Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിക്കെതിരെ മുറുമുറുപ്പ് 

തിരുവനന്തപുരം- ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ പ്രവണതക്കെതിരെ പാർട്ടിയിൽ മുറുമുറുപ്പ്. മുഖ്യമന്ത്രിയുടെ കടുത്ത നിലപാട് ബി.ജെ.പിയെ മുഖ്യ പ്രതിപക്ഷമാക്കി മാറ്റിയെന്നാണ് ആരോപണം. കോൺഗ്രസിനെ കേരളത്തിൽ ഇല്ലാതാക്കിയാൽ കേരളവും ബി.ജെ.പിയുടെ കൈകളിലാകുമെന്നും പാർട്ടിയിൽ ഒരു വിഭാഗം വാദിക്കുന്നു. മാന്യമായി പരിഹരിക്കേണ്ട വിഷയം വഷളാക്കിയെന്നാണ് എൽ.ഡി.എഫിലെ ചെറുകക്ഷികളുടെ വിലയിരുത്തൽ. 
പാർട്ടി പ്രവർത്തകരുടെ വീടുകളിൽ പോലും അമർഷം രൂക്ഷമാകുന്നത് കാണാതെ പോകരുതെന്ന് നേതൃത്വങ്ങളോട് അണികളും ആവശ്യപ്പെടുന്നു. സി.പി.എമ്മിലെ ഗ്രാമപഞ്ചായത്ത് മെമ്പർ മുതൽ എം.പിമാർ വരെ മുഖ്യമന്ത്രിയുടെ ദുർവാശിയിൽ അലോസരത്തിലാണ്. 
എൻ.എസ്.എസിനെ പോലെ വലിയൊരു സമുദായ സംഘടനയെ അപ്പാടെ ബി.ജെ.പി പാളയത്തിൽ എത്തിക്കാൻ ഇടയാക്കിയതും മുഖ്യമന്ത്രിയുടെ പിടിവാശിയാണ്. 
യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് അയ്യപ്പ ഭക്തരുടെ പ്രതിഷേധത്തിൽ മുമ്പെങ്ങുമില്ലാത്തവിധം സ്ത്രീകൾ അണിചേരുന്നതാണ് ജനപ്രതിനിധികളെ വലയ്ക്കുന്നത്. കൊടിയുടെ നിറത്തിൽ അല്ലെങ്കിലും നാമജപ ഘോഷയാത്രകളിൽ  പങ്കെടുത്ത വനിതാ പങ്കാളിത്തം പാർട്ടിക്ക് തിരിച്ചടിയാകുമെന്നും ഇവർ വിലയിരുത്തുന്നു.  ശബരിമല വിഷയം രമ്യമായി പരിഹരിക്കാത്തത് പരാജയം ചോദിച്ച് വാങ്ങലായിരിക്കുമെന്നാണ് സി.പി.എം ജില്ലാ കമ്മിറ്റികളുടെയും വിലയിരുത്തൽ.
പ്രശ്‌നം മാന്യമായി പരിഹരിക്കാനുള്ള അവസരം സർവകക്ഷി യോഗത്തിൽ ഉണ്ടായിരുന്നു. ആ അവസരവും കളഞ്ഞു കുളിച്ചു.  ഇത്രക്ക് കടുംപിടിത്തം പാടില്ലായിരുന്നു. 
അതേസമയം കോൺഗ്രസിനുണ്ടാകുന്ന ക്ഷീണം എൽ.ഡി.എഫിന് ഗുണകരമാകുമെന്നാണ് പിണറായി വിജയനും വിശ്വസ്തരും കരുതുന്നത്. ബി.ജെപിക്ക് വോട്ട് ചെയ്യാൻ നല്ലൊരു വിഭാഗം അറയ്ക്കുമെന്നതിനാൽ അവർ ഇടതുപാളയത്തിലേക്ക് വരുമെന്നും അവർ പറയുന്നു. എന്നാൽ ഹിന്ദുക്കളുടെ ഐക്യം ഉണ്ടാക്കാൻ പിണറായിയുടെ നിലപാട് കാരണമായെന്നാണ് എതിർപക്ഷം പറയുന്നത്.

Latest News