Sorry, you need to enable JavaScript to visit this website.

സൂപ്പര്‍കോപ്പ ലഹരിയില്‍ ജിദ്ദ

കളി ഇന്ന് രാത്രി എട്ടരക്ക്

ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും പൗളൊ ദിബാലയും ഗോണ്‍സാലൊ ഹിഗ്വയ്‌നും അലക്‌സ് സാന്‍ഡ്രോയും ഡഗ്ലസ് കോസ്റ്റയുമൊക്കെയടങ്ങുന്ന ലോക ഫുട്‌ബോളിലെ വന്‍ താരനിര ഇന്ന് രാത്രി ജിദ്ദയില്‍ കാല്‍പന്ത് പ്രേമികള്‍ക്കു മുന്നില്‍ നിറഞ്ഞാടും. യുവന്റസും എ.സി മിലാനും തമ്മിലുള്ള ഇറ്റാലിയന്‍ സൂപ്പര്‍ കോപ്പ ഫൈനലിന് ഇന്ന് ജിദ്ദ കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയം വേദിയാവും. ഒക്ടോബറിലെ ബ്രസീല്‍-അര്‍ജന്റീന സൗഹൃദ മത്സരത്തിനു ശേഷം ഇത്രയധികം സൂപ്പര്‍താരങ്ങള്‍ ജിദ്ദയിലെത്തുന്നത് ആദ്യമാണ്. അടുത്ത അഞ്ചു സീസണിനിടെ രണ്ടു തവണ കൂടി സൂപ്പര്‍ കോപ്പ സൗദിയില്‍ അരങ്ങേറും. 
ക്രിസ്റ്റ്യാനോയും യുവന്റസും ഈ സീസണിലെ ആദ്യ കിരീടമാണ് ജിദ്ദയില്‍ ഉറ്റുനോക്കുന്നത്. സാധാരണ ഇറ്റാലിയന്‍ ലീഗ് ചാമ്പ്യന്മാരും ഇറ്റാലിയന്‍ കപ്പ് ജേതാക്കളുമാണ് സൂപ്പര്‍ കോപ്പയില്‍ ഏറ്റുമുട്ടാറ്. കഴിഞ്ഞ സീസണില്‍ രണ്ട് കിരീടവും യുവന്റസിനായിരുന്നു. അതിനാലാണ് ലീഗ് കപ്പ് ഫൈനലിസ്റ്റുകളായ എ.സി മിലാന് അവസരം കിട്ടിയത്. 
മുപ്പത്തൊന്നാമത്തെ ഇറ്റാലിയന്‍ സൂപ്പര്‍ കപ്പാണ് ഇത്. പത്താം തവണയാണ് വിദേശത്ത് മത്സരം സംഘടിപ്പിക്കുന്നത്. നേരത്തെ അമേരിക്കയിലും ചൈനയിലും ഖത്തറിലും ലിബിയയിലും സൂപ്പര്‍ കോപ്പ നടത്തിയിരുന്നു. 
60,000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയത്തില്‍ ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞിരിക്കുകയാണ്. ജിദ്ദയില്‍ പുതുമയുള്ള അനുഭവമാണ് പ്രതീക്ഷിക്കുന്നതെന്ന് യുവന്റസിന്റെ ബ്രസീലിയന്‍ ഡിഫന്റര്‍ അലക്‌സ് സാന്‍ഡ്രൊ പറഞ്ഞു. അര്‍ജന്റീനക്കെതിരായ സൗഹൃദ മത്സരത്തിന് ജിദ്ദയിലെത്തിയിരുന്നു സാന്‍ഡ്രൊ. സൗദി മുന്നോട്ടുള്ള കുതിപ്പിലാണെന്നും വ്യത്യസ്തമായ സംസ്‌കാരവും ആരാധകരുമാണ് അവിടെയെന്നും ഡിഫന്റര്‍ പറഞ്ഞു. 
ഇറ്റാലിയന്‍ ലീഗില്‍ അജയ്യമായി കുതിക്കുന്ന യുവന്റസ് എതിരാളികളെ അനായാസം തോല്‍പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറ്റാലിയന്‍ ലീഗില്‍ കഴിഞ്ഞ ഏഴു തവണയും ചാമ്പ്യന്മാരായ യുവന്റസ് ക്രിസ്റ്റ്യാനോയുടെ വരവോടെ കൂടുതല്‍ കരുത്താര്‍ജിച്ചിരിക്കുകയാണ്. എന്നാല്‍ സൂപ്പര്‍ കോപ്പയില്‍ അവരുടെ സമീപകാല റെക്കോര്‍ഡ് അത്ര ഭദ്രമല്ല. അവസാന നാല് സൂപ്പര്‍കോപ്പകളില്‍ ഒന്നില്‍ മാത്രമാണ് യുവന്റസ് ജയിച്ചത്. 2016 ല്‍ എ.സി മിലാനോടും കഴിഞ്ഞ വര്‍ഷം ലാസിയോയോടും തോറ്റു. 
1988 ലാണ് സൂപ്പര്‍ കോപ്പ നിലവില്‍ വന്നത്. യുവന്റസും എ.സി മിലാനും ഏഴു തവണ വീതം ചാമ്പ്യന്മാരായിട്ടുണ്ട്. യുവന്റസില്‍ നിന്ന് ലോണില്‍ മിലാനിലെത്തിയ ഹിഗ്വയ്‌ന് ഇത് വിടവാങ്ങല്‍ മത്സരം കൂടിയായേക്കാം. ചെല്‍സിയിലേക്ക് നീങ്ങുകയാണ് ഹിഗ്വയ്ന്‍. അവസാനമായി നവംബറില്‍ ഈ ടീമുകള്‍ ഇറ്റാലിയന്‍ ലീഗില്‍ ഏറ്റുമുട്ടിയപ്പോള്‍ ഹിഗ്വയ്ന്‍ പെനാല്‍ട്ടി പാഴാക്കുകയും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താവുകയും ചെയ്തു. മിലാന്‍ 0-2 ന് തോറ്റു. ദിബാല യുവന്റസ് വിടുമെന്നും ശ്രുതിയുണ്ട്. 

Latest News