Sorry, you need to enable JavaScript to visit this website.

44 നാവികരുമായി കാണാതായ അര്‍ജന്റീനയുടെ മുങ്ങിക്കപ്പല്‍ ഒരു വര്‍ഷത്തിനു ശേഷം കണ്ടെത്തി

ഒരു വര്‍ഷം മുമ്പ് 44 നാവിക സേനാംഗങ്ങളുമായി കാണാതായ അര്‍ജന്റീനയുടെ മുങ്ങിക്കപ്പലിന്റെ അവശിഷ്ടങ്ങള്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കണ്ടെത്തി. കാണാതായ എ.ആര്‍.എ സാന്‍ യുവാന്‍ എന്ന മുങ്ങിക്കപ്പലിന്റെ ഭാഗങ്ങള്‍ സമുദ്രത്തിന്റെ അടിത്തട്ടില്‍ കിടക്കുന്ന ചിത്രങ്ങള്‍ അര്‍ജന്റീനയുടെ നാവിക സേനയാണ് പുറത്തു വിട്ടത്. തെക്കന്‍ നഗരമായ കൊമോദോറോ റിവദാവിയ തീരത്തു നിന്നും 500 കിലോമീറ്റര്‍ അകലെ സമുദ്രത്തില്‍ 907 മീറ്റര്‍ ആഴത്തിലാണ് മുങ്ങിക്കപ്പലിന്റെ തകര്‍ന്ന ഭാഗങ്ങള്‍ കണ്ടെത്തിയത്. ഇതു കണ്ടെത്താനുള്ള ആധുനിക സാങ്കേതിക വിദ്യ രാജ്യത്തിനില്ലെന്നും സമുദ്രാടിത്തട്ടില്‍ തിരച്ചില്‍ നടത്താന്‍ ശേഷിയില്ലെന്നും പ്രതിരോധ മന്ത്രി ഓസ്‌കര്‍ ഓഗ്വാദ് പറഞ്ഞു. അമേരിക്കന്‍ കമ്പനിയായ ഓഷ്യന്‍ ഇന്‍ഫിനിറ്റിയാണ് കാണാതായ മുങ്ങിക്കപ്പല്‍ കണ്ടെത്തിയത്. അര്‍ജന്റീന സര്‍ക്കാര്‍ സെപ്തംബര്‍ ഏഴിനാണ് ഈ കമ്പനിയെ തിരച്ചലിനായി നിയോഗിച്ചത്.

കാണാതാകുന്നതിന് മുമ്പ് കപ്പലില്‍ നിന്ന് അവസാനമായി ലഭിച്ച സിഗനലുകളും അവസാനമായി കേട്ട സ്‌ഫോടന സമാന ശബ്ദവും കേന്ദ്രീകരിച്ച് കടലില്‍ വ്യാപക തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഒരു വര്‍ഷമായി മുങ്ങിക്കപ്പലിനെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. 34 വര്‍ഷം പഴക്കമുള്ള മുങ്ങിക്കപ്പലായിരുന്നു ഇത്. കാലപ്പഴക്കമാണ് അപകടകാരണമെന്ന് കാണാതായ നാവികരുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കപ്പല്‍ കാണാതയതിന്റെ ആദ്യം വാര്‍ഷികം ഈയിടെയാണ് ബന്ധുക്കള്‍ ചേര്‍ന്ന് ആചരിച്ചത്.

സമുദ്രത്തിന്റെ അടിത്തട്ടില്‍ ചിതറിക്കിടക്കുന്ന കപ്പലിന്റെ അവശിഷ്ടങ്ങള്‍ ഇനി എന്തു ചെയ്യണമെന്ന് തീരുമാനമായിട്ടില്ല. ഇവ പുറത്തെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ഓഷ്യന്‍ ഇന്‍ഫിനിറ്റി അറിയിച്ചു. ഇവയുടെ ചിത്രങ്ങള്‍ എടുത്തു വരികയാണെന്നും ഇതു പൂര്‍ത്തിയായ ശേഷമെ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കൂവെന്നും കമ്പനി അറിയിച്ചു.
 

Latest News