Sorry, you need to enable JavaScript to visit this website.

ഗള്‍ഫിലേക്ക് വരുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ കുറവ്

അഞ്ചു വര്‍ഷത്തിനിടെ 62 ശതമാനം കുറവെന്ന് കണക്കുകള്‍, സാമ്പത്തിക പ്രതിസന്ധിയും സ്വദേശിവത്കരണവും കാരണം


കുവൈത്ത് സിറ്റി- ജോലിക്കായി ഗള്‍ഫ് രാജ്യങ്ങളിലേക്ക് വരുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി കണക്കുകള്‍. ഇന്ത്യയില്‍നിന്ന് ജി.സി.സി രാജ്യങ്ങളിലേക്ക് പോകുന്നവരുടെ എമിഗ്രേഷന്‍ ക്ലിയറന്‍സ് അനുസരിച്ച് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2018 ല്‍ 21 ശതമാനം കുറവു വന്നുവെന്നാണ് കണക്ക്. 2018 ല്‍ 2,95,000 ക്ലിയറന്‍സ് മാത്രം അനുവദിച്ചപ്പോള്‍ 2017 ല്‍ ഇത് 3,74,000 ആയിരുന്നു.

കുവൈത്തിലേക്ക് കുടിയേറിയ ഇന്ത്യക്കാരുടെ എണ്ണത്തില്‍ ഏഴ് ശതമാനം കുറവു വന്നതായി കുവൈത്ത് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 2017 ല്‍ 56,000 പേര്‍ വന്നെങ്കില്‍ 2018 ല്‍ അത് 52,000 ആയി കുറഞ്ഞു.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ (2014-2018) ജി.സി.സി രാജ്യങ്ങളിലേക്ക് കുടിയേറിയ ഇന്ത്യക്കാരുടെ എണ്ണത്തില്‍ 62 ശതമാനം കുറവുണ്ടെന്നാണ് കണക്ക്. കുവൈത്തിലേക്ക് മാത്രം വന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ ഇത് 35 ശതമാനമാണ്.
2018 ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ എത്തിയത് യു.എ.ഇയിലാണ്. രണ്ടാം സ്ഥാനം സൗദി അറേബ്യക്കാണ്. മൂന്നാമത് കുവൈത്ത്.

ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ഏറ്റവും പ്രിയമുള്ള ഇടം എന്ന സ്ഥാനം സൗദി അറേബ്യക്ക് നഷ്ടമായതായും ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. 2014 ല്‍ ജോലിക്കായി സൗദി അറേബ്യയിലേക്ക് സഞ്ചരിച്ച ഇന്ത്യക്കാരുടെ എണ്ണം 3,29,000 ആയിരുന്നുവെങ്കില്‍ അഞ്ചു വര്‍ഷം കൊണ്ട് ഇത് 65,000 ആയി കുറഞ്ഞു. 80 ശതമാനമാണ് കുറഞ്ഞത്.

ജി.സി.സി രാജ്യങ്ങളില്‍ ഖത്തര്‍ മാത്രമാണ് ഇന്ത്യന്‍ പ്രവാസികളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയത്. 2017 ല്‍ 25,000 ഇന്ത്യക്കാരാണ് ഖത്തര്‍ തെരഞ്ഞെടുത്തതെങ്കില്‍ 2018 ല്‍ അത് 32,000 ആയി കൂടി.

ഒമാനില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തുന്നതായി ടൈംസ് ഓഫ് ഒമാന്‍ ദിനപത്രവും റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ ഉദ്ധരിച്ചാണ് പത്രത്തിന്റെ റിപ്പോര്‍ട്ട്. ഇ-മൈഗ്രേറ്റ് പോര്‍ട്ടല്‍ സംവിധാനത്തിലൂടെ ഒമാനിലേക്ക് വരുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ 2010 ന് ശേഷം 65.84 ശതമാനം കുറവ് വന്നതായാണ് കണക്ക്. 2010 ല്‍ 1,05,513 പേരാണ് വന്നതെങ്കില്‍ 2018 ല്‍ 36,037 പേര്‍ മാത്രമാണ് എത്തിയത്.

ജി.സി.സി രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധികളും എണ്ണ വിലയിലുണ്ടായ ഇടിവും സ്വദേശിവത്കരണ പ്രക്രിയയുടെ ആക്കം കൂടിയതുമാണ് പ്രവാസം തെരഞ്ഞെടുക്കുന്നവരുടെ എണ്ണത്തിലുണ്ടായ കുറവിന് കാരണമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ പറഞ്ഞു.

 

 

Tags

Latest News