Sorry, you need to enable JavaScript to visit this website.

പുതിയപാലം ഇനിമുതൽ  "പൊളിഞ്ഞപാലം"

കോഴിക്കോട്- നഗരമധ്യത്തിലെ പുതിയപാലം ദേശക്കാർ പേര് മാറ്റി സമരം ചെയ്യുന്നു; പുതിയ പാലത്തിനുവേണ്ടി. കനോലി കനാലിന് കുറുകെയുള്ള ഒറ്റയടി പാലത്തിന് പകരം പുതിയ വലിയ പാലം നിർമിക്കണമെന്നാവശ്യപ്പെട്ടാണ് പുതിയപാലം എന്ന ദേശപ്പേര് പൊളിഞ്ഞപാലം എന്നാക്കി സമരത്തിനൊരുങ്ങുന്നത്. നാമകരണം ജനുവരി 28 ന് നടൻ മാമുക്കോയ നിർവഹിക്കും. ഫാസ്‌കോ എന്ന സംഘടനയാണ് സമരത്തിന് ഒരുമ്പെടുന്നത്.
നഗരത്തിൽ തളി ക്ഷേത്രത്തിന് മുന്നിൽ നിന്ന് കിഴക്കോട്ടേക്ക് പോകുന്ന പാത അവസാനിക്കുന്നത് പുതിയപാലം എന്ന ദേശത്താണ്. ഇവിടെ കനോലി കനാലിന് കുറുകെ ഒരു ഒറ്റയടിപ്പാലമുണ്ട്. പണ്ട് തടിപ്പാലമായിരുന്നത് വർഷങ്ങൾക്ക് മുമ്പ് കോൺക്രീറ്റ് പാലമാക്കിയെങ്കിലും രണ്ട് ബൈക്കുകൾക്ക് ഒരേസമയം കടന്നു പോകാവുന്ന വീതിയില്ല. പോരാത്തതിന് ജീർണിച്ചിട്ടുമുണ്ട്.
ഏതാനും വർഷങ്ങളായി ഇവിടെ പുതിയ പാലം പണിയണമെന്ന ആവശ്യം നാട്ടുകാർ ഉയർത്തുന്നു. ഏതാനും മീറ്റർ അപ്പുറത്തു കൂടി കടന്നുപോകുന്ന പാത മിനി ബൈപാസായി മാറിയതോടെ നഗരത്തിലേക്ക് കടക്കാനുള്ള തിരക്കുപിടിച്ച വഴിയായി പുതിയപാലം മാറിയെങ്കിലും പാലം കഴുത്ത് മുറുക്കി നിന്നു. പല കാരണങ്ങളാൽ പാലം പണി നീണ്ടുപോകുന്ന സാഹചര്യത്തിലാണ് നാട്ടുകാർ സമരവുമായി ഇറങ്ങുന്നത്.
പാലം നിർമാണത്തിന്റെ പണികൾ അതിവേഗം നടന്നു വരികയാണെന്ന് ഡോ. എം.കെ.മുനീർ അറിയിച്ചു. സ്ഥലമെടുപ്പ് പൂർത്തിയാക്കാനാകാത്തതാണ് പ്രശ്‌നം. ഏഴു വർഷം മുമ്പ് പുതിയ പാലത്തിനായി നടപടി സ്വീകരിച്ചതാണ്. മുൻ സർക്കാരിന്റെ കാലത്ത് 50 കോടി രൂപക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചുവെങ്കിലും പണി തുടങ്ങാനായില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കാര്യങ്ങൾ മുടങ്ങി.
11.05 മീറ്റർ വീതിയിലുള്ള പാലമാണ് ഇവിടെ വിഭാവനം ചെയ്യുന്നത്. ഇതിനായി ഇപ്പോൾ കിഫ്ബിയിൽ നിന്ന് 60 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച് തിങ്കളാഴ്ചയും കലക്ടറും ഉദ്യോഗസ്ഥരുമടങ്ങുന്ന യോഗം ഉണ്ടായിരുന്നു. മുൻ കലക്ടറുടെ സമയത്ത് ഏറെ മുന്നോട്ടു പോയ സ്ഥലമെടുപ്പിന്റെ ചലനങ്ങൾ പുതിയ കലക്ടറുടെ ശ്രദ്ധയിൽക്കൂടി വന്നിട്ടുണ്ട്.
സെന്റിന് 15 ലക്ഷം വെച്ച് 1.21 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് നടപടിയായി ഉടമകൾ സമ്മതപത്രം നൽകിക്കഴിഞ്ഞു. ഉടമയിൽ ഒരാളെ കണ്ടെത്താനാവാത്തതും ഏതാനും പേരുടെ ഭൂമിയുടെ അതിർത്തി സംബന്ധിച്ച തർക്കവും കീറാമുട്ടിയാണ്. ഏതാനും പേർ ഭൂമി നൽകാൻ വിസമ്മതിച്ചിട്ടുമുണ്ട്. എന്നാലും സിംഹഭാഗം ഭൂമിയും ഏറ്റെടുക്കാൻ നടപടി സ്വീകരിക്കുകയാണ്. പണം ലഭിക്കാൻ ഇതു മതിയാവും. 48 കോടി രൂപയും ഭൂമി ഏറ്റെടുക്കുന്നതിനാണ് ചെലവഴിക്കുക. 12 കോടി രൂപ ചെലവിൽ പാലം പണിയും. കനോലി കനാൽ ദേശീയ ജലപാതയുടെ ഭാഗമായതിനാൽ അതുകൂടി പരിഗണിച്ചാണ് പാലത്തിന്റെ രൂപകൽപന നിർവഹിച്ചത്.

Latest News