Sorry, you need to enable JavaScript to visit this website.

കാർഷിക മേഖലയിൽ 20 തൊഴിലുകൾ സൗദിവൽക്കരണത്തിൽനിന്ന് ഒഴിവാക്കി

റിയാദ് - കാർഷിക മേഖലയുമായി ബന്ധപ്പെട്ട ഇരുപതു തൊഴിലുകളെ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം സൗദിവൽക്കരണത്തിൽനിന്ന് ഒഴിവാക്കിയതായി റിപ്പോർട്ട്. 
മത്സ്യബന്ധന തൊഴിലാളി, കൃഷി തൊഴിലാളി, കറവക്കാരൻ, കാലികൾക്കും മറ്റും തീറ്റ നൽകുന്ന തൊഴിലാളി, കാലി വളർത്തൽ തൊഴിലാളി, കശാപ്പുശാല തൊഴിലാളി, വിളവെടുപ്പ് തൊഴിലാളി, തേനീച്ച വളർത്തൽ തൊഴിലാളി, ഈത്തപ്പന തൊഴിലാളി, ഇടയൻ, കാലിക്കൂട് തൊഴിലാളി, മുട്ടവിരിയിക്കൽ തൊഴിലാളി, ഹാച്ചറി തൊഴിലാളി, രോമം വെട്ടൽ തൊഴിലാളി, കശാപ്പുകാരൻ, കുതിര പരിപാലകൻ, കുതിരലാടം തൊഴിലാളി, കാർഷികോപകരണ ഡ്രൈവർ, കാലികൾക്ക് വെള്ളം എത്തിക്കുന്ന ടാങ്കർ ഡ്രൈവർ, കാലികളെ നീക്കം ചെയ്യുന്ന വാഹനങ്ങളുടെ ഡ്രൈവർ എന്നീ പ്രൊഫഷനുകളെയാണ് സൗദിവൽക്കരണത്തിൽനിന്ന് ഒഴിവാക്കിയിരിക്കുന്നത്. 
പരിസ്ഥിതി, ജല, കൃഷി മന്ത്രാലയവും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും ഒപ്പുവെച്ച കരാർ പ്രകാരം പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം നിർദേശിക്കുന്നവർക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം താൽക്കാലിക, സീസൺ തൊഴിൽ വിസകൾ അനുവദിക്കും. കർഷകർക്കും ജലവിനിയോഗം നിയന്ത്രിക്കുന്ന ആധുനിക ജലസേചന സംവിധാനങ്ങൾ ഏർപ്പെടുത്തുന്ന കാർഷിക മേഖലാ നിക്ഷേപകർക്കും വിദേശങ്ങളിൽനിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിസകൾ അനുവദിക്കുന്നതിന് ആവശ്യമായ സമ്മതപത്രങ്ങൾ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം കൈമാറും. മറ്റു സ്‌പോൺസർമാർക്കു കീഴിലെ തൊഴിലാളികളെ അജീർ സംവിധാനം വഴി താൽക്കാലിക കരാർ അടിസ്ഥാനത്തിൽ നിയമാനുസൃതം പ്രയോജനപ്പെടുത്തുന്നതിന് കാർഷിക മേഖലയെ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അനുവദിക്കുകയും ചെയ്യും. 
രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ സാക്ഷാത്ക്കരിക്കുന്നതിനുള്ള വിഷൻ 2030 പദ്ധതിക്ക് പിന്തുണ നൽകുന്നതിനും കാർഷിക മേഖലയുടെ വളർച്ചക്ക് സഹായിക്കുന്നതിനും ലക്ഷ്യമിട്ടാണ് കാർഷിക മേഖലക്ക് സൗദിവൽക്കരണത്തിൽ ഇളവുകൾ നൽകുന്നതിനുള്ള കരാറിൽ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയവും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും ഒപ്പുവെച്ചത്. കാർഷിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനും ലഭ്യമാക്കുന്നതിനും, കാർഷിക മേഖല നേരിടുന്ന പ്രയാസങ്ങളെക്കുറിച്ച് വിശദമായി പഠിച്ചുമാണ് ഇരുപതു തൊഴിലുകളെ സൗദിവൽക്കരണത്തിൽനിന്ന് ഒഴിവാക്കുന്നതിന് ഇരു മന്ത്രാലയങ്ങളും തീരുമാനിച്ചത്.
കാർഷിക മേഖലയുടെ വികസനത്തിനും വളർച്ചക്കും ഏറ്റവും മികച്ച നിലയിൽ പ്രയോജനപ്പെടുത്തുന്നതിന് സാധിക്കുന്നതിന് കാർഷിക മേഖലാ തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് ആവശ്യക്കാർക്ക് കൈമാറുന്നതിന് സഹകരണ സംഘങ്ങളെ ഇരു മന്ത്രാലയങ്ങളും പ്രോത്സാഹിപ്പിച്ചു. കാർഷിക മേഖലയിലെ ഉന്നത തൊഴിലുകൾ സൗദിവൽക്കരിക്കുന്നതിനും യോഗ്യരായ തൊഴിലാളികളെ കർഷകർക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികൾ എളുപ്പമാക്കുന്നതിനും ഇരു മന്ത്രാലയങ്ങളും സഹകരണം തുടരും. 
അഗ്രിക്കൾച്ചറൽ എൻജിനീയറിംഗ്, വെറ്ററിനറി, മാർക്കറ്റിംഗ്, സപ്പോർട്ടിംഗ് സർവീസുകൾ തുടങ്ങി കാർഷിക മേഖലയിലെ ഉന്നത തൊഴിലുകൾ സൗദിവൽക്കരിക്കുന്നതിനാണ് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം ശ്രമിക്കുന്നത്. 

 

Latest News