Sunday , May   19, 2019
Sunday , May   19, 2019

സൗദിയിൽ പുതിയ ട്രാഫിക് പിഴകൾ പ്രാബല്യത്തിൽ; ഗതാഗത ലംഘനത്തിന് വൻ പിഴ

റിയാദ് - പരിഷ്‌കരിച്ച ഗതാഗത നിയമം അനുസരിച്ച പുതിയ പിഴകൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ വലിയ തോതിൽ ഉയർത്തിയിട്ടുണ്ട്. ഒരു മാസത്തിനകം അടച്ചിട്ടില്ലെങ്കിൽ പിഴ സംഖ്യ പരമാവധി തുകയായി ഉയരുന്ന രീതി ട്രാഫിക് നിയമ ഭേദഗതി ഇല്ലാതാക്കി. പഴയ നിയമം അനുസരിച്ച് ഗതാഗത നിയമ ലംഘനങ്ങൾക്ക് കൂടിയ പിഴയും കുറഞ്ഞ പിഴയുമുണ്ടായിരുന്നു. 
മുപ്പതു ദിവസത്തിനകം അടയ്ക്കുകയാണെങ്കിൽ കുറഞ്ഞ തുക പിഴയായി അടച്ചാൽ മതിയായിരുന്നു. ഒരു മാസത്തിനു ശേഷമാണ് അടയ്ക്കുന്നതെങ്കിൽ കൂടിയ തുക ഒടുക്കേണ്ടിവരുമായിരുന്നു. പുതിയ ഭേദഗതി പ്രകാരം മിനിമം തുകയാണ് നിയമ ലംഘകരുടെ പേരിൽ പിഴയായി ചുമത്തുക. നിയമ ലംഘനങ്ങൾ ഒരു വർഷത്തിനിടെ വീണ്ടും ആവർത്തിക്കുന്ന പക്ഷം നിയമ ലംഘകർക്ക് രണ്ടാം തവണ കൂടിയ തുക പിഴ ചുമത്തും. ഒരു വർഷത്തിനുള്ളിൽ മൂന്നാമതും അതേ നിയമ ലംഘനം നടത്തുന്ന ഡ്രൈവർമാർക്ക് തടവുശിക്ഷ വിധിക്കുന്നതിന് അവർക്കെതിരായ കേസ് പ്രത്യേക കോടതിക്ക് കൈമാറും. 
ഗതാഗത നിയമ ലംഘനത്തിന് പിഴകൾ ചുമത്തിയതായി നിയമ ലംഘകരെ അറിയിച്ച് ആറു മാസം പിന്നിട്ടിട്ടും പിഴ അടയ്ക്കാത്ത പക്ഷം അത്തരക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ പരിഷ്‌കരിച്ച ട്രാഫിക് നിയമം അനുശാസിക്കുന്നു. ഗതാഗത നിയമ ലംഘനങ്ങൾക്ക് ചുമത്തപ്പെടുന്ന പിഴകൾ ഇരുപതിനായിരം റിയാലിലെത്തുന്ന പക്ഷവും നിയമ ലംഘകർക്കെതിരായ കേസുകൾ പ്രത്യേക കോടതിക്ക് കൈമാറും. ഇത്തരം സാഹചര്യങ്ങളിൽ പിഴകൾ ഒരു മാസത്തിനകം അടയ്ക്കൽ നിർബന്ധമാണെന്ന് നിയമ ലംഘകരെ അറിയിക്കും. ഇതിനകം പിഴകൾ അടയ്ക്കാത്ത പക്ഷം അവർക്കെതിരായ കേസുകൾ കോടതിക്ക് കൈമാറുകയാണ് ചെയ്യുക. പിഴകൾ ഒടുക്കുന്നതു വരെ സർക്കാർ വകുപ്പുകളിൽ നിന്നുള്ള സേവനങ്ങൾ നിയമ ലംഘകർക്ക് വിലക്കുന്നതിനാണ് കോടതി വിധിക്കുക. 

ഗുരുതരമായ അപകടങ്ങൾക്ക് കാരണക്കാരാകുന്നവർക്ക് കടുത്ത ശിക്ഷകളാണ് പരിഷ്‌കരിച്ച ട്രാഫിക് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്. ആളപായത്തിനും അംഗഭംഗത്തിനും ഇടയാക്കുന്ന വാഹനാപകടങ്ങൾക്ക് കാരണക്കാരാകുന്ന ഡ്രൈവർമാർക്ക് നാലു വർഷം വരെ തടവും രണ്ടു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. ഭേദമാകുന്നതിന് പതിനഞ്ചു ദിവസം വരെ വേണ്ടിവരുന്ന പരിക്കുകൾക്ക് ഇടയാക്കുന്ന വാഹനാപകടങ്ങൾക്ക് കാരണക്കാരാകുന്ന ഡ്രൈവർമാർക്ക് രണ്ടു വർഷം വരെ തടവും ഒരു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. 
നിയമ ലംഘനങ്ങൾക്ക് കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങൾ വിട്ടെടുക്കുന്നതിന് 90 ദിവസത്തിനകം സമീപിക്കാത്തവരുടെ വാഹനങ്ങൾ ലേലത്തിൽ വിൽപന നടത്തും.

 

സൗദിയിലെ ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള ശിക്ഷ; അറിയേണ്ടതെല്ലാം

 

ഹോൺ ദുരുപയോഗം: 500 റിയാൽ പിഴ 


 

Latest News