Sorry, you need to enable JavaScript to visit this website.

ട്വിറ്റർ ലോകത്ത് രാഹുൽ നേതാവ്

ട്വിറ്റർ ലോകത്തെ രാജാവായിരുന്നു നരേന്ദ്രമോഡി. സോഷ്യൽ മീഡിയയെ കൈയിലെടുത്താണ് അദ്ദേഹം പ്രധാനമന്ത്രിക്കസേരയിലേക്ക് ചുവടുവെച്ചത്. വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോൾ മോഡിയുടെ സോഷ്യൽ മീഡിയാ ലോകം പതിവില്ലാത്ത വിധം വിരസമാണ്. ചിരിയും തമാശയും പരിഹാസവും കൊള്ളിവാക്കുമൊക്കെയായി അരങ്ങുവാഴുന്നത് രാഹുൽ ഗാന്ധിയാണ്. 
നമോ എന്നാണ് നരേന്ദ്ര മോഡിയെ പ്രിയപ്പെട്ടവർ വിളിക്കാറ്. ബജറ്റിന്റെ പിറ്റേന്നാൾ നമോയെ നോ മോ ആക്കി രാഹുൽ പുറത്തുവിട്ട ട്വീറ്റ് വൻ ഹിറ്റായി. 'പ്രിയ നോമോ, അഞ്ചു വർഷത്തെ താങ്കളുടെ പിടിപ്പുകേടും അഹങ്കാരവും കർഷക ജീവിതം തരിപ്പണമാക്കിയിരിക്കുകയാണ്. ദിവസം 17 രൂപ പ്രഖ്യാപിച്ചത് അവർ നിലകൊള്ളുന്നതിനെയും പ്രവർത്തിക്കുന്നതിനെയുമെല്ലാം പരിഹസിക്കലാണ്'.
14,199 കമന്റുകളാണ് ഈ ട്വീറ്റിന് പ്രതികരണമായുണ്ടായത്. 12,753 റീട്വീറ്റുകളും 44,469 ലൈക്കുകളുമുണ്ടായി. അന്ന് പ്രധാനമന്ത്രിയുടെ മൂന്ന് ട്വീറ്റുകളുണ്ടായി. രണ്ടെണ്ണം ബംഗാൾ യാത്രയെക്കുറിച്ചും ഒന്ന് ബജറ്റിനെക്കുറിച്ചും. മൊത്തം മൂവായിരം കമന്റേ അവക്ക് കിട്ടിയുള്ളൂ. 7468 റീട്വീറ്റുകളും 28,000 ലൈക്കും മാത്രം. 
ഒരു വർഷം മുമ്പ് ആഗോള രാഷ്ട്രീയക്കാരിൽ ഏറ്റവുമധികം സോഷ്യൽ മീഡിയാ പിന്തുണയുള്ളയാളായിരുന്നു മോഡി. നാലരക്കോടി പേർ അദ്ദേഹത്തെ ട്വിറ്ററിൽ ഫോളോ ചെയ്തു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മാത്രമായിരുന്നു മുന്നിൽ. അതേസമയം രാഹുൽ ഗാന്ധിക്ക് 84.2 ലക്ഷം ഫോളോവേഴ്‌സേ ഉള്ളൂ. മാധ്യമ പ്രവർത്തകരായ ബർഖാ ദത്തിനും രാജ്ദീപ് സർദേശായിക്കും പോലും ഏതാണ്ട് ഇത്രയും ഫോളേവേഴ്‌സുണ്ട്. എന്നാൽ രാഹുലിന് ട്വീറ്റുകൾ ഇപ്പോൾ വജ്രായുധമാണ്. ആളുകൾ അവ ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നുവെന്ന് ബി.ജെ.പി പോലും സമ്മതിക്കും. ആളുകൾ ഇപ്പോൾ രാഹുലുമായി കൂടുതൽ സംവാദത്തിന് തയാറാകുന്നുവെന്ന് എ.ഐ.സി.സി കമ്യൂണിക്കേഷൻസ് കൺവീനർ പ്രിയങ്ക ചതുർവേദി അഭിപ്രായപ്പെട്ടു. 
പ്രധാനമന്ത്രിയെ നേരിട്ട് ആക്രമിക്കാൻ തുടങ്ങിയതോടെയാണ് രാഹുലിന്റെ ട്വീറ്റുകൾ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. തമാശയും പരിഹാസവും മുളളുവാക്കുമൊക്കെയായതോടെ ആരാധകരേറി. സാധാരണ ബി.ജെ.പിയെ ആക്രമിക്കുമെങ്കിലും പ്രധാനമന്ത്രിയെ കുറ്റം പറയാൻ എല്ലാവർക്കും പേടിയായിരുന്നുവെന്നും ഗുജറാത്ത് ഇലക്ഷനു മുമ്പ് രാഹുൽ അതിന് ധൈര്യം കാട്ടുകയുമായിരുന്നുവെന്നും കോൺഗ്രസ് കമ്യൂണിക്കേഷൻ തന്ത്രത്തിന്റെ ചുമതലയുള്ള സംഘത്തിലെ ഒരു പ്രമുഖ വ്യക്തി പറഞ്ഞു. മോഡിയെ ആക്രമിക്കാൻ താൻ ധൈര്യം കാട്ടിയില്ലെങ്കിൽ സാധാരണ പ്രവർത്തകർ അതിന് സന്നദ്ധമാവുമോയെന്നാണ് രാഹുൽ ചോദിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്. 


2016 വരെ രാഹുലിന്റെ ട്വിറ്റർ ഹാൻഡിൽ കോൺഗ്രസിന്റെ ബുള്ളറ്റിൻ ബോർഡ് പോലെ വിരസമായിരുന്നു. ബംഗാളിൽ റാലി, രാജസ്ഥാനിൽ മാനഭംഗം, അമേത്തി സന്ദർശനം എന്നിങ്ങനെയൊക്കെയായിരുന്നു ട്വീറ്റുകൾ. 2016 ഏപ്രിലിൽ രാഹുലിന്റെ ട്വീറ്റുകൾ ഏറ്റവുമധികം റീട്വീറ്റ് ചെയ്യപ്പെട്ടത് 1074 തവണ മാത്രം. അതു പോലും മോഡിക്കെതിരായ ട്വീറ്റായിരുന്നു. 2019 ഫെബ്രുവരി ആദ്യ വാരത്തിൽ 11 പോസ്റ്റുകളുണ്ടായിരുന്നു രാഹുലിന്റേതായി. അതിൽ ഏഴും മോഡിയെയോ ബി.ജെ.പി മന്ത്രിയെയോ നേരിട്ട് ആക്രമിക്കുന്നതായിരുന്നു. ശരാശരി 11,000 ആണ് റീട്വീറ്റുകളുടെ എണ്ണം. പ്രധാനമന്ത്രി നോട്ട് അസാധുവാക്കൽ ബോംബിട്ട ദിവസം രാഹുലിന്റേതായി രണ്ട് ട്വീറ്റുണ്ടായിരുന്നു. ഒന്ന് ഒരു അനുശോചനം, രണ്ടാമത്തേത് ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനിക്ക് ജന്മദിനാശംസ. മൂന്നു ദിവസം കഴിഞ്ഞാണ് നോട്ട് അസാധുവാക്കലിന്റെ ഭീകരതയെക്കുറിച്ച് രാഹുൽ മിണ്ടിയത്, അതുപോലും ഇങ്ങനെയായിരുന്നു: 'എവിടെ ക്യൂ കണ്ടാലും ആളുകളെ സഹായിക്കുക'.
റഫാൽ കരാറിനെതിരായ ഇടപെടലുകളാണ് ട്വിറ്ററിൽ രാഹുലിനെ താരമാക്കിയത്. എന്നാൽ രാഹുലിനെ പ്രകോപിപ്പിച്ചത് 2017 ജൂലൈയിൽ ദോക്‌ലാം അതിർത്തിയിലെ സംഘർഷത്തിന്റെ സമയത്ത് ചൈനീസ് അംബാസഡറെ കണ്ടതിനെ ബി.ജെ.പി രൂക്ഷമായി ആക്രമിച്ചപ്പോഴാണ്. ആദ്യം കൂടിക്കാഴ്ച നിഷേധിക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. പിന്നീട് ധീരമായി അത് സമ്മതിക്കാൻ രാഹുൽ തയാറായി. അതിർത്തിയിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ മുൻ സുരക്ഷാ ഉപദേഷ്ടാവിനെയും ചൈനീസ് അംബാസഡറെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നേതാക്കളെയും ഭൂട്ടാൻ അംബാസഡറെയും കണ്ടത് പ്രതിപക്ഷ നേതാവെന്ന നിലയിൽ തന്റെ ബാധ്യതയാണെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. തൊട്ടുടനെ മൂന്ന് കേന്ദ്ര മന്ത്രിമാർ ചൈന സന്ദർശിച്ചതിനെ രാഹുൽ ട്വിറ്ററിലൂടെ രൂക്ഷമായി വിമർശിച്ചു. അതിർത്തി സംഘർഷത്തിന്റെ സമയത്ത് താൻ ചൈനീസ് അംബാസഡറെ കണ്ടത് വലിയ അപരാധമാണെങ്കിൽ മൂന്ന് മന്ത്രിമാർ ചൈനീസ് ആതിഥ്യം സ്വീകരിച്ചതിനെക്കുറിച്ച് വിശദീകരിക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്റും ഊഞ്ഞാലിലിരിക്കുന്ന ചിത്രവും കമന്റും മോഡിയെ നേരിട്ട് ആക്രമിക്കുന്നതായിരുന്നു. ആയിരത്തോളം ചൈനീസ് സൈനികർ അതിർത്തി കടന്നുവന്ന സമയത്ത് ഞാനല്ല ഊഞ്ഞാലിലിരിക്കുന്നതെന്ന് എന്നായിരുന്നു ട്വീറ്റ്.  
ഗുജറാത്ത് ഇലക്ഷൻ സമയത്ത് ജി.എസ്.ടിയെ ഗബ്ബർ സിംഗ് ടാക്‌സ് എന്നു വിശേഷിപ്പിച്ചത് സോഷ്യൽ മീഡിയ ഏറ്റെടുത്തു. കഴിഞ്ഞ മാസം രാഹുൽ റഫാൽ കരാറിനെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചും ട്വിറ്ററിൽ വാചാലനായപ്പോൾ മോഡിയുടെ ട്വീറ്റുകൾ പരീക്ഷാ സമയത്തെ കുട്ടികളുടെ മാനസിക സംഘർഷത്തെക്കുറിച്ചും റിഫൈനറി ഉദ്ഘാടനത്തെക്കുറിച്ചുമൊക്കെയായിരുന്നു. മോഡിയുടേത് ഇപ്പോൾ ബുള്ളറ്റിൻ ബോർഡ് പോലെയായി. 2014 മെയ് 16 ന് 'ഇന്ത്യ വിജയിച്ചിരിക്കുന്നു, ശുഭദിനങ്ങൾ വരവായി...' എന്ന മോഡിയുടെ ട്വീറ്റ് ഒരു ലക്ഷത്തിലേറെ പേരാണ് റീട്വീറ്റ് ചെയ്തത്. എഴുപത്തേഴായിരത്തിലേറെ റീട്വീറ്റുകളുണ്ടായി. അഞ്ചു വർഷം പിന്നിടുമ്പോൾ അതൊക്കെ ഓർമ മാത്രമാവുന്നു. 
എണ്ണത്തിനു പകരം നിലവാരമുള്ള ട്വീറ്റുകൾക്കാണ് ഇപ്പോൾ രാഹുലും അദ്ദേഹത്തിന്റെ സംഘവും ശ്രമിക്കുന്നത്. രാഹുൽ തന്നെയാണ് എന്താണ് കൈമാറേണ്ട സന്ദേശമെന്ന് വ്യക്തമാക്കുന്നതെന്ന് സംഘത്തിലെ ഒരു പ്രമുഖ വ്യക്തി വെളിപ്പെടുത്തി. ദിവസം ഒരു ആശയം ട്വീറ്റ് ചെയ്താൽ മതിയെന്നും അമിതമാക്കരുതെന്നുമാണ് തന്ത്രം. മുഖ്യധാരാ മാധ്യമങ്ങൾ എങ്ങനെ അത് ഏറ്റെടുക്കുന്നു എന്ന് സംഘം സൂക്ഷ്മമായി വീക്ഷിക്കുന്നുണ്ട്. 

Latest News