Sorry, you need to enable JavaScript to visit this website.

ചരിത്രത്തിലെ വിദൂഷകന്മാർ

കഥയെ ചരിത്രമാക്കാനുള്ള ഉദ്യമം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഹിപ്പോക്രിറ്റസ് ആണ് ചരിതത്തിന്റെ പിതാവ് എന്നു കരുതുന്നുവെങ്കിൽ ഹിപ്പോക്രിറ്റസിനു മുമ്പ് തുടങ്ങിയതാണ് സങ്കൽപത്തെ ചരിത്രമാക്കുന്ന പ്രവണത എന്നു പറയേണ്ടി വരും. ഏതു രീതിയിലെങ്കിലും അധികാരം കൈയാളിയവർ തങ്ങൾക്കനുകൂലമായി ചരിത്രത്തെ നിർമിക്കാനോ അപനിർമിക്കാനോ ശ്രമിച്ചതിന്റെ പ്രമാണമാണ് വാസ്തവത്തിൽ ചരിത്രം.  ചരിത്രം ആവർത്തിക്കപ്പെടുന്നു, പ്രഹസനമായി, എന്നല്ലേ?

താഴമൺ തന്ത്രിയുടെ പാരമ്പര്യത്തെപ്പറ്റി ആകാശവാദം നടന്നുകൊണ്ടിരിക്കേ, ഇരുപത്തഞ്ചു കൊല്ലം മുമ്പ് പോൾ ജോൺസൺ ഒരു പുസ്തക നിരൂപണത്തിൽ പറഞ്ഞ ചില കാര്യങ്ങൾ വീണ്ടും ഓർത്തുപോയി. യേശുവിന്റെ ജീവിതം ചിത്രീകരിച്ചുകൊണ്ട് സ്ത്രീവാദി എന്നവകാശപ്പെട്ട ഒരു ഓസ്‌ട്രേലിയൻ ചിന്തക എഴുതിയതായിരുന്നു പുസ്തകം.  വിശ്വാസി എന്ന നിലക്ക് പോൾ ജോൺസൺ തന്നെ രചിച്ച ജീവചരിത്രം അന്ന് പുറത്തിറങ്ങിയിരുന്നില്ല.
സ്ത്രീവാദി ചരിത്രകാരിയുടെ ശ്രമം  മനുഷ്യ പുത്രനെ തനി മനുഷ്യനായിത്തന്നെ അവതരിപ്പിക്കാനായിരുന്നു. മനുഷ്യന്റെ മഹത്തും മലീമസവുമായ ഭാവങ്ങളെല്ലാം അതിൽ രേഖപ്പെടുത്തുകയോ ഭാവിച്ചെടുക്കുകയോ ചെയ്തു. എഴുത്തും വായനയും കഷ്ടിച്ച് രൂപപ്പെട്ടിരുന്ന കാലത്തേക്ക് തിരിഞ്ഞുനോക്കിക്കൊണ്ടുള്ള ചരിത്രരചനയിൽ അനുമാനവും അപഗ്രഥനവും ഒരുപോലെ നിറഞ്ഞുനിന്നതിൽ അത്ഭുതപ്പെടാനില്ല. പോൾ ജോൺസൺ ഗ്രന്ഥകാരിയുടെ ആ അവശതകൾ മാനിക്കുകയും ചെയ്തു. 
ന്യൂ സ്‌റ്റേറ്റ്‌സ്മാൻ എന്ന ഇടതു വാരികയുടെ എഡിറ്ററും ക്രിസ്റ്റ്യൻ ചരിത്രകാരനുമായിരുന്ന പോൾ ജോൺസൺ അംഗീകരിക്കാൻ മടിച്ചത് യേശുവിന്റെ തീർത്തും സാധാരണീകൃതമായ, അല്ലെങ്കിൽ, മാനുഷീകൃതമായ ജീവിത സന്ദർഭങ്ങളുടെ അവതരണമായിരുന്നു.  ഊഹിച്ചെടുക്കാൻ മാത്രം പോന്ന സംഗതികളും സംഭവങ്ങളും അതിലളിതമായി ചിത്രീകരിച്ചപ്പോൾ ഇരുപതാം നൂറ്റാണ്ടിലെ ഒരു മധ്യേഷ്യൻ തെരുവിൽ കണ്ടുമുട്ടാവുന്ന ഒരു സാധാരണക്കാരന്റെ രൂപരേഖയായി. ആരെയാണോ വരച്ചുവെക്കാൻ നോക്കിയത് അതിൽനിന്ന് ഏറെ വ്യത്യസ്തമായി തെളിഞ്ഞുവന്ന രൂപം. ചരിത്ര രചനയിൽ കയറിക്കൂടാവുന്ന ആ വൈകല്യം പോൾ ജോൺസൺ ചൂണ്ടിക്കാട്ടി.
യേശുവിനേക്കാൾ കൂടുതൽ പഴക്കമുണ്ടെന്നു പറയപ്പെടുന്ന താഴമൺ കുടുംബത്തിന്റെ പാരമ്പര്യത്തിലേക്കു കടക്കുന്നതിനു മുമ്പ് പുണ്യ പുരുഷന്മാരെ മാനുഷീകരിക്കുന്ന ചരിത്ര പ്രവണത ഒന്നു കൂടി ചൂണ്ടിക്കാട്ടട്ടെ.  പുതിയ കണക്കനുസരിച്ചാണെങ്കിൽ യേശു ശിഷ്യനായ, തികഞ്ഞ സന്ദേഹ വാദിയായ, തോമക്കു മുമ്പേ താഴമൺമഠം ഉണ്ടായിരുന്നു. 
തോമയുടെ പേരിൽ നൂറ്റാണ്ടുകൾക്കു ശേഷം സ്ഥാപിക്കപ്പെട്ട ചെന്നൈയിലെ ദേവാലയത്തിൽ പോയതോർക്കുന്നു. തോമ കുത്തേറ്റു മരിച്ചതിന്റെ ഓർമ പുലർത്താൻ ഒരു കുന്തമുനയുടെ ചീളും ചോര പുരണ്ടു നനഞ്ഞതെന്നു തോന്നുന്ന  ഇത്തിരി മണ്ണും അവിടെ പ്രദർശിക്കപ്പെട്ടിരുന്നു. അതെല്ലാം സംഭവം നടന്ന് പതിനാലു നൂറ്റാണ്ടിനു ശേഷം സ്ഥലത്തെത്തിയ പോർച്ചുഗീസുകാരുടെ ശ്രമഫലമായി, കാലത്തിന്റെ ആഘാതത്തെ മറി കടന്ന് പുനർനിർമിക്കപ്പെട്ട ഓർമത്തുണ്ടുകളായിരുന്നു. അതൊന്നും യേശുശിഷ്യനായ തോമ അമ്പത്തിരണ്ടിൽ കൊടുങ്ങല്ലൂരെത്തിയെന്ന വിശ്വാസത്തെ ചരിത്ര സത്യമായി മാനിക്കാൻ പ്രേരിപ്പിക്കുന്നതല്ലെന്നു വാദിക്കുന്നവരാണ് വലിയൊരു വിഭാഗം ചരിത്രകാരന്മാരും. ഏതാണ്ടാ വെട്ടത്തിൽ കാണേണ്ടിവരും താഴമൺ തന്ത്രത്തെയും.
സ്വന്തം പാരമ്പര്യത്തെയോ ചരിത്രത്തെയോ സംബന്ധിച്ച് താഴമൺ കുടുംബം ഔപചാരികമായി പുറപ്പെടുവിച്ച പത്രപ്രസ്താവനയിൽ പ്രധാനപ്പെട്ട രണ്ടു സംഭവങ്ങളും വർഷങ്ങളും ഉള്ളതായി കാണാം.  ഒരു തരത്തിൽ കേരള ചരിത്രവുമായിത്തന്നെ ബന്ധപ്പെട്ടു കിടക്കുന്നതാണ് ആ പരാമർശങ്ങൾ. അതിലൊന്ന് ക്രിസ്തുവിനു
ശേഷം അമ്പത്തഞ്ചാമാണ്ടു വരെ നിലയ്ക്കൽ ആയിരുന്നു താഴമൺ വാസം എന്നു സ്ഥാപിക്കുന്നു.  രണ്ട് ക്രിസ്തുവിനു മുമ്പ് നൂറാമാണ്ടിൽ പരശുരാമൻ താഴമൺ കുടുംബത്തെ ഏൽപിച്ചതാണ് തന്താധികാരം. അതു രണ്ടും ചരിത്ര വസ്തുതകളായി കണക്കാക്കിയാൽ ചില രസകരമായ നിഗമനങ്ങളിലെത്തും. ആദ്യം കണിശമായ ഉത്തരം കിട്ടാൻ ഇടയില്ലാത്ത ഒരു ചോദ്യം ഉന്നയിക്കട്ടെ.  തന്ത്രി കുടുംബം 55 ൽ നിലയ്ക്കൽ വിട്ട് ചെങ്ങന്നൂരിൽ കുടിയേറിപ്പാർക്കാൻ കാരണമെന്തായിരിക്കും? തോമ കൊടുങ്ങല്ലൂരിൽ എത്തിയത് അതിനു മൂന്നു കൊല്ലം മുമ്പാണെന്നാണ് മാർത്തോമാ പ്രമാണം. കപ്പലിറങ്ങിയ തോമ അടങ്ങിയിരുന്നില്ല. ഇടയ്ക്കു പറയട്ടെ, ബ്രിഗേഡിയർ സി. ജി വർഗീസ് എന്ന സീനിയർ സുഹൃത്ത് മധ്യേഷ്യയിൽനിന്ന് ഗുജറാത്ത് കടന്ന്  കേരളത്തിലെത്തിയ വഴി അടയാളപ്പെടുത്തുന്ന ഒരു പുസ്തകം എഴുതിയിട്ടുണ്ട്. അതു വഴി തോമാശ്ലീഹ ആദ്യമിറങ്ങിയതെന്ന സ്ഥാനം കേരളത്തിനു കൈമോശം വന്നു.
വന്ന പാടേ പുണ്യവാളൻ പള്ളി പണിയാൻ തുടങ്ങി. അത് ഏഴര പള്ളി പണിതുവെന്നത്രേ പുരാണം. അതിലൊന്നായിരുന്നു ചായൽ എന്നറിയപ്പെട്ട നിലയ്ക്കൽ. എൺപതുകളുടെ മധ്യം വരെ ആ സ്ഥലനാമം തന്നെ ഞാൻ കേട്ടിരുന്നില്ല. രണ്ടു കേരള കോൺഗ്രസുകളും കെ. കരുണാകരന്റെ കീഴിൽ അധികാരം പങ്കിടുന്ന കാലം. അലസമായ ഒരു മന്ത്രിസഭാ യോഗത്തിൽ അവർ കൂട്ടമണി അടിച്ചു. ഏതോ ഒരു തോട്ടത്തിൽ കിളച്ചുകൊണ്ടിരുന്നപ്പോൾ ഒരു കൽക്കുരിശു കിട്ടി.  ഉടനെ അത് പത്തൊമ്പതു നൂറ്റാണ്ടിനു മുമ്പ് തോമ നാട്ടിയതാണെന്ന് വിധിക്കപ്പെട്ടു. പിന്നെ നിലയ്ക്കൽ എന്ന സംജ്ഞാനാമം ഒരു പ്രസ്ഥാനത്തിന്റെ കേന്ദ്ര ബിന്ദുവായി. എന്തുകൊണ്ട് താഴമൺ അന്ന് കുടിയിറങ്ങി? 
രണ്ടാമത്തെ ചരിത്ര വസ്തുതയായി അംഗീകരിക്കപ്പെടേണ്ട പ്രസ്താവം പരശുരാമന്റെ കാലത്തെപ്പറ്റിയാണ്. നൂറു കൊല്ലമെങ്കിലും മഴുവേന്തിയ രാമൻ യേശുവിന്റെ സീനിയർ ആയിരുന്നുവെന്ന് വ്യക്തം.  പുരാണം ചരിതമായി സ്വീകരിച്ചാൽ പരശുരാമനും ദശരഥ രാമനും സമകാലികരായിരുന്നു എന്നു കാണാം. 'ഞാനൊഴിഞ്ഞുണ്ടോ
രാമൻ ഇത്രിഭുവനത്തിങ്കൽ' എന്നാക്രോശിച്ചുകൊണ്ട് പരശുരാമൻ കൗമാരം കടക്കാത്ത ദശരഥ രാമനോട് ഏറ്റുമുട്ടുകയും തോൽക്കുകയും ചെയ്തുവെന്ന് രാമായണം.
ഏതായാലും തോമാശ്ലീഹ യേശുവിനേക്കാളും സീനിയർ ആയിരുന്നുവെന്ന് പുരാവൃത്തം. പുരാവൃത്തം ചരിത്ര സത്യമായി പരിണമിക്കുന്ന പ്രക്രിയ എന്നും രസമായിരിക്കും. പരശുരാമൻ മഴുവെറിഞ്ഞ് കടലിൽനിന്നു വീണ്ടെടുത്തതാണ് കേരളം എന്ന പുരാവൃത്തത്തെപ്പോലെ  ദൃഢവും സ്ഥിരവുമായിരിക്കുന്നു തോമ കപ്പലിറങ്ങുകയും
പാലയൂരും ചായലും മറ്റും പള്ളി പണിതുവെന്ന കഥയും. കഥ കാര്യമാക്കുകയും അതിന്റെ മുകളിൽ കഥയില്ലായ്മകൾ കാട്ടിക്കൂട്ടുമ്പോഴാണ് കുഴപ്പത്തിന്റെ തുടക്കം.
കഥയെ ചരിത്രമാക്കാനുള്ള ഉദ്യമം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഹിപ്പോക്രിറ്റസ് ആണ് ചരിതത്തിന്റെ പിതാവ് എന്നു കരുതുന്നുവെങ്കിൽ ഹിപ്പോക്രിറ്റസിനു മുമ്പ് തുടങ്ങിയതാണ് സങ്കൽപത്തെ ചരിത്രമാക്കുന്ന പ്രവണത എന്നു പറയേണ്ടി വരും. ഏതു രീതിയിലെങ്കിലും അധികാരം കൈയാളിയവർ തങ്ങൾക്കനുകൂലമായി ചരിത്രത്തെ നിർമിക്കാനോ അപനിർമിക്കാനോ ശ്രമിച്ചതിന്റെ പ്രമാണമാണ് വാസ്തവത്തിൽ ചരിത്രം.  ചരിത്രം ആവർത്തിക്കപ്പെടുന്നു, പ്രഹസനമായി, എന്നല്ലേ? നമുക്ക് പ്രിയപ്പെട്ട സർവാധിപതികളിൽ ഒരാളായ സ്റ്റാലിൻ അപനിർമാണത്തിലും വിദഗ്ധനായിരുന്നു. 'സ്റ്റാലിൻ ചരിത്രത്തെ കള്ളമാക്കിയതെങ്ങനെ' എന്നായിരുന്നു ട്രോട്‌സ്‌കി എഴുതിയ ഒരു പുസ്തകത്തിന്റെ പേര് തന്നെ. അതെഴുതി ഏറെ കഴിഞ്ഞില്ല, മെക്‌സിക്കോയിൽ വെച്ച് മഞ്ഞുവെട്ടുന്ന മടവാളുകൊണ്ട് ഒരു ക്വട്ടേഷൻ കൊലയാളി ട്രോട്‌സ്‌കിയെ വെട്ടിക്കൊന്നു.  ചരിത്രം തൊട്ടു കളിക്കരുതെന്ന് ഗുണപാഠം.
ചരിത്രത്തിന്റെ സൃഷ്ടിയിലും പാലനത്തിലും സവിശേഷ ശ്രദ്ധ ചെലുത്തിയവരായിരുന്നു അശോകനും അക്ബറും മുതൽ ഇന്ദിരാഗാന്ധി വരെയുള്ളവർ. വരും തലമുറകളുടെ അറിവിനു വേണ്ടി അവർ ചരിത്ര പേടകങ്ങൾ കുഴിച്ചിടുകയോ കെട്ടിത്തൂക്കുകയോ ചെയ്തു.  സമകാലീന ചരിത്രം രേഖപ്പെടുത്താൻ നോക്കിയ ഒരു അധ്യാപകൻ ഉണ്ടാക്കിയ സിനിമക്ക് പ്രസക്തമായ പേര് കൊടുത്തു: 'ഇൻഡസ് വാലി മുതൽ ഇന്ദിര ഗാന്ധി വരെ.'
പുരാവൃത്തമായാലും പുരാണമായാലും അതും വിശ്വസിക്കാൻ ആളു കാണും. വിശ്വാസം, അതല്ലേ എല്ലാം!  

Latest News