Sorry, you need to enable JavaScript to visit this website.

വിട പറഞ്ഞത് ജിദ്ദക്കാരുടെ പ്രിയ ഡോക്ടർ

പാണ്ടിക്കാട് അസോസിയേഷൻ സംഗമത്തിൽ ഡോക്ടർ മുസ്തഫ

ജിദ്ദ- ജിദ്ദയിലെ പ്രവാസികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത ഡോക്ടറായിരുന്നു വിട പറഞ്ഞ ഡോ. വി.പി മുസ്തഫ. അവസാനനിമിഷം വരെ കര്‍മനിരതനായാണ് മുസ്തഫ ഡോക്ടര്‍ തിരിച്ചുവരാത്ത ലോകത്തേക്ക് മടങ്ങിയത്.
പ്രവാസലോകത്ത് കാല്‍നൂറ്റാണ്ടിലേറെക്കാലം ആതുരശ്രുശ്രൂഷാരംഗത്ത് നിലയുറപ്പിച്ച ഡോക്ടര്‍ സാമൂഹ്യ സേവന മേഖലയിലും മികച്ച സാന്നിധ്യമായിരുന്നു. തന്റെ മുന്നിലെത്തുന്ന രോഗികളുടെ രോഗം മാത്രമല്ല, സാമൂഹ്യാവസ്ഥ വരെ ഡോക്ടര്‍ ചോദിച്ചറിഞ്ഞിരുന്നു. ഇന്ത്യക്കാര്‍ക്ക് പുറമെ മറ്റു രാജ്യങ്ങളിലുള്ളവര്‍ക്കും ഡോക്ടര്‍ ഏറെ പ്രിയപ്പെട്ടവനായിരുന്നു. ജിദ്ദയിലെ ഡോക്ടര്‍മാരുടെ ഗുരു കൂടിയായിരുന്നു മുസ്തഫ.
ജിദ്ദയില്‍ പാണ്ടിക്കാട് പഞ്ചായത്ത് അസോസിയേഷന്‍ (പാപ്പ) വാര്‍ഷിക സംഗമമാണ് ഡോക്ടര്‍ പങ്കെടുത്ത അവസാനത്തെ പരിപാടി. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പരിപാടിയില്‍ അദ്ദേഹം നടത്തിയ നര്‍മം കലര്‍ന്ന പ്രഭാഷണം അതില്‍ പങ്കെടുത്തവര്‍ക്ക് തീരാ നൊമ്പരമായി. ഈ പരിപാടി കഴിഞ്ഞ് ശനിയാഴ്ച രാത്രിയാണ് ഡോക്ടര്‍ നാട്ടിലേക്ക് മടങ്ങിയത്.
തന്റെ സാന്നിധ്യത്തിലൂടെ പാണ്ടിക്കാട് സംഗമത്തെ സജീവമാക്കി മടങ്ങിയ ഡോക്ടറുടെ വിയോഗം വിശ്വസിക്കാനായില്ലെന്ന് പരിപാടിയില്‍ പങ്കെടുത്ത സാദിഖ് പാണ്ടിക്കാടും അമീര്‍ ചെറുകോടും പറഞ്ഞു. അസോസിയേഷന്റെ രക്ഷാധികാരികളില്‍ ഒരാളാണ് സാദിഖ് പാണ്ടിക്കാട്.
പ്രവാസ ജീവിതത്തിന്റെ നെടുവീര്‍പ്പുകള്‍ക്കിടയില്‍ ഇത്തരം സംഗമങ്ങള്‍ വലിയ ആശ്വാസമാണെന്ന് പറഞ്ഞ് പ്രസംഗം തുടങ്ങിയ ഡോക്ടര്‍ ഭക്ഷണം ക്രമപ്പെടുത്തണമെന്നും ഉത്തരവാദിത്തം നിറവേറ്റണമെന്നും പറഞ്ഞാണ് 15 മിനിറ്റ് നീണ്ട പ്രസംഗം അവസാനിപ്പിച്ചിരുന്നത്. വേദിയിലെത്തി ഗായകരെ അനുമോദിച്ച അദ്ദേഹം ഭക്ഷണവും കഴിഞ്ഞ് വൈകിയാണ്  ഫ് ളാറ്റിലേക്ക് പോയിരുന്നത്.

 

 

Latest News