്റ്റന്റ് എഡിറ്റർ ആയി കുറച്ചു കാലം മാതാപിതാക്കളുടെ കൂടെ നിന്നു ജോലി ചെയ്യവേ ആണ്, സൈദാനിയായുടെ ഉമ്മ പത്രത്തിൽ ഒരു പരസ്യം കണ്ട്  ഷോട്ട് ടേം സർവീസ് കോഴ്‌സസ് ഇൻ എയർഫോഴ്‌സിലേക്ക് ഒരു അപ്ലിക്കേഷൻ കൊടുക്കാൻ മകളോട് നിർദേശം വെക്കുന്നത്. സാഹസികതയും, വ്യത്യസ്ത സ്ഥലങ്ങളിൽ സഞ്ചരിക്കാനും, പലതരം സംസ്‌കാരങ്ങളുമായി ഇടപഴകാനും ഉൽസുകയായിരുന്ന സൈദാനിയ്ക്കു രണ്ടാമത് ഒന്നാലോചിക്കേണ്ടി വന്നില്ല. അങ്ങിനെ വളരെ പ്രയാസം നിറഞ്ഞ  പ്രവേശന പരീക്ഷ പാസായി  അതി കഠിനമായ വ്യോമസേനാ പരിശീലന കാലഘട്ടത്തിലേക്ക് അവൾ പ്രവേശിച്ചു.                                                                           ഇന്റർവ്യൂ കഴിഞ്ഞു തെരഞ്ഞെടുക്കപ്പെട്ടു. മൈസൂരിൽ 240 പേർ തെരഞ്ഞെടുക്കപ്പെട്ടവരെ,  സർവീസ് സെലക്ഷൻ ബോർഡിന്റെ കീഴിൽ, ഒരു ഇന്റർവ്യൂ ഓഫീസർ, സൈക്കോളജിസ്റ്റ്, ഒരു ഗ്രൂപ്പ് ടെസ്റ്റിംഗ് ഓഫീസർ  എന്നിവർ പരിശോധിക്കുന്നതായിരുന്നു അടുത്ത കടമ്പ. എഴുത്ത് പരീക്ഷ, ശാരീരികക്ഷമത, ഗ്രൂപ്പ് ചർച്ചകൾ, എന്നിവയ്ക്ക് ശേഷം തിരസ്‌ഞ്ഞെടുക്കപ്പെടുന്നവർ ആദ്യത്തെ 6 മാസത്തെ പരിശീലന  ക്യാമ്പിലേക്ക് വീണ്ടും പ്രവേശിക്കുന്നു. 
രാത്രി, പകലെന്ന വ്യത്യാസമില്ലാതെ യൂണിഫോമിൽ ആയിരിക്കണമെന്നതും, രാപകൽ ഭേദമന്യേ നിരീക്ഷണ വലയത്തിൽ ആയിരിക്കുമെന്നതും, ഭക്ഷണം കഴിക്കുന്ന രീതി പോലും ശ്രദ്ധിക്കപ്പെടുന്നുണ്ടെന്നതും, സോപ്പ് ഒഴികെ വേറൊരു സൗന്ദര്യ വർധക വസ്തുക്കളും ഉപയോഗിക്കരുതെന്നതുമൊക്കെയുള്ള കർശന നിയമങ്ങളാണ് പരിശീലനകാലത്ത് പാലിച്ചത്.
അടിസ്ഥാനപരമായി മനുഷ്യരിലടങ്ങിയ ഈഗോഇല്ലാതാക്കി ഒരു സിവിലിയനിൽ നിന്നു ഒരു സോൾജിയറാക്കി മാറ്റുന്ന അതി കഠിന കാലഘട്ടമാണിത്. വസ്ത്രം മുതൽ, യൂണിഫോം അടക്കം, ആഹാരം; ക്യാമ്പസിനുള്ളിൽ സഞ്ചരിക്കാനുള്ള സൈക്കിൾ വരെ കേഡറ്റ്‌സ് സ്വയം അധ്വാനിച്ചു  ഉണ്ടാക്കേണ്ടതാണ്. അതായത് ക്യാംപസിലെ മറ്റു ചെറിയ ജോലികൾ ചെയ്ത്. ഗ്രൂപ്പ് ആക്ടിവിറ്റീസിൽ പങ്കെടുക്കുന്ന മറ്റെല്ലാ കേഡറ്റുകളും അതിൽ പാസായാൽ മാത്രമേ ആ റെജിമെൻറ് അടുത്ത ആറു മാസത്തെ പരിശീലനത്തിന് യോഗ്യത നേടൂ. ഒരാളുടെ പരാജയം സകലരുടെയും പരാജയമായിരിക്കും. 
പരസ്പര സഹകരണ  മനോഭാവം വളർത്താനാണിത്. അടുത്ത ആറു മാസം സീനിയർ എന്ന് പറയാമെങ്കിലും ആദ്യ ബാച്ചിന്റെ സകല ചുമതലയും ഇവർക്കാണ്. തല വഴുക്കനെ എണ്ണ തേച്ച് മുടി കെട്ടി ഒരിഴപോലും പുറത്തു വരാതെ വച്ചില്ലെങ്കിൽ സീനിയർ റെജിമെന്റിലെ കേഡറ്റ്‌സിനാണ് പണിഷ്‌മെന്റ്.
സ്‌ക്രീനിംഗിനു  ശേഷം തെരഞ്ഞെടുക്കപ്പെപ്പെടുന്നവർ 2000 ൽ 20 പേരൊക്കെ കാണൂവെന്നാണ് സൈദാനിയ പറയുന്നത്. വെറും 2%. ആ കേഡറ്റ്‌സിനെ ഉയർന്ന വ്യോമസേനാ ഓഫീസർമാരാണ് പരിശീലിപ്പിക്കുക. ഫഌയിംഗ് ഗ്രൗണ്ട് ഡ്യൂട്ടി, ടെക്‌നിക്കൽ  ബ്രാഞ്ചെസ്, ഹെലികോപ്റ്റർ ഫൈറ്റിംഗ് എന്നീ രംഗങ്ങളിലെ  പരിശീലനത്തിനുശേഷം യോഗ്യരായവരെ ഒഴിവുള്ള തസ്തികയുടെ എണ്ണമനുസരിച്ചു സെൻട്രൽ ഗവണ്മെന്റ് പോസ്റ്റിങ്ങ്  നൽകുന്നു.
ഇത്രയും കാലത്തെ കഠിന പ്രയത്‌നത്തിന് ശേഷം,  സൂര്യതാപമേറ്റ് കരുവാളിച്ച മുഖത്തോടെ അവസാന  നിമിഷത്തിൽ ചീഫ് ഓഫ് ആർമി ഓരോരുത്തരുടെയും 'റാങ്ക് ' നിർണയിച്ചുകൊണ്ടു നെഞ്ചിൽ മെഡൽ ചാർത്തിത്തന്നപ്പോൾ,  ആ അഭിമാന നിമിഷത്തിനു മാതാപിതാക്കളും സാക്ഷികളായപ്പോൾ കഷ്ടപ്പാടുകൾ എല്ലാം കാറ്റിൽ പറന്നുവെന്ന് സൈദാനിയ. 
രാജ്യത്തിന്റെ മുഴുവൻ വ്യോമാതിർത്തിയും, സുരക്ഷയും തങ്ങളുടേതാണെന്ന ബോധത്തോടെ അവർ യഥാർത്ഥ സൈനികരും, യോദ്ധാക്കളുമായി മാറും. എല്ലാ അർത്ഥത്തിലും ഒരു പരകായ പ്രവേശം..! 
സൈദാനിയക്ക് ഈ പതക്കത്തോടൊപ്പം സൈന്യം സമ്മാനിച്ചത് ഇതിനേക്കാൾ വിലപിടിച്ച മറ്റൊരു സുവർണപ്പതക്കമാണ്. ജീവിതപങ്കാളിയായ മുനീഫിനെ. പഞ്ചാബിയായ മുനീഫ് തുടക്കം മുതലേ സൈദാനിയയുടെ റജിമെന്റിലായിരുന്നു. ഒരു നല്ല സുഹൃദ്ബന്ധം ആത്മബന്ധമായി വളർന്നു. 
അതിനിടെ, പാമ്പുകടിയേറ്റു മരണത്തോട് മല്ലടിച്ചു അഞ്ചു നാൾ സൈദാനിയ ആശുപതി ഐ.സി.യുവിൽ കിടന്നപ്പോൾ ഡോക്ടറായ  അവളുടെ ഉമ്മ എത്തുന്നത് വരെ അവളെ സംരക്ഷിച്ചത് മുനീഫ് ആയിരുന്നു. മുനീഫിന്റേയും സൈദാനിയയുടേയും വിവാഹം കഴിഞ്ഞ് എട്ടുമാസമേ ആയിട്ടുള്ളൂ. ഇപ്പോൾ സൈദാനിയ അസമിലെ ചിറാപുഞ്ചിയിലാണ്. 
റഡാറിനുള്ളിലൂടെ ചൈന, പാക്കിസ്ഥാൻ  എന്നീ രാജ്യങ്ങളുമായി ഇന്ത്യ പങ്കിടുന്ന വ്യോമാതിരുകളെ സസൂക്ഷ്മം മോണിട്ടർ ചെയ്യുക, ആക്ഷൻ നടക്കുമ്പോൾ യുദ്ധ വിമാനങ്ങളുടെ പൈലറ്റുമാർക്ക് നിർദേശം നൽകുക, ആകാശാതിർത്തിയിലെ ശത്രുവ്യൂഹങ്ങളെ സദാ നിരീക്ഷിക്കുക എന്നിവയാണ് ഗ്രൗണ്ട് ഫൈറ്റർ ഫ്‌ളൈറ്റ് കൺട്രോളിംഗ് ഓഫീസറായ സൈദാനിയയുടെ ഡ്യൂട്ടി. 
കേരളത്തിലെ  ഏറ്റവും പ്രായം കുറഞ്ഞ, ഈ വനിതാ എയർഫോഴ്‌സ് ഓഫീസറുടെ സാഹസികവും അച്ചടക്കപൂർണവും ഉത്തരവാദിത്തപൂർണവുമായ ജീവിതം പുതുതലമുറയിലെ വനിതകൾക്കൊരു ഉത്തമ മാതൃക കൂടിയാണ്.

Latest News