Sorry, you need to enable JavaScript to visit this website.

ഇനി കിട്ടുമോ ഇന്ത്യക്ക് ഈ അവസരം

അമ്പതുകളില്‍ ലോകകപ്പ് കളിക്കാന്‍ കിട്ടിയ അവസരം കൈവിട്ട ടീമാണ് ഇന്ത്യ. പിന്നീട് ഇതുവരെ ടീമിന് ലോകകപ്പിന്റെ അടുത്തുപോലും എത്താനായിട്ടില്ല. ഏഷ്യന്‍ കപ്പിലും നോക്കൗട്ടിലെത്താനുള്ള സുവര്‍ണാവസരമാണ് ഇന്ത്യ കൈവിട്ടത്. ഗ്രൂപ്പിലെ ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് പ്രി ക്വാര്‍ട്ടര്‍ സാധ്യതയുണ്ടെന്നിരിക്കെ ഒന്നാം മത്സരത്തിലെ മികച്ച വിജയത്തിലൂടെ ഇന്ത്യ നോക്കൗട്ട് ഉറപ്പിച്ചതായിരുന്നു. എന്നാല്‍ പിന്നീടെല്ലാം വഴി മാറി. 
എങ്കിലും  ചരിത്രത്തിലാദ്യമായി ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ നോക്കൗട്ട് റൗണ്ടിന് സെക്കന്റുകള്‍ അരികിലെത്തിയ ശേഷം പുറത്തായ ഇന്ത്യന്‍ ടീമിന് ആരാധകരുടെ നിറഞ്ഞ പിന്തുണയാണ്‌. തോല്‍വിക്കു ശേഷം കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ രാജി വെച്ചിരുന്നു.  
അവസാന മിനിറ്റില്‍ അനാവശ്യമായ പെനാല്‍ട്ടിയിലൂടെ വഴങ്ങിയ ഗോളില്‍ ബഹ്‌റൈനോട് തോറ്റതോടെയാണ് ഗ്രൂപ്പ് എ-യില്‍ രണ്ടാം സ്ഥാനത്തുനിന്ന് ഇന്ത്യ നാലാം സ്ഥാനത്തേക്കു പോയത്. തായ്‌ലന്റ് അപ്രതീക്ഷിതമായി യു.എ.ഇയെ സമനിലയില്‍ തളക്കുകയും ചെയ്തതോടെ ഇന്ത്യന്‍ പ്രതീക്ഷ അസ്തമിച്ചു. 
2015 ലാണ് കോസ്റ്റന്റൈന്‍ രണ്ടാം തവണ ഇന്ത്യയുടെ കോച്ചായി സ്ഥാനമേറ്റത്. അദ്ദേഹത്തിനു കീഴില്‍ ഫിഫ റാങ്കിംഗില്‍ വന്‍ മുന്നേറ്റമാണ് ഇന്ത്യ നടത്തിയത്. യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ ചാമ്പ്യന്മാരായി ഏഷ്യന്‍ കപ്പിന് ബെര്‍ത്ത് നേടുകയും ചെയ്തു. ആദ്യ കളിയില്‍ തായ്‌ലന്റിനെ തകര്‍ക്കുകയും രണ്ടാം മത്സരത്തില്‍ യു.എ.ഇയെ വിറപ്പിക്കുകയും ചെയ്ത ഇന്ത്യ വന്‍ പ്രതീക്ഷ ഉയര്‍ത്തിയിരുന്നു. അവസാന ഗ്രൂപ്പ് മത്സരത്തില്‍ സമനില മതിയായിരുന്നു ഇന്ത്യക്ക്. ബഹ്‌റൈന്റെ കനത്ത ആക്രമണം അവസാന മിനിറ്റ് വരെ ഇന്ത്യ അതിജീവിച്ചു. പ്രതിരോധ നിരയില്‍ സന്ദേശ് ജിന്‍ഗാന്‍ അത്യുജ്വല പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ ഇഞ്ചുറി ടൈമില്‍ ഡിഫന്‍സിവ് മിഡ്ഫീല്‍ഡര്‍ പ്രണോയ് ഹാല്‍ദറുടെ സമയം തെറ്റിയ ടാക്ലിംഗില്‍ ഹമദ് അല്‍ശംസാന്‍ വീണു. പെനാല്‍ട്ടി ജമാല്‍ റാഷിദ് ഗോളാക്കിയതോടെ ഇന്ത്യയുടെ നെഞ്ചകം തകര്‍ന്നു. പുലികളെ പോലെ പൊരുതിയാണ് മടങ്ങുന്നതെന്നും വലിയ പിന്തുണ നല്‍കിയ ആരാധകരോട് നന്ദിയുണ്ടെന്നും ജിന്‍ഗാന്‍ പറഞ്ഞു.
കഴിഞ്ഞ നാലു വര്‍ഷം ഇന്ത്യന്‍ ഫുട്‌ബോളിന് കുതിപ്പിന്റേതായിരുന്നുവെന്നു പറഞ്ഞ കോണ്‍സ്റ്റന്റൈന്‍ എ.ഐ.എഫ്.എഫിനും കളിക്കാര്‍ക്കും സ്‌പോര്‍ട്ട് സ്റ്റാഫിനും ആരാധകര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. 

Latest News