Sorry, you need to enable JavaScript to visit this website.

നടുക്കടലിൽ രോഗബാധിതനായ ഫ്രഞ്ച് നാവികനെ രക്ഷപ്പെടുത്തി

ജിസാനിലെ ഫുർസാൻ ദ്വീപിന് സമീപം കടലിൽ രോഗബാധിതനായി കുടുങ്ങിയ ഫ്രഞ്ച് നാവികനെ പ്രിൻസ് മുഹമ്മദ് ബിൻ നാസർ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ

ജിസാന്‍- പായ് വഞ്ചിയില്‍ ലോകം ചുറ്റുന്നതിനിടെ സൗദി ജല അതിര്‍ത്തിയില്‍ രോഗബാധിതനായ ഫ്രഞ്ച് നാവികനെ സൗദി നാവിക സേന രക്ഷപ്പെടുത്തി.  ഫുര്‍സാന്‍ ദ്വീപിന് പടിഞ്ഞാറ് 70 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു ഇദ്ദേഹം. ഫ്രഞ്ച് സെര്‍ച്ച് ആന്റ് റെസ്‌ക്യൂ സെന്ററില്‍ നിന്ന് ജിദ്ദ സെര്‍ച്ച് ആന്റ് റെസ്‌ക്യൂ കോഓര്‍ഡിനേഷന്‍ സെന്ററില്‍ (ജെ.എം.ആര്‍.സി.സി) ലഭിച്ച സന്ദേശത്തെ തുടര്‍ന്നാണ് നാവികന് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചതെന്ന് നാവിക അതിര്‍ത്തി സുരക്ഷാസേന വക്താവ് ലെഫ്. കേണല്‍ മിസ്ഫര്‍ ബിന്‍ ഗന്നാം അല്‍ഖരീനി പറഞ്ഞു.
പായ് വഞ്ചിയുടെ സ്ഥാനം കണ്ടുപിടിച്ച ജെ.എം.ആര്‍.സി.സി സാറ്റലൈറ്റ് ഫോണ്‍ വഴി ഫ്രഞ്ചു പൗരനെ ബന്ധപ്പെട്ടു. തുടര്‍ന്ന് രക്ഷാദൗത്യ സംഘം എത്തുന്നതിന് മുമ്പ് സ്വീകരിക്കേണ്ട പ്രാഥമിക നിര്‍ദേശങ്ങള്‍ ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍ മുഖേന ഇദ്ദേഹത്തെ ധരിപ്പിച്ചുവെന്നും നാവിക അതിര്‍ത്തി സുരക്ഷാസേന വക്താവ് പറഞ്ഞു.
സേനയുടെ മുങ്ങിക്കപ്പലുകളും അതിവേഗ ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗപ്പെടുത്തിയിരുന്നു. നാവികനെ കപ്പലിലേക്ക് മാറ്റി പ്രാഥമിക ചികിത്സ ലഭ്യമാക്കി. തുടര്‍ന്ന് സൈനിക ഹെലികോപ്റ്ററില്‍ ഇയാളെ ജിസാന്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ നാസര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫ്രഞ്ച് പൗരന്റെ ആരോഗ്യനില ഭദ്രമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

 

Latest News