Sorry, you need to enable JavaScript to visit this website.

ദുബായ് ഭരണാധികാരി കേരളം സന്ദര്‍ശിക്കും; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ലോക കേരള സഭാ സമ്മേളനത്തിന്റെ ഭാഗമായി യുഎഇയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച രാത്രി ദുബായിലെ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. സംഭാഷണത്തിനിടെ കേരളം സന്ദര്‍ശിക്കാന്‍ അദ്ദേഹത്തെ മുഖ്യമന്ത്രി ക്ഷണിച്ചു. ഇതു സ്വീകരിച്ച ശൈഖ് മുഹമ്മദ് താമസിയാതെ കേരളം സന്ദര്‍ശിക്കുന്ന കാര്യം പരിഗണിക്കുമെന്നും മറുപടി നല്‍കി. യുഎഇയിലെ മലയാളികളോട് കാണിക്കുന്ന സ്‌നേഹത്തിന് കേരളത്തിന്റെ നന്ദി മുഖ്യമന്ത്രി അറിയിച്ചു. കേരളവും യുഎഇയിലും തമ്മിലുള്ള ബന്ധമാണ് പ്രധാനമായും ചര്‍ച്ചയായത്. ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായി കൂടിക്കാഴ്ചയ്ക്കു ശേഷം ദുബായ് സര്‍ക്കാരിന്റെ മാധ്യമ വകുപ്പ് അറിയിച്ചു. ഈയിടെ പുറത്തിറങ്ങിയ തന്റെ ആത്മകഥയായ 'മൈ സ്റ്റോറി'യുടെ ഒരു കോപ്പിയും ശൈഖ് മുഹമ്മദ് പിണറായിക്കു സമ്മാനിച്ചു.

"യു എ ഇ യില്‍ 80 ശതമാനത്തോളം മലയാളികളാണ്. തന്റെ കൊട്ടാരത്തില്‍ 100 ശതമാനം പേരും മലയാളികളാണ് ജോലി ചെയ്യുന്നത്. എന്തുകൊണ്ടാണ് മലയാളികള്‍ ഇത്രയേറെ യു എ ഇ യെ ഇഷ്ടപ്പെടുന്നത്" എന്നു ശൈഖ് മുഹമ്മദ് ചോദിച്ചതായി മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. മലയാളികള്‍ ഈ രാജ്യത്തെ അവരുടെ രണ്ടാം വീടായാണ് കാണുന്നതെന്ന് ഉത്തരം നല്‍കിയതായും മുഖ്യമന്ത്രി പറയുന്നു. കേരളത്തെക്കുറിച്ചും മലയാളികളെക്കുറിച്ചും നല്ല അഭിപ്രായമാണ് ശൈഖ് മുഹമ്മദ് പങ്കുവെച്ചത്. കേരളത്തില്‍ എന്തെല്ലാം കാഴ്ചകളാണ് കാണാനുള്ളതെന്നു ശൈഖ് ആരാഞ്ഞു. സെപ്റ്റംബര്‍ മാസം കേരളം സന്ദര്‍ശിക്കാന്‍ നല്ല സമയമാണെന്ന് അദ്ദേഹത്തോട് പറഞ്ഞതായും മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിങ് സൂരി, സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ്, നോക്ക വൈസ് ചെയര്‍മാന്‍ എം.എ യുസഫലി, നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍, മുഖ്യമന്ത്രിയുടെ ഭാര്യ കമല, മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. 

Latest News