Sorry, you need to enable JavaScript to visit this website.

കർണാടകയിൽ പ്രതിസന്ധി; രണ്ടു എം.എൽ.മാർ പിന്തുണ പിൻവലിച്ചു

ബംഗളൂരു- കർണാടകയിൽ സർക്കാരിനെ അട്ടിമറിക്കാനുള്ള  ബി.ജെ.പി ശ്രമത്തെ പ്രതിരോധിക്കാൻ കോൺഗ്രസ് നടത്തുന്നതിനിടെ കർണാടക സർക്കാറിനുള്ള പിന്തുണ രണ്ട് സ്വതന്ത്ര എം.എൽമാർ പിൻവലിച്ചു. എച്ച് നാഗേഷ്, ആർ. ശങ്കർ എന്നിവരാണ് പിന്തുണ പിൻവലിച്ചത്. അതേസമയം, ബി.ജെ.പിയുടെ 102 എം.എൽ.എമാരെ ഹരിയാനയിലെ റിസോർട്ടിലേക്ക് മാറ്റി. കർണാടക സർക്കാറിനെ മറിച്ചിടാൻ ഓപ്പറേഷൻ താമര എന്നിട്ട് പേരിട്ടാണ് ബി.ജെ.പിയുടെ പദ്ധതി. കോൺഗ്രസ് നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ബംഗളൂരുവിലെത്തി. കോൺഗ്രസിന്റെ ഏഴ് എം.എൽ.എമാരെ കൂട്ടുപിടിച്ച് കർണാടക ഭരണം മറിച്ചിടാനാണ് ബി.ജെ.പി നീക്കം. അതിനിടെ ബി.ജെ.പി എം.എൽ.എമാർ കൂറുമാറിയേക്കുമോ എന്ന ഭയത്താലാണ് അവരെ റിസോർട്ടിലേക്ക് മാറ്റിയത്. കോൺഗ്രസ് കുതിരക്കച്ചവടത്തിന് ശ്രമിക്കുയാണെന്ന് ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ് യെദിയൂരപ്പ പറഞ്ഞു. രണ്ടുദിവസം ഇവരെ കർണാടകയിൽനിന്ന് മാറ്റനിർത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ മുംബൈയിലേക്ക് പോയ തങ്ങളുടെ മൂന്ന് എം.എൽ.എമാരെ തിരികെയത്തിക്കാൻ മന്ത്രി ഡി.കെ ശിവകുമാറിനെ നിയോഗിച്ചു. മന്ത്രിസഭ പുനസംഘടനയെ തുടർന്ന് അസംതൃപ്തരായ രമേഷ് ജാർക്കിഹോളി, ആനന്ദ് സിംഗ്, ബി. നാഗേന്ദ്ര, മഹേഷ് കുമത്തല്ലി, ശ്രീമന്ത് പാട്ടീൽ, ഉമേഷ് ജാദവ്, അമരൈഗൗഡ പാട്ടീൽ എന്നിവർ ബി.ജെ.പിയുമായി ചർച്ചയിലാണെന്നാണ് കോൺഗ്രസ് സംശയം. എന്നാൽ സർക്കാർ സുരക്ഷിതമാണെന്നും തന്റെ അറിവോടെയാണ് മൂന്ന് എം.എൽ.എമാർ മുംബൈയിലേക്ക് പോയതെന്നും മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പറഞ്ഞു.  
പത്തു കോൺഗ്രസ് എം.എൽ.എമാരുമായും മൂന്നു ജെ.ഡി.എസ് എം.എൽ.എമാരുമായും ബി.ജെ.പി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണത്രെ. ഇവരെ രാജിവെപ്പിച്ച ശേഷം സർക്കാരിനെതിരേ അവിശ്വാസപ്രമേയം അവതരിപ്പിക്കാനുള്ള കരുക്കളാണ് ബി.ജെ.പി നീക്കുന്നത്.

പാർട്ടി സംസ്ഥാന അധ്യക്ഷൻ യെദ്യൂരപ്പയുടെ നേതൃത്വത്തിൽ കർണാടകയിൽനിന്നുള്ള ബി.ജെ.പി എം.പിമാരും എം.എൽ.എമാരും ദൽഹിയിൽ ഇതു സംബന്ധിച്ച് കൂടിയാലോചന നടത്തി. മന്ത്രിസഭാ പുനഃസംഘടനയിൽ അർഹമായ സ്ഥാനം ലഭിക്കാത്തതിനെ തുടർന്ന് കുമാരസ്വാമി സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന കോൺഗ്രസ് എം.എൽ.എമാർ ദൽഹിയിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി ചർച്ച നടത്താൻ അവസരം തേടിയിരിക്കുകയാണെന്നും അഭ്യൂഹമുണ്ട്. 

മൂന്ന് കോൺഗ്രസ് എം.എൽ.എമാർ മുംബൈയിലെ റിസോർട്ടിലാണെന്ന് മന്ത്രി ഡി.കെ ശിവകുമാർ ഞായറാഴ്ച പറഞ്ഞിരുന്നു. കോൺഗ്രസ് എം.എൽ.എമാരായ രമേഷ് ജാർക്കിഹോളി (ഗോഖക്), ആനന്ദ് സിങ് (വിജയനഗര), ബി.നാഗേന്ദ്ര (ബെല്ലാരി റൂറൽ) തുടങ്ങിയവർക്കു നേരെയാണ് സംശയം നീളുന്നത്. 

ഇവർക്കൊപ്പം നാഗേന്ദ്രയുടെ ഉറ്റ സുഹൃത്ത്  മഹേഷ് കുമത്തല്ലി (അത്താണി), ശ്രീമന്ത് പാട്ടീൽ (കഗ്‌വാഡ്), ഉമേഷ് ജാദവ് (ചിഞ്ചോളി) തുടങ്ങിയ എം.എൽ.എമാരുടെ നീക്കങ്ങളും കോൺഗ്രസ് നേതൃത്വം നിരീക്ഷിച്ചു വരുന്നു. കർണാടകയിൽ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് 120 സീറ്റുകളാണുള്ളത്. ബി.ജെ.പിക്ക് 104 സീറ്റുണ്ട്.

തങ്ങളുടെ എം.എൽ.എമാരെ ഗുഡ്ഗാവിലെ റിസോർട്ടിലേക്കു മാറ്റാൻ ബി.ജെ.പി തീരുമാനിച്ചു. 45 ബി.ജെ.പി എം.എൽ.എമാർ പാർട്ടിയിൽ ചേരാൻ തങ്ങളുമായി ചർച്ചയിലാണെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവു പറഞ്ഞതിനു പിന്നാലെയാണ് ബി.ജെ.പിയുടെ നീക്കം. ബി.ജെ.പിക്കുള്ളിൽ അവർ അസന്തുഷ്ടരാണെന്നും കോൺഗ്രസിൽ ചേരുമെന്നും കർണാടക ആഭ്യന്തരമന്ത്രി എം.ബി പാട്ടീലും പറഞ്ഞിരുന്നു.


 

Latest News