Sorry, you need to enable JavaScript to visit this website.

രാഹുലിന്റെ സന്ദര്‍ശനം ഗംഭീരം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആഹ്ലാദം

ദുബായ്- കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ദ്വിദിന യു.എ.ഇ സന്ദര്‍ശനത്തിന്റെ ഗംഭീരവിജയത്തില്‍ ആഹ്ലാദത്തോടെ ഗള്‍ഫിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒ.ഐ.സി.സിയും. യു.എ.ഇ.യിലെ കോണ്‍ഗ്രസിന്റെ പോഷകസംഘടനയായ ഇന്‍കാസും സൗദിയിലെ ഒ.ഐ.സി.യും സന്ദര്‍ശനം വിജയിപ്പിക്കുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്.

ഗ്രൂപ്പുവൈരവും പോരുമെല്ലാം മാറ്റിവെച്ചാണ് യു.എ.ഇ. യിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെല്ലാം അഖിലേന്ത്യാ അധ്യക്ഷന്റെ വരവ് വിജയിപ്പിക്കാന്‍ രംഗത്തിറങ്ങുകയായിരുന്നു. മുസ്‌ലിം ലീഗിന്റെ കീഴിലുള്ള കെ.എം.സി.സി.യും മത്സരബുദ്ധിയോടെതന്നെ രംഗത്തിറങ്ങിയപ്പോള്‍ താഴെത്തട്ടില്‍ രാഹുലിന്റെ പരിപാടികളുടെ സന്ദേശം പ്രചരിപ്പിക്കല്‍ എളുപ്പമായി.

നിരവധി ആലോചനായോഗങ്ങളും ആസൂത്രണങ്ങളും നടന്നതോടെ ഓരോ സ്ഥലത്തുനിന്നും കൂട്ടത്തോടെ പ്രവര്‍ത്തകരെ സമ്മേളനസ്ഥലത്ത് എത്തിക്കാനുമായി. പൊതുസമ്മേളനം വിജയിപ്പിച്ചതിന് കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നന്ദിയും അഭിനന്ദനവും അറിയിച്ചുകൊണ്ട് രാഹുല്‍തന്നെ കുറിച്ചത് ഇന്‍കാസ് നേതൃത്വത്തിന് ഏറെ ആവേശം നല്‍കി. യു.എ.ഇ. പ്രസിഡന്റ് മഹാദേവന്‍ വാഴശ്ശേരിയുടെയും ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലിയുടെയും നേതൃത്വത്തില്‍ ഞായറാഴ്ച യാത്രയാക്കാനായി ഇന്‍കാസ് പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചപ്പോഴും രാഹുല്‍ സന്തോഷം അറിയിച്ചു.

ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ രാഹുലിന്റെ പര്യടനം വിജയിപ്പിക്കാനായതിലെ സന്തോഷം കെ.എം.സി.സി. നേതൃത്വവും പങ്കുവെക്കുന്നു. പൊതുസമ്മേളനത്തിന് മാത്രമായി കേരളത്തില്‍നിന്ന് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. എത്തിയതും ലീഗ് പ്രവര്‍ത്തകര്‍ക്ക് ആവേശമായി. കെ.എം.സി.സി.യുടെ എല്ലാ സംഘടനാ സംവിധാനങ്ങളും പരിപാടിക്കായി ഉപയോഗിച്ചിരുന്നു.

 

Tags

Latest News