Sorry, you need to enable JavaScript to visit this website.

ഖത്തര്‍ അതിര്‍ത്തിയില്‍ കാണാതായ മലയാളിയെ കുറിച്ച് മൂന്ന് മാസമായിട്ടും വിവരമില്ല

അല്‍ഹസ- അവധി കഴിഞ്ഞ് നാട്ടില്‍നിന്ന് എത്തിയ ഉടന്‍ കാണാതായ മലയാളിയെ കുറിച്ച് മൂന്ന് മാസമായിട്ടും വിവരമില്ല. സാമൂഹിക പ്രവര്‍ത്തകര്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ അന്വേഷണം വിഫലമായി.
കൊണ്ടോട്ടി ചിറയില്‍ ചുങ്കം സ്വദേശി മുജീബ് റഹ്മാനെയാണ് കഴിഞ്ഞ ഒക്ടോബര്‍ ഏഴു മുതല്‍ കാണാതായത്. ഒന്നര മാസത്തെ അവധി കഴിഞ്ഞ് നാട്ടില്‍നിന്നെത്തിയ മുജീബ് ജോലി ചെയ്തിരുന്ന ഖത്തര്‍ അതിര്‍ത്തിയിലുള്ള  ക്യാമ്പില്‍നിന്ന് അപ്രത്യക്ഷനാകകുകയായിരുന്നു. അതിര്‍ത്തിയിലെ തമാനീനില്‍ സാംകോ കമ്പനിയുടെ ക്യാമ്പിലായിരുന്നു ജോലി.

 

ഇദ്ദേഹത്തെ കണ്ടെത്തുന്നതിന് അല്‍ഹസയിലേയും ദമാമിലേയും സാമൂഹിക പ്രവര്‍ത്തകര്‍ തീവ്രശ്രമം നടത്തി വരികയാണ്. പ്ലീസ് ഇന്ത്യയുടെ നേതൃത്വത്തില്‍ മുജീബിന്റെ ബന്ധുക്കള്‍ കൂടി ഉള്‍പ്പെടുന്ന വാട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. ഗ്രൂപ്പ് ഇപ്പോഴും നിലവിലുണ്ട്. അതിര്‍ത്തിയിലും മിക്ക പോലീസ് സ്‌റ്റേഷനുകളിലും അന്വേഷണം നടത്തിയിരുന്നുവെന്നും ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്നും സാമൂഹിക പ്രവര്‍ത്തകന്‍ മുജീബ് ബാലുശ്ശേരി പറഞ്ഞു.


മുജീബിനു പുറമെ, സതീഷ് പാലക്കാട്, അനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം  മരുഭൂമിയിലെ ക്യാമ്പ് സന്ദര്‍ശിച്ചിരുന്നു. ആട്ടിടയന്മാരുടെ സഹായത്തോടെ ഖത്തര്‍ അതിര്‍ത്തിവരെ അന്വേഷണം നടത്തുകയും ചെയ്തു.
നാട്ടില്‍നിന്ന് കൊണ്ടുവന്ന ബാഗ് അതുപോലെ മുജീബ് റഹ്മാന്റെ മുറിയിലുണ്ടായിരുന്നു. ശമ്പള കുടിശ്ശികയായി ലഭിച്ച 3500 റിയാലും ചെറിയ ബാഗും മൊബൈല്‍ ഫോണും എടുത്താണ് അദ്ദേഹം മുറിയില്‍നിന്ന് ഇറങ്ങിയിരുന്നത്.
മുജീബ് റഹ് മാനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ലത്തിഫ് തെച്ചി (0534292407), സതീഷ് കുമാര്‍ പാലക്കാട് (0554041026), മുജീബ് ബാലുശ്ശേരി (055195595) എന്നിവരുമായി ബന്ധപ്പെടണം.

 

 

Latest News