Sorry, you need to enable JavaScript to visit this website.

ചിലർക്ക് കഷ്ടകാലം, ചിലർക്ക് പട്ടിണിക്കാലം

'ഒരു കോപം കൊണ്ടങ്ങോട്ടു ചാടിയാൽ മറുകോപം കൊണ്ടിങ്ങോട്ടു പോരുമോ' -എന്നൊരു ചൊല്ലുണ്ട്. ഗോത്ര മഹാസഭ നേതാവായിരുന്നപ്പോൾ സി.കെ. ജാനു അവർക്കിടിയിലെ മുത്തായിരുന്നു. കാണുന്നവർക്കും മുത്ത്. കല്യാണം കഴിയാത്തതിനാൽ ഏവരും ഇഷ്ടപ്പെടുന്ന കറുത്ത മുത്ത്. എന്തു ചെയ്യാം!  ഒരു സുപ്രഭാതത്തിൽ (എന്നു പറയാൻ കഴിയില്ല. സുപ്രഭാതം നല്ല കാര്യങ്ങൾക്കാണ് പ്രയോഗിക്കുക!) സഖാവ് ജാനു അമിത് ഷായുടെ പാർട്ടിയുമായി ചങ്ങാത്തത്തിലായി. എൻ.ഡി.എയിൽ ചേർന്നു. മുത്തങ്ങ സംഭവമായിരുന്നു പ്രകോപനം. സി.പി.എമ്മിന്റെ പോലീസ് തല്ലിച്ചതച്ചു. കീഴ്ച്ചുണ്ട് മാതള നാരങ്ങ പോലെ വീർത്തു കാരണം കടന്നൽകുത്ത് ഏറ്റ പോലെ ചീർത്തു. അതോടെ പിണങ്ങിയതാണ്. ഗുജറാത്തുകാരനും ഭാരതീയ രാഷ്ട്രീയ വ്യവസായിയുമായ ഷാജി അവസരം പാത്ത് വന്ന് 'നെറ്റി'നകത്താക്കി. ജാനു 'ജനാധിപത്യ രാഷ്ട്രീയസഭ'യുടെ നേതാവായി എൻ.ഡി.എ കൂടാരത്തിനുള്ളിലേക്ക് കുനിഞ്ഞു കയറി. അന്നേ വിവരമുള്ളവർ പാടിയതാണ്- കാറ്റിൽ ജ്വലിക്കുമോ കാലം കെടുത്തുമോ, മോഹങ്ങൾ കൊളുത്തിയ തിരിനാളം…… എന്ന്. ഏതായാലും ആ മധുവിധു കഴിഞ്ഞു. ഇന്നിപ്പോൾ കാനം രാജേന്ദ്രനുമായി ചർച്ചയിലാണ്. 'വെട്ടൊന്ന് കണ്ടം രണ്ട്'  എന്ന മട്ടുകാരനായ കാനം വെണ്ണ പോലെ ഉരുകിപ്പോയെന്നാണ് റിപ്പോർട്ട്. അത്ര കണ്ട് ദയനീയമായിരുന്നു മദാം ജാനുവിന്റെ സ്ഥിതി. മുത്തങ്ങയിലെ തല്ലുകൊണ്ട ജാനു ഇതിലും സുന്ദരിയായിരുന്നു. സി.പി.എമ്മിനോട് പിണങ്ങിയവർക്കെല്ലാം ഇടതുമുന്നണിയിൽ കയറിക്കൂടാനുള്ള പിൻവാതിലാണ് സി.പി.ഐ എന്ന് ഏതു പോലീസുകാരനുമറിയാം; പോലീസ് വിരോധിയായ ജാനുവിനുമറിയാം. ഇനി സൂക്ഷിക്കേണ്ടത് ഒറ്റക്കാര്യം മൂന്നു കൊല്ലം മുമ്പൊരു മാരുതി കാർ വാങ്ങിയിട്ടുണ്ടല്ലോ. അതിന്റെ സ്രോതസ്സ് അന്വേഷിച്ച് കേന്ദ്ര പോലീസിനെ അയക്കാൻ ഷാജി ഇനി മടിക്കില്ല. അതങ്ങ് ശബരി മല - ഇടുക്കി - വയനാട് ഹരിദ്വാർ- ഉത്തരകാശി- ഹിമാലയം വരെയും അന്വേഷിക്കാൻ മടിക്കില്ല. ശത്രു സംഹാരം ഷാജിക്കൊരു ഹരമാണ്. ഗോത്ര വർഗക്കാരിയാണെങ്കിലും ജന്മദേശം കേരളമായതിനാൽ ജാനുവിന് 'ആയുർഭയം' തോന്നേണ്ടതില്ല. ഇടതുമുന്നണി യോഗത്തിൽ പങ്കെടുക്കാൻ വേണ്ടി പുരുഷ വേഷം ധരിക്കേണ്ടിയും വരില്ല. കാരണം ആ മുന്നണി നമ്മുടെ സംസ്ഥാനത്തിലല്ലേ കാണപ്പെടുന്നുള്ളൂ? പക്ഷേ, സംസ്ഥാനത്തിനു പുറത്തു പോകുകയാണെങ്കിൽ നേരത്തെ ഇൻഷുറൻസ് പോളിസി എടുക്കുന്നത് നന്നായിരിക്കും.

*** *** ***

'ജ' എന്ന അക്ഷരത്തിൽ പേര് തുടങ്ങുന്നവർക്കെല്ലാം ഒരു വല്ലാത്ത സമയ മാറ്റമാണ്. കാലുമാറ്റം, പേരുദോഷം, ജയിൽവാസം തുടങ്ങി എന്തും സംഭവിക്കാം. ഇത് ജ്യോത്സ്യമൊന്നുമില്ല. കണ്ടതു പറയാതിരിക്കാൻ വയ്യ. ജാനുവിന്റെ മുന്നണി മാറ്റം സംഭവിച്ചിരിക്കുന്നു. കർണാടകയിൽ മറ്റൊരു 'ജ'യായ ജനാർദന റെഡ്ഡി. പുഞ്ചിരിച്ചു കൈവീശിക്കൊണ്ട് അഗ്രഹാര ജയിലിലേക്കു പോയി. കഴിഞ്ഞ കാലത്ത് ബി.ജെ.പി മന്ത്രിസഭയിൽ അംഗമായിരിക്കേയാണ് ഖനി ഇടപാടിൽ 'കോഴ' ഫ്രെയിം ആയി റെഡ്ഡിയാർ പോപ്പുലാരിറ്റി നേടിയത്. 2011 ൽ അകത്തായി. നാലു വർഷം ജയിലിൽ. പാർട്ടിക്ക് അതോതെട റെഡ്ഡിയാർ അഭിമാനമായി മാറി. പൊതുവേ നമ്മുടെ പാർട്ടി നേതാക്കൾ സ്വാതന്ത്ര്യ സമത്തിനു മുമ്പോ പിമ്പോ അകത്തു കിടന്ന ചരിത്രം കമ്മി. അക്കാലത്തൊക്കെ പിള്ളേരെ ഹിന്ദിയും ഉർദുവുമൊക്കെ പഠിപ്പിച്ച് 'പണ്ഡിറ്റു'മാരായി സ്വയം പ്രഖ്യാപിക്കുകയായിരുന്നു പതിവ്. ജനാർദന റെഡ്ഡിയെപ്പോലെ പത്തുപേർ പാർട്ടിയിലുണ്ടാകുകയും ജയിലിൽ പോകുകയും ചെയ്താൽ ഭാവി ചരിത്രത്തിൽ 'രാജ്യസ്‌നേഹി'കളായി സ്ഥാനം പിടിക്കാൻ കഴിയും.  ശിക്ഷയുടെ കാര്യത്തിൽ 'കോഴ' വെട്ടിക്കളഞ്ഞ് 'രാജ്യസ്‌നേഹം' എഴുതിച്ചേർക്കാൻ പ്രത്യേക പ്രാഗത്ഭ്യം നേടിയവർ പാർട്ടിയിലുണ്ട്, തൽക്കാലം ഭരണത്തിലും.
ഇനിയുള്ള മറ്റൊരു 'ജ' കെ.ടി.ജലീൽ തന്നെയാണ്. 'ബന്ധു നിയമന'മാണ് വിവാദമുണ്ടാക്കിയത്. ഒരാൾ മന്ത്രിയായിപ്പോയതിനാൽ ബന്ധുക്കൾക്ക് ജോലി കിട്ടാൻ പാടില്ലെന്നു പറയുന്നത് എത്ര നീചമാണ്! മനുഷ്യത്വ രഹിതമാണ്. നാട്ടുകാർക്കു മുഴുവനും തൊഴിൽ നൽകി, തൊഴിലില്ലായ്മയെ അറബിക്കടലിൽ കെട്ടിത്താഴ്ത്തുവാനാണ് ഭരണത്തിലേറുമ്പോൾ ഓരോ മന്ത്രിയും ആഗ്രഹിക്കുന്നത്. പക്ഷേ, അത് 'ചക്കിനുവെച്ചതു കൊക്കിനു കൊണ്ടു' എന്ന മട്ടിലായിപ്പോയാൽ എന്തു ചെയ്യും? ന്യൂനപക്ഷ കോർപറേഷനിൽ 21 നിയമനം നടത്തിയത് സാമ്പത്തിക ഭാരം നോക്കാതെയെന്നാണ് ആക്ഷേപം. ശമ്പളം, പെൻഷൻ, ടി.എ, ഹൗസ് ലോൺ തുടങ്ങി എന്തു കൊടുത്താലും മേൽപടി ഭാരം വർധിക്കുക തന്നെ ചെയ്യും. പിന്നെ നിയമപരമാണോ എന്ന ചോദ്യം.  അതിനു 'മാറ്റുവിൻ ചട്ടങ്ങളെ' എന്നേ പറയാനുള്ളൂ. അതു മാറ്റിയില്ലെങ്കിൽ മന്ത്രിമാർക്കു തന്നെ മാറേണ്ടിവരും. പിന്നെന്തിനാണ് ഭരണം? ഏതായാലും 'ജ'യിൽ തുടങ്ങുന്ന പേരുകാരൊക്കെ ഒന്നു സൂക്ഷിക്കുന്നതു നന്ന്. ഇടതുപക്ഷമായതിനാൽ 'രക്ഷ' ജപിച്ചു ചരടു കെട്ടണമെന്നു പറയാൻ നിവൃത്തിയില്ല. അല്ല, ശബരിമല പ്രശ്‌നത്തിന്റെ കയറ്റവും ഇറക്കവും കണ്ടിട്ട് ചരടു ജപിച്ചു കെട്ടുകയും തീർഥജലം ജപിച്ചു തളിക്കുകയും ചെയ്യുന്ന പരിപാടിയും മുന്നണി ഭരണം ഏറ്റെടുക്കുമെന്നു വേണം കരുതാൻ!

*** *** ***

ഡെന്മാർക്കിൽ എന്തോ ചീഞ്ഞുനാറുന്നുവെന്ന് ആംഗലത്തിൽ ഒരു ചൊല്ലുണ്ട്. അതിന്റെ അർഥമറിയാൻ ആ നാട്ടിലേക്കൊന്നു പോകണ്ട. കോഴിക്കോട്ട് അടുത്തു തന്നെയുണ്ടല്ലോ. 'ഡിഫി'യുടെ സംസ്ഥാന സമ്മേളന നഗരിക്കടുത്ത് കൂടി പോകുമ്പോൾ തന്നെ ആ ഗന്ധം അറിയാം. കഴിഞ്ഞ വാരം ഡിഫി കവറിലിട്ട് മുദ്ര പതിപ്പിച്ച പ്രതിനിധിപ്പട്ടിക കൈവശം കിട്ടിയ പാടെ പാർട്ടി സെക്രട്ടറിയേറ്റ് ചവറ്റുകുട്ടയിലെറിഞ്ഞു. അത്ര ധാർഷ്ട്യം വേണ്ട. നമ്മൾ മൊബൈലിൽ വിളിച്ചു പറഞ്ഞ ലിസ്റ്റ് പയ്യന്മാർ 'മൈൻഡ്' ചെയ്തില്ല. സ്വരാജും രക്തസാക്ഷിയും ഷഹീദ് ഭഗത് സിംഗും ചെഗുവേരയുമൊക്കെ വേണമെന്നു പറഞ്ഞിരുന്നതാണ്. കുട്ടികൾ അനുസരണം മറന്നു. ധിക്കാരം പാടില്ലെന്ന് ഷംസീറിന് ഒരു 'വാണിംഗ്' കൊടുക്കാൻ പിള്ളേരും മറന്നില്ല. സർവത്ര ആശയക്കുഴപ്പം. ഗുലുമാൽ! മുപ്പത്തിയേഴ് വയസ്സു കഴിഞ്ഞവർ സമിതിയിൽ വേണ്ടെന്നായിരുന്ന അടുത്ത ചുവട്. 'മുപ്പത്തിയൊമ്പത്' വേണമെന്ന് എതിർപക്ഷം ചുവടുവെച്ചുകെട്ടി. ആകെ കടത്തനാടൻ അങ്കം. ഇതിനിടയിലാണ് യോഗ സ്ഥലത്തിന് 500 മീറ്റർ അകലെ വടക്കൻ പാട്ടിലെ 'മാറ്റ'നെ കണ്ടത്. 'കള്ളച്ചുരിക' ആരെയോ ഏൽപിക്കാൻ വന്നതാകണം. സി.പി.ഐയോ സംഘ്പരിവാരോ സുധാകരന്റെ കോൺഗ്രസോ ആകാം ശത്രു. മുസ്‌ലിം ലീഗും ആകാം. ചുരുക്കത്തിൽ കാണാൻ കൊള്ളാവുന്നവരും മേൽവിലാസമുള്ളവരുമായ എല്ലാവരും ശത്രുക്കളാണ്. എല്ലാവരെയും കരുതിയിരിക്കണമെന്നാണ് പിണറായിയിൽ നിന്നുള്ള പാഠം.

*** *** ***

കഴിഞ്ഞ ദിവസം അന്തരിച്ച കേന്ദ്ര മന്ത്രി അനന്ത്കുമാർ ശ്രദ്ധേയമായ സൗമ്യ വ്യക്തിത്വമായിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ സവിശേഷതകളിൽ പ്രത്യേകമായ ഒരിനം, തീൻമേശയിൽ എപ്പോഴും അതിഥികളുണ്ടായിരുന്നുവെന്നതാണത്രേ. സന്ദർശകർക്കും പേഴ്‌സണൽ സ്റ്റാഫിനും എപ്പോഴും വലിയ അളവിൽ ഭക്ഷണ സാധനങ്ങളെത്തിയിരുന്നു. നമ്മുടെ കെ. കരുണാകരനുമുണ്ടായിരുന്നു ഇത്തരം സൽക്കാര താൽപര്യം. അദ്ദേഹത്തെ ചെന്നു കണ്ടവർ വെറും വയറോടെ മടങ്ങിയില്ല. ഇത്തരം നേതാക്കളുടെ അഭാവം തീർച്ചയായും ബി.ജെ.പിയെയും കോൺഗ്രസിനെയും ക്ഷീണിപ്പിക്കും. കാരണം 'ഉദരംഭരി'കളുടെ കേളീരംഗമാണ് മേൽപടി പാർട്ടികൾ. മറ്റു പാർട്ടികൾ ഇവയേക്കാൾ ദയനീയമായി കഴിഞ്ഞുപോരുന്ന അവസ്ഥയിലായതിനാൽ നോ കമന്റ്‌സ്!

Latest News