Sorry, you need to enable JavaScript to visit this website.

പൃഥ്വി മുതൽ അജീത് വരെ.. മനസ്സ് പിടിക്കാൻ യുവതാരങ്ങൾ

അജീത് റായ്‌

കായിക ലോകം പുതിയ വർഷത്തിലേക്ക് കടക്കുമ്പോൾ ഒരുപിടി യുവപ്രതിഭകൾ കളിക്കളവും കായികപ്രേമികളും മനസ്സും പിടിക്കാൻ കാത്തുനിൽക്കുന്നുണ്ട്.
പൃഥ്വി ഷാ-19 (ക്രിക്കറ്റ്): ഇന്റർനാഷനൽ ക്രിക്കറ്റിലെ ആദ്യ ദിനം സെഞ്ചുറിയോടെ ആരംഭിക്കാൻ അധികം പേർക്കൊന്നും സാധിക്കില്ല. ആദ്യ വർഷം ഏറ്റവും ഉയർന്ന ബാറ്റിംഗ് ശരാശരിക്കുടമയാവാനും. കാത്തിരുന്ന ഓസ്‌ട്രേലിയൻ പര്യടനത്തിൽ പരിക്കേറ്റ് നിരാശനായി മടങ്ങിയെങ്കിലും 2019 പത്തൊമ്പതുകാരനെ കാത്തിരിക്കുകയാണ്. 
അലക്‌സാണ്ടർ സ്വരേവ്-21 (ടെന്നിസ്): നോവക്-നദാൽ-ഫെദരർ ത്രിമൂർത്തികൾ തന്നെയാണ് ഒരു പതിറ്റാണ്ടായി ടെന്നിസ് ഭരിക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷാന്ത ടൂർണമെന്റ് ജയിച്ച് അലക്‌സാണ്ടർ സ്വരേവ് പ്രതീക്ഷയുയർത്തുകയാണ്. എ.ടി.പി ഫൈനൽസിൽ നോവക്കിനെയും ഫെദരറെയും തുടർച്ചയായ മത്സരങ്ങളിൽ സ്വരേവ് തോൽപിച്ചു. 
ജോഫ്ര ആർച്ചർ-23 (ക്രിക്കറ്റ്) - ബാർബഡോസിൽ ജനിച്ച ജോഫ്ര ആർച്ചർ ഇതുവരെ ബ്രിട്ടിഷ് പൗരനായിട്ടില്ല. മാർച്ചിൽ പൗരത്വ നടപടികൾ പൂർത്തിയാവുമെന്ന് കരുതുന്നു. എങ്കിൽ ലോകകപ്പിൽ ജോഫ്രയെ ഇംഗ്ലണ്ട് നിരയിൽ കാണാനായേക്കും. തീപ്പാറും വേഗത്തിൽ പന്തെറിയാനും വാലറ്റത്ത് വെടിക്കെട്ടുതിർക്കാനും അമ്പരപ്പിക്കുന്ന ക്യാച്ചുകളെടുക്കാനും കഴിയും ജോഫ്രക്ക്.
റീസ് നെൽസൺ-19 (ഫുട്‌ബോൾ) -ജർമൻ ലീഗിൽ ഹോഫൻഹൈമിന് ലോണായി ആഴ്‌സനൽ കൈമാറിയ ഈ ഫോർവേഡ് ഇംഗ്ലണ്ട് കോച്ച് ഗാരെത് സൗത്‌ഗെയ്റ്റിന്റെ റഡാറിലുണ്ട്. സീനിയർ ടീമിനൊപ്പം പരിശീലനത്തിന് സ്‌ട്രൈക്കറെ കോച്ച് വിളിച്ചു കഴിഞ്ഞു. വലിയ ഭാവിയുള്ള കളിക്കാരനായാണ് നെൽസൻ വിലയിരുത്തപ്പെടുന്നത്. 
ദീന ആഷർ സ്മിത്ത് -23 (അത്‌ലറ്റിക്‌സ്) -ട്രിപ്പിൾ യൂറോപ്യൻ ചാമ്പ്യനാണ് ദീന. അടുത്ത ലോക ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണമാണ് ബ്രിട്ടിഷ് സ്പ്രിന്റർ പ്രതീക്ഷിക്കുന്നത്. 100 മീറ്ററിൽ 10.85 സെക്കന്റിലും 200 മീറ്ററിൽ 21.89 സെക്കന്റിലും ദീന ഓടി, രണ്ടും ഈ സീസണിലെ ബെസ്റ്റ്. 
അജീത് റായ്-19 (ടെന്നിസ്) - ഒക്ടോബറിൽ തായ്‌ലന്റിൽ ആദ്യ ഐ.ടി.എഫ് ടൂർണമെന്റ് ജയിച്ചിട്ടേയുള്ളൂ അജീത്. തൊട്ടുടനെ ന്യൂസിലാന്റിന്റെ ഡേവിസ് കപ്പ് ടീമിൽ സ്ഥാനം നേടി. ഗ്രാന്റ്സ്ലാം കിരീടമാണ് ഇന്ത്യൻ വംശജന്റെ ലക്ഷ്യം. 
 

Latest News