Sorry, you need to enable JavaScript to visit this website.

പ്രധാനമന്ത്രിക്ക് അവാർഡ്; പരിഹാസവുമായി രാഹുൽ

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫിലിപ് കോട്‌ലർ അവാർഡ് ഏറ്റുവാങ്ങുന്നു.

ന്യൂദൽഹി - അധികമൊന്നും കേട്ടിട്ടില്ലാത്ത ഫിലിപ് കോട്‌ലർ പ്രസിഡൻഷ്യൽ അവാർഡ് ആദ്യമായി ലഭിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കേന്ദ്ര മന്ത്രിമാർ അഭിനന്ദിക്കുമ്പോൾ, പരിഹാസ രൂപേണെയുള്ള അഭിനന്ദനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. 
ലോകപ്രശസ്തമായ 'കോട്‌ലർ പ്രസിഡൻഷ്യൽ അവാർഡ്' ലഭിച്ച പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നു എന്നാണ് രാഹുൽ ട്വിറ്ററിൽ കുറിച്ചത്. അവാർഡ് ഇത്രയും പ്രശസ്തമാകാൻ കാരണം അതിനൊരു ജൂറി ഇല്ലെന്നതാണ്, ഇതിനു മുമ്പ് ആർക്കും നൽകിയിട്ടുമില്ല. അവാർഡിന് പിന്നിൽ അറിയപ്പെടാത്ത അലിഗഢ് കമ്പനിയാണ്. ഇവന്റ് പാർട്‌നർമാർ പതഞ്ജലിയും റിപ്പബ്ലിക് ടി.വിയും എന്നും രാഹുൽ കുറിച്ചു.
വേൾഡ് മാർക്കറ്റിംഗ് സമ്മിറ്റ് ഏർപ്പെടുത്തിയ പുരസ്‌കാരം കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി ഏറ്റുവാങ്ങിയത്. രാജ്യത്തിന് നൽകിവരുന്ന വിശിഷ്ട നേതൃത്വത്തിന്റെ പേരിലാണ് പുരസ്‌കാരം നൽകുന്നതെന്ന് ഡബ്ല്യു.എം.എസ് പറയുന്നു. 
പുരസ്‌കാരം ലഭിച്ചതായി സർക്കാർ വാർത്താ കുറിപ്പ് പുറത്തിറക്കിയതിനു പിന്നാലെ വിവാദവും ഉടലെടുത്തു. ആരാണ് പുരസ്‌കാരം നൽകിയതെന്നോ, എവിടെ വെച്ച് നൽകിയെന്നോ, അവാർഡ് ജൂറിയിൽ ആരൊക്കെയാണെന്നോ സർക്കാർ വാർത്താ കുറിപ്പിൽ ഇല്ലെന്ന് ഓൺലൈൻ പത്രമായ ദി വയർ റിപ്പോർട്ട് ചെയ്തു. ഡബ്ല്യു.എം.എസ് സ്ഥാപകൻ ഫിലിപ് കോട്‌ലറുടെ പേരിലുള്ളതാണ് ഈ പുരസ്‌കാരമെന്നും, പരസ്യ മാർക്കറ്റിംഗ് രംഗത്തുള്ളവർക്കു മാത്രമാണ് മുൻ വർഷങ്ങളിൽ ഈ പുരസ്‌കാരം നൽകിയിട്ടുള്ളതെന്നും വയറിന്റെ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷത്തെ വേൾഡ് മാർക്കറ്റിംഗ് സമ്മിറ്റിന്റെ കോ സ്‌പോൺസർമാർ ബാബാ രാംദേവിന്റെ പതഞ്ജലി, കേന്ദ്ര സർക്കാരിനെ പിന്തുണക്കുന്ന റിപ്പബ്ലിക് ടി.വി, പൊതുമേഖലാ സ്ഥാപനമായ ഗെയിൽ എന്നിവയാണെന്നും വയർ റിപ്പോർട്ടിലുണ്ട്. ഇതിനു പിന്നാലെയാണ് രാഹുലിന്റെ ട്വീറ്റ്.
എന്നാൽ രാഹുലിന് മറുപടിയുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി രംഗത്തെത്തി. സ്വന്തം കുടുംബക്കാർക്ക് ഭാരതരത്‌നം കൊടുക്കാൻ തീരുമാനിച്ച കുടുംബത്തിൽ നിന്നുള്ളയാളാണ് ഇത് പറയുന്നതെന്നായിരുന്നു സ്മൃതി ഇറാനിയുടെ പരിഹാസം.
അവാർഡ് ലഭിച്ച പ്രധാനമന്ത്രിയെ അഭിനന്ദിച്ച് സ്മൃതിക്കു പുറമെ കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയൽ, രാജ്യവർധൻ സിംഗ് റാത്തോഡ്, മണിപ്പൂർ മുഖ്യമന്ത്രി ബിരേന്ദ്ര സിംഗ് തുടങ്ങിയവർ ട്വീറ്റ് ചെയ്തിരുന്നു.

 

 

Latest News