Sorry, you need to enable JavaScript to visit this website.

തമസ്സകറ്റും ജ്ഞാന സാഗരം; കാരന്തൂര്‍ മര്‍ക്കസിന്റെ ചരിത്രവും വളര്‍ച്ചയും

ജ്ഞാനകവാടം... കാരന്തൂർ മർക്കസിന്റെ പ്രധാന ഗേറ്റ്
ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖിനെ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാർ സ്വീകരിക്കുന്നു 

ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് കഴിഞ്ഞ മാസം കാരന്തൂർ മർകസിൽ സന്ദർശനം നടത്തി. മർകസിന്റെ ശിൽപി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാർ, കേരള ഹജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി എന്നിവരുടെ നേതൃത്വത്തിൽ മർക്‌സ് വിദ്യാർഥികളും അന്തേവാസികളും ഹൃദ്യമായ സ്വീകരണം നൽകി. വിവിധ സംസ്ഥാനക്കാരായ വിദ്യാർഥികളുമായി മണിപ്പൂരിലെ ഇംഫാൽ സ്വദേശിയായ കോൺസൽ ജനറൽ സംവദിക്കുകയും കാന്തപുരം അബൂബക്കർ മുസ്‌ല്യാരുടെ നേതൃപാടവത്തെ പ്രശംസിക്കുകയും ചെയ്തു.  

കാരന്തൂർ മർകസിന്റെ വിശാലമായ അന്തരീക്ഷം, പ്രശാന്തി, സ്വഛത. എല്ലാം പുതിയ അനുഭവമായിരുന്നു. അവിടെ പഠിക്കുന്ന ആറായിരം വിദ്യാർഥികൾ. ഡിജിറ്റൽ - സ്മാർട്ട് ക്ലാസ് മുറികൾ, മൂന്നാം വയസ്സ് തൊട്ടേ ഖുർആൻ ഹൃദിസ്ഥമാക്കിപ്പോരുന്ന കുരുന്നുകൾ, നിയമം, ജേണലിസം, യുനാനി, ഹോമിയോപ്പതി.. നിരവധി ഡിപ്പാർട്ടുമെന്റുകൾ. പരിചയ സമ്പന്നരായ അധ്യാപകർ. പ്രകൃതിയുമായി ഇണങ്ങുന്ന ആകർഷകമായ കാമ്പസ്, മരുഭൂമിയിലെ പോലെ ഈത്തപ്പനകൾ കുലച്ച് നിൽക്കുന്ന ഓഫീസ് മുറ്റം.. ആദരണീയനായ എം.എ. യൂസഫലി നിർമിച്ചു നൽകിയ അറേബ്യൻ വാസ്തുശിൽപ മാതൃകയിലുള്ള മനോഹരമായ കവാടം.. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ. 
കശ്മീരിലെ കുട്ടികളെ കാണാനും അവരുമായി സംവദിക്കാനും സാധിച്ചു. ജമ്മു കശ്മീരിലെ മൂന്നാമത്തെ നഗരമായ, വെടിമുഴക്കങ്ങൾ നിലയ്ക്കാത്ത അനന്ത്‌നാഗിൽ നിന്നുള്ള ആലം ഷാ എന്ന വിദ്യാർഥി പറയുന്നു: ഇവിടെ വന്നില്ലായിരുന്നുവെങ്കിൽ ഏതെങ്കിലും ബയണറ്റിൻ മുന തുളച്ച് എന്റെ ജീവിതം അവസാനിച്ചേനേ.. (ഷാലിമാർ ഹൗസ് എന്ന് കശ്മീരി വിദ്യാർഥികളുടെ ഹോസ്റ്റൽ റൂമിന് പേരിട്ടയാളുടെ കാവ്യഭാവന അതീവ സമ്പന്നമെന്ന് തോന്നി). മസ്ജിദിനകത്തെ സ്വീകരണവും തൂവെൺമയാർന്ന പൊയ്ക പോലെ കണ്ണിനിമ്പം പകരുന്ന വിദ്യാർഥികളുടെ കൂട്ടായ്മയും അതീവ  ഹൃദ്യമായി. 

മർകസ്- ചരിത്രത്തിലൂടെ...
സമാനതകളില്ലാത്ത ഒരു ജനകീയ സർവകലാശാലയുടെ മഹോദയത്തിനാണ് മർകസിന്റെ പ്രാദുർഭാവം സാക്ഷ്യം വഹിച്ചത്. നാലു പതിറ്റാണ്ടിനകം നാൽപതിനായിരത്തോളം വിദ്യാർഥികളെയും 88,901 പൂർവ വിദ്യാർഥികളെയും ഈ സ്ഥാപനം സൃഷ്ടിച്ചുവിട്ടുവെന്നോർക്കുമ്പോൾ അക്ഷരാർഥത്തിൽ തന്നെ ഇതിന്റെ ജനകീയത ബോധ്യമാവും. പഠനം പൂർത്തിയാക്കിയ 5433 അനാഥർ. അയ്യായിരത്തിലധികം അനാഥ ബാല്യങ്ങൾക്ക് ഹോംകെയർ പദ്ധതിയിലൂടെ സംരക്ഷണം. റൈഹാൻ വാലി, ഗ്രീൻവാലി, മർകസ് വയനാട് ഓർഫനേജ്, കശ്മീരി ഹോം, ഗേൾസ് ഓർഫനേജ് മരഞ്ചാട്ടി ഇവയൊക്കെ യത്തീമുകളുടെ കണ്ണീരൊപ്പുന്ന മർകസ് സ്ഥാപനങ്ങളായി ഉയർന്നു. അറിവിന്റെ അദൃശ്യ കവാടങ്ങൾ തുറക്കപ്പെടുകയായിരുന്നു. 
1978 ൽ മർകസ് ആരംഭം കുറിക്കുന്നത് കേരളത്തിലെ പരമ്പരാഗത മുസ്ലിംകളുടെ സാമൂഹിക മുന്നേറ്റത്തെ സവിശേഷമയൊരു തലത്തിലേക്ക് പരിവർത്തിപ്പിക്കുന്നുണ്ടെന്ന് തോന്നുന്നു. ആ കാലഘട്ടത്തിലാണ് ലോകത്തിലെ പ്രമുഖ പണ്ഡിതനായ സയ്യിദ് മുഹമ്മദ് അലവി മാലികി മക്ക മർകസിന് ശില യിടാനെത്തുന്നത്. മാലിക്കിയുടെ കേരളത്തിലേക്കുള്ള ആഗമനം തന്നെ പുതിയൊരു വൈജ്ഞാനിക പ്രയാണത്തിന്റെ വീണ്ടെടുക്കലായിരുന്നു. കേരളീയ മുസ്ലിംകളും ലോകത്തെ പ്രധാനപ്പെട്ട മുസ്ലിം പണ്ഡിതന്മാരുമെല്ലാം തമ്മിലുള്ള പരസ്പര വിനിമയം ഇതോടെ  സുദൃഢമാവുകയായിരുന്നു. 


മർകസ് മുന്നോട്ടു വെച്ച നൂതനമായ വിദ്യാഭ്യാസ സംസ്‌കാരം സമൂഹത്തിലെ ഏറ്റവും താഴേ തട്ടിലുള്ള ആളുകളെ കേന്ദ്രീകരിച്ചായിരുന്നു. ഉപരിവർഗത്തിന്റെ വൈജ്ഞാനിക സംഭാവനകൾ മാത്രം മുഖ്യധാരയിൽ ഹൈലൈറ്റ് ചെയ്യപ്പെട്ടപ്പോൾ തീർച്ചയായും പാർശ്വവൽകരിക്കപ്പെട്ടവർക്കു വേണ്ടി നിലകൊള്ളുന്നവരുടെ സ്വരം ആരും കേട്ടില്ല. അതിനൊരപവാദമായിരുന്നു മർകസ്.
ഓർഫനേജാണ് മർകസിന്റെ ആദ്യ സ്ഥാപനം. എഴുപതുകളുടെ അവസാനത്തിലോ എൺപതിലുകളിലോ ഒക്കെ സാഹസികമായിരുന്നു ദരിദ്ര കുടുംബങ്ങളിലെ അനാഥരുടെ ജീവിതങ്ങൾ. ഗൾഫിലേക്കുള്ള കുടിയേറ്റം ആരംഭിക്കുന്നേയുണ്ടായിരുന്നുള്ളൂ. ആ കാലഘട്ടത്തിലാണ് യത്തീം കുട്ടികളുടെ ജീവിത പുരോഗതി ലക്ഷ്യം വെച്ച് ഉസ്താദ് കാന്തപുരം ഈ സ്ഥാപനം ആരംഭിക്കുന്നത്. സമുദായത്തിനകത്ത് രൂപപ്പെട്ട ശിഥിലീകരണ പ്രവണതകളെയും വിയോജിപ്പുകളെയും ധീരമായി മറികടന്നാണ് മർകസ് ഇവ്വിധം വളർച്ചയിലേക്ക് കുതിച്ചത്. സയ്യിദ് അബ്ദുൽ ഖാദിർ അഹ്ദൽ അവേലവും കാന്തപുരവും മറ്റും വിശ്രമമില്ലാതെ ഓടി നടന്നു. ഒരു സമൂഹത്തിന്റെ അനുക്രമമായ വികാസത്തിന്റെ വീഥികൾ തെളിഞ്ഞു. പിന്നിൽ നിറഞ്ഞ പിന്തുണയുമായി ആത്മീയ നേതാക്കളുടെ വലിയ സാന്നിധ്യമുണ്ടായിരുന്നു. സി.എം വലിയുല്ലാഹിയും വടകര മുഹമ്മദ് ഹാജി തങ്ങളുമെല്ലാം പ്രാർത്ഥനകളും ആശീർവാദങ്ങളുമായി കൂടെ നിന്നു
1980 കൾ മുതൽ അഭിമാനത്തോടെ സുന്നികൾ നിവർന്നുനിന്നു കേരളത്തിൽ. സുന്നി യുവജന സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന ശക്തമായ പ്രവർത്തനങ്ങളും വിദ്യാഭ്യാസപരമായി മർകസ് കേന്ദ്രീകരിച്ചുണ്ടായ വളർച്ചയും അനിതര സാധാരണമായ ഊർജം അവരിൽ പ്രവഹിപ്പിച്ചു. അങ്ങനെ ഇന്ന് കാണുന്ന മർകസ് യാഥാർഥ്യമായി.ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ്, കോൺസുലേറ്റ് ഉദ്യോഗസ്ഥൻ ബോബി മാനാട്ട് തുടങ്ങിവർ കഴിഞ്ഞ മാസം കാരന്തൂർ മർകസിൽ സന്ദർശനം നടത്തി. മർകസിന്റെ ശിൽപി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാർ, കേരള ഹജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർഥികളും അന്തേവാസികളും ഇവർക്ക് ഹൃദ്യമായ സ്വീകരണം നൽകി. വിവിധ സംസ്ഥാനക്കാരായ വിദ്യാർഥികളുമായി മണിപ്പൂരിലെ ഇംഫാൽ സ്വദേശിയായ കോൺസൽ ജനറൽ സംവദിക്കുകയും കാന്തപുരം അബൂബക്കർ മുസ്‌ല്യാരുടെ നേതൃപാടവത്തെ പ്രശംസിക്കുകയും ചെയ്തു.  

വിജ്ഞാന ശ്രേണികൾ
മർകസിനു കീഴിൽ ഒന്നൊന്നായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി. ആദ്യം യതീംഖാന. തുടർന്ന് ശരീഅത്ത് കോളേജ്, എയ്ഡഡ് സ്‌കൂളുകൾ, ബോർഡിംഗ്, ഹിഫ്ളുൽ ഖുർആൻ കോളേജ്, ആർട്സ് കോളേജ്, ഐ.ടി.സി, വനിതാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിങ്ങനെ തൊണ്ണൂറുകളുടെ തുടക്കമായപ്പോഴേക്കും വ്യത്യസ്ത സ്ഥാപനങ്ങളുടെ ശൃംഖലയായി മർകസ് മാറി.
കേവല വിദ്യാഭ്യാസ കേന്ദ്രങ്ങൾ മാത്രമായിരുന്നില്ല ഇവ. ചിട്ടയായ ആലോചനകളോടെയും ആസൂത്രണങ്ങളോടെയും ആരംഭിച്ച് അക്കാദമിക തലത്തിൽ ഉന്നത നിലവാരം പുലർത്തുന്ന സ്ഥാപനങ്ങളായിരുന്നു. മർകസ് ഹൈസ്‌കൂളിലെ ആദ്യ എസ്.എസ്.എൽ.സി ബാച്ച് കോഴിക്കോട് ജില്ലയിൽ തന്നെ മികച്ച വിജയ ശതമാനം കരസ്ഥമാക്കിയത് ഇതിനുദാഹരണമാണ്. എൺപതുകളിലും തൊണ്ണൂറുകളിലും മർകസ് ആർട്സ് കോളേജിൽ പഠനം പൂർത്തിയാക്കി ഇറങ്ങിയ തലമുറ ഇന്ന് സുന്നികളുടെ ധൈഷണികവും വൈജ്ഞാനികവുമായ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുന്നവരാണ്. ജാമിഅ മില്ലിയ യൂണിവേഴ്സിറ്റി പ്രൊഫസറായ അശ്റഫ് ഇല്ല്യൻ, പാലക്കാട് വിക്ടോറിയ കോളേജ് ഇംഗ്ലീഷ് വിഭാഗം പ്രൊഫസർ ഡോക്ടർ അബൂബക്കർ പത്തംകുളം, ഓസ്ട്രേലിയയിൽ വിദ്യാഭ്യാസ രംഗത്ത് പുതിയ ചലനങ്ങളുണ്ടാക്കിയ അമീർ ഹസൻ, മർകസിന്റെ വിവിധ സംരംഭങ്ങളെ നിയന്ത്രിക്കുന്ന ഉനൈസ് മുഹമ്മദ്, അഡ്വ. സമദ് പുലിക്കാട്, റഷീദ് പുന്നശ്ശേരി തുടങ്ങിയവർ വിവിധ തലങ്ങളിൽ സർഗാത്മകവും സാമൂഹികവുമായ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. സിവിൽ സർവീസുകാരനേയും ഐ.ഐ.ടി-എൻ.ഐ.ടി-ഐ.ഐ.എം ബിരുദധാരികളേയും മർകസ് സംഭാവന ചെയ്തു. 
മർകസ് യതീംഖാനയിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിക്ക് കേവലം പത്താം ക്ലാസ് വരെ മാത്രമയിരുന്നില്ല പഠന സൗകര്യം. മർകസിനു കീഴിലും പുറത്തുള്ള സ്ഥാപനങ്ങളിലും എത്ര ഉയരത്തിലും പഠിക്കാൻ മർകസ് സൗകര്യപ്പെടുത്തുകയായിരുന്നു. യത്തീംഖാനയിൽ നിന്ന് പഠനം പൂർത്തിയാക്കി ഇറങ്ങിയവരിൽ മികച്ച സ്ഥാനങ്ങളിലെത്തിയ നിരവധി പേരുണ്ടവരിൽ. റിയാദിലെ കിംഗ് സൗദ് യൂണിവേഴ്സിറ്റിയിൽ പ്രൊഫസറും കൗൺസലിംഗ് വിദഗ്ധനുമായ ഡോ. അബ്ദുൽ സലാം, റഷീദ് പുന്നശ്ശേരി, ഡോ. ശാഹുൽ ഹമീദ്, ഡോ. സ്വാലിഹ് അരീക്കോട്, ഡോ. യഅ്കൂബ് എന്നിങ്ങനെ ആ പട്ടിക നീളുന്നു. 

ശരീഅത്ത് കോളേജ് 
1981 ഏപ്രിൽ 12 നാണ് മർകസ് ശരീഅത്ത് കോളേജ് ആരംഭിക്കന്നത്. ഇ.കെ. അബൂബക്കർ മുസ്ലിയാരും പ്രഗൽഭരായ ആലിമീങ്ങളും ഉള്ള സദസ്സിൽ കണ്ണിയത്ത് അഹമ്മദ് കുട്ടി മുസ്ലിയാർ ഫത്ഹുൽ മുഈൻ ഓതിക്കൊടുത്താണ് ശരീഅത്ത് കോളേജിന്റെ തുടക്കം. 24 മുതഅല്ലിമുകളായിരുന്നു അന്നുണ്ടായിരുന്നത്. ക്രമേണ ഓരോ വർഷവും വിദ്യാർത്ഥികൾ കൂടി. കേരളത്തിന് പുറത്തേക്ക് ശരീഅത്ത് കോളേജിന്റെ ഖ്യാതി പരന്നു. അന്യസംസ്ഥാനങ്ങളിൽ നിന്ന് ധാരാളം പേർ ഓരോ വർഷവും പഠിക്കാനെത്തി. ബഹുഭാഷാ നിപുണരായ ഉസ്താദുമാർ വിജ്ഞാനം പകർന്ന് കാമ്പസിനെ ഊർജസ്വലമാക്കി. അത് വഴി മർകസ് ശരീഅത്ത് കോളേജ് പണ്ഡിതന്മാർക്ക് ആത്മാഭിമാനം നൽകി. മികച്ച ഗുരുനാഥന്മാരായിരുന്നു ശരീഅത്ത് കോളേജിലേത്. പാറന്നൂർ പി.പി. മുഹിയുദ്ദീൻ കുട്ടി മുസ്ലിയാർ, നെല്ലിക്കുത്ത് ഇസ്മായിൽ മുസ്ലിയാർ, എം.എം. അബ്ദുല്ല മുസ്ലിയാർ, ഇമ്പച്ചാലി ഉസ്താദ്, ചെറുശ്ശോല ബീരാൻ കുട്ടി മുസ്ലിയാർ, ഹുസൈൻ മുസ്ലിയാർ പടനിലം തുടങ്ങി അറിവു കൊണ്ട് മർകസിനെ പ്രൗഢമാക്കിയ പല പണ്ഡതന്മാരും വിട പറഞ്ഞു. ഇസ്ലാമിക വിജ്ഞാനപ്രഭ ശോഭയോടെ നിലനിർത്തുന്നതിൽ സഖാഫികൾ വഹിക്കുന്ന പങ്ക് അദ്വിതീയമാണ്. സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റും സിറാജുൽ ഹുദാ സ്ഥാപനങ്ങളുടെ ജനറൽ സെക്രട്ടറിയുമായ പേരോട് അബ്ദുറഹ്മാൻ സഖാഫി, മർകസ് വൈസ് പ്രിൻസിപ്പൽ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അറബിയിലും മലയാളത്തിലും നിരവധി ഗ്രന്ഥങ്ങൾ രചിച്ച മർകസ് മുദരിസ് അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, സമസ്ത മുശാവറ അംഗങ്ങളായ ചെറുശ്ശോല അബ്ദുൽ ജലീൽ സഖാഫി, ഇസ്സുദ്ദീൻ സഖാഫി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, സുന്നി ആദർശ പ്രചാരണ രംഗത്ത് നിറഞ്ഞു നിൽക്കുന്ന സുലൈമാൻ സഖാഫി മാളിയേക്കൽ, അലവി സഖാഫി കൊളത്തൂർ, ഫിജിയിൽ വിദ്യാഭ്യാസ രംഗത്ത് നൂതന വിപ്ലവമുണ്ടാക്കുന്ന യൂസുഫ് സഖാഫി, അക്കാദമിക രംഗത്ത് ഉയർന്ന ഇടങ്ങളിലെത്തിയ ഡോ. ഉമറുൽ ഫാറൂഖ് സഖാഫി, ഡോ. അബ്ദുശ്ശുകൂർ അസ്ഹരി, പ്രഭാഷണ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച റഹ്മത്തുല്ല സഖാഫി എളമരം, ശാഫി സഖാഫി മുണ്ടമ്പ്ര എന്നിങ്ങനെ വ്യതിരിക്തമായ വ്യക്തിമുദ്ര പതിപ്പിച്ച സഖാഫികൾ നിരവധി.അൽ അസ്ഹർ യൂണിവേഴ്സിയുടെ തുല്യതാ പദവിയുള്ള മർകസ് കുല്ലിയ്യയിലെ ലുഗ, ശരീഅ, ഉസൂലുദ്ദീൻ എന്നീ വകുപ്പുകളിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പഠിക്കുന്നു. എല്ലായിടങ്ങളിലേക്കും പ്രവഹിപ്പിക്കുന്നത് മർകസ് രൂപപ്പെടുത്തിയ സംസ്‌കാരമാണ്, അറിവിന്റെ ഔന്നത്യമാണ്.

നോളെഡ്ജ് സിറ്റി 
രാജ്യത്തിന്റെ വിദ്യാഭ്യാസ ഭൂപടത്തിൽ സവിശേഷവും തിളക്കമേറിതുമായ ജ്ഞാനഭൂമികയായി ശ്രദ്ധ നേടുകയാണ് മർകസ് നോളെഡ്ജ് സിറ്റി. കോഴിക്കോട് നഗരത്തിൽ നിന്ന് 40 കിലോമീറ്റർ അകലെ മനോഹരമായ കൈതപ്പൊയിൽ ഗ്രാമത്തിലെ ഈ വൈജ്ഞാനിക നഗരി അക്കാദമിക് - സാംസ്‌കാരിക വിനിമയത്തിന്റെ പുതിയൊരു വാതായനമാണ് തുറക്കുന്നത്.ജ്ഞാന സംസ്‌കൃതികൾ സമന്വയിക്കപ്പെട്ട ഗതകാലപ്രതാപത്തെ  തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്യപ്പെട്ട മർകസ് നോളെഡ്ജ്‌സിറ്റി സഹ്യാദ്രിയുടെ സാന്ദ്രസൗന്ദര്യത്തെയത്രയും ഉൾക്കൊണ്ടാണ് നിർമിക്കുന്നത്. ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസവും ആരോഗ്യവും ആതിഥ്യ മര്യാദയുമെല്ലാം ഒത്തൊരുമിക്കുന്ന ഈ കൊച്ചുപട്ടണത്തിലെ താമസം പകരുന്ന അനുഭൂതി വിവരണാതീതമാണ്. ഹരിത പ്രകൃതിയുടെ മിനിയേച്ചറാണ് നോളജ് സിറ്റി. മർകസ് നോളജ് സിറ്റിയുടെ പ്രധാന ആകർഷണ കേന്ദ്രമായാണ് കൾച്ചറൽ സെന്റർ. കൾച്ചറൽ ടൂറിസത്തിന്റെ പ്രധാന കേന്ദ്രമായി സെന്ററിനെ മാറ്റിയെടുത്തിരിക്കുന്നു. ഇസ്‌ലാമിക - ഇന്ത്യാ ചരിത്രാന്വേഷികൾക്ക് പഠിക്കാനും പകർത്താനുമുതകുന്ന നിരവധി പ്രദർശനങ്ങൾ ഹെറിറ്റേജ് മ്യൂസിയത്തിൽ ഒരുക്കാനും പദ്ധതിയുണ്ടെന്ന് മർകസ് മാനേജ്‌മെന്റ് അറിയിച്ചു. 


മർകസ് നോളജ് സിറ്റിയിൽ അന്തർദേശീയ നിലവാരമുള്ള സ്‌കൂൾ സ്ഥാപിക്കുന്നതിന് റിയാദ് ആസ്ഥാനമായ അലിഫ് എജ്യുക്കേഷണൽ ഗ്രൂപ്പുമായി ധാരണയായിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക്  പഠന - താമസ - ഭക്ഷണ സൗകര്യങ്ങളുളള സ്‌കൂളിന്റെ നിർമാണം പ്രാരംഭ ഘട്ടത്തിലാണ്. ധാർമികാന്തരീക്ഷത്തിൽ ലോക നിലവാരമുളള പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിൽ സ്ഥാപിക്കുന്ന സ്‌കൂളിൽ വിദേശികളായ അധ്യാപകരുമുണ്ടാകും. വെർച്വൽ ക്ലാസ് റൂമുകൾ, ഡിജിറ്റൽ ലൈബ്രറി, സെമിനാർ ഹാൾ, കളിസ്ഥലങ്ങൾ, കഫ്തീരിയ തുടങ്ങി എല്ലാവിധ സൗകര്യങ്ങളുമുളള കാമ്പസാണ് വിഭാവനം ചെയ്യുന്നത്. ആരോഗ്യ പരിചരണത്തിനും വ്യക്തിത്വ വികസനത്തിനും കായിക പരിശീലനത്തിനും പ്രത്യേക പരിശീലനമുണ്ടാകും. 
ടൈഗ്രിസ് വാലി - ഇത് മർകസിന്റെ കീഴിലുള്ള ലോകോത്തര നിലവാരമുള്ള ഹോളിസ്റ്റിക് വെൽനസ് സെന്ററാണ്. ഹെൽത്ത് ടൂറിസ രംഗത്ത് ഇന്ത്യയെ ലോകത്തിന്റെ നെറുകയിൽ പ്രതിഷ്ഠിക്കാൻ പര്യാപ്തമായ ഈ സംരംഭം മികച്ച ഗുണമേന്മയുള്ള ആരോഗ്യ പരിചരണം വാഗ്ദാനം ചെയ്യുന്നുവെന്നും മർകസ് മാനേജ്‌മെന്റ് വക്താവ് ജലീൽ മാട്ടൂൽ, മർകസ് മാധ്യമ വിഭാഗത്തിലെ ലുഖ്മാൻ സഖാഫി, റഷീദ് പുന്നശ്ശേരി എന്നിവർ വ്യക്തമാക്കി. മികവിന്റെ വിശ്വ കലാലയമായി പരിലസിക്കുന്ന മർകസിന്റെ ആകാശത്തെ ജ്ഞാന നക്ഷത്രങ്ങളാണ് ഓരോ ഫാക്കൽട്ടിയുമെന്നതാണ് അനുഭവ സാക്ഷ്യം.  

Latest News