Sorry, you need to enable JavaScript to visit this website.

കലാപവും കവിതയും  സൃഷ്ടിച്ച കലാകാരൻ  


സിനിമയിൽ പുതിയ ഭാവുകത്വം രചിച്ച പ്രമുഖനായൊരു സംവിധായകനെയാണ് ലെനിൻ രാജേന്ദ്രന്റെ നിര്യാണത്തിലൂടെ മലയാളത്തിന് നഷ്ടമായത്. സിനിമയെ കവിതയോടടുപ്പിച്ച സംവിധായകനായിരുന്നു അദ്ദേഹം. സാഹിത്യ കൃതികളെയും ചരിത്ര സംഭവങ്ങളെയും സിനിമയിലാക്കിയ വലിയ കലാകാരനായിരുന്നു അദ്ദേഹം. 
പി. പത്മരാജനും കെ.ജി. ജോർജിനുമൊപ്പം നിൽക്കാൻ പി.എ. ബക്കറിന്റെ ഈ ശിഷ്യന് കഴിഞ്ഞു. ലെനിൻ രാജേന്ദ്രന്റെ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുള്ളയാളാണ് ഇപ്പോഴത്തെ ചലച്ചിത്ര അക്കാദമി ചെയർമാനായ കമൽ. ഇന്നലെ രാത്രി 8.45 ന് ചെന്നൈയിൽ അപ്പോളോ ആശുപത്രിയിൽ ന്യൂമോണിയ ബാധ കലശലായതിനെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കരൾ മാറ്റിെവയ്ക്കൽ ശസ്ത്രക്രിയക്കായാണ് ലെനിൻ രാജേന്ദ്രനെ അപ്പോളോയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ന്യൂമോണിയ ബാധിച്ചതോടെ അപ്രതീക്ഷിതമായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായി പ്രവർത്തിച്ചുവരികയായിരുന്നു.
മലയാളസിനിമയിൽ തന്റേതായൊരു മേൽവിലാസം ഉണ്ടാക്കിയെടുത്തശേഷമാണ് ലെനിൻ രാജേന്ദ്രൻ ചരിത്രമാകുന്നത്. പതിനഞ്ചോളം സിനിമ അദ്ദേഹമെടുത്തു. കേരളത്തിലെ ചരിത്ര സിനിമകളുടെ വക്താവും പ്രയോക്താവുമായിരുന്നു അദ്ദേഹം. കയ്യൂർ സമരത്തെ സെല്ലുലോയിഡിലാക്കിയതായിരുന്നു അദ്ദേഹത്തിന്റെ 'മീനമാസത്തിലെ സൂര്യൻ'. തന്റെ ആദ്യസിനിമയിലൂടെ തന്നെ തന്റെ രാഷ്ട്രീയവും മറയില്ലാതെ അദ്ദേഹം അവതരിപ്പിച്ചു. പ്രേം നസീറിനെ കാൺമാനില്ല, ചില്ല്, മകരമഞ്ഞ്, കുലം, സ്വാതിതിരുനാൾ, വചനം, ഇടവപ്പാതി തുടങ്ങിയ ചിത്രങ്ങളൊക്കെ ശ്രദ്ധേയമായി. 
മധ്യവർഗ സിനിമയുടെ വക്താവായിരുന്നു ഈ ചലച്ചിത്രകാരൻ. പി.എ. ബക്കറുടെ സംവിധാന സഹായിയായാണ് ഈ രംഗത്തേക്ക് വരുന്നത്. 1981 മുതൽ അദ്ദേഹം ചലച്ചിത്ര രംഗത്തുണ്ട്. മുപ്പത്തിയഞ്ച് വർഷം ലെനിൻ രാജേന്ദ്രൻ മലയാള സിനിമയുടെ ഭാഗമായുണ്ടായിരുന്നു. സമൂഹത്തിന്റെ താഴേ തട്ടിൽനിന്ന് പ്രതിഭ കൊണ്ട് വളർന്ന് വന്ന വ്യക്തിത്വമായിരുന്നു. പ്രത്യേകിച്ച് ദളിത് വിഭാഗത്തിൽനിന്ന് ചലച്ചിത്രരംഗത്ത് ശക്തമായ വ്യക്തിത്വങ്ങളൊന്നുമില്ലാതിരുന്ന കാലത്താണ് ചലച്ചിത്ര തറവാട്ടിൽ സ്വന്തമായൊരു ഇടം അദ്ദേഹം ഉണ്ടാക്കിയെടുത്തത്.
എം. മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങൾ, ദൈവത്തിന്റെ വികൃതികൾ എന്നപേരിൽ അദ്ദേഹം സിനിമയാക്കി. മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി മഴയെന്ന പേരിൽ സിനിമയാക്കി. ഒ.എൻ.വി. കുറുപ്പിന്റെ 'ഒരു വട്ടം കൂടി'യെന്ന കവിത ചില്ലിലും ഒ.വി ഉഷയുടെ ആരാദ്യം പറയും... എന്ന കവിത മഴയിലും അദ്ദേഹം ഗാനങ്ങളാക്കി മാറ്റി. കവിതയെഴുത്തിൽ തുടങ്ങിയ ലെനിൻ രാജേന്ദ്രൻ പിന്നീട് സിനിമയുടെ ലോകത്ത് എത്തുകയായിരുന്നു.
മലയാള സിനിമയിൽ കച്ചവടത്തിനായി കലയിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാത്തയാളായിരുന്നു അദ്ദേഹം. കുറഞ്ഞ മുതൽമുടക്കിലും ചിത്രമെടുക്കാൻ ലെനിന് കഴിഞ്ഞു. ബുദ്ധമതവുമായി ബന്ധപ്പെട്ട ഇടവപ്പാതിയെന്ന സിനിമയായിരുന്നു അദ്ദേഹം അവസാനമായി എടുത്തത്. ഈ സിനിമാഷൂട്ടിങ്ങിനായി പോകുന്നവഴിക്കാണ് പ്രശസ്ത നടൻ ജഗതി ശ്രീകുമാറിന് അപകടം പറ്റുന്നത്. നിരവധി അവാർഡുകൾ ലെനിനെത്തേടിയെത്തി.
പ്രമുഖ ചലച്ചിത്രകാരനായിരിക്കെ ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന കെ.ആർ. നാരായണനെതിരെ രണ്ടു പ്രാവശ്യം ഒറ്റപ്പാലത്ത് നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചു. രണ്ടു തവണയും തോറ്റുവെങ്കിലും ദേശീയ തലത്തിൽ തന്നെ ആ മത്സരങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.  ഇടത് മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചതോടെയാണ് അദ്ദേഹം രാഷ്ട്രീയ വേദികളിൽ സജീവമാകുന്നത്. എന്നാൽ തന്റെ സിനിമകളിൽ രാഷ്ട്രീയമുണ്ടായിരുന്നുവെങ്കിലും അതിന്റെ കലാമൂല്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ അദ്ദേഹം തയ്യാറായിരുന്നില്ല. സാമൂഹിക പ്രതിബദ്ധതയുള്ള കലാകാരനായിരുന്നു അദ്ദേഹം. മലയാള സിനിമയിൽ തന്റേതായൊരു കാലഘട്ടം സൃഷ്ടിച്ചശേഷമാണ് ലെനിൻ അരങ്ങൊഴിയുന്നത്.

Latest News