Sorry, you need to enable JavaScript to visit this website.

രാഹുൽ: പുതിയ കണ്ടെത്തൽ

ഈ രഞ്ജി സീസണിൽ കേരളത്തിന്റെ പുതിയ കണ്ടെത്തലാണ് പൊന്നം രാഹുൽ എന്ന ഓപണർ. ഇടങ്കൈയൻ ഓപണർ ടീമിൽ ഏറ്റവും സ്ഥിരത കാട്ടിയ കളിക്കാരിലൊരാളാണ്. ക്വാർട്ടർ ഫൈനൽ വരെ കളിച്ച അഞ്ചു മത്സരങ്ങളിൽ രാഹുൽ ഒരു സെഞ്ചുറിയും രണ്ട് അർധ ശതകങ്ങളും സ്വന്തമാക്കി. 40.11 ശരാശരിയിൽ 361 റൺസ്. ടീമിൽ സചിൻ ബേബിയും ജലജ് സക്‌സേനയും മാത്രമേ കൂടുതൽ റൺസെടുത്തിട്ടുള്ളൂ. 
രാഹുലിന്റെ രണ്ടാം സീസണാണ് ഇത്. കഴിഞ്ഞ സീസണിൽ രണ്ടു മത്സരങ്ങൾ മാത്രമാണ് കളിച്ചത്. ഈ സീസണിൽ തലപ്പത്ത് രാഹുലിന്റെ വിശ്വസ്ത സാന്നിധ്യം ടീമിന്റെ കുതിപ്പിൽ വലിയ പങ്കുവഹിച്ചു. ടീമിൽ നിരവധി സ്‌ട്രോക്ക്‌മെയ്ക്കർമാർ ഉണ്ടെന്നിരിക്കെ ചെറുത്തുനിൽക്കാൻ കഴിയുന്ന ഒരു ബാറ്റ്‌സ്മാന്റെ സാന്നിധ്യം അനിവാര്യമായിരുന്നു. 
ആദ്യ മത്സരങ്ങളിൽ രാഹുലിനെ ടീം കളിപ്പിച്ചിരുന്നില്ല. എന്നാൽ മറ്റു കളിക്കാരെ നോക്കി രാഹുൽ ഒരുപാട് പഠിച്ചുവെന്ന് കോച്ച് ഡേവ് വാറ്റ്‌മോർ പറയുന്നു. എപ്പോഴും സൂക്ഷിച്ചു കളിക്കണമെന്നും നല്ല പന്തുകൾ ഒഴിവാക്കേണ്ടതുണ്ടെന്നും ബോധ്യമുണ്ടായിരുന്നുവെന്ന് ഇരുപത്തേഴുകാരൻ പറഞ്ഞു. ജീവന്മരണ പോരാട്ടത്തിൽ രാഹുൽ ഹിമാചൽപ്രദേശിനെതിരെ നേടിയ 127 റൺസാണ് കേരളത്തിന് നോക്കൗട്ട് റൗണ്ടിലേക്ക് വഴികാട്ടിയത്. രാഹുലിന്റെ കരിയറിലെ തന്നെ മികച്ച ഇന്നിംഗ്‌സാണ് ഇത്. ഹിമാചലിന്റെ ലീഡ് പരമാവധി കുറക്കാനായി രാഹുലിന് കോച്ച് നൽകിയ നിർദേശം പറ്റാവുന്നയത്ര സമയം ക്രീസിൽ തുടരാനായിരുന്നു. കന്നി സെഞ്ചുറി ഉജ്വല വിജയം പൂർത്തിയാക്കാൻ ടീമിനെ സഹായിച്ചതിൽ രാഹുൽ സന്തുഷ്ടനാണ്. 
ആലപ്പുഴയിലെ വണ്ടാനം എന്ന ഗ്രാമത്തിലാണ് രാഹുൽ ജനിച്ചത്. ക്രിക്കറ്റ് കളിക്കാൻ ആരംഭിച്ചത് ഏറെ വൈകി പതിനഞ്ചാം വയസ്സിലും. ആലപ്പുഴയിലെ കുട്ടിക്കാലത്ത് ആരാധനയോടെ കണ്ട യുവരാജ് സിംഗിനും പാർഥിവ് പട്ടേലിനുമൊക്കെയെതിരെ കളിക്കാനായത് സ്വപ്‌നം പോലെ തോന്നുന്നുവെന്ന് രാഹുൽ പറഞ്ഞു. ക്രിക്കറ്റ് കിറ്റ് ഇല്ലെങ്കിലും സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാമെന്ന വാർത്ത കണ്ടാണ് ആലപ്പുഴ ജില്ലാ സെലക്ഷൻ ട്രയൽസിൽ രാഹുൽ പങ്കെടുത്തത്. 
കിറ്റ് ഇല്ലാത്തതിനാൽ മുൻകാലത്തൊന്നും ട്രയൽസിന് പോയിരുന്നില്ല. അതുവരെ റബ്ബർ ബോൾ കൊണ്ടു മാത്രമായിരുന്നു രാഹുൽ കളിച്ചിരുന്നത്. പിന്നീടിങ്ങോട്ട് സ്വപ്‌നം പോലെയാണ് രാഹുലിന്റെ ക്രിക്കറ്റ് യാത്ര.
 

Latest News