Sorry, you need to enable JavaScript to visit this website.

പ്രവാസത്തിലും ധന്യമായ സര്‍ഗജീവിതം; ഉസ്മാന്‍ പാണ്ടിക്കാട് നാട്ടിലേക്ക്

ജിദ്ദ-കുട്ടികളെ പഠിപ്പിച്ചും പ്രകൃതിയേയും കിളികളേയും സ്‌നേഹിച്ചുമുള്ള ഇഷ്ടപ്പെട്ട ജീവിതത്തില്‍നിന്ന് പ്രവാസത്തിലേക്ക് പറിച്ചു നടുമ്പോള്‍ പലരേയും പോലെ  ഉസ്മാന്‍ പാണ്ടിക്കാടിന്റേയും ലക്ഷ്യം ഒരഞ്ച് വര്‍ഷമായിരുന്നു. പച്ചപ്പ് തേടിയുള്ള പ്രവാസത്തിലെ അലച്ചിലില്‍ അഞ്ച് വര്‍ഷം കൊണ്ട് നാട് തിരിച്ചുപിടിക്കണമെന്ന മോഹം എങ്ങോ പോയ്മറഞ്ഞു.
21 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മടക്കയാത്രക്കൊരുങ്ങുകയാണ് കവി, പ്രഭാഷകന്‍, എഴുത്തുകാരന്‍, സാമൂഹിക പ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളില്‍ പ്രവാസലോകത്തും വ്യക്തിമുദ്ര പതിപ്പിച്ച ഉസ്മാന്‍ പാണ്ടിക്കാട്.
എന്തുകൊണ്ട് ഇപ്പോള്‍ എന്ന ചോദ്യത്തിനു അദ്ദേഹത്തന്റെ മറുപടി:
ചെരിപ്പ് അയാള്‍ക്ക് ഭാരമായപ്പോള്‍
ഇടയ്ക്കിടെ അയാള്‍ ചെരിപ്പ് മാറ്റി,
ഇന്ന് ചെരിപ്പിന് അയാള്‍ ഭാരമായിരിക്കുന്നു
അയാളെ ചെരിപ്പ് മാറ്റുകയാണ്.

പ്രവാസികള്‍ നേരിടുന്ന പുതിയ പ്രതിസന്ധിയെ വരച്ചു കാണിക്കുന്ന വരികള്‍. തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് പുതിയ തൊഴില്‍ കണ്ടെത്തുക പ്രയാസമായിരിക്കുന്നു. നിതാഖാതും ലെവിയുമൊക്കെ വരുന്നതിനു മുമ്പുളള വര്‍ഷങ്ങളില്‍ ഇതായിരുന്നില്ല സ്ഥിതി. രാജിവെച്ചാലോ പിരിച്ചുവിടപ്പെട്ടാലോ മറ്റൊരു വാതില്‍ തുറന്നു കിടപ്പുണ്ടായിരുന്നു. ഇപ്പോള്‍ കമ്പനികള്‍ ചെലവു ചുരുക്കല്‍ ശീലമാക്കിയപ്പോള്‍ സീനിയര്‍ തസ്തികയിലുള്ളവരെ പുറന്തള്ളി ഫ്രഷ് നിയമനങ്ങളിലൂടെ മറുവഴി തേടുന്നു. സൗദി ബിന്‍ലാദിന്‍ കമ്പനിയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായി ജോലി ചെയ്തുവരികെയാണ് ഉസ്മാനും മടങ്ങുന്നത്.
പൂവും പുലരിയുമില്ലാ കഴിയും
ഈ മരുവോരത്ത്
പതിവായ് നമ്മള്‍ ഉണരുന്നെന്തേ
ക്ലോക്കിന്‍ ശബ്ദത്തില്‍?
ഇനിയൊരു കിളിയുടെ കിളിമൊഴി
കേട്ടിട്ടുണരമെന്നുണ്ടോ?
അതിനായ് മലയാളക്കര നമ്മുടെ
നാടാണയാനുണ്ടോ?
മടക്കയാത്രക്കും ഒരു നിയോഗമുണ്ടെന്ന് വിശ്വസിക്കാനാണ് ഉസ്മാനിഷ്ടം. മനസ്സുനിറയെ കിളികളുടെ സംഗീതവും പച്ചപിടിച്ച വയലേലകളുമാണ്. പ്രവാസ ലോകത്തും വിടാതെ കൊണ്ടുനടന്ന രചനകള്‍ക്ക് കൂടുതല്‍ ഇടം ലഭിക്കുമെന്ന ശുഭപ്രതീക്ഷ. ജിദ്ദയില്‍ വിവിധ സാമൂഹിക, സാംസ്‌കാരിക സംഘടനകള്‍ നല്‍കുന്ന യാത്രയയപ്പുകളില്‍ അദ്ദേഹം പ്രകടിപ്പിക്കുന്ന പ്രതീക്ഷ അതു മാത്രമാണ്. നാട്ടില്‍ പ്രധാനാധ്യപകനായിരിക്കെയാണ് വിമാനം കയറിയത്. കുട്ടികളുടെ മനസ്സുകളിലേക്ക് വീണ്ടും വിമാനമിറങ്ങണം. അധ്യാപകവൃത്തി തുടരുന്നതോടൊപ്പം സമൂഹത്തില്‍ നന്മ പടര്‍ത്തുന്ന രചനകളില്‍ ലയിക്കണം.
സാമൂഹിക സേവനത്തിലും സൗഹൃദങ്ങളുടെ വീണ്ടെടുപ്പിലുമാണ് പ്രവാസ നാട്ടിലും ഉസ്മാന്‍ ശ്രദ്ധ ചെലുത്തിയിരുന്നത്. 
മൗനം പെയ്യുന്ന മുറിയില്‍
നാക്കും വാക്കും തടവിലായിരുന്നു.
എങ്കിലും ഹൃദയം സംസാരിച്ചുകൊണ്ടിരുന്നു
എല്ലാം കണ്ടും കേട്ടും കണ്ണും കാതും നഷ്ടപ്പെട്ടു
മുറിക്ക് പുറത്ത്
കൊടുങ്കാറ്റ് തുടങ്ങി
വെള്ളപ്രാവുകള്‍ ചത്തൊടുങ്ങുകയാണ്
ബാക്കിനില്‍ക്കുന്ന ഞരക്കം നിലക്കുംമുമ്പ്
തിരിച്ചെത്തണം
ഒന്നുറക്കെ ഗര്‍ജിക്കാനെങ്കിലും.
ഇന്ത്യയുടെ ഭാവിയില്‍ നവസാമൂഹിക പ്രസ്ഥാനങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്ന വിശ്വാസക്കാരനാണ് ജിദ്ദയില്‍ പ്രവാസി സാംസ്‌കാരികവേദിയുടെ പ്രസിഡന്റ് കൂടിയായിരുന്ന ഉസ്മാന്‍ പാണ്ടിക്കാട്. പ്രവാസികള്‍ക്കിടയില്‍ കാണുന്ന ഐക്യവും സൗഹാര്‍ദവും ഒരിക്കലും നഷ്ടമാകരുതെന്ന് ആഗ്രഹിക്കുന്നു ഇദ്ദേഹം. സോഷ്യല്‍ മീഡിയയുടെ അതിപ്രസരം മൂലം നഷ്ടമായിക്കൊണ്ടിരിക്കുന്ന വ്യക്തി സൗഹൃദം തിരിച്ചുപിടിക്കണമെന്ന ആഹ്വാനമാണ് സംഘടനാ ഭേദമന്യേ എല്ലാവരുടേയും ഇഷ്ടം പിടിച്ചുപറ്റിയ ഇദ്ദേഹം നല്‍കാറുള്ളത്. നാട്ടില്‍നിന്ന് ഭിന്നമായി പ്രവാസി സംഘടനകളില്‍ കാണുന്ന ഏറ്റവും വലിയ ഗുണമായി അദ്ദേഹം കാണുന്നത് സംഘടനകള്‍ തമ്മില്‍ കക്ഷിമത്സരമില്ല എന്നതാണ്. രാഷ്ട്രീയ ഭിന്നതകള്‍ ഉണ്ടാകാമെങ്കിലും അവ വേറിട്ട കമ്പാര്‍്ട്ട്‌മെന്റുകളായി ജീവിക്കാന്‍ പ്രവാസികളെ പ്രേരിപ്പിക്കാറില്ല.
ജിദ്ദയില്‍ മാത്രമല്ല, മദീന, തായിഫ്, യാമ്പു, ഖമീസ് മുഷൈത്ത്, ജിസാന്‍, അബഹ തുടങ്ങിയ സൗദി അറേബ്യയിലെ പല സ്ഥലങ്ങളിലും പ്രവാസികളെ അഭിസംബോധന ചെയ്തിട്ടുണ്ട്. മലയാളികളില്‍നിന്ന് മാത്രമല്ല, സൗദി പൗരന്മാരില്‍നിന്നും അനുഭവിച്ച നിറഞ്ഞ സ്‌നേഹത്തന്റെ കഥകളാണ് ഉസ്മാന് പങ്കുവെക്കാനുള്ളത്. മരുഭൂമിയുടെ സൗന്ദര്യം ആസ്വദിക്കുന്നതിന് ഒരിക്കല്‍ ജിസാന്‍ പ്രദേശത്തേക്ക് പോയപ്പോള്‍ അവിടെ വെച്ച് അരയില്‍ കത്തി ധരിച്ച ഏതാനും ബദുക്കള്‍ കൂട്ടിക്കൊണ്ടുപോയി സല്‍ക്കരിച്ച ഓര്‍മകള്‍ വാടാതെ നില്‍ക്കുന്നു മനസ്സില്‍. തുകല്‍ പാത്രത്തില്‍നിന്ന് അവര്‍ ഒഴിച്ചു നല്‍കിയ വെള്ളത്തിന്റെ തണുപ്പ് ഇപ്പോഴും ചുണ്ടുകളിലുണ്ടെന്ന് അദ്ദേഹം പറയുന്നു.
വാടാനപ്പള്ളി, മമ്പാട്, ശാന്തപുരം എന്നീ സ്ഥലങ്ങളിലെ കലാലയങ്ങളില്‍ പഠനം പുര്‍ത്തിയാക്കി സ്‌കൂള്‍ പ്രധാന്യാപകനായിരിക്കെ, തികച്ചും അപ്രതീക്ഷിതമായാണ് 1998 ജൂണില്‍ ജിദ്ദയിലെത്തിയത്. തനിമ സാംസ്‌കാരിക വേദി ജിദ്ദ നോര്‍ത്ത് സോണ്‍ എക്‌സിക്യുട്ടീവ് അംഗം, മലര്‍വാടി, പഠനവേദി കോഓര്‍ഡിനേറ്റര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച ഉസ്മാന്‍ പാണ്ടിക്കാട് കലാവേദികളില്‍ നിറസാന്നിധ്യമായിരുന്നു.
ആയിരം കാതങ്ങള്‍ക്കിക്കരെ ഇങ്ങറേബ്യന്‍.... എന്നു തുടങ്ങുന്ന ഇദ്ദേഹത്തിന്റെ ഗാനം യുട്യൂബില്‍ ഹിറ്റായിരുന്നു. മുസ്തഫ തോളൂരുമായി സഹകരിച്ച് ജീവന്‍ ടി.വിയില്‍ അറേബ്യന്‍ വര്‍ണങ്ങള്‍ എന്ന പേരില്‍ സംപ്രേഷണംചെയ്ത 100 എപ്പിസോഡുകള്‍ ശ്രദ്ധേയമായി. നിരവധി സാംസ്‌കാരിക കലാ പരിപാടികള്‍ക്ക് ഗാനങ്ങളും നാടകങ്ങളും എഴുതി. ജദ്ദയില്‍ സര്‍ഗശേഷി വളര്‍ത്താനുതകുന്ന കലാവേദിയുടെ രൂപീകരണത്തിനിടയിലാണ് ഉസ്മാന്റെ മടക്കം.
അനുഭവ സമ്പന്നമായിരുന്നു പ്രവാസമെന്ന് ഒറ്റവാക്കില്‍ 21 വര്‍ഷത്തെ അദ്ദേഹം വിലയിരുത്തുന്നു. ഫെബ്രുവരി 23-ന് ജിദ്ദ വിടുന്ന ഇദ്ദേഹത്തിന്റെ രചനകളില്‍ ഇനി പ്രവാസത്തിന്റെ നോവും സന്തോഷവും കാണാം. മറക്കാന്‍ മറന്നത് എന്ന ഒരു കൃതിയുടെ പണിപ്പുരയിലാണ് അദ്ദേഹം. ഭാര്യയും നാല് മക്കളുമടങ്ങുന്നതാണ് ഉസ്മാന്‍ പാണ്ടിക്കാടിന്റെ കുടുംബം.
 

Latest News