Sorry, you need to enable JavaScript to visit this website.

മരുഭൂമിയില്‍ കുടുങ്ങിയ യു.എ.ഇ പൗരന്മാരെ രക്ഷപ്പെടുത്തി

മരുഭൂമിയില്‍ കുടുങ്ങിയ യു.എ.ഇ പൗരന്മാര്‍ അതിര്‍ത്തി സുരക്ഷാ സൈനികര്‍ക്കൊപ്പം.

റിയാദ് - കാര്‍ മണലില്‍ ആഴ്ന്ന് റുബ്ഉല്‍ഖാലി മരുഭൂമിയില്‍ കുടുങ്ങിയ യു.എ.ഇ പൗരന്മാരെ കിഴക്കന്‍ പ്രവിശ്യയിലെ ബത്ഹ സെക്ടര്‍ അതിര്‍ത്തി സുരക്ഷാ സേന രക്ഷപ്പെടുത്തി. ശുബൈതക്ക് തെക്ക് 67 കിലോമീറ്റര്‍ ദൂരെ  മരുഭൂമിയിലൂടെ സഞ്ചരിച്ച യു.എ.ഇ പൗരനുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ദമാം സെര്‍ച്ച് ആന്റ് റെസ്‌ക്യു കോ-ഓര്‍ഡിനേഷന്‍ സെന്ററില്‍ വിവരം ലഭിക്കുകയായിരുന്നു.


ഉടന്‍ തന്നെ യു.എ.ഇ പൗരനു വേണ്ടി തിരച്ചില്‍ നടത്തുന്നതിന് ബത്ഹ സെക്ടര്‍ അതിര്‍ത്തി സുരക്ഷാ സൈനികര്‍ക്ക് നിര്‍ദേശം നല്‍കി. തിരച്ചിലിന് ഹെലികോപ്റ്ററുകളും പ്രയോജനപ്പെടുത്തി. ഊര്‍ജിതമായ തിരിച്ചിലില്‍ അല്‍ശൈബ എണ്ണപ്പാടം സൈനിക സെന്ററില്‍ നിന്നുള്ള പട്രോളിംഗ് ഉദ്യോഗസ്ഥര്‍ യു.എ.ഇ പൗരനെ കണ്ടെത്തി. ഇയാള്‍ക്കൊപ്പം മറ്റൊരു യു.എ.ഇ പൗരനുമുണ്ടായിരുന്നു. മരുഭൂമിയിലൂടെ നടക്കുമ്പോഴാണ് ഇരുവരെയും സൈനികര്‍ കണ്ടെത്തിയത്. ഇരുവര്‍ക്കും ആവശ്യമായ സഹായങ്ങള്‍ സൈനികര്‍ നല്‍കി. മണലില്‍ ആഴ്ന്ന ഇവരുടെ കാര്‍ സൈനികര്‍ പുറത്തെടുക്കുകയും ചെയ്തു. സൈനികരുടെ സഹായത്തോടെ ഇവരും പിന്നീട് ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തുടര്‍ന്നതായി അതിര്‍ത്തി സുരക്ഷാ സേന അറിയിച്ചു.


 

 

Latest News