Sorry, you need to enable JavaScript to visit this website.

രാഹുല്‍ ഗാന്ധി ദുബായില്‍ ബീഫ് കഴിച്ചു, പ്രാതലിന്റെ ചെലവ് 1500 പൗണ്ട്; എന്താണ് വസ്തുത

ദുബായ്- പ്രവാസികളില്‍ ആവേശത്തിരയിളക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ ദുബായ് സന്ദര്‍ശനം വിവാദമാക്കാന്‍ സമൂഹ മാധ്യമങ്ങളില്‍ ആസൂത്രിത ശ്രമം. പട്ടിണിയെ കുറിച്ച് സംസാരിച്ച രാഹുല്‍ ഗാന്ധി പഞ്ചനക്ഷത്ര ഹോട്ടലില്‍ 1500 പൗണ്ടിന്റെ പ്രാതല്‍ കഴിച്ചുവെന്നും അതില്‍ ബീഫ് ഉണ്ടായിരുന്നുവെന്നുമുള്ള വ്യാജ വാര്‍ത്തയാണ് ട്വിറ്ററില്‍ വൈറലായത്.
കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളില്‍ ദുബായിലും അബുദാബിയിലും സന്ദര്‍ശനം നടത്തിയ രാഹുല്‍ ഗാന്ധി വ്യവസായ പ്രമുഖന്‍ സണ്ണി വര്‍ക്കിയുടെ വസതിയില്‍ ഭക്ഷണം കഴിക്കുന്ന ഫോട്ടോയാണ് നഗരത്തിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലാക്കിയും വന്‍തുകയുടെ ബ്രേക്ക്ഫാസ്റ്റെന്നും പ്രചരിപ്പിക്കുന്നത്. രാഹുല്‍ ഗാന്ധി ബീഫ് കഴിച്ചെന്നും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ അവകാശപ്പെടുന്നു.

http://malayalamnewsdaily.com/sites/default/files/2019/01/14/rahul1.jpg
സണ്ണി വര്‍ക്കി, കോണ്‍ഗ്രസ് ഉപദേഷ്ടാവും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവുമായ  സാം പിത്രോഡ എന്നിവരോടൊപ്പമാണ് രാഹുല്‍ ഭക്ഷണം കഴിക്കാന്‍ ഇരുന്നത്. ടേബിളില്‍ നിറയെ വിഭവങ്ങളുണ്ട്. ഇതില്‍ നേര്‍പ്പിച്ച് മുറിച്ച മാംസം ബീഫാണെന്നാണ് അവകാശവാദം.
ഹില്‍ട്ടണ്‍ ഹോട്ടലില്‍ 1500 പൗണ്ട് വില വരുന്ന പ്രാതല്‍ കഴിച്ചാണ് രാഹുല്‍ പട്ടിണിയെ കുറിച്ച് സംസാരിച്ചതെന്ന് റിഷ് ബഗ്രീ എന്നയാള്‍ ട്വിറ്ററില്‍ നല്‍കിയ കുറിപ്പും ഫോട്ടോയും നൂറുകണക്കിനാളുകളാണ് ഷെയര്‍ ചെയ്തത്.

http://malayalamnewsdaily.com/sites/default/files/2019/01/14/bagree.jpg
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഫോളോ ചെയ്യുന്ന ബഗ്രിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഇതിനു മുമ്പും വ്യാജ വാര്‍ത്തകളും ഫോട്ടോകളും ഷെയര്‍ ചെയ്തിട്ടുണ്ട്.
ഹില്‍ട്ടണില്‍ രാഹുല്‍ ഗാന്ധി സാം പിത്രോഡയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെ കണ്ടുവെന്നും 1500 പൗണ്ടിന്റെ( ഏകദേശം 1,35,000 രൂപ) പ്രാതല്‍ കഴിച്ചുവെന്നുമുള്ള പോസ്റ്റ് ഫേസ് ബുക്കിലും വൈറലായിട്ടുണ്ട്.

http://malayalamnewsdaily.com/sites/default/files/2019/01/14/rahul3.jpg

ജെംസ് എജുക്കേഷന്‍, വര്‍ക്കി ഫൗണ്ടേഷന്‍ സ്ഥപകനായ സണ്ണി വര്‍ക്കിയുടെ ദുബായിലെ വസതിയിലാണ്  രാഹുല്‍ ഭക്ഷണം കഴിച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസുഫലിയടക്കമുള്ള വ്യവസായ പ്രമുഖരും വിരുന്നില്‍ പങ്കെടുത്തിരുന്നു.
ദുബായിലെ കറന്‍സി യു.എ.ഇ ദിര്‍ഹമായിരിക്കെയാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ ബ്രിട്ടീഷ് പൗണ്ടില്‍ തുക നല്‍കിയതെന്നതും മറ്റൊരു കൗതുകമാണ്.


മലയാളം ന്യൂസ് വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും ഫേസ് ബുക്ക് ലൈക്ക് ചെയ്യാം. ട്വിറ്റര്‍ ഫോളോ ചെയ്യാം

അപ്‌ഡേറ്റുകള്‍ വാട്‌സാപ്പില്‍ ലഭിക്കാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക


 

Latest News