Sorry, you need to enable JavaScript to visit this website.

വ്യാജ കേസ്: തമിഴ്‌നാട് സ്വദേശിക്ക്  സാമൂഹിക പ്രവർത്തകർ തുണയായി

റിയാദ്- മോഷണക്കേസിലകപ്പെട്ട് ഒരു വർഷത്തോളം ദുരിതത്തിലായ തമിഴ്‌നാട് സ്വദേശിക്ക് മലയാളി സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ അനുഗ്രഹമായി. ട്രക്ക് മോഷണം പോയെന്ന പേരിൽ സ്‌പോൺസർ പോലീസിൽ നൽകിയ കേസിനെ തുടർന്നാണ് ഒരു വർഷത്തോളം കേസ് നടപടികളുമായി തമിഴ്‌നാട് തൃശ്ശനാപള്ളി സ്വദേശി മുരുകാനന്ദം റാസു പോലീസ് സ്റ്റേഷൻ കയറിയിറങ്ങിയത്. ഒടുവിൽ മലപ്പുറം ജില്ല കെ.എം.സി.സി ജീവകാരുണ്യ പ്രവർത്തകരുടെ ഇടപെടലിൽ കേസിൽ നിന്ന് മോചിതനാവുകയും സ്‌പോൺസർഷിപ്പ് മാറ്റുകയും ചെയ്തു.
മൂന്നു വർഷം മുമ്പാണ് മുരുകാനന്ദം റിയാദിലെ ദീറാബിൽ ഹെവി ഡ്രൈവർ വിസയിലെത്തിയത്. മൂന്നു മാസം ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ഇദ്ദേഹം ലേബർ ഓഫീസിൽ പരാതി നൽകി. ഇതേ തുടർന്നാണ് സ്‌പോൺസർ ഇയാൾക്കെതിരെ ട്രക്ക് മോഷണം നടത്തിയെന്ന പേരിൽ ശിഫ പോലീസിൽ പരാതി നൽകിയത്. 
ഇതിനിടെ ലേബർ ഓഫീസിലെ പരാതി പിൻവലിച്ചാൽ കേസ് പിൻവലിക്കാമെന്ന് സ്‌പോൺസർ അറിയിച്ചതിനെ തുടർന്ന് ലേബർ ഓഫീസിലെ പരാതി പിൻവലിച്ചു. പക്ഷേ സ്‌പോൺസർ പോലീസ് കേസ് ഒഴിവാക്കിയില്ല. ഇതേത്തുടർന്ന് മുരുഗാനന്ദം ഇന്ത്യൻ എംബസിയിൽ പരാതി നൽകുകയും എംബസി ഇക്കാര്യത്തിലിടപെടാൻ കെ.എം.സി.സി ജീവകാരുണ്യ പ്രവർത്തകരായ സിദ്ദീഖ് തുവ്വൂരിനെ അനുവദിക്കുകയുമായിരുന്നു. സിദ്ദീഖും മുരുഗാനന്ദവും ശിഫ പോലീസിലെത്തി കാര്യങ്ങൾ ബോധിപ്പിച്ചു. ഉടൻ തന്നെ പോലീസ് സ്‌പോൺസറെ വിളിച്ചെങ്കിലും അദ്ദേഹം സ്റ്റേഷനിൽ ഹാജരായില്ല. തുടർന്ന് കേസ് പോലീസ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലേക്ക് മാറ്റി. 
ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥർ സ്‌പോൺസറുമായി ബന്ധപ്പെട്ടപ്പോൾ മുരുഗനെ തർഹീൽ വഴി നാട്ടിലയക്കണമെന്ന് സ്‌പോൺസർ ആവശ്യപ്പെട്ടു. ഇത് ലേബർ കേസാണെന്നും മോഷണക്കേസിന് അടിസ്ഥാനമില്ലെന്നും ഉദ്യോഗസ്ഥർ വിധിയെഴുതിയതോടെ പോലീസ് കേസ് ഇല്ലാതാവുകയും മത്‌ലൂബ് നീക്കിക്കിട്ടുകയും തർഹീൽ വഴി അയക്കാനുള്ള വാതിൽ അടയുകയും ചെയ്തു. 
തുടർന്ന് സ്‌പോൺസർഷിപ്പ് മാറി മറ്റൊരു കമ്പനിയിൽ പ്രവേശിക്കുകയായിരുന്നു. വിഷയത്തിൽ സിദ്ദീഖിനെ സഹായിക്കാൻ റഫീഖ് മഞ്ചേരിയും മറ്റു വെൽഫയർ വിംഗ് പ്രവർത്തകരുമുണ്ടായിരുന്നു. ലേബർ ഓഫീസിൽ ആദ്യമേ പരാതി നൽകിയിരുന്നതിനാൽ ഹുറൂബ് ആയിരുന്നില്ല. ഹുറൂബ് ആയാൽ തർഹീൽ വഴി അയക്കാമായിരുന്നു. 
വ്യാജ കേസുകളിൽ കൃത്യമായി ഇടപെട്ട് നിരപരാധിത്വം തെളിയിച്ചാൽ അനുകൂല വിധിയുണ്ടാകുമെന്ന് സിദ്ദീഖ് പറഞ്ഞു. 
 

Tags

Latest News