Sorry, you need to enable JavaScript to visit this website.

ട്രെക്കിംഗിന് പോകുമ്പോൾ ഓർക്കേണ്ട കാര്യങ്ങൾ  

വനമേഖലകളാണ് സാധാരണയായി ട്രെക്കിംഗിന് പലരും തെരഞ്ഞെടുക്കുക. നമുക്കറിയാത്ത പ്രദേശവും ഭൂപ്രകൃതിയും. അപകട സാധ്യത വളരെക്കൂടുതൽ. ഇങ്ങനെയുള്ളപ്പോൾ മുൻകരുതലുകളും ആവശ്യത്തിന് ഉണ്ടായിരിക്കണം. ട്രെക്കിംഗിന് തെരഞ്ഞെടുക്കുന്ന സ്ഥലത്തിന്റെ വിശദാംശങ്ങൾ പൂർണമായും ശേഖരിക്കണം. അവിടെ എത്തിപ്പെട്ടാൽ പുറത്തേക്ക് പോകാനുള്ള എല്ലാ വഴികളെക്കുറിച്ചും അറിവ് നേടണം. വനപാതകളിൽ ട്രെക്കിംഗിന് അനുമതി നൽകിയിട്ടുള്ള ഇടങ്ങളിലൂടെ മാത്രമേ സഞ്ചരിക്കാവൂ. നമ്മുടെ ഇഷ്ടങ്ങളും വാശികളും കാണിക്കാനുള്ള അവസരമായി ട്രെക്കിംഗിനെ മാറ്റരുത്.
ട്രെക്കിംഗിന്റെ സംഘാടകരായ ഏജൻസിയുമായി നിരന്തര സമ്പർക്കം പുലർത്താൻ എപ്പോഴും ജി പി എസ് ബന്ധത്തിലായിരിക്കണം. ഒന്നോ രണ്ടോ മികച്ച ഗൈഡുകൾ ഒപ്പമുണ്ടായിരിക്കുമെന്ന് ഉറപ്പു വരുത്തണം. വഴി തെറ്റുകയോ മറ്റേതെങ്കിലും അപകടത്തിൽ പെടുമെന്നോ തോന്നിയാൽ ഉടൻ തന്നെ ഗൈഡുകളോട് ഉചിതമായ മാർഗനിർദേശം ആരായാം. മാത്രമല്ല, ജി പി എസ് വഴി നിങ്ങൾ ഏത് വഴിയാണ് സഞ്ചരിക്കുന്നതെന്ന് വനം വകുപ്പിന് കൃത്യമായി കണ്ടെത്താനുള്ള സംവിധാനം ഒരുക്കണം. നിങ്ങളുടെ സഞ്ചാര പാതകളുടെ ജി പി എസ് ട്രാക്കിംഗ് വനം വകുപ്പിനെ കൂടാതെ നിങ്ങളുടെ അടുത്ത ബന്ധുക്കൾക്കും കൂട്ടുകാർക്കും ഷെയർ ചെയ്യണം.
അവശ്യം വേണ്ട കുടിവെള്ളം, മരുന്നുകൾ എന്നിവ തീർച്ചയായും കരുതിയിരിക്കണം. അധികം ഭാരമുള്ള വസ്തുക്കളോ വില കൂടിയ സാധനങ്ങളോ ആഭരണങ്ങളോ ഒന്നും ട്രെക്കിംഗിന് പോകുമ്പോൾ കൊണ്ടുപോകാൻ പാടില്ല. മുട്ടറ്റം വരുന്ന ഷൂ ഉപയോഗിക്കാനും കൈയുറകൾ ധരിക്കാനും ശ്രദ്ധിക്കണം. പെട്ടെന്ന് വന്യമൃഗങ്ങളുടെ ആക്രമണമുണ്ടായാൽ അതിനെ പ്രതിരോധിക്കാനുള്ള അത്യാവശ്യം ആയുധങ്ങൾ കൈവശം കരുതണം. ഗൈഡിന്റെ  പക്കലും അത്തരം ആയുധങ്ങളുണ്ടെന്ന് ഉറപ്പു വരുത്തണം. വനത്തിലൂടെയാണ് ട്രെക്കിംഗെങ്കിൽ വന്യമൃഗങ്ങൾക്ക് ശല്യമുണ്ടാക്കുന്ന ഒരു പ്രവൃത്തിയും നമ്മുടെ ഭാഗത്തുനിന്നുണ്ടാകാൻ പാടില്ല. വിസിൽ മുഴക്കുക, വാദ്യോപകരണങ്ങൾ ഉപയോഗിക്കുക എന്നതൊക്കെ ഒഴിവാക്കണം. സിഗരറ്റ് വലിക്കരുത്.  അലക്ഷ്യമായി വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികൾക്ക് ഒരു വനം പൂർണമായും എരിച്ചുകളയാനുള്ള ശക്തിയുണ്ടെന്നത് മറക്കാതിരിക്കുക.
ക്യാമറ കൈവശം കരുതിയിട്ടുള്ളവർ വന്യമൃഗങ്ങളുടെ ചിത്രമെടുക്കുമ്പോൾ ഫഌഷ് പ്രവർത്തിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക. വന്യമൃഗങ്ങളുടെ ശ്രദ്ധയാകർഷിക്കുന്ന തരത്തിലുള്ള നിറങ്ങളുള്ള വസ്ത്രങ്ങൾ ധരിക്കരുത്. 
രാവിലെ എട്ടു മണി മുതൽ വൈകുന്നേരം അഞ്ചു മണി വരെയാണ് ട്രെക്കിംഗിന് യോജിച്ച സമയം. വേനൽക്കാലത്തും മഴക്കാലത്തും ട്രെക്കിംഗിന് പോകാൻ പാടില്ല. 

Latest News