Sorry, you need to enable JavaScript to visit this website.

ആപത്തിന്റെ മുനമ്പായി മാറുന്ന ശബരിമല

ശബരിമല ഒരു ഇരട്ട പ്രതിസന്ധിയായി വളർന്നുകഴിഞ്ഞു.  ഒരേസമയം രാഷ്ട്രീയ പ്രതിസന്ധിയും ക്രമസമാധാന പ്രതിസന്ധിയും. വൈകുന്നേരം ശബരിമല സന്നിധാനം തീർത്ഥാടകർക്കു വേണ്ടി തുറന്നെങ്കിലും ശനിയാഴ്ച മുതൽ ആരംഭിക്കുന്ന അറുപതുനാൾ നീണ്ടുനിൽക്കുന്ന മണ്ഡലകാല- മകര വിളക്കുകാല തീർത്ഥാടനം ഏതു നിലയ്ക്കു മുന്നോട്ടു പോകുമെന്ന് ആർക്കും പ്രവചിക്കാനാവില്ല. 
ഭരണാധികാരികൾക്കു മുമ്പിൽ എവിടെയും പ്രതിസന്ധികൾ സാധാരണമാണ്.  അതിനെ അവസരമാക്കി മാറ്റുകയാണ് ഏതൊരു ഗവണ്മെന്റും ചെയ്യേണ്ടത്.  അതിനു പകരം പ്രതിസന്ധിയെ കൂടുതൽ പ്രതിസന്ധികളിലേക്ക് തള്ളിനീക്കി സംസ്ഥാന ഗവണ്മെന്റ് എന്നതാണ് ഇതിനു മുമ്പും ഈ വെള്ളിയാഴ്ച സന്ധ്യ വരെയുമുള്ള സംഭവങ്ങളാകെ പരിശോധിക്കുമ്പോൾ കാണാൻ കഴിയുന്നത്.
ആഴത്തിലുള്ള ആശയങ്ങളും തന്ത്രപരമായ നീക്കങ്ങളും കൊണ്ടേ പ്രതിസന്ധി മറികടക്കാനാകൂ.      ഈ ഗവണ്മെന്റിനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച നിപാടുകളിൽ അത് ഉണ്ടായില്ല എന്നതാണ് കേരളം ഇപ്പോൾ നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധികളിലെ അനിശ്ചിതത്വം വ്യക്തമാക്കുന്നത്. 
സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ സ്ത്രീ പ്രവേശം സംബന്ധിച്ച വിധിക്കെതിരെ സമർപ്പിച്ച 49 പുനഃപരിശോധനാ ഹരജികളും റിട്ടുകളും 2019 ജനുവരി 22 ന് പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു.  ഇതിനെ തന്ത്രപരമായി കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി ആദ്യ വിധി വന്നപ്പോഴെന്ന പോലെ വീണ്ടും പരാജയപ്പെട്ടു. 
എതിർപക്ഷത്ത് സംഘ് പരിവാറും എൽ.ഡി.എഫിനെ എതിർക്കുന്ന യു.ഡി.എഫും ശബരിമല അജണ്ട രാഷ്ട്രീയ അജണ്ടയാക്കി മാറ്റുകയാണെന്ന് ബോധ്യമുള്ള മുഖ്യമന്ത്രി വീണ്ടും എതിരാളികൾക്ക് കൂടുതൽ ആയുധങ്ങൾ നൽകാനാണ് ശ്രമിച്ചത്.  സ്ത്രീ-പുരുഷ തുല്യതയ്ക്കു വേണ്ടിയുള്ള സുപ്രീം കോടതി വിധി  നടപ്പാക്കുകയെന്ന സർക്കാറിന്റെ ഭരണഘടനാ ബാധ്യതയെ പറ്റിയാണ് തുടക്കം മുതലേ മുഖ്യമന്ത്രി ആവർത്തിച്ചുകൊണ്ടിരുന്നത്.
എന്നാൽ സർവകക്ഷി യോഗത്തിൽ സ്ത്രീകളുടെ തീർത്ഥാടന ദിവസം പ്രത്യേകമായി നിശ്ചയിച്ചുകൂടേ എന്ന നിർദ്ദേശം വെച്ചതോടെ സ്വന്തം നിലപാട്  മുഖ്യമന്ത്രി തന്നെ തള്ളിപ്പറഞ്ഞു.  അങ്ങനെയെങ്കിൽ വിധി നടപ്പാക്കുന്നതിന് സാവകാശം വേണമെന്ന നിലയിൽ സുപ്രീം കോടതിയെ സമീപിക്കാനുള്ള നിർദേശങ്ങൾ മുഖ്യമന്ത്രി നേരത്തെ തള്ളിക്കളഞ്ഞതിന് എന്ത് വിശദീകരണം നൽകും.  കൊട്ടാരം - തന്ത്രി കുടുംബം -  ദേവസ്വം ബോർഡ്   പ്രതിനിധികളുടെ യോഗത്തിൽ സാവകാശം തേടി ബോർഡ് ഹരജി നൽകാമെന്ന നിർദേശം വന്നപ്പോൾ അത് യോജിപ്പിന്റെ മേഖലയാക്കി മുഖ്യമന്ത്രിക്കു മാറ്റാമായിരുന്നു.  പകരം തന്റെ നിലപാടിൽ ഉറച്ചുനിന്ന് ദേവസ്വം ബോർഡ് പരീക്ഷിച്ചോട്ടെ എന്ന മട്ടിൽ അദ്ദേഹം പിന്മാറുന്നതാണ് കണ്ടത്.  
സുപ്രീം കോടതിയിൽ നിന്ന് വിധിയുടെ പകർപ്പു പോലും വാങ്ങാൻ കഴിയാതെ അടുത്ത തിങ്കളാഴ്ച ഹരജി നൽകാനാണ് ബോർഡ് ശ്രമിക്കുന്നത്.  വെള്ളിയാഴ്ച സന്ധ്യ മുതൽ തീർത്ഥാടക പ്രവാഹം.  ആർ.എസ്.എസ് - സംഘ് പരിവാറിന്റെ നേതൃത്വത്തിൽ ശത്രുരാജ്യ സേന പോലെ ഭക്തരുടെ പേരിലുള്ള വ്യാപകമായ സേനാ വിന്യാസം.  ഇതിനെ നേരിടാൻ ചരിത്രത്തിലാദ്യമായി ലാത്തിയും പോലീസ് കോഡ് അനുസരിച്ച് യൂണിഫോം അണിഞ്ഞ് സന്നിധാനവും പതിനെട്ടാം പടിയുമൊഴികെ ആകെ സൈനിക വിന്യാസം. വിരിവെക്കാനും സന്നിധാനത്തിൽ തങ്ങാനും യഥാർത്ഥ ഭക്തന്മാർക്കു പോലും നിരോധനം ഏർപ്പെടുത്തേണ്ടിവന്ന സാഹചര്യം. പമ്പയിൽ മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നടക്കം ലക്ഷക്കണക്കിലെത്തുന്ന തീർത്ഥാടകർക്ക് പ്രാഥമിക കാര്യങ്ങൾക്കുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിൽ പോലും ശ്രദ്ധിക്കാൻ കഴിയാതെ പോയ ഗവണ്മെന്റ്. ഒരു യുദ്ധഭൂമിയിലൂടെ അഭയാർത്ഥികളായി പുറത്തു കടക്കുന്നവരെ പോലെ തീർത്ഥാടനം നടത്തേണ്ടിവരുന്ന യഥാർത്ഥ വിശ്വാസികൾ.
ഇതിന്റെയെല്ലാം ഉത്തരവാദി കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും  അദ്ദേഹത്തിന്റെ പിടിവാശിയാണെന്നും തുടർച്ചയായി ദേശീയ മാധ്യമങ്ങൾ 24 മണിക്കൂറും വാർത്തയും സംവാദങ്ങളും തുടരുകയാണ്.  കേരളത്തിലെ ഗവണ്മെന്റിന് ഇതു പോലൊരു വിമർശനവും കെട്ട പ്രതിഛായയും ദേശീയ തലത്തിൽ ഇതിനു മുമ്പ് ആരും സൃഷ്ടിച്ചിട്ടില്ല. ഗവണ്മെന്റ് സംഘ് പരിവാറിന്റെ രാഷ്ട്രീയ അജണ്ടയ്ക്കു മുമ്പിൽ പെടാപ്പാടു പെടുന്നുണ്ടെന്നത് ശരിയാണ്.  എന്നാൽ എല്ലാറ്റിനും ഉത്തരവാദി മുഖ്യമന്ത്രിയാണെന്ന് വരുത്തിത്തീർക്കുന്നത് പിണറായി വിജയൻ തന്നെ. 
വിധി വന്നപ്പോൾ സുപ്രീം കോടതി പഴയ നില പുനഃസ്ഥാപിച്ചെന്ന് വ്യാഖ്യാനിച്ച ആളാണ് നിയമ മന്ത്രി എ.കെ. ബാലൻ.  ബാലൻ പങ്കെടുക്കാത്ത സർവകക്ഷി യോഗം.  നിയമപ്രശ്‌നം ചർച്ച ചെയ്യുന്നേടത്ത് ദേവസ്വം മന്ത്രി മാത്രം മതിയെന്ന വ്യാഖ്യാനം.  നിർണായക കേസ് വിധിയുടെ രേഖകൾ വാങ്ങാൻ  കഴിയാഞ്ഞ ദേവസ്വം ബോർഡിന്റെ അവസ്ഥ.  എല്ലാം ഒരാൾ ചിന്തിച്ചാൽ മതി, തീരുമാനിച്ചാൽ മതി മറ്റുള്ളവർ അതനുസരിച്ചാലും മതി എന്ന ഒരു നിലപാടിൽനിന്ന് ഗവണ്മെന്റും ദേവസ്വം ബോർഡും എത്തിപ്പെട്ട ദയനീയവും അത്യന്തം അപകടകരവുമായ അവസ്ഥയാണിത്.  ഇത് സംഘ് പരിവാറിനും മോഡിക്കും ആർ.എസ്.എസിനും  വെള്ളിത്തളികയിൽ മുഖ്യമന്ത്രി നീട്ടിനീട്ടിക്കൊടുത്ത  സുവർണാവസരമാണ്.  കുളിപ്പിച്ചു കുളിപ്പിച്ച് കുട്ടിയെ തന്നെ ഇല്ലാതാക്കുമെന്നതാണ്  ഈ പോക്കിന്റെ ഏറ്റവും വലിയ ദുരന്തം.  
വരും ദിവസങ്ങളിൽ ശബരിമല പ്രശ്‌നം ഏതെങ്കിലും അപകടത്തിന്റെ കയത്തിലേക്ക് നീങ്ങിപ്പോയാൽ അതിന്റെ അടിസ്ഥാന കാരണം ഇതു തന്നെയാകുമെന്ന് ആവർത്തിച്ചു രേഖപ്പെടുത്തട്ടെ. 
തൃപ്തി ദേശായി കൂടി പുലർച്ചെ കൊച്ചിയിൽ വിമാനമിറങ്ങിയതോടെ അയ്യപ്പ ഭക്തരുടെ ശബരിമല പ്രവേശം വിചിത്രമായ രാഷ്ട്രീയ നാടകമായി സംസ്ഥാന- ദേശീയ തലത്തിൽ വ്യാപകമായി.  വിശ്വാസത്തിന്റെയും ആരാധനയുടെയും പ്രശ്‌നത്തിൽനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രവർത്തനം വരെ സ്തംഭിക്കാവുന്ന ക്രമസമാധാന പ്രശ്‌നമായിത്തീർന്നു. 
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ശബരിമല സന്നിധാനത്ത് നട തുറക്കാനിരിക്കേ, ആയിരക്കണക്കിൽ ഭക്തജനങ്ങൾ മല ചവിട്ടാൻ രാവിലെ മുതൽ നിലയ്ക്കൽ കാത്തുകെട്ടി കിടക്കേ, മുൻകൂട്ടി നിശ്ചയിച്ച ഒരു രാഷ്ട്രീയ തിരക്കഥ പോലെ സ്ത്രീ പ്രവേശത്തിന്റെ പേരിൽ നടന്നുവരുന്ന സമരത്തിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സംഘ് പരിവാർ നേതൃത്വത്തിൽ മറ്റൊരു സമര മുഖം കൂടി തുറക്കുകയായിരുന്നു. ആർ.എസ്.എസ് - ബി.ജെ.പി നേതൃത്വത്തിൽ തൃപ്തി ദേശായി മടങ്ങിപ്പോകണമെന്നാവശ്യപ്പെട്ട് വിമാനത്താവളത്തിന്റെ പ്രവേശ കവാടങ്ങളൊക്കെ പ്രതിരോധിച്ചു. ശബരിമല സന്ദർശിക്കാതെ മടങ്ങിപ്പോകില്ലെന്ന നിലപാടെടുത്ത തൃപ്തി ദേശായി  ആവർത്തിക്കുകയാണ്  മഹാരാഷ്ട്രയിൽ ശനിക്ഷേത്രത്തിൽ നിലനിന്നിരുന്ന സ്ത്രീപ്രവേശ നിരോധം  നിയമ പോരാട്ടത്തിലൂടെ പരാജയപ്പെടുത്തിയ തൃപ്തി ദേശായി ഇപ്പോൾ. 
മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗവും  പന്തളം കൊട്ടാരത്തിന്റെയും തന്ത്രി കുടുംബത്തിന്റെ  പ്രതിനിധികളുടെയും യോഗം വ്യാഴാഴ്ച തീരുമാനമാകാതെ പിരിഞ്ഞതിന്റെ അനിശ്ചിതത്വത്തിലാണ് എരിതീയിൽ എണ്ണയൊഴിക്കും പോലെ തൃപ്തി ദേശായി വിഷയവും ദേശീയ ചർച്ചാവിഷയമായത്. 
കൊട്ടാരം - തന്ത്രി യോഗത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കുന്നതു സംബന്ധിച്ച്  സാവകാശം ആവശ്യപ്പെടുന്ന ഹരജി നൽകുന്നതിനുള്ള സാധ്യത പരിഗണിക്കാമെന്നും ദേവസ്വം ബോർഡ് നിർദേശം വെച്ചിരുന്നു. വെള്ളിയാഴ്ച ബോർഡ് യോഗം ചേർന്ന് തിങ്കളാഴ്ച സാവകാശം തേടി സുപ്രീം കോടതിയെ സമീപിക്കുകയാണ്. 
2012 ൽ പൂനെ നഗരസഭയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ട തൃപ്തി ദേശായിയുടെ രാഷ്ട്രീയ ബന്ധം കൂടി പുറത്തു വന്നിട്ടുണ്ട്. കേരളത്തിലേക്കുള്ള വരവിനു പിന്നിൽ അവരുടെ പുതിയ ബി.ജെ.പി ബന്ധവും ഒളിഞ്ഞ അജണ്ടയാണെന്നു സൂചനകളുണ്ട്. ശനിയാഴ്ച മുതൽ രണ്ടു മാസക്കാലം ലക്ഷക്കണക്കിൽ തീർത്ഥാടകർ ശബരിമലയിൽ തീർത്ഥാടനം നടത്താനിരിക്കേ സംസ്ഥാന സർക്കാറും ശബരിമല അയ്യപ്പ സംരക്ഷണ സമിതിയും തമ്മിലുള്ള പ്രശ്‌നത്തിൽനിന്ന് വിഷയം നിയമപരവും രാഷ്ട്രീയവുമായ പല പ്രഭവ കേന്ദ്രങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. 
 അതിൽ ആത്യന്തികമായത് സുപ്രീം കോടതി തന്നെയാണ്. തീർത്ഥാടന കാലം കഴിഞ്ഞ് പുനഃപരിശോധനാ - റിട്ട് ഹരജികൾ പരിഗണിക്കുമെന്ന ഉറച്ച നിലപാടാണ്  സുപ്രീം കോടതി എടുത്തത്. എല്ലാ പ്രായക്കാരുമായ സ്ത്രീകൾക്ക് പ്രവേശം അനുവദിച്ചുകൊണ്ടുള്ള സെപ്റ്റംബർ 28 ന്റെ വിധി നിലനിൽക്കുന്നു എന്ന് ഉന്നത നീതിപീഠം ആവർത്തിക്കുന്നു. 
അതിനിടയിൽ വിധി നടപ്പാക്കാൻ സാവകാശം തേടുന്ന ദേവസ്വം ബോർഡിന്റെ അപേക്ഷ അനുവദിച്ചാൽ എല്ലാ രാഷ്ട്രീയ അജണ്ടകളും വിശ്വാസികളുടെ പേരിൽ ക്രമസമാധാനം തകർക്കുന്ന സമൂഹ വിരുദ്ധ നീക്കങ്ങളും തൽക്കാലം സ്തംഭിക്കും. പക്ഷേ, ദേവസ്വം ബോർഡിന്റെ ഹരജി തള്ളിയാലോ, സ്ത്രീപ്രവേശ പ്രശ്‌നം ഒരു രാഷ്ട്രീയ ടൈം ബോംബായി ഭീതി വിതച്ച് ഒരു സ്‌ഫോടനത്തിലേക്ക് കാര്യങ്ങളെത്തിക്കും. ലാത്തിയും യൂണിഫോം കോഡും നിഷ്‌കർഷിച്ച് സന്നിധാനത്തും പതിനെട്ടാംപടിയിലും ഒഴികെ പോലീസിനെ അണിനിരത്തിയതു കൊണ്ട് അതു തടയാൻ കഴിയണമെന്നില്ല.  
സെപ്റ്റംബർ 28നു മുമ്പ് ആർക്കും മുൻകൂട്ടി കാണാൻ കഴിയാതിരുന്ന ദൗർഭാഗ്യകരവും അത്യാപത്കരവുമായ ഈ സ്ഥിതിവിശേഷത്തിന് വിവിധ രാഷ്ട്രീയ നിലപാടുകളാണ് കാരണമെന്ന് എണ്ണിപ്പറയേണ്ടിവരും.  അതിൽ ഒന്നാം സ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ വിധി നടപ്പാക്കും എന്ന് ഏകപക്ഷീയമായി എടുത്ത നിലപാട്. രണ്ടാം സ്ഥാനത്ത് ബി.ജെ.പിയെ മുൻനിർത്തി രാഷ്ട്രീയ രഹസ്യ അജണ്ട ആവിഷ്‌കരിച്ച ആർ.എസ്.എസ്  - സംഘ് പരിവാർ തന്നെ. മൂന്നാമത് സംഘ് പരിവാറിന്റെ നിഗൂഢ രാഷ്ട്രീയ അജണ്ടയ്ക്ക് വിശ്വാസത്തിന്റെയും ജനാധിപത്യത്തിന്റെയും ഗാന്ധിസത്തിന്റെയും പരിവേഷവും പിന്തുണയും നൽകി കോൺഗ്രസിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് നടത്തിയ സമാന്തര സമരം.  
ഓരോ നിമിഷവും ഓരോ ദിവസവും കേരളത്തിന് ഇനി ഉൽക്കണ്ഠയുടെയും ഉറക്കമില്ലായ്മയുടെയും ദിവസമാണ്.
 

Latest News