Sorry, you need to enable JavaScript to visit this website.

മൈക്രോമാക്സ് ഇൻഫിനിറ്റി N 12 റിവ്യൂ: സവിശേഷതകൾ കുറവ്, പണത്തിന് മൂല്യം 

നിലവിലുള്ള മൈക്രോമാക്സ് ഫോണുകളിൽ നിന്ന് ഡിസൈനിൽ അല്പം വ്യത്യാസത്തോടെ പുറത്തിറക്കിയ സ്മാർട്ട് ഫോണാണ് മൈക്രോമാക്സ് ഇൻഫിനിറ്റി N 12. വയലെറ്റ്, നീല, ചുവപ്പ് എന്നിങ്ങനെ മൂന്നു നിറങ്ങളിലാണ് ഇത്  പുറത്തിറക്കിയത്. ഗ്ലോസി മിറർ ഫിനിഷിലാണ് ഇതിന്റെ പുറംചട്ട എന്നതിനാൽ കയ്യിൽ നിന്ന് വഴുതി പോകുന്നു എന്ന പരാതിയുണ്ട്. ഫിംഗർ പ്രിൻറ് മാഗ്നെറ്റ് ഉള്ളതാണ് മറ്റൊരു പ്രത്യേകത. 9999 രൂപയാണ് വില. 

ഡിസൈൻ:

രണ്ടു സിം കാർഡുകളും ഒരു മൈക്രോ എസ്.ഡി കാർഡും ഇതിൽ ഉപയോഗിക്കാൻ കഴിയും. ഹ്യുവെയിലെ പോലെ ഡിസൈൻ ചെയ്തിരിക്കുന്ന പിന്നിലുള്ള കാമറ ക്ലിയർ വ്യൂ കിട്ടാൻ സൗകര്യപ്രദമാണ്. ഒരു കൈ കൊണ്ട് സെൽഫി എടുക്കുമ്പോൾ വഴുതിപ്പോകാതെ സൂക്ഷിക്കണമെന്ന് മാത്രം. 

ഡിസ്‌പ്ലെ:

ഈ വിലയ്ക്ക് കിട്ടുന്ന സ്മാർട്ട് ഫോൺ എന്ന നിലയിൽ ഡിസ്‌പ്ലെ തൃപ്തികരമാണ്. ബ്രൈറ്റ്നെസ്, ഡിംനസ് ലെവലുകൾ നന്നായിട്ടുണ്ട്. സൂര്യപ്രകാശത്തിൽ എടുക്കുന്ന ഫോട്ടോകളിൽ നല്ല പ്രകാശം പതിയുമെങ്കിലും വെളിച്ചം കുറയുന്നതിനനുസരിച്ച് കളർ ടോണിൽ വ്യത്യസം പ്രകടമാകുന്നുണ്ട്.  6 ഇഞ്ച് HD+ പാനലിന് കൃത്യത അല്പം കുറവുണ്ട്. 

പുതിയ "നോച്ച്" സ്ക്രീൻ ആണ് മറ്റൊരു പ്രത്യേകത. അല്പം വൈകിയെങ്കിലും മൈക്രോമാക്‌സിൽ നിന്നുള്ള ഈ ചുവടുവയ്പ് ശ്രദ്ധേയമാണ്.


സോഫ്റ്റ്‌വെയർ പ്രത്യേകതകൾ കാര്യമായി ഒന്നുമില്ല. മറ്റു മോഡലുകളിലെ പോലെ തന്നെയുള്ള സെറ്റിങ്‌സ് ഓപ്‌ഷനുകൾ തന്നെയാണ് ഇതിലും. 

പ്രവർത്തനം:

അമിതമായി ഉപയോഗിക്കുമ്പോൾ ഫോൺ ചൂടായേക്കും. കാമറ സി.പി.യുവിന് അടുത്ത് തന്നെയായതിനാൽ, ഫോട്ടോയെടുക്കുമ്പോഴും ചെറുതായി ചൂടാകും. ഡ്യൂറ സ്പീഡ് സവിശേഷത ഉണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും കാര്യമായ പ്രകടനം കാണാനില്ല.  കാര്യമായ 'ഹാങ്ങിങ്' ഇല്ലാതെ  'സ്മൂത്ത്'  ആയ പ്രവർത്തനം ആണെന്ന് പറയാം. 

ഫേസ് അൺലോക്കും ഫിംഗർ പ്രിൻറ് സെൻസറും കൃത്യത പോരെങ്കിലും കാര്യമായ പ്രശ്നങ്ങൾ ഇല്ലാതെ പ്രവർത്തിക്കും. ഫേസ് അൺ ലോക്ക് പ്രവർത്തിക്കാൻ ഒരു സെക്കന്റിലധികം എടുക്കുന്നുണ്ട്. 13MP , 5MP സെൻസർ എന്നിവയുള്ള കാമറയാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഫോട്ടോകളിൽ വ്യക്തത പ്രകടമല്ല. പകൽ സമയമെടുക്കുന്ന ഫോട്ടോകളിലെ ''ഷാർപ്നെസ്സ്'' ഇരുട്ടിൽ എടുക്കുന്ന ചിത്രങ്ങളിൽ ഇല്ല. 


4000mAh ശേഷിയുള്ള  ബാറ്ററി ആണ് ഏറ്റവും ശക്തമായ സവിശേഷത. ഒരു ദിവസം മുഴുവനുള്ള ബാറ്ററി ചാർജ് ഇതിൽ നിലനിൽക്കുന്നുണ്ട്. അമിതമായ ഉപയോഗമാണെങ്കിലും 5 മുതൽ 8 മണിക്കൂർ വരെ ചാർജ് നിൽക്കും. 

ചുരുക്കത്തിൽ, കൊടുക്കുന്ന വിലയ്ക്ക് മൂല്യം തരുന്ന ഫോൺ എന്നു പറയാവുന്ന ഒരു തിരഞ്ഞെടുപ്പാണ് മൈക്രോമാക്സ് ഇൻഫിനിറ്റി N 12

Latest News