Sorry, you need to enable JavaScript to visit this website.

ചെകുത്താന്റെ തള്ള വിരൽ തേടി

വാരാന്ത്യത്തിൽ കിട്ടുന്ന അവധി ദിവസങ്ങളിൽ മിക്ക പ്രവാസികളും ഉറങ്ങിത്തീർക്കുകയാണ് പതിവ്. യാത്രകൾ ഇഷ്ടപ്പെടുന്ന ഓരോ പ്രവാസി സഞ്ചാരിയും കാത്തിരുന്നു കിട്ടുന്ന വെള്ളിയാഴ്ച ഏതെങ്കിലും ഒരു ചെറുയാത്രകളിലൂടെയാണ് ആഘോഷമാക്കുന്നത്. നേരത്തേ തീരുമാനിച്ചതു പോലെ ഈ ആഴ്ച യാത്ര തിരിക്കുന്നത് ഡെവിൾസ് തമ്പ്  അഥവാ ചെകുത്താന്റെ തള്ള വിരൽ എന്ന സ്ഥലത്തേക്കാണ്.


പതിവിലും നേരത്തേ യാത്ര പുറപ്പെടാൻ ഓടിയെത്തിയ സുഹൃത്തിനെ കണ്ടപ്പോഴെ എന്തോ ഒരു പന്തികേട് തോന്നി. എന്തു പറ്റി അച്ചൂ നീ ഇത്ര നേരത്തേ എത്തിയത്, അവന്റെ മറുപടി ഒന്നും പറയണ്ട, കാലത്ത് തന്നെ ഫഌറ്റിലെ ജല സ്രോതസ് പണിമുടക്കി. എന്നാ പിന്നെ ഇവിടുന്ന് കുളിച്ചിട്ട് പോകാം എന്നു കരുതി. പറഞ്ഞു തീരലും ബാത്ത് റൂമിലേക്ക് ഓടിക്കയറലും ഒരുപോലെയായിരുന്നു. അവൻ കുളിക്കുമ്പോഴേക്കും യാത്രക്ക് വേണ്ടി ഞാൻ റെഡിയായി കഴിഞ്ഞിരുന്നു. ഞങ്ങൾ ഒന്നിച്ച് പ്രാതൽ കഴിച്ചു ഉടനെ തന്നെ യാത്രക്കായ് പുറപ്പെട്ടു.


നേരേ പോയത് ഞങ്ങളുടെ സഹയാത്രികനും പ്രിയ സുഹൃത്തുമായ സമീറിന്റെ അടുത്തേക്കാണ്. അവിടെ നിന്നും നേരത്തെ പറഞ്ഞുറപ്പിച്ച ഫസ്റ്റ് മീറ്റിംഗ് പോയിന്റിലേക്കും. കൃത്യ സമയത്ത് തന്നെ ഞങ്ങൾ അവിടെയെത്തി. ഓരോരുത്തരും എത്തിക്കൊണ്ടിരിക്കുന്നു. മരുഭൂമി യാത്രകൾക്ക് 4ഃ4 വാഹനം നിർബന്ധമാണ്. അതു കൊണ്ട് തന്നെ ആരുടെയെങ്കിലും വാഹനത്തിൽ കുമ്മനടിക്കാം എന്ന ഉദ്ദേശത്തിലാണ് അച്ചു എന്നെ കൂടെ കൂട്ടിയത്. അങ്ങനെ ഞങ്ങൾ വന്ന വണ്ടി അവിടെ പാർക്ക് ചെയ്തു.
ബഹ്‌റൈനിൽ നിന്നും വരുന്ന യാത്രയെ ഏറെ ഇഷ്ടപ്പെടുന്ന രണ്ട് പേർ വിനോദ് ചേട്ടനും സന്തോഷ് ചേട്ടനും അവരും കൃത്യ സമയത്തു തന്നെ എത്തിച്ചേർന്നു. അങ്ങനെ ഞങ്ങൾ മൂവർ സംഘം ബഹ്‌റിൻ ടീമിന്റെ ഡോഡ്ജ് വാഹനത്തിൽ സ്ഥാനം പിടിച്ചു. ശേഷം  പതിനാല് 4ഃ4 വാഹനങ്ങളിലായി 64 പേരടങ്ങുന്ന ദമാം സഞ്ചാരി സംഘത്തോടൊപ്പം ഞങ്ങളും യാത്ര തുടങ്ങി.


ദമാം റിയാദ് ഹൈവേയിലൂടെ ഒരു മാലയിൽ കോർത്ത മുത്തുകൾ പോലെ വരി വരിയായി മുന്നോട്ട് കുതിച്ചു. നേരത്തേ തന്നെ ബഹ്‌റൈൻ ടീമിന്റെ വാഹനത്തിൽ അച്ചുവും സമീറും അവരവരുടെ സാന്നിദ്ധ്യം ഉറപ്പിച്ചിരുന്നതിനാൽ അവർക്കുള്ള പുട്ടും നേന്ത്രപ്പഴവുമൊക്കെ കൊണ്ടുവന്നിരുന്നു. അതു കഴിച്ചു കൊണ്ടും യാത്രയിലുടനീളം സമീറിന്റെ തമാശകളും അന്താരാഷ്ട്ര കാര്യങ്ങളുമൊക്കെയായി യാത്ര ഏറെ ആസ്വാദ്യകരമായിക്കൊണ്ടിരുന്നു.
അങ്ങനെ റിയാദ് റോഡിലൂടെ 150 കിലോമീറ്ററോളം പിന്നിട്ടത് അറിഞ്ഞതേയില്ല. ഹൈവേയിൽ നിന്നു മാറി ചെറിയ റോഡിലൂടെ ഒറ്റയും തെറ്റയുമായി നടന്നു നീങ്ങുന്ന ഒട്ടകങ്ങളെയും ഈന്തപ്പനകളെയും ഒക്കെ പിന്നിലാക്കി മുന്നോട്ട് കുറെ ദൂരം യാത്ര ചെയ്തപ്പോൾ ജുമുഅ നമസ്‌ക്കാരത്തിനുള്ള സമയമായി. അടുത്തു തന്നെ കണ്ട ഒരു പള്ളിയിൽ ജുമുഅ നമസ്‌ക്കരിച്ചതിന് ശേഷം വീണ്ടും മരുഭൂമിയുടെ വിജനതയിലേക്ക് യാത്ര തുടർന്നു.
മരുഭൂമി ഒരു മായികമായ അന്തരീക്ഷമാണ്. വിസ്മയത്തിന്റെ മഹാവിസ്‌ഫോടനങ്ങൾ ഉള്ളിലൊളിപ്പിച്ച് വെച്ചിരിക്കുന്ന മഹാത്ഭുതം. പലരും പറയുന്ന പോലെ ഇവിടുത്തെ നാട്ടുകാരുടേയും പ്രകൃതിയുടെയും സ്വഭാവം ഒരു പോലെയാണ് എപ്പഴാണ് മാറുന്നതെന്നു അറിയാൻ പറ്റില്ല പോലും,


ശക്തമായ പൊടിക്കാറ്റാണ് ഞങ്ങളെ വരവേറ്റത് കുറച്ച് ദൂരം പരന്നു കിടക്കുന്ന മരുഭൂമി അകലെ ഒരു ഭാഗത്ത് പൊടി പിടിച്ച താഴ്‌വരകൾ. മറുഭാഗത്ത് പാറകളുടെ ഔന്നത്യം. ഇടയ്ക്കിടയ്ക്ക് ഇരുട്ടും വെളിച്ചവും മാറി വിതറുന്ന പൊടിക്കാറ്റ് മുൻപിലെ വാഹനങ്ങൾ കാഴ്ച മങ്ങിയിരിക്കുന്നു. വളരെ സാവധാനം ശ്രദ്ധിച്ച് സന്തോഷ് ചേട്ടൻ ഞങ്ങളുടെ വാഹനം െ്രെഡവ് ചെയ്യുന്നു. ഇടക്കിടക്ക് ഉയർന്നും താഴ്ന്നുമുള്ള നല്ല ഉറച്ച പ്രതലം. പൊടിക്കാറ്റിന്റെ ശക്തി കൂടിക്കൂടി വന്നു അപ്പോൾ എല്ലാവരിലും ഉണ്ടായിരുന്ന ഒരു ആശങ്ക ചെകുത്താന്റെ തള്ളവിരൽ ഒരു കാണാക്കാഴ്ച ആകുമോ എന്നായിരുന്നു. പലരും തിരിച്ചു പോയാലോ എന്നു വരെ ചിന്തിച്ചു തുടങ്ങി അത്രക്കു ശക്തമായ പൊടിക്കാറ്റും  
രണ്ടും കൽപ്പിച്ചു മുന്നോട്ടു തന്നെ എല്ലാവരും ഉറച്ച് തീരുമാനമെടുത്ത് പതിയെ മുന്നോട്ടു നീങ്ങി.
അങ്ങകലെ മേഘവലയങ്ങൾക്ക് കീഴിലായി തലയെടുപ്പോടെ ആകാശം മുട്ടി നിൽക്കുന്ന ചെകുത്താന്റെ തള്ള വിരൽ ചെറിയ ഒരു മങ്ങൽ മാത്രമായി കാണാം പിന്നെപ്പിന്നെ അതിന്റെ അടുത്തേക്ക് അടുക്കും തോറും കാഴ്ചക്ക് കട്ടി കൂടിത്തുടങ്ങി.
ഓരോരുത്തരും പൊടിക്കാറ്റിനെ വകവെക്കാതെ  വാഹനങ്ങളിൽനിന്നും തല വെളിയിലേക്കിട്ട് അത്ഭുതത്തോടെ പുറത്തേക്കു നോക്കുന്നുണ്ടായിരുന്നു. ചെകുത്താന്റെ തള്ള വിരലിനു ചാരേയായി വാഹനങ്ങൾ പാർക്ക് ചെയ്തു. 
ക്രമേണ കാറ്റിന്റെ ശക്തി കുറഞ്ഞു കുറഞ്ഞു വന്നു. മേഘങ്ങൾ പഞ്ഞിക്കെട്ടുകൾ പോലെ ഒഴുകി നടക്കുന്നു താഴെ ചെകുത്താന്റെ തള്ളവിരലും മൺ താഴ്‌വരകളും കൂടുതൽ പ്രത്യക്ഷമാവുകയും ചെയ്തു.
ചെകുത്താന്റെ തള്ളവിരലിൽ നിന്നും കുറച്ച് മാറി പാറക്കൂട്ടങ്ങളുടെ ഇടയിലൂടെ കുറച്ച് ദൂരം യാത്ര ചെയ്താൽ പല നിറങ്ങളിലുള്ള പാറക്കൂട്ടങ്ങൾ നിരനിരയായി നിൽക്കുന്നതു കാണാം.


ഓരോ നിരപ്പായ ഇടങ്ങളിലെ പാറകൾക്കിടയിലും ഒളിഞ്ഞിരിക്കുന്ന നിരവധി ഗുഹാമുഖങ്ങളുമുണ്ട് അവിടെ. പേടിപ്പെടുത്തുന്നതും രഹസ്യ ചുരുളുകളഴിക്കാത്തതുമായ ഗുഹാന്തരങ്ങളും കാണാം. പാറിപ്പറക്കുന്ന പക്ഷികളും, പേരറിയാത്ത ഒരു കൂട്ടം കള്ളിചെടികളും അവിടങ്ങളിൽ വളർന്നു നിൽക്കുന്നുണ്ട്. അതിജീവനത്തിന്റെ പ്രതീകങ്ങളായ അവയോട് ചേർന്ന് കുറേയധികം സമയം ഞങ്ങളിരുന്നു. രഹസ്യങ്ങളൊന്നും തുറന്നു തരാത്ത ഈ ചെകുത്താന്റെ തള്ളവിരൽ കുറെ  മാന്ത്രിക കാഴ്ചകൾ നമുക്ക് സമ്മാനിക്കുന്നു.
സഞ്ചാരികൾ എത്തിപ്പെടാത്തതും അറിയപ്പെടാത്തതുമായ ഇതു പോലെ ഒരുപാട് മനോഹരമായ സ്ഥലങ്ങൾ ജനശ്രദ്ധ ആകർഷിക്കാതെ കാണാക്കാഴ്ചകളായി നില നിൽക്കുന്നുണ്ടാവും. ചെകുത്താന്റെ തള്ളവിരൽ എന്ന വിസ്മയത്തിനു ചേർന്ന് അസ്തമന സൂര്യനോടൊപ്പം ഞങ്ങളും അവിടേ നിന്നും യാത്ര തിരിച്ചു ഇനി മറ്റൊരു ഉദയത്തിനായ്.

Latest News