Sorry, you need to enable JavaScript to visit this website.

സാർഥക ബദൽ

ആസന്നമായ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ് പയറ്റുന്ന രാഷ്ട്രീയ തന്ത്രം എന്തായിരിക്കണമെന്നതിനെക്കുറിച്ച ചർച്ചകൾ ശക്തമാണ്. ബി.ജെ.പിയെപ്പോലെ ഒരു ഹിന്ദു പാർട്ടിയെന്ന പ്രതിഛായയിലൂടെ സവർണ വോട്ടുകൾ നേടാമെന്ന കോൺഗ്രസിന്റെ ഇഛ, അക്രമാസക്ത വർഗീയ രാഷ്ട്രീയത്തിനെതിരായ പ്രത്യയശാസ്ത്ര ബദൽ എന്ന സാധ്യതയെ നിരാകരിക്കുന്നതാണ്. 

അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടർമാർ നിർണായകമായ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞു. 2019 ലെ പൊതു തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ തെരഞ്ഞെടുപ്പുകൾ കേന്ദ്ര ഭരണം കൈയാളുന്ന ബി.ജെ.പിക്കും മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിനും ജീവൻമരണ പോരാട്ടം തന്നെയാണ്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, മിസോറം, തെലങ്കാന എന്നിവിടങ്ങളിലെ വോട്ടർമാർ രാജ്യത്താകെയുള്ള വോട്ടർമാരുടെ മനോവികാരം പ്രതിഫലിപ്പിക്കുമെന്നതാണ് ഈ ചിന്തക്ക് അടിസ്ഥാനം.
നിയമസഭാ തെരഞ്ഞെടുപ്പും ലോക്‌സഭാ തെരഞ്ഞെടുപ്പും തികച്ചും വ്യത്യസ്തമായ കാരണങ്ങളാണ് പലപ്പോഴും ഉയർത്തിപ്പിടിക്കാറുള്ളത്. ഭരണത്തിന്റെ വിലയിരുത്തൽ, സംസ്ഥാനത്തെ ബാധിക്കുന്ന പ്രശ്‌നങ്ങൾ എന്നിവയൊക്കെയാണ് സാധാരണ ഗതിയിൽ നിയമസഭാ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാറെങ്കിലും ദേശീയ രാഷ്ട്രീയത്തിന്റെ അനുരണനം എപ്പോഴും അതിലുണ്ടാകാറുണ്ട്. പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള തെരഞ്ഞെടുപ്പുകളെന്ന നിലയിൽ തീർച്ചയായും ദേശീയ രാഷ്ട്രീയം ഒരു മുഖ്യ വിഷയമായി ഈ സംസ്ഥാനങ്ങളിൽ പ്രതിഫലിക്കുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് -പ്രത്യേകിച്ച്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം. 
ബി.ജെ.പിക്കും അവരുടെ ഹിന്ദു ഭൂരിപക്ഷ രാഷ്ട്രീയത്തിനും സാർഥകമായ ബദലായി മാറാൻ കോൺഗ്രസിന് കഴിയുമോ എന്നതാണ് ഈ തെരഞ്ഞെടുപ്പുകൾ തെളിയിക്കാൻ പോകുന്നത്. ഇതുവരെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്തുമ്പോൾ, കോൺഗ്രസ് നല്ല മുന്നേറ്റമാണ് കാഴ്ച വെക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ മുഖ്യ സംസ്ഥാനങ്ങളിൽ വിശേഷിച്ചും. ബി.ജെ.പിയുടെ പ്രഭാവത്തിന് ഒരു കുറവുമില്ലാത്ത രണ്ടിടത്തും, കോൺഗ്രസ് ഒരു രാഷ്ട്രീയ ബദലായി ഉയർന്നുവരാനുള്ള സാധ്യതകൾ ശക്തമായി തെളിയിക്കുന്നു രണ്ടിടത്തെയും ജനവികാരം. ശക്തമായ ഭരണ വിരുദ്ധ വികാരവും നേരിട്ടുള്ള മത്സരവും സംഘ്പരിവാറിനെതിരായ ഒരു പ്രത്യയശാസ്ത്ര യുദ്ധമായി ഈ തെരഞ്ഞെടുപ്പിനെ മാറ്റാൻ കോൺഗ്രസിനെ പ്രാപ്തമാക്കേണ്ടതായിരുന്നു. 
എന്നാൽ, അതുണ്ടായില്ല എന്നതാണ് സൂക്ഷ്മമായ രാഷ്ട്രീയ വിശകലനങ്ങൾ വ്യക്തമാക്കുന്നത്. ബി.ജെ.പി പ്രീണിപ്പിക്കാനും കൂടെ നിർത്താനും ശ്രമിക്കുന്ന അതേ മതവിഭാഗങ്ങൾ തന്നെയാണ് കോൺഗ്രസിന്റെയും ഉന്നമെന്നതാണ് പ്രത്യയശാസ്ത്ര പോരാട്ടത്തെ അപ്രസക്തമാക്കിക്കളഞ്ഞത്. ബി.ജെ.പിയുടെ മുഖ്യ വോട്ട് ബാങ്കിൽ തന്നെയാണ് കോൺഗ്രസിന്റെയും കണ്ണ്. പരമ്പരാഗതമായി കോൺഗ്രസ് പുലർത്തിവന്ന മൃദുഹിന്ദുത്വ സമീപനം, ബി.ജെ.പിയുടെ ഹിംസാത്മക വർഗീയ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ പോലും മാറ്റി പരീക്ഷിക്കാൻ കോൺഗ്രസിന് ധൈര്യമില്ലാതെ പോയി. 
മധ്യപ്രദേശിൽ അധികാരത്തിൽ വന്നാൽ എല്ലാ ഗ്രാമങ്ങളിലും പശുത്തൊഴുത്ത് ഉണ്ടാക്കുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തത്, പശുരാഷ്ട്രീയത്തെ പ്രത്യയശാസ്ത്രപരമായി എതിർക്കാനുള്ള രാഷ്ട്രീയത്രാണി ഇല്ലാത്തതുകൊണ്ടാണെന്ന വിമർശം ഉയർന്നുകഴിഞ്ഞു. കർഷകർ ഏറെ ദുരിതം അനുഭവിക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ് എന്നു കൂടി ഓർക്കുക. ശബരിമല വിഷയത്തിൽ സ്ത്രീപുരുഷ സമത്വമെന്ന ഭരണഘടനാ തത്വത്തെ ഉയർത്തിപ്പിടിച്ച് സുപ്രീം കോടതിയിൽനിന്ന് ഒരു വിധിയുണ്ടായപ്പോൾ അതിനൊപ്പം നിൽക്കാൻ കേരളത്തിലെ കോൺഗ്രസിന് കഴിഞ്ഞില്ലെന്നത് ഇതോടൊപ്പം കൂട്ടിവായിക്കുക. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനപ്പുറമുള്ള തലത്തിലേക്ക് തങ്ങളുടെ ബി.ജെ.പി വിരുദ്ധ പോരാട്ടത്തെ നയിച്ചുകൊണ്ടുപോകാൻ അവർക്കാവുന്നില്ല എന്ന് ചുരുക്കം.
രാജസ്ഥാനിലും സ്ഥിതി വ്യത്യസ്തമല്ല. ബി.ജെ.പിയിൽനിന്ന് സവർണജാതി വോട്ടുകൾ തട്ടിയെടുക്കുക എന്ന ലക്ഷ്യം മാത്രം മുൻനിർത്തിയാണ് അവിടെ കോൺഗ്രസ് തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്. സാമുദായിക വികാരങ്ങൾ ഉണർത്തിവിടാതെ ഒരു പാർട്ടിക്കും സവർണ വോട്ട് കൈവരില്ലെന്ന അവസ്ഥയാണ് ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയം ഉണ്ടാക്കിയിരിക്കുന്നത്. 
ജനാധിപത്യ രാഷ്ട്രീയത്തിന്റെ അകത്തളങ്ങളിലേക്ക് മതവികാരം കുത്തിക്കയറ്റുകയാണ് ഇതിനുള്ള ലളിതമാർഗം. ഇതിനെ വെല്ലുവിളിച്ചു മാറിനിൽക്കാൻ രണ്ടു കാര്യങ്ങൾ അനിവാര്യമാണ്. ഒന്ന്, പ്രത്യയശാസ്ത്രപരമായ ചില ശാഠ്യങ്ങൾ. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അത് നെഹ്‌റുവിയൻ മതേതര പാരമ്പര്യത്തിന്റെ ഉറച്ച മണ്ണിൽ കാലുറപ്പിക്കുക എന്നതാണ്. രണ്ട്, സാമൂഹിക നീതിയെന്ന തത്വം മുൻനിർത്തിയുള്ള ജാതി രാഷ്ട്രീയം.
രണ്ടു പാർട്ടികൾ നേരിട്ട് പോരടിക്കുന്ന, നിർണായകമായ ഒരു വോട്ടെടുപ്പിന് ഇത്തരം തത്വാധിഷ്ഠിത രാഷ്ട്രീയ നിലപാടുകൾ അസാധ്യമാണ് എന്ന് വാദിക്കുന്നവരുണ്ട്. എന്നാൽ വർഗീയ വൈരത്തിന്റെ തലപ്പാവല്ല, ഭരണഘടനാ മൂല്യങ്ങളുടെ തലപ്പാവാണ് തങ്ങൾക്ക് യോജിക്കുക എന്നത് അസന്ദിഗ്ധമായി ജനങ്ങൾക്കു മുമ്പിൽ തെളിയിക്കാനുള്ള അവസരമാണ് തെരഞ്ഞെടുപ്പുകൾ എന്നും നാം മറന്നുകൂടാ. ബി.ജെ.പിക്കെതിരായ സാർഥക ബദൽ എന്നു തന്നെ ഈ ലേഖനത്തിന്റെ ആദ്യം പറഞ്ഞത് അതുകൊണ്ടാണ്. കേവലമായ ഒരു രാഷ്ട്രീയ ബദൽ ഹിന്ദുത്വ രാഷ്ട്രീയത്തിന് ഏൽപിക്കുന്ന ആഘാതം താൽക്കാലികമായിരിക്കുമെന്നും വളരെ വേഗം ജനങ്ങളെ മാറ്റിച്ചിന്തിപ്പിക്കുവാൻ അവർക്ക് കഴിയുമെന്നതുമാണ് ഇതിന്റെ അനന്തര ഫലം. 2019 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചാൽ പോലും അത് വർഗീയ രാഷ്ട്രീയത്തിനെതിരായ ഒരു വിധിയെഴുത്തായി വിലയിരുത്തപ്പെടാതിരിക്കാൻ ഇത് കാരണമാകും.
മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. കോൺഗ്രസ് ഒരു ഹിന്ദു പാർട്ടിയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. കോൺഗ്രസ് ഒരു ഹിന്ദുത്വ പാർട്ടിയല്ല എന്നതാണ് അദ്ദേഹം അതുകൊണ്ട് ഉദ്ദേശിച്ചത് എങ്കിലും കോൺഗ്രസിന്റെ മേൽ ഹിന്ദു പെയിന്റ് പൂശാൻ ഇടയാക്കുന്ന പ്രസ്താവനയായിരുന്നു അത്. ബി.ജെ.പിയുടെ കഠിന ഹിന്ദുത്വത്തെ മൃദുഹിന്ദുത്വം കൊണ്ട് തന്നെയാണ് തങ്ങൾ നേരിടുകയെന്ന് കുറച്ചുകാലം കൊണ്ട് കോൺഗ്രസ് വ്യക്തമാക്കി വരികയാണ്. തീർച്ചയായും വളരെ ആലോചിച്ചെടുത്ത ഒരു രാഷ്ട്രീയ നയം തന്നെയായിരിക്കാമത്. ഭക്തനായ ഒരു ഹിന്ദു എന്ന മട്ടിൽ തന്നെ അവതരിപ്പിക്കാൻ രാഹുൽ ഗാന്ധി നടത്തുന്ന ശ്രമം ഇതിന്റെ ഭാഗമാണ്. അദ്ദേഹത്തിന്റെ ഇടക്കിടെയുള്ള, ഏറെ പബ്ലിസിറ്റി കിട്ടുന്ന ക്ഷേത്ര സന്ദർശനങ്ങൾ, നെറ്റിയിലെ കുങ്കുമപ്പൊട്ട്, കൈലാസ മാനസരോവറിലേക്കുള്ള ആത്മീയ യാത്ര, ശിവഭക്തനാണ് താനെന്ന പരസ്യ പ്രഖ്യാപനം ഇതെല്ലാം വളരെയധികം രാഷ്ട്രീയ പ്രാധാന്യമുള്ള സൂചകങ്ങളാണ്.
വളരെ സ്മാർട്ടായ ഒരു രാഷ്ട്രീയ പ്രതികരണം എന്നും ഇതിനെ വ്യാഖ്യാനിക്കാവുന്നതാണ്. സാമൂഹിക, രാഷ്ട്രീയ മേഖലകളിൽ വളരെ വേഗം വ്യാപിക്കുന്ന ഹിന്ദുത്വവത്കരണത്തിനെതിരായ ഫലപ്രദമായ ഒരു പ്രതികരണം. അല്ലെങ്കിൽ, ഹിന്ദു സ്വത്വമാണ് ഇന്ത്യയിൽ ഏത് രാഷ്ട്രീയാധികാരവും സമാർജിക്കാനുള്ള മൂലധനം എന്ന സന്ദേശവുമാകാം. കഴിഞ്ഞ മാസം രാജസ്ഥാനിലെ ഒരു മന്ത്രിക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരം കേസെടുത്തു. എല്ലാ ഹിന്ദുക്കളും ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് അദ്ദേഹം പരസ്യമായി ആഹ്വാനം ചെയ്തതായിരുന്നു കാരണം. 
ഇതിന്റെ തന്നെ പ്രതീകാത്മകമായ ഒരു ചിത്രീകരണമാണ് വാസ്തവത്തിൽ കോൺഗ്രസ് നടത്തുന്നത് എന്ന് സെക്യുലർ ലിബറലുകൾ ചൂണ്ടിക്കാണിക്കുന്നു. തന്റെ ഹിന്ദു സ്വത്വത്തിന്റെ പ്രകാശനം, ഹിന്ദുത്വ രാഷ്ട്രീയത്തെ ചെറുക്കാൻ അനിവാര്യമാണെന്ന് കോൺഗ്രസിനോടൊപ്പമുള്ള സെക്യുലർ ലിബറലുകൾ പോലും ചിന്തിക്കുന്ന എന്നതാണ് വാസ്തവം. ശശി തരൂരിന്റെ പുതിയ പുസ്തകം എന്തുകൊണ്ട് ഞാനൊരു ഹിന്ദുവാണ് എന്നാണെന്ന് ഓർക്കുക.
ഹിന്ദുത്വയും ഹിന്ദുയിസവും തമ്മിലുള്ള വ്യത്യാസത്തെ വ്യക്തമാക്കാൻ രാഹുൽ ഗാന്ധിയുടെ ഈ പ്രചാരണ രീതി സഹായകമാവുമെന്നാണ് പലരും കരുതുന്നത്. എല്ലാവരേയും ഉൾക്കൊള്ളുന്ന പുരോഗമനാത്മകമായ ഒന്നാണ് ഹിന്ദുയിസം എന്നും എന്നാൽ ഹിന്ദുത്വം അക്രമാസക്തമായ ജനക്കൂട്ടത്തെ സൃഷ്ടിക്കുന്ന പ്രത്യയശാസ്ത്രമാണെന്നുമുള്ള വ്യത്യാസം ഇതിലൂടെ പ്രകടമാകും എന്നുമവർ വിശ്വസിക്കുന്നു.  എന്നാലത്, മറ്റൊരു തലത്തിൽ സാമൂഹികമായ ഒരു മുന്നേറ്റത്തെ തിരിച്ചുപിടിക്കുന്നു എന്നതും കാണണം. സവർണ ഹിന്ദു ഒരു വോട്ട് ബാങ്കായി മാറുമ്പോൾ ജാതീയ അടിച്ചമർത്തലിന് വിധേയരായ കീഴാളരുടെ രാഷ്ട്രീയം എങ്ങും പ്രതിനിധീകരിക്കപ്പെടാതെ പോകുന്നു. എന്നാൽ പാർട്ടി കൂടുതൽ ഹിന്ദുവൽക്കരിക്കപ്പെടുന്നത് സവർണ വോട്ടുകളുടെ ഏകോപനം സാധ്യമാക്കുമെന്ന വിശ്വാസത്തിന്റെ മറുവശം, ഒരിക്കലും ഹിന്ദു മതവികാരങ്ങളെ ബി.ജെ.പിയെപ്പോലെ ഉണർത്താൻ കോൺഗ്രസിന് കഴിയില്ല എന്ന യാഥാർഥ്യത്തിലാണ്. ഇതിനു മുമ്പും മൃദുഹിന്ദുത്വ പരീക്ഷണങ്ങൾ പരാജയപ്പെടാനുണ്ടായ കാരണം ഇതാണ്. സമത്വത്തിന്റെ രാഷ്ട്രീയത്തെ ഉയർത്തിപ്പിടിക്കാൻ ഈ ലഘൂകരണം പാർട്ടിയെ അശക്തമാക്കുന്നു. 2019 ലെ പൊതുതെരഞ്ഞെടുപ്പ് മുന്നിൽ കാണുമ്പോൾ കോൺഗ്രസ്, ഒരു സാർഥക ബദലാണെന്ന തോന്നലുളവാക്കുക അതിനാൽ തന്നെ അനിവാര്യമാണ്.
 

Latest News