Sorry, you need to enable JavaScript to visit this website.

മറഞ്ഞിരിക്കുന്ന  മാവോയിസം

മാവോയിസ്റ്റ് ഭീഷണി പുതിയ രൂപത്തിൽ മലബാറിനെ ആശങ്കപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ തന്നെ മാവോയിസ്റ്റ് സാന്നിധ്യം ശക്തമായിക്കൊണ്ടിരിക്കുന്ന സംസ്ഥാനമായി കേരളം മാറുന്നു. നേരത്തെ കാടുകൾക്കുള്ളിൽ മാത്രം പ്രവർത്തിച്ചിരുന്ന മാവോയിസ്റ്റ് സംഘങ്ങൾ ഇപ്പോൾ പരസ്യമായി രംഗത്തെത്തുകയാണ്. കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കുമ്പോഴും മാവോയിസ്റ്റുകൾ ശക്തി സംഭരിക്കുന്നതായാണ് സമീപകാല സംഭവങ്ങൾ സൂചിപ്പക്കുന്നത്. 
മലപ്പുറം ജില്ലയിലെ നിലമ്പൂർ വനമേഖലയിലും കോഴിക്കോട്-വയനാട് അതിർത്തികളിലും കണ്ണൂർ ജില്ലയിലും അടുത്ത കാലത്ത് മാവോയിസ്റ്റുകൾ ജനവാസ മേഖലകളിലെത്തുന്ന സംഭവങ്ങൾ പതിവായി മാറിയിട്ടുണ്ട്. കേരളത്തിലെ ഇടതു സർക്കാരിന് തലവേദനയായി മാറുന്ന രീതിയിൽ മാവോയിസ്റ്റ് സംഘങ്ങളുടെ പ്രവർത്തനം വ്യാപിച്ചു വരുന്നുണ്ട്.
തീവ്ര ഇടതുപക്ഷ നിലപാടുകളുള്ള മാവോയിസ്റ്റുകൾ മലബാർ മേഖലയിലാണ് കൂടുതലായി താവളമുറപ്പിച്ചിരിക്കുന്നത്. പശ്ചിമഘട്ടത്തിന്റെ വടക്കൻ മേഖലയിൽ പലയിടത്തും മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി കേന്ദ്ര സുരക്ഷാ ഏജൻസികൾ വ്യക്തമാക്കിയിട്ടുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ സമീപകാലത്ത് മാവോയിസ്റ്റുകൾ പരസ്യമായി രംഗത്തെത്തിയിരുന്നു. രണ്ട് വർഷം മുമ്പ് നിലമ്പൂർ കാടുകളിൽ മാവോയിസ്റ്റുകൾക്കെതിരെ സംസ്ഥാന പോലീസ് വകുപ്പിന്റെ പ്രത്യേക സേനയായ തണ്ടർബോൾട്ട് നടത്തിയ വെടിവെപ്പിൽ മാവോയിസ്റ്റ് ഗ്രൂപ്പിലെ രണ്ട് പ്രധാനികൾ കൊല്ലപ്പെട്ടിരുന്നു. ഇടതു സർക്കാരിന്റെ കാലത്ത് നടന്ന ഈ വെടിവെപ്പ് കമ്യൂണിസ്റ്റ് ഗ്രൂപ്പുകൾക്കിടയിൽ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.
തെക്കേ ഇന്ത്യയിൽ ആന്ധ്രപ്രദേശിൽ ശക്തമായി നിലകൊള്ളുന്ന മാവോയിസ്റ്റുകൾ മലബാർ മേഖലയിലേക്ക് കടന്നു കയറിയത് ഭൂമിശാസ്ത്രപരമായ പ്രത്യേകത കൊണ്ടാണ്. പശ്ചിമഘട്ടത്തിന്റെ തെക്കൻ മേഖലയിലുള്ള ഇടുക്കി ജില്ല കഴിഞ്ഞാൽ വടക്കൻ ജില്ലകളിലാണ് അവർ കൂടുതൽ താവളമടിച്ചിരിക്കുന്നത്. മാവോയിസ്റ്റ് ഗ്രൂപ്പുകൾക്ക് ശക്തിയുള്ള കർണാടക, തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനങ്ങളിലേക്ക് കാടുകളിലൂടെ സഞ്ചരിക്കാനാകുമെന്നതിനാലാണ് മലബാർ പ്രദേശം അവർ താവളമാക്കിയത്. മാത്രമല്ല, മലപ്പുറം ജില്ലയിലെ നിലമ്പൂർ കാടുകളിൽ നിന്ന് മൂന്നു തെന്നിന്ത്യൻ സംസ്ഥാനങ്ങളിലേക്ക് എളുപ്പത്തിൽ സഞ്ചരിക്കാനും കഴിയുന്നു. തെക്കേ ഇന്ത്യയിലെ മാവോയിസ്റ്റുകൾക്കിടയിലെ സുപ്രധാന ഘടകമായ ക്യൂബ്രാഞ്ചിന്റെ പ്രധാന പ്രവർത്തന മേഖലകളിലൊന്നാണ് നിലമ്പൂർ വനമേഖല.
മലബാറിലെ തോട്ടം തൊഴിലാളികൾക്കിടയിൽ സ്വാധീനമുണ്ടാക്കാനും അവരെ സംഘടിപ്പിച്ച് സമരങ്ങൾ സംഘടിപ്പിക്കാനുമാണ് മാവോയിസ്റ്റുകൾ ശ്രമിച്ചുവരുന്നത്. മലപ്പുറം, വയനാട് ജില്ലകളിലെ തോട്ടം മേഖലകളിൽ മാവോയിസ്റ്റ് സംഘങ്ങളുടെ സാന്നിധ്യം ഏറെക്കുറെ സ്ഥിരമാണെന്നും വിലയിരുത്തപ്പെടുന്നു. തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് അവർ നടത്തി വരുന്നത്. തോട്ടമുടമകൾക്കെതിരെ ഒറ്റപ്പെട്ട ആക്രമണങ്ങൾക്കും അടുത്ത കാലത്ത് അവർ നേതൃത്വം നൽകിയിരുന്നു. കാടുകൾക്കുള്ളിൽ കഴിയുന്ന ചെറുസംഘങ്ങൾ സന്ധ്യയോടെ ജനവാസ കേന്ദ്രങ്ങളിലെത്തി ആശയവിനിമയത്തിനുള്ള നോട്ടീസുകൾ വിതരണം ചെയ്തു മടങ്ങുന്നത് ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. സർക്കാരിനും പോലീസിനുമെതിരെയുള്ള പോസ്റ്ററുകൾ മലബാർ ജില്ലകളിലെ വനമേഖലകളിൽ പലയിടത്തും അടുത്ത കാലങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. 2005 മുതലാണ് കേരളത്തിൽ മാവോയിസ്റ്റ് സാന്നിധ്യം കൂടുതൽ ശക്തമായതെന്നാണ് കേന്ദ്ര സർക്കാരിന്റെ നിരീക്ഷണം.
എണ്ണത്തിൽ കുറവാണെങ്കിലും മാവോയിസ്റ്റുകൾ ആധുനിക രീതിയിലുള്ള ആയുധങ്ങൾ ഉപയോഗിക്കുന്നവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. എ.കെ 47 ഉൾപ്പെടെയുള്ള യന്ത്രത്തോക്കുകൾ ഇവർ കൈവശം വെക്കുന്നുണ്ട്. സ്ത്രീകൾ ഉൾപ്പെടെ അഞ്ചോ ആറോ പേർ അടങ്ങുന്ന ചെറുസംഘങ്ങളായി ഇവർ വിവിധ ജില്ലകളിലെ വനമേഖലകളിൽ തമ്പടിച്ചിട്ടുള്ളതായാണ് സുരക്ഷാ ഏജൻസികൾക്ക് ലഭിച്ചിട്ടുള്ള വിവരം. ആദിവാസി ഊരുകളിൽ ഇവർ ഇടക്കിടെ സന്ദർശനം നടത്തുന്നതായി തെളിഞ്ഞിരുന്നു. ആദിവാസികളെ സ്വാധീനിച്ച് സർക്കാർ വിരുദ്ധ നീക്കങ്ങൾക്ക് ഇവർ നേതൃത്വം നൽകുമോ എന്ന ആശങ്ക പോലീസിനുണ്ട്.
പ്രത്യക്ഷത്തിൽ, മാവോയിസ്റ്റുകൾ അംഗബലം കൊണ്ട് ശക്തരല്ലെങ്കിലും കേന്ദ്ര-സംസ്ഥാന സർക്കാരുകളെ ആശങ്കയിലാക്കാൻ അവരുടെ സാന്നിധ്യത്തിന് കഴിഞ്ഞിട്ടുണ്ട്. അധികാരത്തിലിരിക്കുന്ന കമ്യൂണിസ്റ്റ് സർക്കാരിനെതിരെ വിവിധ തരത്തിലുള്ള വിമർശനങ്ങളുമായാണ് അവർ പ്രവർത്തിക്കുന്നത്. മുതലാളിത്തത്തിന് സർക്കാർ കുഴലൂതുന്നു എന്നതാണ് കാലങ്ങളായി മാവോയിസ്റ്റുകൾ ഉന്നയിക്കുന്ന പ്രധാന ആരോപണം. 
സംസ്ഥാന സർക്കാർ മാവോയിസ്റ്റ് വേട്ടക്കായി വലിയ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച തണ്ടർബോൾട്ട് സേന ഇപ്പോൾ മാവോയിസ്റ്റ് സാന്നിധ്യമുള്ള വനമേഖലകളിൽ സ്ഥിരമായി പരിശോധനകൾ നടത്തുന്നുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർക്കും പോലീസുകാർക്കുമെതിരെ മാവോയിസ്റ്റ് ആക്രമണമുണ്ടാകുമെന്ന അഭ്യൂഹങ്ങൾ പലപ്പോഴും ഉയർന്നു വരാറുണ്ട്.
മാവോയിസ്റ്റുകളെ കാട്ടിനുള്ളിൽ ചെന്ന് ആക്രമിച്ച് കീഴ്‌പ്പെടുത്താൻ പോലീസിന് പരിമിതികൾ ഏറെയാണ്. പോലീസിന്റെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും കൈയിലുള്ള ആയുധങ്ങൾ പലതും കാലപ്പഴക്കം ചെന്നതാണ്. ആധുനിക രീതിയിലുള്ള തോക്കുകൾ ഉപയോഗിക്കുന്ന മാവോയിസ്റ്റുകളെ നേരിടുന്നത് സുരക്ഷാ സംഘങ്ങൾക്ക് വലിയ വെല്ലുവിളിയാണ്. കാടുകൾക്കുള്ളിലെ വഴികളെ കുറിച്ച് മാവോയസിറ്റുകൾക്ക് വ്യക്തമായ ധാരണയാണുള്ളത്. മാത്രമല്ല, പോലീസിന്റെ നീക്കങ്ങൾ മുൻകൂട്ടിയറിയാൻ ആദിവാസികൾ ഉൾപ്പെടെയുള്ളവർക്കിടയിൽ അവർക്ക് രഹസ്യ സംവിധാനങ്ങളുമുണ്ട്.
ജനങ്ങളുടെ പൊതുജീവിതത്തിലേക്ക് മാവോയിസ്റ്റുകൾ വ്യാപകമായി കടന്നു കയറുന്നില്ലെങ്കിലും സർക്കാർ വിരുദ്ധ നീക്കങ്ങൾക്ക് അവർ നേതൃത്വം കൊടുത്തേക്കുമെന്ന ആശങ്ക ഭരണാധികാരികൾക്കിടയിലുണ്ട്. മാവോയിസ്റ്റ് ഭീഷണി നിയന്ത്രിക്കാൻ കോടിക്കണക്കിന് രൂപയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചെലവിടുന്നത്. 
ജനാധിപത്യ രീതിയിലുള്ള സർക്കാരുകളെ വെല്ലുവിളിക്കുന്നതാണ് മാവോയിസ്റ്റുകളുടെ പ്രഖ്യാപിത രീതി. സർക്കാരുകളും മാവോയിസ്റ്റ് ആശയക്കാരും തമ്മിലുള്ള മുഖ്യ തർക്കവും ഇതു തന്നെയാണ്. സായുധ വിപ്ലവമെന്ന മാവോയിസ്റ്റ് ആശയത്തിന് പൊതുസമൂഹത്തിൽ പിന്തുണയില്ല. കേരളത്തെ ഒളിത്താവളമാക്കി ഉപയോഗിച്ച് മറ്റു സംസ്ഥാനങ്ങളിൽ സർക്കാർ വിരുദ്ധ നീക്കങ്ങൾക്ക് ശക്തി പകരാനാണ് മാവോയിസ്റ്റ് സംഘങ്ങൾ ശ്രമിക്കുന്നത്. കേരളത്തിൽ ഇത്തരം ഗ്രൂപ്പുകൾക്ക് സുരക്ഷിത താവളമൊരുക്കുന്നണ്ടെന്ന ആരോപണം കേന്ദ്ര സർക്കാർ ഉന്നയിച്ചിട്ടുണ്ട്. ജനജീവിതത്തെ അസ്വസ്ഥമാക്കുന്ന നിലയിലേക്ക് മാവോയിസ്റ്റ് പ്രവർത്തങ്ങൾ മുന്നോട്ടു പോയാൽ കേരളത്തിന് അത് പുതിയ ഭീഷണിയാകും.
 

Latest News