Sorry, you need to enable JavaScript to visit this website.

തലയുയർത്തി കേരളാ ക്രിക്കറ്റ്

രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ സെമി ഫൈനലിൽ ദയനീയമായി പരാജയപ്പെട്ടെങ്കിലും കേരളത്തിന് അഭിമാനത്തിന്റെ സീസണായിരുന്നു കടന്നുപോയത്. ചരിത്രത്തിലാദ്യമായി സെമിയിലെത്തിയ ടീമിന് മുന്നിൽ മറ്റൊരു കടമ്പയാണ് ഇനി. സ്ഥിരത പ്രകടിപ്പിക്കുക. വൻ വിജയങ്ങളും ഒപ്പം ദയനീയ പരാജയങ്ങളും ഏറ്റുവാങ്ങിയ ചരിത്ര സീസണിന്റെ കഥ...

2018 ജൂണിൽ കേരളാ ക്രിക്കറ്റ് ടീമിന്റെ ഡ്രസ്സിംഗ് റൂം കടിച്ചുകീറാൻ നിൽക്കുന്നവരുടെ കൂട്ടമായിരുന്നു. ഏഴു മാസത്തിനു ശേഷം കേരളാ ടീം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയുടെ സെമി ഫൈനൽ കളിച്ചുവെങ്കിൽ അതിനു പിന്നിൽ ഒരുപാട് കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. കബനീ നദിയിലൂടെ ഒരുപാട് വെള്ളമൊഴുകിയിട്ടുണ്ട്.
അന്ന് സീനിയർ കളിക്കാരും ക്യാപ്റ്റൻ സചിൻ ബേബിയും തമ്മിൽ മുഖത്തോടു മുഖം നോക്കാത്ത അവസ്ഥയിലായിരുന്നു. അഞ്ച് സീനിയർ കളിക്കാരെ സസ്‌പെന്റ് ചെയ്തും മറ്റ് എട്ടു പേർക്ക് കനത്ത പിഴയിട്ടുമാണ് കേരളാ ക്രിക്കറ്റ് അസോസിയേഷൻ തൽക്കാലം പ്രശ്‌നമൊതുക്കിയത്. റൈഫി വിൻസന്റ് ഗോമസും സന്ദീപ് വാര്യറും രോഹൻ പ്രേമും കെ.എം. ആസിഫും മുഹമ്മദ് അസ്ഹറുദ്ദീനുമാണ് സസ്‌പെന്റ് ചെയ്യപ്പെട്ടത്. 
എട്ടു മാസത്തിനു ശേഷം കേരളം ഗുജറാത്തിനെ തോൽപിച്ച ദിവസം സചിൻ ബേബിയും സന്ദീപ് വാര്യറും ഒരേ ജിംനേഷ്യമാണ് ഉപയോഗിച്ചത്. കേരളം അപ്പോൾ നൂറ്റാണ്ടുകൾക്കിടയിലെ ഏറ്റവും മോശം പ്രളയത്തിലൂടെ കടന്നുപോവുകയായിരുന്നു. മൂന്നു മാസത്തോളം കേരളത്തിലെ ക്രിക്കറ്റ് സൗകര്യങ്ങൾ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. 
ഒടുവിൽ നിലവിലെ ചാമ്പ്യന്മാരായ വിദർഭയോട് തോറ്റ് കേരളത്തിന്റെ കുതിപ്പ് അവസാനിച്ചു. ചന്ദ്രകാന്ത് പണ്ഡിറ്റാണ് വിദർഭയുടെ കോച്ച്. പണ്ഡിറ്റിന് കേരളാ കളിക്കാരിൽ പലരെയും നേരിട്ടറിയാം. 2015 ൽ കേരളാ ക്രിക്കറ്റിന്റെ അടിസ്ഥാനതലങ്ങളിൽ പണ്ഡിറ്റ് പ്രവർത്തിച്ചിരുന്നു. ഇന്നത്തെ രഞ്ജി കളിക്കാരിൽ പലരും വളർന്നുവരുന്ന സമയമായിരുന്നു അത്. വിദർഭ ജയിച്ചുവെന്നത് ശരി, കേരളം ജയിച്ചിരുന്നുവെങ്കിലും പണ്ഡിറ്റിന് അത് അഭിമാന നിമിഷമായിരിക്കും. 
2017-18 സീസൺ കേരളത്തിന് അഭിമാനത്തിന്റേതായിരുന്നു. ആദ്യമായി ടീം രഞ്ജി ട്രോഫി നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി. അന്നും വിദർഭയോട് തോറ്റാണ് കേരളം പുറത്തായത്. ടീമിലെ അന്തഃഛിദ്രം ആ നേട്ടങ്ങളൊക്കെ വൃഥാവിലാക്കുന്ന തരത്തിലായിരുന്നു. കോച്ച് ഡേവ് വാറ്റ്‌മോറിന് ഇടപെടാതെ നിവൃത്തിയില്ലായിരുന്നു. അദ്ദേഹം കളിക്കാരെയൊക്കെ വിളിച്ചിരുത്തി. വ്യക്തിപരമായ വിദ്വേഷങ്ങൾ ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമായ ഭാഷയിൽ താക്കീത് നൽകി. 
സീനിയർ കളിക്കാർ ക്യാപ്റ്റനെതിരെ തിരിയുന്നത് കാര്യങ്ങൾ തീർത്തും വഷളായതിന്റെ ലക്ഷണമാണെന്ന് ബോധ്യമുണ്ടായിരുന്നുവെന്ന് വാറ്റ്‌മോർ പറഞ്ഞു. എല്ലാം ശരിയാവുമെന്നു കരുതി അടങ്ങിയിരിക്കാൻ പറ്റില്ലായിരുന്നു. ഒരു കാര്യമേ പറയാനുള്ളൂ എന്ന് കളിക്കാരോട് വ്യക്തമാക്കി. നിങ്ങൾ സീനിയറാണോ ജൂനിയറാണോ, സുഹൃത്തുക്കളാണോ ശത്രുക്കളാണോ എന്നതൊന്നും തനിക്ക് പ്രശ്‌നമല്ലെന്നും എന്നാൽ കേരളത്തിന്റെ കുപ്പായമിടുമ്പോൾ എല്ലാവരും ഒരു ലക്ഷ്യത്തിനു വേണ്ടി പ്രവർത്തിക്കണമെന്നും അവരെ ബോധ്യപ്പെടുത്തി. എപ്പോഴും നിങ്ങൾ കഴുത്തിൽ കൈയിട്ടു നടക്കേണ്ടതില്ല, എപ്പോഴും സുഹൃത്തുക്കളാവേണ്ടതില്ല. എന്നാൽ കൂട്ടായ ലക്ഷ്യത്തെക്കുറിച്ച് ബോധ്യം വേണം. അതിനായി കൈകോർക്കണം. ഈ സന്ദേശം എല്ലാവരും ഉൾക്കൊള്ളാൻ സമയമെടുത്തു. അനുകൂലമായ ഫലങ്ങളും ടീമിലെ അന്തരീക്ഷം മെച്ചപ്പെടുത്താൻ സഹായിച്ചു -വാറ്റ്‌മോർ പറഞ്ഞു. 
ഈ സീസൺ കേരളത്തിന് ഏറ്റവും ചുരുക്കിപ്പറഞ്ഞാൽ കയറ്റിറക്കങ്ങളുടേതായിരുന്നു. ഹൈദരാബാദിനെതിരെ സമനില പാലിച്ച ശേഷം തുടർച്ചയായി ആന്ധ്രയെയും ബംഗാളിനെയും തോൽപിച്ചു. എന്നാൽ മധ്യപ്രദേശിനെതിരായ ഹോം മത്സരത്തിൽ 63 ന് ഓളൗട്ടായതോടെ പ്രതീക്ഷ അസ്തമിച്ചതായി തോന്നി. 265 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങി. ആറിന് 100 ലേക്ക് രണ്ടാം ഇന്നിംഗ്‌സിലും തകർന്നപ്പോൾ ഇന്നിംഗ്‌സ് പരാജയം അരികിലായിരുന്നു. 
എന്നാൽ സചിൻ ബേബിയു വിഷ്ണുവിനോദും ഒരു ദിവസത്തോളം പിടിച്ചുനിന്നു. സചിൻ 143 റൺസടിച്ചു. സീസണിലെ ആദ്യ മത്സരത്തിനായി ടീമിലുൾപെടുത്തിയ വിഷ്ണു വിനോദ് 193 റൺസുമായി പുറത്താവാതെ നിന്നു. കേരളത്തിന് 195 റൺസിന്റെ ലീഡ് ലഭിച്ചു. കളി തോറ്റെങ്കിലും ആ മത്സരം നൽകിയ ആത്മവിശ്വാസം ചില്ലറയായിരുന്നില്ല. ടീമംഗങ്ങളുടെ ആദരവ് നേടാൻ സചിൻ ബേബിക്കും സാധിച്ചു. ടീമിന്റെ നിശ്ചയദാർഢ്യമാണ് ആ മത്സരത്തിൽ വ്യക്തമായതെന്ന് വാറ്റ്‌മോർ പറയുന്നു. മനസ്സും ചിന്തയും ഒരേ ലക്ഷ്യത്തിനായി അർപ്പിച്ചാൽ ലക്ഷ്യം നേടാമെന്ന് കളിക്കാർക്ക് മനസ്സിലായി -കോച്ച് പറഞ്ഞു. 
എന്നാൽ മധ്യപ്രദേശിനു പിന്നാലെ തമിഴ്‌നാടിനോട് 151 റൺസിന് തോറ്റു. വലിയ പ്രതീക്ഷയിൽ നിന്ന് ടീം നിരാശയുടെ പടുകുഴിയിലേക്ക് പോയി. അസ്ഥിരത തുടർന്നു. ദൽഹിയെ ഇന്നിംഗ്‌സിന് തോൽപിച്ചു, പക്ഷെ പഞ്ചാബിനോട് തോറ്റു. ഹിമാചൽപ്രദേശിനെതിരെ തോൽവിയുടെ വക്കിൽ നിന്ന് കരകയറിയാണ് ടീം നോക്കൗട്ടിലേക്ക് സ്ഥാനം നേടിയത്. ഹിമാചലിനെ അവരുടെ തട്ടകത്തിൽ നാടകീയമായി തോൽപിച്ചു. ക്വാർട്ടറിൽ ഗുജറാത്തിനെ കൃഷ്ണഗിരിയിൽ തകർത്തു. 
സ്ഥിരതയോടെ കളിക്കാനാവുന്നില്ലെന്നതാണ് ടീമിന്റെ പ്രധാന ദൗർബല്യം. ഈ സീസണിനു ശേഷം അതിനായുള്ള ദൗത്യത്തിലായിരിക്കുമെന്നും ഇപ്പോൾ നേട്ടങ്ങളിൽ മാത്രമാണ് ശ്രദ്ധയെന്നും ക്യാപ്റ്റൻ സചിൻ ബേബി പറയുന്നു. പഞ്ച ദിന മത്സരങ്ങൾ കളിച്ച് വലിയ പരിചയമില്ലെന്നതാണ് കഴിഞ്ഞ സീസണിൽ ടീമിന്റെ മുന്നേറ്റത്തിന് തടസ്സമായത്. ചതുർദിന മത്സരങ്ങളിലേക്കാണ് നമ്മുടെ മനസ്സ സജ്ജമാക്കിയിരുന്നത്. അൽപം കൂടി ക്ഷമ കാണിക്കേണ്ടിയിരുന്നു. ലീഡ് വഴങ്ങിയാലും തിരിച്ചുവന്ന് ജയിക്കാമെന്ന കാര്യം മനസ്സിലാക്കി വരികയായിരുന്നു. ഈ സീസണിൽ പ്രധാനമായും ശ്രദ്ധിച്ചത് തോൽവിയും വിജയവും ഞങ്ങളെ ബാധിക്കാതിരിക്കാനാണ്. ഒരേ മനസ്സോടെ കഠിനമായി പരിശീലിക്കാൻ ടീം ശ്രമിച്ചു. ഏത് ഫലവും സമചിത്തതയോടെ സ്വീകരിക്കാൻ പഠിച്ചു -ക്യാപ്റ്റൻ പറഞ്ഞു. 
ടീമിന്റെ ഭാഗധേയം തിരുത്തുന്നതിൽ അതിഥി താരം ജലജ് സക്‌സേന വലിയ പങ്കുവഹിച്ചു. ഈ സീസണിൽ ടീമിന്റെ ടോപ്‌സ്‌കോററാണ് ജലജ.് സ്പിൻ ടീം എന്ന നിലയിൽ നിന്ന് പെയ്‌സ് ടീമായി മാറിയതും കേരളത്തെ തുണച്ചു. ബെയ്‌സിൽ തമ്പിയും സന്ദീപ് വാര്യരും പോരാട്ടം നയിച്ചു. പ്രധാനമായും ഇടങ്കൈയൻ സ്പിന്നറായ സിജോമോൻ ജോസഫ് ബാറ്റ്‌സ്മാനെന്ന നിലയിൽ തിളങ്ങി. നിർണായക മത്സരങ്ങളിൽ സിജോമോന് ബാറ്റിംഗ് ചുമതല നൽകാൻ ടീം തയാറായി. മൂന്നാം നമ്പറായി ഇറങ്ങിയ സിജോമോൻ ഗുജറാത്തിന്റെ പെയ്‌സ്പടയെ ചെറുത്തുനിന്ന് അർധ ശതകം പൂർത്തിയാക്കി. 
പരീക്ഷണങ്ങളും വിജയിച്ചു. ബൗളിംഗ് ഓൾറൗണ്ടറായ വിനൂപ് മനോഹരനെ ഹിമാചൽപ്രദേശിനെതിരായ ജീവന്മരണ പോരാട്ടത്തിൽ ഓപണറായി ഇറക്കി. 295 റൺസിന്റെ ലക്ഷ്യം പിന്തുടരവെ വിനൂപ് 143 പന്തിൽ 95 റൺസെടുത്തു. കേരളം അഞ്ചു വിക്കറ്റിന് ജയിച്ചു. 
ആത്മവിശ്വാസവും പൊടുന്നനെയുണ്ടാവുന്ന ആശയങ്ങളും പലപ്പോഴും ഗുണകരമായി. കഴിവ് കാണുമ്പോൾ അതിനെ പിന്തുണക്കുകയും അവസരം നൽകുകയും വേണമെന്നും ജീവന്മരണ പോരാട്ടത്തിൽ സംശയിച്ചു നിന്നിട്ട് കാര്യമില്ലെന്നും വാറ്റ്‌മോർ പറഞ്ഞു. എന്നാൽ 72 റൺസ് വീഴ്ത്തിയ ബെയ്‌സിലും സന്ദീപും മുന്നോട്ടുള്ള പാതയിൽ നിർണായകമായി. സന്ദീപിനെ സംബന്ധിച്ചിടത്തോളം തുടക്കം ഗംഭീരമായിരുന്നില്ല. ആദ്യ രണ്ടു മത്സരങ്ങളിൽ കിട്ടിയത് മൂന്നു വിക്കറ്റ് മാത്രമായിരുന്നു. മുഹമ്മദ് ഷാമിയും അശോക് ദിണ്ടയും ഇശാൻ പോറലുമുൾപ്പെടുന്ന ലോകോത്തര പെയ്‌സ് ബൗളിംഗ് നിരക്കായി ഈഡൻ ഗാർഡൻസിൽ ബംഗാൾ പെയ്‌സ് പിച്ചൊരുക്കിയതണ് സന്ദീപിന് വഴിത്തിരിവായത്. ബംഗാളിനെ ഞെട്ടിച്ച്  കേരളം പിച്ച് മുതലെടുത്തു. സന്ദീപ് ഏഴു വിക്കറ്റ് നേടി. ബെയ്‌സിലും ഫോമിലേക്കുയർന്നതോടെ കേരളം ഇന്നിംഗ്‌സിന് ജയിച്ചു. എം.ആർ.എഫ് പെയ്‌സ് അക്കാദമിയിലും എയ്ജ് ഗ്രൂപ്പ് ക്രിക്കറ്റിലും സഹമുറിയന്മാരായിരുന്നു ബെയ്‌സിലും സന്ദീപും. 
സന്ദീപിന് കഴിഞ്ഞ സീസൺ മോശമായിരുന്നു. കഠിനാധ്വാനത്തിലൂടെയാണ് ഈ സീസണിൽ ഫോം വീണ്ടെടുത്തത്. ഫിറ്റ്‌നസ് മെച്ചപ്പെടുത്താൻ സർവശ്രമവും നടത്തി. മനസ്സിലാക്കാനും പഠിക്കാനുമുള്ള സന്ദീപിന്റെ ദാഹം മറ്റു ബൗളർമാരിലേക്കും പടർന്നു. 
വാറ്റ്‌മോർ സിംബാബ്‌വെ കോച്ചായിരുന്ന കാലത്ത് അദ്ദേഹത്തിനൊപ്പം ട്രയ്‌നറായി പ്രവർത്തിച്ചിരുന്നു രാജേഷ് ചൗഹാൻ. അദ്ദേഹമാണ് ഇപ്പോൾ കേരളാ ടീമിന്റെയും ട്രയ്‌നർ. അരി ഭക്ഷണം കഴിക്കുന്ന കേരളീയരെ കാർബൊഹൈഡ്രേറ്റ് കുറഞ്ഞ, പ്രോട്ടീൻ സമ്പന്നമായ ഭക്ഷണരീതി ശീലിപ്പിക്കുകയെന്നതായിരുന്നു പ്രധാനമെന്ന് രാജേഷ് ചൗഹാൻ പറയുന്നു. ക്വാർട്ടർ ഫൈനലിൽ സന്ദീപ് തുടർച്ചയായി പതിനാറോവർ എറിഞ്ഞു. നാലു മത്സരങ്ങളിലെങ്കിലും ബെയ്‌സിൽ തുടർച്ചയായി പന്ത്രണ്ട് ഓവർ വീതമെറിഞ്ഞു. ജലജ് നീണ്ട സ്‌പെല്ലുകളെറിഞ്ഞ ശേഷം തിരിച്ചുവന്ന് ഓപൺ ചെയ്തു. 
വിജയങ്ങൾ ടീമിലെ സൗഹാർദാന്തരീക്ഷം മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ എല്ലാവരും ഒരേ ലക്ഷ്യത്തിനായാണ് പ്രവർത്തിക്കുന്നതെന്ന് സചിൻ ബേബി പറഞ്ഞു. ടീം മീറ്റിംഗിൽ സംസാരിക്കാൻ കളിക്കാരെ വാറ്റ്‌മോർ പ്രേരിപ്പിച്ചു. കളിക്കാർക്കൊപ്പം റോഡ് സൈഡിലെ തട്ടുകടകളിൽ ചായയും പുട്ടും കഴിക്കുകയും ക്രിക്കറ്റിനപ്പുറത്തുള്ള കാര്യങ്ങൾ അവരുമായി ചർച്ച ചെയ്യുകയും ചെയ്തു. അത് ബന്ധങ്ങളെ മയപ്പെടുത്തി. ഇനിയും ഒരുപാട് ചെയ്യാനുണ്ടെങ്കിലും. 
വിജയത്തെക്കാൾ വലിയ മരുന്നില്ല. എന്നാൽ വിജയത്തിൽ മതിമറന്നുപോവരുതെന്നാണ് വാറ്റ്‌മോർ കളിക്കാരെ ഓർമിപ്പിക്കുന്നത്. ഇടക്കിടെ മിന്നുന്ന ടീമിനെ മികച്ച ടീം എന്നു പറയാനാവില്ല. സ്ഥിരതയാണ് വേണ്ടത്. അവസാനം വരെ പൊരുതണം. ഈ വികാരമാണ് ഗുജറാത്തിനെതിരായ ക്വാർട്ടറിൽ സഞ്ജു സാംസൺ കാഴ്ചവെച്ചത്. എല്ലു പൊട്ടിയ വലതു കൈ പിന്നിലേക്ക് വെച്ച് ഇടതു കൈ കൊണ്ട് സഞ്ജു ബാറ്റ് ചെയ്തു. അത് കേരളത്തിന്റെ ലീഡ് നീട്ടി. ഈ വികാരമാണ് ഇനി ടീമിനെ നയിക്കേണ്ടത്. 


 

Latest News