Sorry, you need to enable JavaScript to visit this website.

കുമ്മനത്തിന്റെ ചികിത്സയും ശാഖയിലെ അക്രമവും 

കേരളത്തിലെ പഴക്കം ചെന്ന പത്രമായ ദീപികയിൽ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ജോലി ചെയ്തിട്ടുണ്ട്. മധ്യ കേരളത്തിൽ സംഘർഷത്തിന് കാരണമായ നിലയ്ക്കൽ വിഷയം കത്തിക്കാളിയപ്പോൾ കുമ്മനത്തിനായിരുന്നു പ്രതിഷേധക്കാരുടെ നേതൃത്വം. ബി.ജെ.പി സംസ്ഥാന അധ്യക്ഷനായിരിക്കെ ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ സിമന്റ് ബെഞ്ചിൽ ട്രെയിൻ കാത്തിരിക്കുന്ന ചിത്രം വന്നിരുന്നു. അത് കഴിഞ്ഞാണ് സമൂഹ മാധ്യമങ്ങളിൽ കുമ്മനം നിറഞ്ഞാടിയത്. കൊച്ചി മെട്രോ ഉദ്ഘടിക്കാൻ മോഡി എത്തിയപ്പോൾ അടുത്തിരുന്ന കുമ്മനം മലയാളത്തിന് പുതിയ പ്രയോഗവും സമ്മാനിച്ചു. അതും കഴിഞ്ഞ് മിസോറാമിലെ ഗവർണറായി ചെന്നപ്പോഴും കുമ്മനം ഫാൻസ് അദ്ദേഹത്തെ ഓർമിപ്പിച്ചു കൊണ്ടേയിരുന്നു. അവിടത്തെ ഭാഷ സംസാരിക്കാൻ പാട് പെടുന്ന കുമ്മോജികൾ നിറഞ്ഞു. അതിനിടയ്ക്കാണ് ഉത്തരേന്ത്യയിലെ ഒരു സർവകലാശാല കുമ്മനത്തിന് ഡോക്ടറേറ്റ് സമർപ്പിച്ചത്. ഇതു സംഘികളെ പരിഹസിക്കാനാണ് സഖാക്കൾ ഉപയോഗപ്പെടുത്തിയത്. സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾ പറന്നു. ഇനി മുതൽ സംഘികൾ പനി മുതൽ സർവരോഗങ്ങൾക്കും ഡോക്ടർ കുമ്മനത്തെ മാത്രമേ കാണുകയുള്ളു. കുമ്മനം മാധ്യമങ്ങൾക്കും പ്രിയപ്പെട്ട വിഷയമാണ്. സെയിൽസും വ്യൂവർഷിപ്പും കൂട്ടാൻ പറ്റും. റിപ്പോർട്ടർ ടിവിയുടെ ഫേസ്ബുക്ക് പേജിൽ കുമ്മനം അവധി ആഘോഷിക്കാൻ കേരളത്തിലെത്തുന്നുവെന്നൊരു ഫഌഷ് ന്യൂസ്. ഏതെങ്കിലും സംസ്ഥാനത്തെ ഗവർണർ വന്നാലെന്ത്, വന്നില്ലെങ്കിലെന്ത് എന്ന് വിലയിരുത്താൻ വരട്ടെ. മണിക്കൂറുകൾക്കകം ആയിരത്തിലേറെ കമന്റുകളും നൂറ് കണക്കിന് ഷെയറുമാണ് ഇതിന് ലഭിച്ചത്. കഴിഞ്ഞ വർഷം ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ ഇനിയും റിലീസ് ചെയ്തിട്ടില്ലാത്ത മലയാള സിനിമയിലെ താരമാണ് പ്രിയ വാരിയർ. ബോളിവുഡിൽ ചേക്കേറുന്ന പ്രിയ വാരിയരുടെ പുതിയ ലുക്ക് കൈരളി, ഏഷ്യാനെറ്റ്, മനോരമ ചാനലുകളുടെ പേജിൽ വന്നപ്പോഴും വൻ ആഘോഷമായിരുന്നു. സ്ഥാപനങ്ങളെ തെറി വിളിച്ച സദാചാര പുംഗവന്മാരുടെ വിലാപം കണ്ടില്ലെന്ന് വെക്കാം. മൂന്ന് ദൃശ്യമാധ്യമങ്ങൾക്കും ആവശ്യത്തിലേറെ ഹിറ്റ് ലഭിച്ചു. മലപ്പുറം ടൗൺ ഹാൾ ഉദ്ഘാടനത്തെ കുറിച്ച് ഒരു മലയാള പത്രത്തിൽ വന്ന ശീർഷകം മലപ്പുറം ടൗൺ ഹാൾ കിടു എന്നാണ്. എന്താണ് കിടു, അതിന്റെ അർഥം ഏത് നിഘണ്ഡുവിൽ കാണാനാവും? 
*** *** ***
അടുത്തിടെ കേരളത്തിൽ നടന്ന പ്രതിഷേധ സമരങ്ങൾക്ക് തീവ്രത കൂടുതലായിരുന്നു. 
പൊതു മുതൽ വ്യാപകമായി നശിപ്പിക്കപ്പെട്ടു. പതിവ് പോലെ ഏറ്റവും വലിയ രക്തസാക്ഷി കെ.എസ്.ആർ.ടി.സി തന്നെ. തകർക്കപ്പെട്ട നൂറ് ട്രാൻസ്‌പോർട്ട് ബസുകളുടെ വിലാപയാത്രയ്ക്ക് തലസ്ഥാന നഗരം സാക്ഷ്യം വഹിച്ചു. ജനങ്ങളെ ദ്രോഹിക്കാനുദ്ദേശിച്ച് ആവർത്തിച്ച് നടത്തിയ ഹർത്താലുകൾ നീതിപീഠവും ശ്രദ്ധിച്ചു. അതാണല്ലോ പുതിയ ചില നിബന്ധനകൾ കൊണ്ടുവന്നത്. കേരളത്തിൽ അക്രമങ്ങളുമായി ബന്ധപ്പെട്ട് ആറായിരത്തിലേറെ പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. പൊതു മുതൽ നശിപ്പിച്ചതിന് നഷ്ടപരിഹാരം നൽകാതെ ജാമ്യത്തിലിറങ്ങാനുമാവില്ല. ഹർത്താൽ മഴയ്ക്ക് ശേഷമെത്തിയ രണ്ടു ദിവസത്തെ പൊതു പണിമുടക്കിനായി ഉത്സാഹിച്ച് രംഗത്തിറങ്ങിയവർക്കും പണികിട്ടി. കേന്ദ്രന്റെ വകയാണെന്നതാണ് വ്യത്യാസം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ട്രെയിൻ തടഞ്ഞവരുടെ പട്ടിക തയാറാക്കി വരികയാണ് ആർ.പി.എഫ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ്. കേരളത്തിൽ ഹർത്താലായി മാറിയ പൊതു പണിമുടക്ക് ദിവസം അനന്തപുരിയിലെ സ്റ്റേറ്റ് ബാങ്ക് ട്രഷറി ശാഖയ്ക്ക് നേരെ അക്രമമുണ്ടായി. ശാഖ എന്നു കണ്ടപ്പോൾ ചെന്ന് അക്രമിച്ചു പോയതാണെന്നാണ് ഇതിനെ പരിഹസിച്ചുള്ള സംഘി ട്രോൾ. 
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ യുവതികൾ ശബരിമലയിൽ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന ഹർത്താലിൽ വ്യാപക അക്രമങ്ങളാണ് അരങ്ങേറിയത്. കൈരളി ടിവിയുടെ വീഡിയോഗ്രാഫർ ഷാജില ജോലി ചെയ്യുന്നതിനിടെയണ് അക്രമിക്കപ്പെട്ടത്. പ്രതിഷേധക്കാർ അക്രമിച്ചിട്ടും ചെറുത്ത് നിന്ന് കർത്തവ്യം നിർവ്വഹിച്ച ക്യാമറ പേഴ്‌സണാണ് ഷാജില. അക്രമിച്ചവരുടെ മുന്നിൽ ഒന്ന് പതറി കണ്ണ് നിറഞ്ഞ് പോയെങ്കിലും കർത്തവ്യ നിരതയായിരിക്കുന്ന കൈരളി ടിവിയുടെ ക്യാമറാ പേഴ്‌സൺ ഷാജിലയ്ക്ക് അഭിനന്ദന പ്രവാഹമായിരുന്നു. മലയാള സിനിമയുടെ മെഗാസ്റ്റാറും കൈരളിയുടെ ചെയർമാനുമായ മമ്മൂട്ടിയും ഷാജിലയെ അഭിനന്ദിച്ചു. ഷാജിലയുടെ ധീരതയ്ക്ക് കൈരളി ഏർപ്പെടുത്തിയ അവാർഡ് ദാന ചടങ്ങിനിടെയാണ്  ചെയർമാൻ മമ്മൂട്ടി ഷാജിലയെ അഭിനന്ദിച്ചത്. ആരോഗ്യമന്ത്രി കെ.കെ ശൈലജയും ചടങ്ങിൽ സന്നിഹിതയായിരുന്നു. ഡി.ടി.പി ഓപ്പറേറ്ററായി കൈരളിയിൽ ജോലിയിൽ പ്രവേശിച്ച് മാധ്യമ പ്രവർത്തകയായി വളർന്നതും സ്ഥാപനം പ്രോത്സാഹിപ്പിച്ചതും അവർ ചടങ്ങിൽ വിവരിച്ചു. 
*** *** ***
കണ്ണീർ പരമ്പരകൾക്കും മ്യൂസിക് റിയാലിറ്റി ഷോകൾക്കും പ്രേക്ഷകർ കുറഞ്ഞു വന്നപ്പോഴായിരുന്നു മലയാള ദൃശ്യ മാധ്യമങ്ങളിൽ അന്തി ചർച്ചയുടെ സുവർണ കാലം. മൂന്ന് നാല് വർഷം മുമ്പ് വരെ ചർച്ചകൾ കുഴപ്പമില്ലാതെ നടന്നു. അടുത്ത കാലത്താണ് ചർച്ച തീരെ അസഹ്യമായി മാറിയത്. ഒരേ വിഷയം ആഴ്ചകളോളം ചർച്ച ചെയ്യും. ഒട്ടും ആവേശകരമല്ലാതാക്കാൻ മത്സരിക്കുന്ന അതിഥികൾ. മുമ്പൊക്കെ സംവാദത്തിനിടയിലെ വെല്ലുവിളികൾ ഒരു പരിധി വരെ പ്രേക്ഷകർ ആസ്വദിച്ചിരുന്നു. റേറ്റിങ്ങും ടി.വി ചാനലുകൾ തമ്മിലുള്ള മത്സരവുമാണ് നിലവാര തകർച്ചയ്ക്ക് സാഹചര്യമൊരുക്കിയത്. 
മലയാളത്തിലെ മിക്കവാറും എല്ലാ ചാനലുകളും ഒരേ ഫോർമാറ്റിൽ പ്രവർത്തിക്കുന്നവയാണല്ലോ. പ്രോഗ്രാം ചാർട്ടെടുത്ത് നോക്കിയാൽ ഇത് വ്യക്തമാവും. ന്യൂസ് നൈറ്റ്, പാചക ക്ലാസ്, ആരോഗ്യം, ആക്ഷേപ ഹാസ്യം എന്നീ പ്രോഗ്രാമുകൾ വിവിധ സ്റ്റേഷനുകളിൽ നിന്ന് ടെലികാസ്റ്റ് ചെയ്യുന്നത് പോലും ഒരേ നേരത്ത്. 
*** *** ***
ബുക്കർെ്രെപസ് ജേതാവ് കൂടിയായ എഴുത്തുകാരി അരുന്ധതി റോയ് മെഗാസ്റ്റാർ മമ്മൂട്ടിയ്‌ക്കെതിരെ രംഗത്തെത്തി. മമ്മൂട്ടി ചിത്രമായ അബ്രഹാമിന്റെ സന്തതികളിലെ സംഘട്ടന രംഗങ്ങളിൽ കറുത്തവരെ അധിക്ഷേപിച്ചെന്നാരോപിച്ച്  മമ്മൂട്ടിക്കെതിരേ രൂക്ഷ വിമർശനമാണ് അരുന്ധതി ഉന്നയിക്കുന്നത്. ഇരുണ്ട ചർമ്മത്തിന്റെ പേരിൽ ഉത്തരേന്ത്യക്കാരാൽ പരിഹസിക്കപ്പെടുന്ന ദക്ഷിണേന്ത്യക്കാർ അതേ കാരണത്താൽ തന്നെ ആഫ്രിക്കൻ വംശജരെ അധിക്ഷേപിക്കുന്നുവെന്നാണ് അരുന്ധതിയുടെ വാദം. 
മമ്മൂട്ടിയുടെ കഥാപാത്രവും ആഫ്രിക്കൻ വംശജരും തമ്മിലുള്ള ആക്ഷൻ രംഗം ചൂണ്ടിയാണ് വിമർശനം. ക്രൂരന്മാരും വിഡ്ഡികളുമായാണ് ചിത്രത്തിൽ കറുത്തവർഗക്കാരെ കാണിച്ചിരിക്കുന്നത്. ഇത് തെറ്റായ നടപടിയാണെന്ന് അവർ പറയുന്നു.  കേരളത്തിൽ ഇല്ലാത്ത ഒരു വിഭാഗമാണ് ആഫ്രിക്കൻ വംശജർ. വംശീയത പ്രകടിപ്പിക്കാൻ വേണ്ടി മാത്രം കറുത്തവരെ ഇറക്കുമതി ചെയ്യുകയാണുണ്ടായതെന്നും അരുന്ധതി റോയ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. 
*** *** ***
ടെലിവിഷൻ റിയാലിറ്റി ഷോയെ കുറ്റം പറയുന്നവരാണേറെയും. ഇത് വഴി രക്ഷപ്പെട്ടവരും ധാരാളമാണ്. ഏതാനും വർഷങ്ങൾക്കപ്പുറം തമിഴ് ചാനലായ  കലൈജ്ഞർ ടിവിയിൽ 'നാളയ ഇയക്കുണർ' (നാളത്തെ സംവിധായകർ) എന്ന പേരിൽ റിയാലിറ്റി ഷോ ഉണ്ടായിരുന്നു. സിനിമ സ്വപ്‌നം കണ്ടു നടക്കുന്ന യുവതലമുറയ്ക്ക് പ്രോത്സാഹനമായിരുന്നു പരിപാടി. പ്രതാപ് പോത്തൻ ഈ ഷോയുടെ വിധി കർത്താക്കളിൽ ഒരാളായിരുന്നു. ചില യുവാക്കളെ അന്ന് തന്നെ അദ്ദേഹം നോട്ടമിട്ട് വെച്ചിരുന്നു. സിനിമയിൽ അവർക്ക് ഭാവി ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. തന്റെ നിഗമനം ഒട്ടും തെറ്റിയില്ലായെന്ന് തിരിച്ചറിയുകയാണ് പ്രതാപ് പോത്തൻ.  ഇപ്പോൾ സിനിമയിൽ തിളങ്ങുന്ന കാർത്തിക് സുബ്ബരാജ്, ബോബി സിംഹ, വിജയ് സേതുപതി, രാജേഷ് മുരുഗേശൻ, അൽഫോൺസ് പുത്രൻ എന്നിവരാണ് ചാനൽ കണ്ടെത്തിയ യുവാക്കളുടെ സംഘം. രജനികാന്തിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് തയാറാക്കിയ  പേട്ട പ്രദർശനത്തിനെത്തിയിരിക്കുകയാണ്. 
*** *** ***
ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ രാഹുൽ ഗാന്ധി വന്നിറങ്ങിയപ്പോൾ വൻ ജനക്കൂട്ടമാണ് സ്വീകരിക്കാൻ കാത്ത് നിന്നത്. ആരവങ്ങൾക്കിടെ രാഹുൽ ഇറങ്ങിച്ചെല്ലുകളും ആളുകൾക്ക് കൈ കൊടുക്കുകയും ചെയ്തു. ചിലരുമായി സെൽഫി എടുക്കുകയും ചെയ്തു. അക്കൂട്ടത്തിലൊരു  സുന്ദരിക്കുട്ടി സോഷ്യൽ മീഡിയയുടെ കണ്ണിലുടക്കിയിരിക്കുകയാണ്. ആരാണത് എന്ന അന്വേഷണമായി പിന്നെ... ഈ ഫോട്ടോ പൊടുന്നനെ വൈറലായി. ആരാണ് ആ പെൺകുട്ടി എന്ന ചോദ്യങ്ങളും അഭ്യൂഹങ്ങളും പരന്നു. അന്വേഷണങ്ങൾ എത്തി നിന്നത് കേരളത്തിലാണ്. 
പെൺകുട്ടി മലയാളിയാണ്. കാസർകോട് സ്വദേശിനിയായ ഹസിൻ അബ്ദുല്ല ആണ് വൈറൽ ഗേൾ. രാഹുൽ ഗാന്ധിയുടെ ആരാധികയായ ഹസിൻ സഹോദരനായ നൗഫലിനൊപ്പം രാഹുൽ ഗാന്ധിയെ കാണാൻ വിമാനത്താവളത്തിൽ ചെന്നിരുന്നു. തിരക്ക് കാരണം രാഹുലിനൊപ്പം ഫോട്ടോ എടുക്കാനായില്ല. 
ഫോട്ടോ എടുക്കണമെന്ന ആഗ്രഹവുമായി ഹസിൻ രാഹുൽ താമസിക്കുന്ന ജുമൈറ ബീച്ച് ഹോട്ടലിൽ എത്തി. രാഹുൽ ഗാന്ധിയെ കാണാൻ നേരത്തെ അനുമതി വാങ്ങിയാണ് കുടുംബത്തോടൊപ്പം ഹസിനെത്തിയത്. രാഹുലിനെ കാണുകയും സെൽഫി എടുക്കുകയും ചെയ്തു. ഈ ചിത്രം മറ്റുളളവയ്‌ക്കൊപ്പം രാഹുൽ ഗാന്ധി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ കഥ മാറി. രാഹുൽ ഈ ചിത്രം പോസ്റ്റ് ചെയ്യുമെന്നോ അത് വൈറലാകുമെന്നോ കരുതിയിരുന്നില്ലെന്ന് ഹസിൻ പറയുന്നു. 

Latest News