Sorry, you need to enable JavaScript to visit this website.

അനുരാഗ കരിക്കിൻ വെള്ളം

ഒരു നർത്തകി പലതരം നൃത്തം അവതരിപ്പിക്കുന്നതുപോലെ ഒരു അഭിനേതാവിന് പല വേദികളിലും പകർന്നാട്ടം നടത്താം. സിനിമയിൽ മാത്രമേ അഭിനയിക്കൂ എന്നില്ല, നല്ല വേഷമാണെങ്കിൽ നാടകത്തിലും ഒന്നു ശ്രമിച്ചുനോക്കാം എന്നു കരുതി. പണ്ടുകാലത്തെ പല അഭിനേതാക്കളും അരങ്ങിൽനിന്നും വന്നവരാണ്. അതുപോലെ സിനിമയും നാടകവും നമുക്ക് വഴങ്ങും എന്ന് തെളിയിക്കാനുള്ള ശ്രമമാണിത്.

ആദ്യചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ രജിഷ വിജയൻ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ്. ആസിഫലിയുടെ നായികയായി 'അനുരാഗ കരിക്കിൻ വെള്ളം' എന്ന ചിത്രത്തിൽ എലിസബത്ത് എന്ന എലിയായി മികച്ച പ്രകടനം കാഴ്ചവെച്ച രജിഷ തുടർന്ന് വിനീത് ശ്രീനിവാസന്റെ നായികയായി ഒരു സിനിമാക്കാരനിലും ദിലീപിന്റെ നായികയായി ജോർജേട്ടൻസ് പൂരത്തിലും തിളക്കമാർന്ന പ്രകടനമാണ് കാഴ്ചവച്ചത്.
നവാഗതനായ അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ജൂൺ എന്ന ചിത്രത്തിലാണ് വ്യത്യസ്ത ഗെറ്റപ്പിൽ രജിഷ വീണ്ടുമെത്തുന്നത്. സ്‌കൂൾ യൂണിഫോമണിഞ്ഞ് രണ്ടുവശങ്ങളിലായി മുടി കെട്ടി സ്‌കൂൾ ബാഗും തോളിലേറ്റി പല്ലിൽ കമ്പിയിട്ടെത്തുന്ന വിദ്യാർത്ഥിനിയുടെ വേഷം. പതിനേഴു മുതൽ ഇരുപത്തഞ്ച് വയസ്സുവരെയുള്ള ജൂൺ എന്ന പെൺകുട്ടിയുടെ ജീവിതമാണ്  ചിത്രത്തിന് പ്രമേയമാകുന്നത്. ആറ് വ്യത്യസ്ത ലുക്കിലെത്തുന്ന ഈ കഥാപാത്രത്തിനുവേണ്ടി ഏറെ മുന്നൊരുക്കങ്ങൾ നടത്തിയ രജിഷ കൊച്ചി കതൃക്കടവിലെ വീട്ടിലിരുന്ന് അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.

ജൂണിന്റെ വിശേഷങ്ങൾ?
നിത്യജീവിതത്തിൽ നാം കാണുന്ന ലളിതമായ ഒരു വിഷയം നർമ്മത്തിലൂടെ അവതരിപ്പിക്കുകയാണ് ജൂൺ എന്ന ചിത്രത്തിലൂടെ സംവിധായകൻ ലക്ഷ്യമിടുന്നത്. നായികാപ്രാധാന്യമുള്ള വേഷമാണെന്നറിഞ്ഞപ്പോൾ ശരിക്കും ശക്തമായ കഥാപാത്രമായിരിക്കുമെന്ന് കരുതി. എങ്കിലും ഈ ചിത്രത്തിന്റെ കഥ കേട്ടപ്പോൾതന്നെ അവതരിപ്പിക്കാൻ കഴിയുമെന്ന് തോന്നി. കൂടാതെ എല്ലാ പെൺകുട്ടികളും കടന്നുപോകുന്ന ജീവിത സന്ദർഭങ്ങൾ ജൂണിന്റെ ജീവിതത്തിലുമുണ്ട്. അതുകൊണ്ടുതന്നെ ഒരു വെല്ലുവിളിയായാണ് ഈ കഥാപാത്രത്തെ ഏറ്റെടുത്തത്.

കഥാപാത്രത്തിനായുള്ള മുന്നൊരുക്കങ്ങൾ?
ഒരു സ്‌കൂൾ വിദ്യാർത്ഥിയുടെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ ഉരുത്തിരിയുന്നത്. ഇന്നത്തെ അവസ്ഥയിൽ ഒരു സ്‌കൂൾ വിദ്യാർത്ഥിയാവുക എന്നത് എളുപ്പമുള്ള കാര്യമല്ല. ആദ്യം ചെയ്തത് തടി കുറയ്ക്കുക എന്നതായിരുന്നു. ഡയറ്റീഷ്യന്റെ നിർദ്ദേശാനുസരണം ഭക്ഷണമെല്ലാം വെട്ടിക്കുറച്ചു. അതിന് ഫലമുണ്ടായി. മൂന്നുമാസംകൊണ്ട് ഒൻപത് കിലോ കുറഞ്ഞു. കൂടാതെ രാവിലെയും വൈകീട്ടും ജിമ്മിൽപോയി നന്നായി കളിച്ചു. ശരീരം സ്ലിമ്മാക്കി. ഇടതൂർന്ന നീണ്ട മുടി മുറിച്ചു. വല്ലാത്ത സങ്കടമായിരുന്നു അത്. ഏറെക്കാലം പരിചരിച്ചുകൊണ്ടുനടന്ന മുടി മുറിക്കേണ്ടിവന്നപ്പോൾ വിഷമം തോന്നി. കഥാപാത്രത്തിന്റെ വ്യത്യസ്തതയ്ക്കുവേണ്ടി പല്ലിന് ക്ലിപ്പിട്ടു. ഒന്നരവർഷത്തോളം ഈ കഥാപാത്രത്തിനുവേണ്ടി മനസ്സും ശരീരവും ഒരുക്കുകയായിരുന്നു. അതുകൊണ്ടുതന്നെ സിനിമ ചിത്രീകരിച്ചുകഴിഞ്ഞിട്ടും ജൂൺ എന്റെ മനസ്സിലിപ്പോഴും മായാതെ നിൽക്കുന്നുണ്ട്.

ജോർജേട്ടൻസ് പൂരത്തിനുശേഷം നീണ്ട ഇടവേള?
ജൂണിനുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതിനാലാണ് മറ്റൊരു ചിത്രത്തിലും കമ്മിറ്റ് ചെയ്യാതിരുന്നത്. മാത്രമല്ല, ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങൾ പ്രേക്ഷകമനസ്സിൽനിന്നും മാഞ്ഞുപോകണമെന്നും തോന്നി. കാരണം ഈ കഥാപാത്രത്തെ പഴയ കഥാപാത്രങ്ങളുമായി താരതമ്യപ്പെടുത്തരുതെന്നുണ്ടായിരുന്നു. എങ്കിൽ മാത്രമേ ജൂണിലെ കഥാപാത്രത്തെ പ്രേക്ഷകർക്ക് ഒരു പുതിയ അനുഭവമാക്കി മാറ്റാനാകൂ എന്നു കരുതി. കഥാപാത്രത്തിന്റെ പൂർണതയ്ക്കുവേണ്ടിയുള്ള പ്രയത്‌നം സഫലമാക്കാനുള്ള ഇടവേളയായിരുന്നു ഇത്.

ഇത്തരം പ്രമേയങ്ങളിലൂടെ അംഗീകാരങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ?
അംഗീകാരങ്ങളല്ല, പ്രേക്ഷകരുടെ സ്വീകാര്യതയാണ് പ്രധാനം. അവാർഡുകൾക്ക് പിറകെ പോകുന്ന കൂട്ടത്തിലല്ല. അത്തരം കഥാപാത്രങ്ങൾ തെരഞ്ഞെടുക്കാറുമില്ല. ലഭിക്കുന്ന കഥാപാത്രങ്ങളെ തന്നാലാവുംവിധം മനോഹരമാക്കുക എന്നതാണ് ലക്ഷ്യം. ഇതിനിടയിൽ അംഗീകാരങ്ങൾ ലഭിക്കുമ്പോൾ ഏറെ സന്തോഷം.

കഥാപാത്രത്തിനായുള്ള ഈ അർപ്പണ മനോഭാവം എങ്ങനെ ലഭിച്ചു?
ഒരു കഥാപാത്രത്തിനുവേണ്ടി നന്നായി ഹോം വർക്ക് ചെയ്ത് അഭിനയിക്കുമ്പോൾ കിട്ടുന്ന സന്തോഷം വേറെതന്നെയാണ്. നല്ലൊരു കഥാപാത്രം ലഭിക്കുമ്പോൾ അഭിനേതാക്കൾ മനസ്സും ശരീരവും ഒരുക്കുന്നത് പണ്ടുകാലംതൊട്ടേയുണ്ട്. ഈ ആത്മാർത്ഥയുള്ളവർക്ക് മാത്രമേ ഇവിടെ നിലനിൽപുള്ളു. പണ്ടുകാലത്തെ നായികമാർ പോലും കളരിയും കരാട്ടെയും പഠിച്ച് അവതരിപ്പിച്ച എത്ര കഥാപാത്രങ്ങളുണ്ട്. കഥാപാത്രത്തിന്റെ പൂർണതയ്ക്കുവേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്നതിൽ സംതൃപ്തിയേയുള്ളു.

കുടുംബ പശ്ചാത്തലം?
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയാണ് സ്വദേശമെങ്കിലും ഇപ്പോൾ കൊച്ചിയിലാണ് താമസം. അച്ഛൻ വിജയൻ പട്ടാളത്തിലായിരുന്നതിനാൽ ഊരുതെണ്ടിയുള്ള ജീവിതമായിരുന്നു. അമ്മ ഷീല ഡൽഹിയിലായിരുന്ന കാലത്ത് അധ്യാപികയായിരുന്നു. നാട്ടിലെത്തിയപ്പോൾ വീട്ടമ്മയായി. ഷൂട്ടിങ്ങിന് എനിക്ക് കൂട്ടായെത്തുന്നു. അച്ഛൻ പട്ടാളത്തിൽനിന്നും വിരമിച്ച് കൊച്ചിയിൽ ജോലി നോക്കുന്നു. അനുജത്തി അഞ്ജുഷ ഡിഗ്രി വിദ്യാർത്ഥിയാണ്. നോയിഡയിലെ അമൃത യൂണിവേഴ്‌സിറ്റിയിൽനിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ബിരുദം നേടി. തുടർന്ന് സൂര്യാ ടിവിയിലും മഴവിൽ മനോരമയിലുമെല്ലാം അവതാരകയായി. അവതാരകവേഷത്തിൽനിന്നാണ് അഭിനയരംഗത്തേയ്ക്ക് കടക്കുന്നത്.

ബിഗ് സ്‌ക്രീനിനു പുറത്ത് അരങ്ങിലും സാന്നിധ്യമാകുന്നുണ്ടല്ലോ?
സ്‌കൂൾ പഠനകാലംതൊട്ടേ നാടകങ്ങളിൽ വേഷമിട്ടുവരുന്നുണ്ട്. കൂടാതെ നൃത്തത്തിലും അത്‌ലറ്റിക്‌സിലുമെല്ലാം ഒരുകൈ നോക്കിയിട്ടുണ്ട്. അരുൺ രചനയും സംവിധാനവും നിർവഹിക്കുന്ന ഹാൻഡ് ഓഫ് ഗോഡ് എന്ന നാടകം മൂന്നു വേദികളിൽ അവതരിപ്പിച്ചു. രാജ്ഞിയുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. കോളേജ് പഠനകാലത്ത് ഒട്ടേറെ തെരുവു നാടകങ്ങളിലും വേഷമിട്ടിട്ടുണ്ട്. 
ഒരു നർത്തകി പലതരം നൃത്തം അവതരിപ്പിക്കുന്നതുപോലെ ഒരു അഭിനേതാവിന് പല വേദികളിലും പകർന്നാട്ടം നടത്താം. സിനിമയിൽ മാത്രമേ അഭിനയിക്കൂ എന്നില്ല, നല്ല വേഷമാണെങ്കിൽ നാടകത്തിലും ഒന്നു ശ്രമിച്ചുനോക്കാം എന്നു കരുതി. പണ്ടുകാലത്തെ പല അഭിനേതാക്കളും അരങ്ങിൽനിന്നും വന്നവരാണ്. അതുപോലെ സിനിമയും നാടകവും നമുക്ക് വഴങ്ങും എന്ന് തെളിയിക്കാനുള്ള ശ്രമമാണിത്.


 

Latest News