Sorry, you need to enable JavaScript to visit this website.

കരിപ്പൂര്‍ മൊയ്തീന്‍കുട്ടി മടങ്ങി; വീണ്ടും ലീഗിന്റെ കാഥികനാകും

ജിദ്ദ- മുസ്‌ലിം ലീഗ് വേദികളില്‍ ആവേശത്തിരയിളക്കി പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ തന്റേതായ കൈയൊപ്പു ചാര്‍ത്തിയ കരിപ്പൂര്‍ മൊയ്തീന്‍കുട്ടി 28 വര്‍ഷത്തെ പ്രവാസത്തിനു ശേഷം വീണ്ടും പാര്‍ട്ടിയുടെ പടനായകനാവാന്‍ ഒരുങ്ങുന്നു. പഴയ ആരോഗ്യം ഇപ്പോള്‍ മൊയ്തീന്‍കുട്ടിക്കില്ലെങ്കിലും ആവേശത്തിന് തെല്ലും കുറവില്ല. അതുകൊണ്ടു തന്നെ പഴയതുപോലെ മുസ്‌ലിം ലീഗ് അണികള്‍ക്ക് ആവേശം പകരാന്‍ തനിക്കാവുമെന്ന പ്രതീക്ഷയിലാണ് പഴയ കഥകള്‍ പൊടിതട്ടിയെടുത്തു പുതുമ പകര്‍ന്ന് വീണ്ടും വേദികളില്‍ അവതരിപ്പിക്കാന്‍ മൊയ്തീന്‍കുട്ടി ഒരുങ്ങുന്നത്.
മക്കയിലും ജിദ്ദയിലുമായി 28 വര്‍ഷക്കാലം ഹൗസ് ഡ്രൈവറായി ജോലി ചെയ്ത ശേഷം ഏതാനും ദിവസം മുമ്പ് നാട്ടിലേക്കു മടങ്ങിയ മൊയ്തീന്‍കുട്ടിക്ക് സകല പിന്തുണയുമായി പുതിയ തലമുറയിലെ പാര്‍ട്ടി അണികളായ യുവാക്കള്‍ കൂടെയുണ്ട്. ഈ കൂട്ടായ്മയുടെ കരുത്താണ് മൊയ്തീന്‍കുട്ടിയുടെ ആവേശത്തിനു പിന്നില്‍. ഗ്രീന്‍ വാട്‌സ്ആപ് ഗ്രൂപ്പ് എന്ന പേരില്‍ ആഗോള തലത്തിലുള്ള കെ.എം.സി.സി പ്രവര്‍ത്തകരുടേയും ലീഗുകാരുടേയും കൂട്ടായ്മ ജീവിതോപാധി കണ്ടെത്തുന്നതിന് ഒരു ഓട്ടോറിക്ഷ നല്‍കുന്നതിനും കഥകള്‍ പുതുമകളോടെ അവതരിപ്പിക്കുന്നതിനുള്ള സഹായങ്ങളും മൊയ്തീന്‍കുട്ടിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി ചീഫ് അഡ്മിനും യു.എ നസീര്‍, സലീം പാണമ്പ്ര, ഫൈസല്‍ കിളിയമണ്ണില്‍, റഷീദ് കൈനിക്കര, ഫൈസല്‍ എന്നിവര്‍ അഡ്മിന്‍മാരുമായുള്ള ഗ്രീന ഗ്രൂപ്പും ജിദ്ദയില്‍നിന്ന് സാബില്‍ മമ്പാടിനെപ്പോലുള്ള കെ.എം.സി.സി പ്രവര്‍ത്തകരുമെല്ലാമാണ് മൊയ്തീന്‍കുട്ടിക്ക് സഹായവുമായി രംഗത്തു വന്നിട്ടുള്ളത്. 28 വര്‍ഷം പ്രവാസിയായിരുന്നുവെങ്കിലും കുടുംബ പ്രാരബ്ധത്താല്‍ സമ്പാദ്യമൊന്നുണ്ടാക്കാന്‍ മൊയ്തീന്‍കുട്ടിക്കായില്ല. ഈ സാഹചര്യത്തിലാണ് ശിഷ്ട ജീവിതം കരുപ്പിടിപ്പിക്കാന്‍ മൊയ്തീന്‍കുട്ടിക്ക് ഓട്ടോറിക്ഷ നല്‍കാന്‍ ഗ്രീന ഗ്രൂപ്പ് തീരുമാനിച്ചത്. ഈ മാസം 17ന് യൂത്ത് ലീഗ് യുവജന യാത്രയോടനുബന്ധിച്ച് കരിപ്പൂരില്‍ നടക്കുന്ന ചടങ്ങില്‍ മൊയ്തീന്‍കുട്ടിക്ക് ഓട്ടോറിക്ഷ കൈമാറും. ഇതോടൊപ്പം മലബാറിന്റെ കാഥികനെന്ന പഴയ പേര് വീണ്ടെടുക്കുന്നതിനുള്ള പരിശ്രമവും അദ്ദേഹം തുടരും.
1980 കളില്‍ കേരളത്തിലങ്ങോളമിങ്ങോളവും മുംബൈ, ചെന്നൈ തുടങ്ങി കേരളത്തിനു പുറത്തുള്ള നഗരങ്ങളിലും കഥാപ്രസംഗം അവതരിപ്പിച്ച് ലീഗ് അണികളെ ത്രസിപ്പിച്ചിരുന്നയാളാണ് മൊയ്തീന്‍കുട്ടി. ഭാഷാ സമരത്തെ പാശ്ചാത്തലമാക്കി മലപ്പുറം രക്തക്കളം എന്ന കഥയാണ് കൂടുതല്‍ അവതരിപ്പിച്ചത്. ബീവി അസൂറ, നായനാരുടെ തിരുമുറിവ് തുടങ്ങിയ കഥകളും ജനമനസുകളില്‍ ഏറെ സ്ഥാനം പിടിച്ച കഥകളാണ്. വിദ്യാര്‍ഥിയായിരിക്കെ തന്നെ ഇസ്‌ലാമിക കഥാപ്രസംഗത്തിലൂടെയും ഗാനങ്ങളിലൂടെയും രംഗത്തെത്തിയ മൊയ്തീന്‍കുട്ടി പിന്നീട് മുസ്‌ലിം ലീഗിന്റെ കാഥികനായി മാറുകയായിരുന്നു. സി.എച്ച് മുഹമ്മദ് കോയ, സീതി ഹാജി തുടങ്ങിയ നേതാക്കളെല്ലാം വന്‍ പിന്തുണയാണ് മൊയ്തീന്‍കുട്ടിക്ക് നല്‍കിയിരുന്നത്. രാഷ്ട്രീയ വിമര്‍ശനത്താല്‍ സമ്പന്നമായ മൊയ്തീന്‍കുട്ടിയുടെ കഥകള്‍ പലപ്പോഴും എതിരാളികളെ പ്രകോപിപ്പിച്ചിരുന്നു. പല വേദികളിലും എതിരാളികള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും കഥ പറയുന്നതിനെ തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. നായനാരുടെ തിരുമുറിവ് കഥ അവതരിപ്പിച്ചു കൊണ്ടിരിക്കെ ഭീഷണി ശക്തമായതോടെ രംഗം വിടാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഇതോടൊപ്പം ജീവിത പ്രാരബ്ധവും കൂടിവന്നതോടെ ആള്‍ക്കൂട്ടത്തോട് വിട പറഞ്ഞ് പ്രവാസിയായി ജിദ്ദയിലെത്തുകയായിരുന്നു. ഹൗസ് ഡ്രൈവറായി ആദ്യ പത്തു വര്‍ഷത്തോളം മക്കയില്‍ ജോലി ചെയ്തു. പിന്നീട് ജിദ്ദയിലേക്ക് പോന്നു. ജിദ്ദയിലും മക്കയിലുമെല്ലാം കെ.എം.സി.സിയിലൂടെ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നുവെങ്കിലും അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിന് മൊയ്തീന്‍കുട്ടിക്ക് ജോലി തടസമായി. പാര്‍ട്ടി പ്രവര്‍ത്തകരുമായി ബന്ധപ്പെടാന്‍ കഴിയാതായതോടെ പാര്‍ട്ടിയുമായുള്ള ബന്ധവും ഇല്ലാതായി. മെല്ലെമെല്ലെ തന്റെ കലാവാസനയും മരവിച്ചു. പക്ഷേ മൊയ്തീന്കുട്ടിയുടെ ഉള്ളിനുള്ളിലെ കലാകാരന്‍ ഉണര്‍ന്നിരുന്നു. ആ ഉണര്‍വാണ് വീണ്ടുമൊരങ്കത്തിനു ബാല്യമുണ്ടെന്ന തോന്നലുമായി മൊയ്തീന്‍കുട്ടിയെ വീണ്ടും വേദികളിലെത്താന്‍ പ്രേരിപ്പിക്കുന്നത്. കഥാപ്രസംഗത്തിന് പഴയതുപോലുള്ള ആരാധകരില്ലെങ്കിലും കാലത്തിനനുസരിച്ച മാറ്റവുമായി അണികള്‍ക്കിടിലെത്തുമ്പോള്‍ അവര്‍ തന്നെ കൈവിടില്ലെന്ന പ്രതീക്ഷയാണ് മൊയ്തീന്‍കുട്ടിക്കുള്ളത്.

 

Latest News